പെരിയകുളത്തെ പഴയ ചായക്കടക്കാരന്‍ പെച്ചിമുത്തു ഇനി ‘അമ്മ’യുടെ നിഴല്‍ വീഴാത്ത മുഖ്യമന്ത്രി; ഒ പനീര്‍ശെല്‍വത്തെ അറിയാം  

December 6, 2016, 5:31 pm
പെരിയകുളത്തെ പഴയ ചായക്കടക്കാരന്‍  പെച്ചിമുത്തു ഇനി ‘അമ്മ’യുടെ നിഴല്‍ വീഴാത്ത മുഖ്യമന്ത്രി; ഒ പനീര്‍ശെല്‍വത്തെ അറിയാം  
Politics
Politics
പെരിയകുളത്തെ പഴയ ചായക്കടക്കാരന്‍  പെച്ചിമുത്തു ഇനി ‘അമ്മ’യുടെ നിഴല്‍ വീഴാത്ത മുഖ്യമന്ത്രി; ഒ പനീര്‍ശെല്‍വത്തെ അറിയാം  

പെരിയകുളത്തെ പഴയ ചായക്കടക്കാരന്‍ പെച്ചിമുത്തു ഇനി ‘അമ്മ’യുടെ നിഴല്‍ വീഴാത്ത മുഖ്യമന്ത്രി; ഒ പനീര്‍ശെല്‍വത്തെ അറിയാം  

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തോടെ എഐഎഡിഎംകെയുടേയും ഭരണത്തിന്റേയും തലപ്പത്ത് ഒ പനീര്‍ശെല്‍വമാണ് അവരോധിക്കപ്പെട്ടിരിക്കുന്നത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ 22 മുതല്‍ മുഖ്യമന്ത്രിയുടെ ചുമതലകളെല്ലാം വഹിച്ചിരുന്നതും പനീര്‍ശെല്‍വം തന്നെ. ഇതിനുമുമ്പ് ജയ്ക്ക് മാറി നില്‍ക്കേണ്ടി വന്ന സാഹചര്യങ്ങളിലെല്ലാം പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രിയായത്. ജയലളിത തിരിച്ചെത്തിയപ്പോഴെല്ലാം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുത്തു.

2014ല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയലളിത രാജിവെച്ചൊഴിഞ്ഞപ്പോഴാണ് പനീര്‍ശെല്‍വം അവസാനം മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രി സ്ഥാനത്തെത്തിയ സമയത്തെല്ലാം ജയയുടെ റിമോട്ട് കണ്‍ട്രോള്‍ ആയിരുന്നുവെന്നാണ് പനീര്‍ശെല്‍വത്തിനെതിരെയുള്ള പ്രധാന വിമര്‍ശനം. 'അമ്മ'യോട് വിനീതവിധേയത്വം കാണിച്ച് നിയമസഭയില്‍ അവര്‍ ഇരുന്ന സീറ്റില്‍ ഇരിക്കാതെ ഒഴിച്ചിട്ട പനീര്‍ശെല്‍വം അത്തരം വിമര്‍ശനങ്ങള്‍ക്ക് കരുത്തേകി.

റോസി കാന്റീന്‍: പനീര്‍ശെല്‍വത്തിന്റെ പഴയ വിപി കാന്റീന്‍ ചുമരില്‍ എംജിആറിന്റെയും ജയലളിതയുടെയും വലിയ ചിത്രങ്ങള്‍ കാണാം (ചിത്രം കടപ്പാട്: സന്ധ്യ രവിശങ്കര്‍)
റോസി കാന്റീന്‍: പനീര്‍ശെല്‍വത്തിന്റെ പഴയ വിപി കാന്റീന്‍ ചുമരില്‍ എംജിആറിന്റെയും ജയലളിതയുടെയും വലിയ ചിത്രങ്ങള്‍ കാണാം (ചിത്രം കടപ്പാട്: സന്ധ്യ രവിശങ്കര്‍)

