‘ബാബറി കേസില്‍ കണ്ടത് അദ്വാനി രാഷ്ട്രപതി ആകാതിരിക്കാനുള്ള മോഡിയുടെ കളി’; രാഷ്ട്രീയ കളരിയിലെ മുറുമുറുപ്പ് പരസ്യമാക്കി ലാലു

April 19, 2017, 3:59 pm
‘ബാബറി കേസില്‍ കണ്ടത് അദ്വാനി രാഷ്ട്രപതി ആകാതിരിക്കാനുള്ള മോഡിയുടെ കളി’; രാഷ്ട്രീയ കളരിയിലെ മുറുമുറുപ്പ് പരസ്യമാക്കി ലാലു
Politics
Politics
‘ബാബറി കേസില്‍ കണ്ടത് അദ്വാനി രാഷ്ട്രപതി ആകാതിരിക്കാനുള്ള മോഡിയുടെ കളി’; രാഷ്ട്രീയ കളരിയിലെ മുറുമുറുപ്പ് പരസ്യമാക്കി ലാലു

‘ബാബറി കേസില്‍ കണ്ടത് അദ്വാനി രാഷ്ട്രപതി ആകാതിരിക്കാനുള്ള മോഡിയുടെ കളി’; രാഷ്ട്രീയ കളരിയിലെ മുറുമുറുപ്പ് പരസ്യമാക്കി ലാലു

പാറ്റ്‌ന: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അടക്കം പതിമൂന്ന് പേര്‍ക്കെതിരായ ഗൂഢാലോചന കുറ്റം പുനസ്ഥാപിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി, അദ്വാനി രാഷ്ട്രപതി ആകാതിരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.

പ്രധാനമന്ത്രിയുടെ കയ്യിലാണ് സിബിഐ ഉള്ളത്. ആ സിബിഐ ബാബറി കേസില്‍ അദ്വാനിക്കെതിരായ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. രാഷ്ട്രപതി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെട്ട ആളാണ് ആദ്വാനി. രാഷ്ട്രപതിയാകാനുള്ള അദ്വാനിയുടെ അവസരങ്ങളെ മോഡി ഇല്ലാതാക്കി. രാഷ്ട്രപതിയാകാനുള്ള മത്സരത്തില്‍ നിന്നും അദ്വാനിയെ ഇല്ലാതാക്കാനുള്ള മോഡി സര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്ന് ആര്‍ക്കും മനസിലാക്കാന്‍ കഴിയുമെന്നും ലാലു പാറ്റ്‌നയില്‍ പറഞ്ഞു.

ഗുജറാത്ത് കലാപ സമയത്ത് ഉടനീളം മോഡിയെ പിന്തുണച്ച ആളാണ് അദ്വാനി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ മോഡിയോട് രാജ ധര്‍മ്മം പിന്തുടരാന്‍ ആവശ്യപ്പെടുകയുണ്ടായി. പക്ഷെ മോഡിയെ അദ്വാനി രക്ഷിച്ചു. എന്നിട്ടും അദ്വാനിക്കെതിരെ മോഡി ഗൂഢാലോചന തുടരുകയാണെന്നും ലാലു ആരോപിച്ചു. ജൂലൈയില്‍ ആണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ബിജെപി ഇതുവരെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്വാനിയുടെ പേരാണ് ഏറ്റവുമധികം ഉയര്‍ന്നു കേട്ടിരുന്നത്.

അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാ ഭാരതിയും അടക്കം 13 ബിജെപി നേതാക്കള്‍ 16ാം നൂറ്റാണ്ടിലെ ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്ക് വിചാരണ നേരിടണമെന്ന സിബിഐ ആവശ്യത്തിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഗൂഢാലോചന കുറ്റം സുപ്രീം കോടതി പുനസ്ഥാപിച്ചു. അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

റായ്ബറേലി കോടതിയിലുള്ള കേസുകള്‍ ലക്നൗ കോടതിയിലേക്ക് മാറ്റാനും സുപ്രീം കോടതി ഉത്തരവിട്ടു. വിവിഐപികള്‍ക്കെതിരായ കേസ് പരിഗണിക്കുന്നത് റായ്ബറേലി കോടതിയായിരുന്നു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കര്‍സേവകര്‍ക്ക് എതിരെയുള്ള പ്രധാന കേസിന്റെ വിചാരണ ലക്നൗ കോടതിയില്‍ നടന്നുവരികയാണ്. ഈ കോടതിയിലേക്ക് റായ്ബറേലിയിലെ കേസ് കൂടി മാറ്റാനാണ് സുപ്രീം കോടതി ഉത്തരവ്. ഇടവേളകളില്ലാതെ കേസ് പരിഗണിക്കണമെന്നും കേസ് പരിഗണിക്കുന്ന ജസ്റ്റിസിന് സ്ഥലം മാറ്റം നല്‍കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശം. കേസ് മാറ്റിവെക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശം.

1992 ഡിസംബര്‍ ആറിനാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച ബാബറി മസ്ജിദ് ധ്വംസനം അരങ്ങേറിയത്. ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരമെത്തിയ ലക്ഷകണക്കിന് കര്‍സേവകരുടെ നേതൃത്വത്തിലായിരുന്നു ബാബ്റി മസ്ജിദ് തകര്‍ത്തത്.