അഭയ കേസ്: നീതി നിഷേധത്തിന്റെ 25 വര്‍ഷം 

April 28, 2017, 3:57 pm
അഭയ കേസ്: നീതി നിഷേധത്തിന്റെ 25 വര്‍ഷം 
Special Story
Special Story
അഭയ കേസ്: നീതി നിഷേധത്തിന്റെ 25 വര്‍ഷം 

അഭയ കേസ്: നീതി നിഷേധത്തിന്റെ 25 വര്‍ഷം 

നീതി നിഷേധത്തിന്റെ, ഭരണകൂട അനാസ്ഥയുടെ നീണ്ട 25വര്‍ഷങ്ങള്‍. മഹത്തായ ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് നീതിക്ക് വേണ്ടിയുളള സാധാരണക്കാരന്റെ കാത്തിരിപ്പിന് കാല്‍നൂറ്റാണ്ട്. അഭയയുടെ 25ാം മരണ വാര്‍ഷികത്തെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കാം.

1992 മാര്‍ച്ച് 27നാണ് കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുളള സെ്ന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിലെ കിണറില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം ബിസിഎം കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു പത്തൊമ്പത്കാരിയായ അഭയ. കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയ്ക്കരക്കുന്നേല്‍ വീട്ടീല്‍ എം തോമസിന്റെയും ലീലാമ്മയുടേയും ഏക മകള്‍

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് 1992 ഏപ്രില്‍ 14ന് ക്രൈബ്രാഞ്ച് ഏറ്റെടുത്തു. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ച് ആത്മഹത്യയാണെന്ന് എഴുതി തള്ളിയതിന് ശേഷമാണ് 1993 മാര്‍ച്ച് 29 ന് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുക്കുന്നത്. ഡിവൈഎസ്പി വര്‍ഗീസ് പി തോമസിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് ഏഴുവര്‍ഷം സര്‍വ്വീസ് ബാക്കിനില്‍ക്കെ വര്‍ഗീസ് തോമസ് രാജിവെച്ചു. അഭയയുടേത് ആത്മഹത്യയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സമ്മര്‍ദ്ധമുണ്ടായിരുന്നെന്ന് ആരോപിച്ചായിരുന്നു രാജി. ആത്മഹത്യയെന്ന് റിപ്പോര്‍ട്ട് നല്‍കിയ ക്രൈബ്രാഞ്ച് അവരുടെ പക്കലുളള തെളിവുകള്‍ സിബിഐക്ക് കൈമാറാതെ കത്തിച്ചു കളഞെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ക്രൈംബ്രാഞ്ചിന്റെ വാദങ്ങള്‍ ശരിയല്ലന്നും അഭയയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും സിബിഐ കണ്ടെത്തിയിരുന്നു.

പിന്നീട് സിബിഐ ജോയിന്റ് ഡയറക്ടര്‍ എംഎല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല നല്‍കി. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 1996, 1999, 2005 എന്നീ മുന്ന് വര്‍ഷങ്ങളില്‍ കോടതിയില്‍ കേസവസാനിപ്പിക്കാന്‍ അപേക്ഷ നല്‍കി. മൂന്ന് തവണയും സിബിഐയുടെ അപേക്ഷ തള്ളിയ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.

അഭയ കൊല്ലപ്പെട്ട് പതിനാറു വര്‍ഷത്തിനു ശേഷം 2008 നവംബര്‍ 18ന് ഫാദര്‍ എം കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി, എന്നിവര്‍ അറസ്റ്റിലായി. പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച കോടതി നുണപരിശോധനക്ക് ഉത്തരവിട്ടു.

പ്രതികളായ രണ്ട് വൈദികര്‍ കോണ്‍വെന്റില്‍ രാത്രി അതിക്രമിച്ചു കയറി അനാശാസ്യം നടത്തിയത് സിസ്റ്റര്‍ അഭയ കണ്ടുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സിബിഐ കുറ്റപത്രം നല്‍കി. 2009 ജനുവരി രണ്ടിന് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. പ്രതികള്‍ക്ക് ഇതുവരെ ജയിലില്‍ കഴിയേണ്ടി വന്നത് 49 ദിവസം മാത്രം.

2008 നവംബര്‍ 24ന് അഭയ കൊലക്കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്ഐ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. കേസില്‍ സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ ചിങ്ങവനം പാലച്ചിറയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിനുത്തരവാദി സിബിഐ ആണെന്നുളള ആത്മഹത്യ കുറിപ്പും കണ്ടെത്തി.

അഭയ കൊല്ലപ്പെട്ടതിനു ശേഷം ആദ്യം കോണ്‍വെന്റിലെത്തിയ അഗസ്റ്റിന്‍ കേസ് സംബന്ധിച്ച് നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്നായിരുന്നു ആരോപണം. അഭയയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷനില്‍ എഎസ്‌ഐയായിരുന്ന അഗസ്റ്റിനായിരുന്നു.

എട്ടുവര്‍ഷം മുന്‍പ് സിബിഐ കുറ്റപത്രം നല്‍കിയെങ്കിലും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. എറണാകുളം സിജെഎം കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് 2009 ജൂലൈ 17നാണ്. 2011 ല്‍ തിരുവനന്തപുരത്ത് സിബിഐ പ്രത്യേക കോടതി തുടങ്ങിയതോടെ കേസ് അങ്ങോട്ട് മാറ്റി. ഇക്കാലത്തിനിടെ പ്രത്യേക കോടതിയില്‍ ജഡ്ജിമാര്‍ മാറിമാറി വന്നു. തുടര്‍ച്ചയായി ഒരാള്‍ക്കും കേസ് കേള്‍ക്കാനാകാത്തതാണ് വിചാരണക്ക് തടസമായി നില്‍ക്കുന്നത്.

ഇത്രയധികം ഔദ്യോഗിക ഇടപെടലുകളും തെളിവ് നശിപ്പിക്കലും നടന്ന കേസ് ഉണ്ടായിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. അഭയയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ പോലും തിരുത്തലുകള്‍ നടന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന രജിസ്റ്ററില്‍ നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്ന് കോടതിയില്‍ പൊലീസ് സര്‍ജന്‍ വെളിപ്പെടുത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ നുണപരിശോധനാ സിഡിയില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജഡ്ജിമാരുടെ പരസ്യ തര്‍ക്കത്തിലേക്കും അഭയ കേസ് വഴിവെച്ചിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടും സിസറ്റര്‍ അഭയക്ക് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. അഭയക്ക് എന്താണ് സംഭവിച്ചതെന്നോ ആരാണ് പ്രതികളെന്നോ അറിയാതെ മകള്‍ക്ക് നീതി നേടികൊടുക്കാനാകാതെ ഇക്കാലത്തിനിടയില്‍ അഭയയുടെ മാതാപിതാക്കളും മരിച്ചു.

അഭയ ഇന്ന് ഒരു ഇരയല്ല ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും പരാജയത്തിന് തെളിവാണ്. നീതി നിഷേധത്തിന്റെ അടയാളവും.