സഫിയ, ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങളെ ട്രാക്കില്‍ നിഷ്പ്രഭമാക്കിയ പ്രതിഭ

October 29, 2017, 6:11 pm
സഫിയ, ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങളെ ട്രാക്കില്‍ നിഷ്പ്രഭമാക്കിയ പ്രതിഭ
Special Story
Special Story
സഫിയ, ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങളെ ട്രാക്കില്‍ നിഷ്പ്രഭമാക്കിയ പ്രതിഭ

സഫിയ, ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങളെ ട്രാക്കില്‍ നിഷ്പ്രഭമാക്കിയ പ്രതിഭ

കായിക ലോകത്തിന് ചെറുതല്ലെങ്കിലും ഒരു കൗതുക കാഴ്ച തന്നെയായിരുന്നു കൊച്ചിയില്‍ ഇന്നു നടന്ന ഓള്‍ കേരള സീനിയേഴ്‌സ് അത്‌ലറ്റിക് മീറ്റ്. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. സ്‌പോര്‍ടിനോടുള്ള താല്‍പര്യം കൊണ്ടാണ് അധികം ആളുകളും പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പലരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. അതില്‍ കണ്ണൂരില്‍ നിന്നുള്ള സഫിയ എന്ന അറുപത്തിരണ്ടുകാരി സൗത്ത് ലൈവിനോട് മനസ് തുറന്നു സംസാരിച്ചു.

കയ്‌പേറിയ അനുഭവങ്ങളിലൂടെയാണ് സ്‌പോര്‍സിനോടുള്ള തന്റെ ഇഷ്ടം അവര്‍ പങ്കുവെച്ചത്. ഓട്ടവും ചാട്ടവും റിലേയുമാണ് സഫിയയുടെ ഇഷ്ട ഇനങ്ങള്‍. ഇക്കഴിഞ്ഞ സെപ്തംബറില്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സഫിയ പങ്കെടുത്തിരുന്നു. റിലേയില്‍ മൂന്നാം സ്ഥാനവും നാനൂറ് മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവുമാണ് ഈ 62 കാരി നേടിയത്. 2016 ല്‍ സിംഗപ്പൂരില്‍വെച്ചു നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ ഷിപ്പില്‍ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ മൂന്നാം സ്ഥാനവും ഇവര്‍ നേടി. 2009 മുതല്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സഫിയ സ്ഥിരം സാന്നിദ്ധ്യമാണ്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ വകവെയ്ക്കാതെയാണ് സഫിയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ചൈനയില്‍ പങ്കെടുത്തതിന് ഒരു ലക്ഷത്തോളം രൂപ ചെലവായി. സ്‌പെയിനില്‍ ഡിസംബറില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാന്‍ തയ്യാറായിരിക്കുകയാണ് സഫിയ. ഇതിന് രണ്ട് ലക്ഷത്തോളം രൂപ ചെലവു വരുമെന്ന് സഫിയ പറയുന്നു. വീട്ടു വേലചെയ്തും സേലം വിനായക മിഷന്‍ മെഡിക്കല്‍ കോളെജിലെ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്തും ലഭിക്കുന്ന പണമാണ് ഇവര്‍ തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് ചെലവഴിക്കുന്നത്. തന്റെ ജോലി സ്ഥലത്തുനിന്നുമാണ് കൊച്ചിയിലെ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് സഫിയ പറയുന്നു. സര്‍ക്കാരില്‍ നിന്നുമുള്ള സഹായത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും അവര്‍ പരിതപിക്കുന്നു.

എങ്ങനെയാണ് ‘ഓട്ട’ത്തിലേക്ക് എത്തിയതെന്ന് ചോദിച്ചാല്‍ സഫിയക്ക് പറയാന്‍ കഥകലേറെയുണ്ട്. ഒരു നേരത്തേ ഭക്ഷണത്തിന് വേണ്ടി മാത്രം സ്‌കൂളില്‍ പോയ കഥയും അതില്‍ ഉള്‍പ്പെടും. പഠിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടായിരുന്നില്ല, ചെറുപ്പത്തിലേ കുടുംബഭാരങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നതുകൊണ്ടായിരുന്നു അതെന്നും സഫിയ പറയുന്നു. ക്ലാസിന് പുറത്തിരുന്ന് കേട്ട കഥകളും പാട്ടുകളും ഇപ്പോഴും മനസിലുണ്ട്. അതിന് ശേഷം ഹോമിയോപതിയില്‍ ഒരു ജോലി കിട്ടി. ഇതിനിടെ രോഗബാധിതരായ രണ്ടു മക്കളുടെ കാര്യങ്ങള്‍ നോക്കണമായിരുന്നു. ജോലി സ്ഥലത്തു നിന്നും ഇടയ്ക്കിടെ വീട്ടില്‍ വന്നു പോകണമായിരുന്നു. അതോടെ കാലിന്റെ വേഗത കൂടി. ഒരിക്കല്‍ രാജമ്മ എന്ന കായികാധ്യാപിക തമാശയായി പറഞ്ഞു, സഫിയയുടെ ഒപ്പം നടന്നെത്താന്‍ പ്രയാസമാണെന്ന്. രാജമ്മ ടീച്ചറിന്റെ പ്രോത്സാഹനം കൊണ്ടാണ് താന്‍ അത്‌ല്റ്റ്‌സിലേക്ക് എത്തിയതെന്നും സഫിയ കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധികളെ തരണം ചെയ്ത് തനിക്ക് അനുവദിക്കപ്പെടുന്ന കായിക പരിപാടികളില്‍ തുടര്‍ന്നും പങ്കെടുക്കണമെന്നാണ് സഫിയയുടെ ആഗ്രഹം. അതിന് സാമ്പത്തികമായ സഹായങ്ങള്‍ അനിവാര്യമാണ്. കായിക മേഖലയ്ക്ക് പ്രാമുഖ്യം നല്‍കുന്നുവെന്ന് പറയുന്ന സര്‍ക്കാര്‍ തങ്ങളെപ്പോലെയുള്ളവരേയും പരിഗണിക്കണമെന്നാണ് സഫിയയുടെ ആഗ്രഹം.