ഒരു ചായക്കട ഉടമയില്‍ നിന്നും തമിഴ്‌നാട് മുഖ്യമന്ത്രി ആയ കഥയാണ് പനീര്‍ശെല്‍വത്തിന്റേത്. തേനിയിലെ പെരിയകുളത്ത് ഇപ്പോഴുമുണ്ട് ആ കാന്റീന്‍. കാന്റീനിന്റെ പേര് റോസി. ചുവരില്‍ എംജിആറിന്റേയും ജയലളിതയുടേയും വലിയ ചിത്രം കാണാം. ബാല്യകാല സുഹൃത്ത് വിജയനൊപ്പം 1970ലാണ് ചായ കാന്റീന്‍ തുടങ്ങിയത്. ആദ്യപേര് പിവി കാന്റീന്‍. രണ്ടുപേരുടേയും പേരിന്റെ ആദ്യ വാക്കുകള്‍ കോര്‍ത്തിണക്കിയുള്ള പേര്. പിന്നീട് പനീര്‍ശെല്‍വം ഈ കാന്റീന്‍ സഹോദരന്‍ ഒ രാജയ്ക്ക് കൈമാറി. വിജയന്‍ കുറച്ചകലെ സ്വന്തമായി ഒരു ചായ കാന്റീന്‍ തുടങ്ങി. ഒരപകടത്തില്‍ മരിച്ച പത്ത് വയസ്സുള്ള മകള്‍ റോസിയുടെ ഓര്‍മ്മയ്ക്ക് രാജ പിവി കാന്റീന്റെ പേര് പിന്നീട് മാറ്റുകയായിരുന്നു.

തെക്കന്‍ തമിഴ്‌നാടിലെ പ്രബലജാതി വിഭാഗമായ തേവര്‍മാരിലെ ഉപജാതിയായ മരാവറില്‍ ജനിച്ച പനീര്‍ശെല്‍വം ചെറുപ്പം മുതല്‍ക്കെ സൗമ്യനായിരുന്നു. കുടുംബ ദൈവം പെച്ചിയമ്മനോടുള്ള ആരാധനയെ തുടര്‍ന്ന് പനീര്‍ശെല്‍വത്തിന് മാതാപിതാക്കള്‍ ഇട്ട ആദ്യ പേര് പെച്ചിമുത്തു.

ഞങ്ങളുടെ പെരിയപ്പയുടെ(അച്ഛന്റെ മൂത്ത സഹോദരന്‍) പേരും പെച്ചിമുത്തു എന്നായിരുന്നു. ഇളയവര്‍ മുതിര്‍ന്നവരെ പേര് ചൊല്ലി വിളിക്കുന്നത് അനാദരവ് ആയാണ് കണക്കാക്കിയിരുന്നു. പെരിയപ്പയോടുള്ള അനാദരവ് ആകും എന്നതിനാല്‍ ആരും തന്നെ സഹോദരന്‍ പെച്ചിമുത്തുവിനെ ആ പേര് വിളിക്കുമായിരുന്നില്ല. അതിനാല്‍ പെച്ചിമുത്ത് പിന്നീട് പനീര്‍ശെല്‍വമായി.
ഒ രാജ, പനീര്‍ശെല്‍വത്തിന്റെ ഇളയസഹോദരന്‍

കര്‍ഷകനായ ഒട്ടക്കാര തേവറാണ് പനീര്‍ശെല്‍വത്തിന്റെ അച്ഛന്‍. അമ്മ പഴനിയമ്മ. ഒട്ടക്കാര-പഴയനിയമ്മ ദമ്പതികള്‍ക്ക് എട്ട് മക്കളുണ്ട്. ആദ്യം ജനിച്ചത് പനീര്‍ശെല്‍വം. വിരുദനഗര്‍ ജില്ലയിലെ ശ്രീവില്ലിപുത്തൂരില്‍ നിന്നും കൃഷിക്കായി തേനിയിലേക്ക് കുടിയേറിയ ആളാണ് പനീര്‍സെല്‍വത്തിന്റെ പിതാവ്. പിന്നെ പെരിയകുളത്ത് സ്ഥിരതാമസമാക്കി.

