വീണ്ടും ഇളകിയാടി അണ്ണാഡിഎംകെ രാഷ്ട്രീയം; ചിന്നമ്മ ക്യാമ്പില്‍ ഭിന്നത രൂക്ഷം; പനീര്‍ശെല്‍വം ക്യാമ്പിലേക്ക് മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും ചായുന്നു 

April 17, 2017, 1:56 pm
വീണ്ടും ഇളകിയാടി അണ്ണാഡിഎംകെ രാഷ്ട്രീയം; ചിന്നമ്മ ക്യാമ്പില്‍ ഭിന്നത രൂക്ഷം;  പനീര്‍ശെല്‍വം ക്യാമ്പിലേക്ക് മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും ചായുന്നു 
Politics

ചെന്നൈ: വികെ ശശികലയുടെ കുടുംബാധിപത്യത്തില്‍ അണ്ണാഡിഎംകെയില്‍ പ്രതിഷേധം ഉയരുമ്പോള്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ അസ്ഥിരപ്പെടാനുള്ള സാധ്യത വര്‍ധിക്കുന്നു. ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരനെതിരെ അതൃപ്തി വര്‍ധിക്കുന്നതും ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ ദിനകരനും മന്ത്രിമാരും കാശൊഴുക്കി വോട്ട് നേടാന്‍ ഇറങ്ങിയതും മുതിര്‍ന്ന നേതാക്കളെ തിരിഞ്ഞു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായി സൂചന. ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ ആരോഗ്യമന്ത്രിയടക്കം കുടുങ്ങിയതും പ്രതിച്ഛായ നശിപ്പിച്ച സാഹചര്യത്തിലാണ് അണ്ണാഡിഎംകെ അമ്മ പക്ഷത്തെ ചില മന്ത്രിമാരും നേതാക്കളും പനീര്‍ശെല്‍വം ക്യാമ്പിലേക്ക് കളം മാറ്റിചവിട്ടാന്‍ ശ്രമിക്കുന്നതിന് പിന്നില്‍.

ഒപിഎസ് ക്യാമ്പില്‍ ഇതേ തുടര്‍ന്ന് തുടര്‍ച്ചയായ യോഗങ്ങളും നടക്കുന്നുണ്ട്. ടിടിവി ദിനകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കോഴ ഏര്‍പ്പെടുത്തിയെന്ന് കാണിച്ച് ഡല്‍ഹി പൊലീസ് കേസെടുത്തതും മന്നാര്‍ഗുഡി മാഫിയക്കെതിരെ പാളയത്തില്‍ പടയൊരുക്കം ശക്തമാക്കിയിട്ടുണ്ട്. ഇത് പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്നും പളനിസാമി സര്‍ക്കാര്‍ വീഴാന്‍ ഇടയാക്കുമെന്നും ഒപിഎസ് ക്യാമ്പ് കണക്കുകൂട്ടുന്നു.

ജൂണില്‍ എംജിആറിന്റെ ജന്മ ശതാബ്ദിയുടെ ഭാഗമായി വലിയ ആഘോഷത്തിനാണ് എഐഎഡിഎംകെ പുരട്ചിതലൈവി അമ്മ വിഭാഗം ഒരുങ്ങുന്നത്. ഇരു വിഭാഗവും യോജിച്ച് ഒന്നാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഒ പനീര്‍ശെല്‍വം പ്രതികരിച്ചു.

ഞായറാഴ്ച നടന്ന യോഗത്തില്‍ പനീര്‍ശെല്‍വം ക്യാമ്പിലെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. കൂടുതല്‍ മന്ത്രിമാരും എംഎല്‍എമാരും കളം മാറ്റി ചവിട്ടുമെന്ന ഉറപ്പിലാണ് തുടര്‍ച്ചയായ യോഗങ്ങള്‍ നടന്നതെന്നാണ് സൂചന. ബുധനാഴ്ച ഇത് സംബന്ധിച്ച് വലിയ പ്രഖ്യാപനവും പനീര്‍ശെല്‍വം ക്യാമ്പില്‍ നിന്നുണ്ടായേക്കും. ശശികല കുടുംബം പാര്‍ട്ടിയില്‍ ഉണ്ടാവരുതെന്ന ഉറച്ച നിലപാടിലാണ് പനീര്‍ശെല്‍വം ക്യാമ്പിലുള്ളവര്‍.