ജയ്ഹിന്ദ് ടിവി ചെന്നിത്തല പക്ഷം പിടിച്ചെടുത്തു; കെ.പി മോഹനന്‍ തെറിച്ചേക്കും  

June 19, 2017, 9:22 am
ജയ്ഹിന്ദ് ടിവി ചെന്നിത്തല പക്ഷം പിടിച്ചെടുത്തു; കെ.പി മോഹനന്‍ തെറിച്ചേക്കും  
Politics
Politics
ജയ്ഹിന്ദ് ടിവി ചെന്നിത്തല പക്ഷം പിടിച്ചെടുത്തു; കെ.പി മോഹനന്‍ തെറിച്ചേക്കും  

ജയ്ഹിന്ദ് ടിവി ചെന്നിത്തല പക്ഷം പിടിച്ചെടുത്തു; കെ.പി മോഹനന്‍ തെറിച്ചേക്കും  

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ചാനലില്‍ കൊട്ടാരവിപ്ലവം. ചാനലിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം രമേശ് ചെന്നിത്തല പക്ഷത്തിന്റെ കയ്യിലായി. നിലവില്‍ ചാനല്‍ സിഇഒയും എഡിറ്ററുമായ കെപിമോഹനന് മുകളില്‍ ചെന്നിത്തല ഗ്രൂപ്പിലെ വിശ്വസ്ഥനും ഡല്‍ഹിയില്‍ ദീര്‍ഘകാലമായി മാധ്യമ പ്രവര്‍ത്തകനുമായ ബിഎസ് ഷിജുവിനെ ഹെഡ് ഓഫ് ഓപ്പറേഷനായി കഴിഞ്ഞ മാസം നിയമിച്ചിരുന്നു.എന്നാല്‍ കെ പി സി സി അധ്യക്ഷന്‍ എം.എം ഹസ്സന്‍ ,സിഇഒ കെപി മോഹനന്‍ എന്നിവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഷിജുവിന് പദവി ഏറ്റെടുക്കാനായിരുന്നില്ല.

ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച പദവി ഏറ്റെടുക്കുന്നുവെന്ന് അറിയിച്ച് ഷിജു ഞായറാഴ്ച കിഴക്കേകോട്ടയിലുള്ള ചാനല്‍ ഓഫീസിലെത്തി. കോണ്‍ഗ്രസ് നേതാക്കളായ എം ആര്‍ തമ്പാന്‍, വി എസ് ബാലചന്ദ്രന്‍ എന്നിവരടക്കം 50 ഓളം പേരും ഷിജുവിനൊപ്പമുണ്ടായിരുന്നു. ഇവരുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഷിജു ചുമതല ഏറ്റെടുത്തു.

യുഡിഎഫ് ഭരണകാലത്ത് തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ചാനല്‍ ഏതാണ്ട് അടച്ചുപൂട്ടണ്ട അവസ്ഥയിലായിരുന്നു. നിലവില്‍ മൂന്നുമാസത്തിലേറെ ശമ്പളം മുടങ്ങിയതും സ്ഥാപനത്തെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് പകുതിയോളം പേര്‍ സ്ഥാപനം വിട്ട് മറ്റ് സ്ഥാപനങ്ങളിലേക്ക് പോകുകയുമുണ്ടായി. തുടര്‍ന്നാണ് ചാനലില്‍ അടിമുടി മാറ്റം വരുത്തണമെന്ന ആവശ്യം ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും കെപിസിസിക്കകത്ത് നിന്നുമുയര്‍ന്നത്.

നേരത്തെ എംഎം ഹസന്‍ മാനേജിങ് ഡയറക്ടറായും കെപിസിസി അദ്ധ്യക്ഷന്‍ ചെയര്‍മാനായിട്ടായിരുന്നു ചാനലിന്റെ പ്രവര്‍ത്തനം. എന്നാല്‍ വിഎം സുധീരന്‍ കെപിസിസി അദ്ധ്യക്ഷനായിരിക്കെ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവെച്ചു. ചാനലിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയും സാമ്പത്തികാവസ്ഥ സംബന്ധിച്ച് സംശയവും ഉയര്‍ത്തിക്കൊണ്ടായിരുന്നു വിഎം സുധീരന്റെ പിന്മാറ്റം. തുടര്‍ന്ന് ജയ്ഹിന്ദിന്റെ ഇതുവരെയുള്ള സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഒരാളെ നിയമിക്കുമെന്നും സുധീരന്‍ അറിയിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം നടപ്പിലാക്കാനായില്ല.

എംഎം ഹസന്‍ കെപിസിസിയുടെ താല്‍ക്കാലിക അദ്ധ്യക്ഷനായി ചുമതലയേറ്റിട്ടും ചാനലിന്റെ അവസ്ഥയില്‍ മാറ്റമുണ്ടായിട്ടില്ല. ഈ ഘട്ടത്തിലാണ് രമേശ് ചെന്നിത്തല ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ പിന്തുണയോടുകൂടി അടിമുടി മാറ്റമെന്ന തീരുമാനത്തിലെത്തിയത്. തുടര്‍ന്നാണ് ജയ്ഹിന്ദ് ടിവിയുടേയും വീക്ഷണം പത്രത്തിന്റെയും ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന ബിഎസ് ഷിജുവിനെ ചാനലിന്റെ തലപ്പത്ത് എത്തിച്ചത്.

സിപിഐ(എം) ഭരിക്കുന്ന കാലയളവില്‍ പ്രതിപക്ഷത്തിന്റെ ചാനലെന്ന നിലയില്‍ ജയ്ഹിന്ദിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും നിലവിലെ അവസ്ഥയില്‍ ജയ്ഹിന്ദ് അത് സാധ്യമല്ലെന്നും മനസ്സിലാക്കിയാണ് ഇത്തരം നീക്കം നടത്തിയതെന്നാണ് ചെന്നിത്തല ക്യാംപ് അറിയിക്കുന്നത്. ചാനലിന്റെ ഇതുവരെയുള്ള സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള കാര്യങ്ങളില്‍ കൃത്യമായ നടപടിയുണ്ടാകുമെന്ന സൂചനയും ഇവര്‍ നല്‍കുന്നുണ്ട്. ചാനല്‍ സിഇഒ കെപി മോഹനന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഇന്ദുകുമാര്‍ എന്നിവരുള്‍പെടെയുള്ളവരെ തലപ്പത്തുനിന്ന് നീക്കി കരുത്തുറ്റ ഒരു ടീമിനെ എഡിറ്റോറിയല്‍ തലത്തിലും മാനേജ്‌മെന്റ് തലത്തിലും എത്തിക്കാനാണ് ചെന്നിത്തലയുടെ നീക്കമെന്ന് അറിയുന്നു.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ഡയറക്ടറായി ബിഎസ് ഷിജുവിനെ ചെന്നിത്തല നിയമിച്ചിരുന്നു. അതോടൊപ്പം തന്നെ രമേശ് ചെന്നിത്തല കെപിസിസി അദ്ധ്യക്ഷനായിരുന്ന കാലം മുതല്‍ കെപിസിസിയുടെ എക്‌സിക്യൂട്ടീവ് മെമ്പര്‍ കൂടിയാണ് ഷിജു. താന്‍ മുന്‍കൈയെടുത്ത് മാനേജിങ് ഡയറക്ടറായി തുടങ്ങിയ ചാനല്‍ കെപിസിസി അദ്ധ്യക്ഷനായിരിക്കേ കൈയില്‍ നിന്ന് നഷ്ടപ്പെട്ട അവസ്ഥയിലാണ് എംഎം ഹസന്‍.