പ്രദേശത്തെ ജനങ്ങളുടെ ഇടയില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന ആളായിരുന്നു ഒട്ടക്കാര തേവര്‍. ഒട്ടാക്കാരയുടെ സാമ്പത്തിക സഹായം ലഭിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അതിനാല്‍ അന്തരിച്ച് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഒട്ടക്കാരയെ അന്നാട്ടുക്കാര്‍ ഇപ്പോഴും സ്മരിക്കുന്നു.

അച്ഛനോടുള്ള നാട്ടുകാരുടെ സ്‌നേഹം മകനെന്ന നിലയില്‍ പനീര്‍ശെല്‍വത്തിനും ലഭിച്ചു. അച്ഛന്റെ പാത പനീര്‍ശെല്‍വവും സ്വീകരിച്ചു. കൂടുതല്‍ കൃഷിഭൂമികള്‍ വാങ്ങി. കൃഷിയ്ക്ക് പുറമെ തായ് മൂകാമ്പിക പാല്‍ പന്നൈ എന്ന പേരില്‍ വലിയൊരു ഡയറി ഫാമും അദ്ദേഹം തുടങ്ങി. ഫാമിലെ പശുക്കളില്‍ നിന്നും വലിയ അളവില്‍ പാല്‍ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് പിവി കാന്റീന്‍ എന്ന ആശയം പനീര്‍ശെല്‍വത്തിന്റെ മനസ്സില്‍ ഉദിച്ചത്.

അച്ഛന്റെ മരണശേഷം സമ്പാദ്യം മക്കളെല്ലാം പകുത്തെടുത്തു. അങ്ങനെയാണ് പിവി കാന്റീന്‍ ഒ രാജയ്ക്ക് ലഭിക്കുന്നത്. ഡയറി ഫാം മറ്റൊരു സഹോദരന്‍ ഒ ബാലമുരുകന് നല്‍കി. അക്കാലത്താണ് എംജിആറിലും അദ്ദേഹം രൂപീകരിച്ച പുതിയ പാര്‍ട്ടി എഐഎഡിഎംകെയിലും പനീര്‍ശെല്‍വം ആകൃഷ്ടനാകുന്നത്. പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകനുമായി. 1996ല്‍ അദ്ദേഹം പെരിയകുളം മുന്‍സിപ്പാലിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

‘വിനയം’- പനീര്‍ശെല്‍വത്തില്‍ നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം എന്താണെന്ന ചോദിച്ചാല്‍ പെരിയകുളത്തെ ആളുകളുടെ മറുപടി ഇതായിരിക്കും. സഹോദരന്‍ ഒ രാജയ്ക്കും അതുതന്നെയാണ് പറയാനുള്ളത്. 'അതാണ് പനീര്‍. ആരോടും ഇതുവരെ രോഷത്തോടെ പെരുമാറി കണ്ടിട്ടില്ല. രാഷ്ട്രീയത്തിന് വേണ്ടി സഹോദരന്‍ ഞങ്ങളുടെ ഒരുപാട് ഭൂമി വിറ്റു.'

ജയയോടുള്ള അസാധാരണ കൂറിനാല്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് പനീര്‍ശെല്‍വം. പൊതുറാലികളില്‍ ജയയുടെ കാല്‍ക്കല്‍ വീണും ജയലളിത ഹെലികോപ്ടറില്‍ വന്നിറങ്ങും മുമ്പേ കൈകള്‍ കൂപ്പി നിന്നും പനീര്‍ശെല്‍വം അമ്മയോടുള്ള വിനീതിവിധേയത്വം കാട്ടി. 2014ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് സങ്കടമടക്കാന്‍ കഴിയാതെ തേങ്ങിക്കരയുന്ന പനീര്‍ശെല്‍വത്തെയും ഏവരും കണ്ടു. തടവില്‍ കഴിയുന്ന ജയലളിതയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കാന്‍ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ അദ്ദേഹം കയറിയിറങ്ങി.

