‘കരളു പങ്കിടാന്‍ വയ്യെന്റെ പ്രണയമേ’....

October 21, 2017, 12:12 pm


‘കരളു പങ്കിടാന്‍ വയ്യെന്റെ പ്രണയമേ’....
Special Story
Special Story


‘കരളു പങ്കിടാന്‍ വയ്യെന്റെ പ്രണയമേ’....

‘കരളു പങ്കിടാന്‍ വയ്യെന്റെ പ്രണയമേ’....

ഒരു ഒക്ടോബര്‍ മാസത്തിന്റെ നഷ്ടമാണ് എ അയ്യപ്പന്‍. ജീവിതഭാരങ്ങളത്രയും മണ്ണിലവശേഷിപ്പിച്ച് ആ കവിഹൃദയം യാത്രയായിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. ജീവിക്കുവാന്‍ വേണ്ടിയായിരുന്നില്ല അയ്യപ്പന്റെ എഴുത്തുകള്‍. ഏകാന്ത ജീവിതത്തിലെവിടെയോ കവിതകള്‍ അയ്യപ്പന്റെ ഹൃദയ താളമാകുകയായിരുന്നു. മരണത്തിന് തൊട്ടു മുന്‍പും അയ്യപ്പന്റെ മനസു മന്ത്രിച്ചത് കവിതയ്ക്കു വേണ്ടിയായിരുന്നു.

‘അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി’

കയ്‌പേറിയ ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് അയ്യപ്പനിലെ കവി പിറവി കൊണ്ടത്. ഓര്‍മവെയ്ക്കുന്നതിന് മുന്‍പ് അച്ഛനും തിരിച്ചറിവുകളുടെ പ്രായമെത്തുന്നതിന് മുന്‍പ് അമ്മയും അയ്യപ്പനെ തനിച്ചാക്കി മരണത്തെ സ്വയം വരിച്ചു. ആത്മഹത്യയെ അയ്യപ്പന്‍ നിസഹായകനായി നേരിട്ട രണ്ടിടങ്ങള്‍. പിന്നീടുള്ള ജീവിതം മൂത്ത സഹോദരിക്കും ഭര്‍ത്താവിനുമൊപ്പമായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം അക്ഷരം മാസികയുടെ പ്രാസാദകനും പത്രാധിപരുമായി. അരവയര്‍ നിറയ്ക്കാന്‍ പല വഴികളിലൂടെ അയ്യപ്പന്‍ നടന്നു.

‘ഇറങ്ങിവരാന്‍ പറയില്ല ഞാന്‍ ഇരിക്കാന്‍ ഇടമില്ലാത്ത എന്റെ ദുരിതമോര്‍ത്ത് ഓര്‍മിക്കണം നീ മരണം വരെ ഒന്നുമില്ലാത്തവന്‍ നിന്നോട് ഇഷ്ടം തുറന്നുപറഞ്ഞതോര്‍ത്ത്... ‘

അയ്യപ്പനെന്ന കവിയെ തേടിയെത്താന്‍ ഇടങ്ങളില്ലായിരുന്നു. സാധാരണക്കാര്‍ക്കൊപ്പം തികച്ചും സാധാരണക്കാരനായി ചേരിയില്‍ ജീവിക്കാനായിരുന്നു അയ്യപ്പനിഷ്ടപ്പെട്ടത്. തെരുവിലെ ജീവിതങ്ങളെ തിരഞ്ഞടുപിടിക്കാനായിരുന്നു അയ്യപ്പനെളുപ്പം. വഴിയരുകുകള്‍ പലപ്പോഴും അയ്യപ്പന് കിടപ്പാടമാകുകയായിരുന്നു. അതിനിടെ ജോണ്‍ എബ്രഹാം, നരേന്ദ്ര പ്രസാദ്, മുരളി ഉള്‍പ്പെടെ സര്‍ഗാത്മക പ്രതിഭകളുമായുള്ള സൗഹൃദവും അയ്യപ്പന്‍ ഉള്ളില്‍ കാത്തു.

‘ഞാന്‍ കാട്ടിലും
കടലോരത്തുമിരുന്ന്
കവിതയെഴുതുന്നു
സ്വന്തമായൊരു
മുറിയില്ലാത്തവന്‍
എന്റെ കാട്ടാറിന്റെ
അടുത്തു വന്നു നിന്നവര്‍ക്കും
ശത്രുവിനും സഖാവിനും
സമകാലീന ദുഃഖിതര്‍ക്കും
ഞാനിത് പങ്കുവെയ്ക്കുന്നു’

കവികളുടെ പരിവേഷമേതുമില്ലാതെ കവിതയിലൂടെ കാലചക്രത്തോട് കലഹിക്കുകയായിരുന്നു അയ്യപ്പന്‍. ജീവിതത്തോടും മരണത്തോടും അങ്ങനെ തന്നെ. അയ്യപ്പനില്ലാത്ത ലോകം കവിതയ്ക്കും കവികള്‍ക്കും തീരാ നഷ്ടമാണെന്ന് പറയാതെ വയ്യ.

‘എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്

എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്

എന്‍റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ-ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം

മണ്ണ് മൂടുന്നതിന് മുമ്പ്ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം ദലങ്ങള്‍ കൊണ്ട് മുഖം മൂടണം രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം പൂവിലൂടെ എനിക്കു തിരിച്ചു പോകണം പൂവിലൂടെ എനിക്കു തിരിച്ചുപോകണം

മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ അത് മൃതിയിലേക്ക് ഒലിച്ചുപോകും ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!’