1987ല്‍ എംജിആര്‍ മരിച്ചതിന് പിന്നാലെ എഐഎഡിഎംകെ രണ്ട് വിഭാഗമായി പിരിഞ്ഞപ്പോള്‍ ജയലളിതയുടെ എതിര്‍പക്ഷത്തായിരുന്നു പനീര്‍ശെല്‍വം. അന്ന് കൂറ് കാട്ടിയത് എംജിആറിന്റെ ഭാര്യ ജാനകിയോട്. എംജിആറിന്റെ പിന്‍ഗാമി ജയലളിത ആണെന്ന് വ്യക്തമായതോടെ പനീര്‍ശെല്‍വം ചുവടൊന്നും മാറ്റി. അന്നുമുതല്‍ പിന്തുണ ജയലളിതയ്ക്ക്. തോഴി ശശികലയാണ് പനീര്‍ശെല്‍വത്തെ ജയലളിതയ്ക്ക് പരിചയപ്പെടുത്തുന്നത്. ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരനെ 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പെരിയകുളത്ത് നിന്നും വിജയിപ്പിക്കാന്‍ സഹായിച്ചതിന്റെ ഉപകാരസ്മരണ.

1996 മുതല്‍ 2001 വരെ പെരിയംകുളം മുന്‍സിപ്പാലിറ്റി ചെയര്‍മാനായിരുന്ന പനീര്‍ശെല്‍വം 2001 സെപ്തംബറിലാണ് ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. സുപ്രീംകോടതി അയോഗ്യത കല്‍പ്പിച്ചപ്പോള്‍ ജയയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ആറ് മാസത്തിന് ശേഷം ജയ തിരിച്ചെത്തിയപ്പോള്‍ 2002 മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുത്തു. 2012 മാര്‍ച്ച് 2 മുതല്‍ 2003 ഡിസംബര്‍ 13 വരെ ജയയുടെ മന്ത്രിസഭയില്‍ പബ്ലിക് വര്‍ക്‌സ്/എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിച്ചു. 2003 ഡിസംബര്‍ 13 മുതല്‍ 2006 വരെ റവന്യൂ വകുപ്പിന്റെ ചുമതലയും പനീര്‍ശെല്‍വത്തെ ജയ ഏല്‍പ്പിച്ചു. 2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഡിഎംകെ പരാജയപ്പെട്ടപ്പോള്‍ പനീര്‍ശെല്‍വമായിരുന്നു പ്രതിപക്ഷ നേതാവ്. നിലവില്‍ തേനിയിലെ ബോധിനാവകനൂരില്‍ നിന്നുള്ള എംഎല്‍എയാണ് 65കാരനായ പനീര്‍സെല്‍വം. ജയയുടെ മന്ത്രിസഭയില്‍ വഹിച്ചിരുന്നത് ധനകാര്യവും.

ഡിസംബര്‍ അഞ്ച് വരെ എഐഎഡിഎംകെ എന്നാല്‍ ജയലളിത ആയിരുന്നു. ജയയുടെ വിയോഗം ആ പാര്‍ട്ടിയിലും തമിഴകത്തും ഉണ്ടാക്കിയ ശൂന്യത എഐഡിഎംകെ എന്ന പാര്‍ട്ടി എങ്ങനെ മറികടക്കുമെന്നാണ് ഇനിയുള്ള ചോദ്യം. അതിനാല്‍ തന്നെ പുതിയ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ അടുത്ത നീക്കങ്ങളിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.