സ്വന്തം ഭൂമി ദാനം നൽകി; നെല്ല് ഗവേഷണത്തിൽ പേറ്റന്റ് ലഭിച്ച കരുണാകരൻ ഇപ്പോൾ ‘വഴിയോരകർഷകൻ’-ഉറക്കം റോഡരുകിൽ 

November 10, 2017, 7:40 pm
സ്വന്തം ഭൂമി ദാനം നൽകി; നെല്ല് ഗവേഷണത്തിൽ പേറ്റന്റ് ലഭിച്ച കരുണാകരൻ ഇപ്പോൾ ‘വഴിയോരകർഷകൻ’-ഉറക്കം റോഡരുകിൽ 
Special Story

സ്വന്തമായി ഏക്കറുകണക്കിന് ഭൂമിയുണ്ടായിരുന്ന കരുണാകരന്റെ അന്തിയുറക്കം ഇപ്പോൾ പുറമ്പോക്കിലാണ്. കൃഷി ചെയ്യാൻ ഭൂമിയും കിടന്നുറങ്ങാൻ വീടും എന്നത് കായംകുളം പെരിങ്ങാല ഊടത്തിൽ വടക്കതിൽ കരുണാകരൻ നായരുടെ ഭൂതകാലമായിരുന്നു. കുടുംബവകയായി ഉണ്ടായിരുന്ന വസ്തുവകകൾ തന്റെ അച്ഛന്റെ കാലത്ത് സർക്കാരിന് കെട്ടിടം പണിയാനും പാവങ്ങൾക്ക് ഇഷ്ടദാനവുമായൊക്കെ നൽകി. ഒടുവിൽ ഇപ്പോൾ കരുണാകരനും കുടുംബവും പെരുവഴിയിലാണ്.

വീട് വിട്ട് ഇറങ്ങിയപ്പോൾ തുടങ്ങിയതാണ് കാർഷിക പരീക്ഷണങ്ങൾ. 39 വർഷം മുമ്പ് കായംകുളം ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥൻ തലചായ്ക്കാൻ നൽകിയ കച്ചിത്തുറുവിന്റെ ചുവട്ടിൽ നിന്ന് തൂത്ത് വാരിയെടുത്ത 300 ഗ്രാം നെല്ലിൽ നിന്നാണ് കാർഷിക പരീക്ഷണം ആരംഭിച്ചത്. തന്റെ ചെറ്റക്കുടിലിനോട് ചേർന്ന് എതിർവശത്തായുള്ള മതിലിന്റെ അരികിലാണ് കരുണാകരന്റെ കാർഷിക പരീക്ഷണങ്ങൾ അരങ്ങേറുന്നത്.

വഴിയോരത്തെ നെല്ല് (കലികാലം നമ്പർ വൺ) കൃഷി പരിപാലിക്കുന്ന  കരുണാകരൻ നായർ.
വഴിയോരത്തെ നെല്ല് (കലികാലം നമ്പർ വൺ) കൃഷി പരിപാലിക്കുന്ന കരുണാകരൻ നായർ.

പേറ്റന്റ് നേടിയതും വഴിയോരത്ത് കൃഷി ചെയ്ത നെല്ലിനുതന്നെയാണ് എന്നതും കൗതുകമാണ്. താൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ‘കലികാലം നമ്പർ വൺ’ എന്ന പേരിലുള്ള നെല്ലിനത്തിനാണ് കരുണാകരന് 2015ൽ പേറ്റന്റ് ലഭിച്ചത്. രണ്ടു വ്യത്യസ്ത സങ്കരഇനങ്ങളിലുള്ള നെൽക്കതിരുകൾ കൂട്ടിക്കെട്ടി പരാഗണം നടത്തിയാണ് കരുണാകരൻനായർ നെല്ലിന്റെ പുതിയ വിത്ത് കണ്ടു പിടിച്ചത്. ഇപ്പോൾ പുതിയ ഒരിനം നെൽവിത്ത് വികസിപ്പിച്ചെടുക്കുന്നതിന്റെ പരീക്ഷണശാലയിലാണ് ഇയാൾ.

പുതിയതായി പരീക്ഷിക്കുന്ന ഏഴരയടി ഉയരത്തിൽ വളരുന്ന നെല്ലിനത്തിന് സമീപം കരുണാകരൻ നായർ (ചിത്രം; മഞ്ജുനാഥ്)  
പുതിയതായി പരീക്ഷിക്കുന്ന ഏഴരയടി ഉയരത്തിൽ വളരുന്ന നെല്ലിനത്തിന് സമീപം കരുണാകരൻ നായർ (ചിത്രം; മഞ്ജുനാഥ്)  

ആരൊക്കെയോ പറഞ്ഞത് കേട്ടറിഞ്ഞെത്തിയ ആലപ്പുഴ ജില്ലാ കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകനും ഭാര്യയുമാണ് തനിക്ക് പേറ്റന്റ് ലഭിക്കുന്നതിനുള്ള സഹായങ്ങൾ ചെയ്തുതന്നത് എന്ന് കരുണാകരൻ നന്ദിയോടെ സ്മരിക്കുന്നു. തൊട്ടുപിന്നാലെ മുൻ രാഷ്ട്രപതി എപിജെ അബ്‌ദുൾ കലാമിന്റെ കൈയിൽ നിന്നും അഹമ്മദാബാദ് ദേശീയ ഇന്നോവേഷൻ ഫൌണ്ടേഷൻ അവാർഡും ലഭിച്ചു.

പിന്നാലെ ഒട്ടനേകം അവാർഡുകൾ ഈ വലിയ കർഷക മനസിനെ തേടിയെത്തി. അവാർഡുകൾ ഏറെയുണ്ടെങ്കിലും ഇവയൊക്കെ സൂക്ഷിച്ചിരിക്കുന്നത് തുണിയിൽ പൊതിഞ്ഞാണ്. കേടുപാടുകൾ സംഭവിക്കാതിരിക്കാൻ വേണ്ടിയല്ല. വേറെ മാർഗ്ഗമില്ലാഞ്ഞിട്ടാണ്. 33 വർഷമായി കായംകുളം വില്ലേജിൽ സർവീസ് സഹകരണ ബാങ്കിന് മുൻവശത്തായി ഒരു ചെറിയ പലകയടിച്ച പടുത (ടാർപോളിൻ) വിരിച്ച ഷെഡിന് കീഴിലാണ് കരുണാകരൻ നായരും കുടുംബവും താമസിക്കുന്നത്.

മരുമകന് കൂലിപ്പണി ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനമാണ് ഇവരുടെ ഏക ആശ്രയം. ഏകമകൾ ശാലിനി മാരകമായ കരൾ രോഗത്തിന് അടിമയാണ്. നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ച ലക്ഷക്കണക്കിന് രൂപ ഉപയോഗിച്ചാണ് ശാലിനിയുടെ പ്രാരംഭ ചികിത്സകൾ നടത്തിയത്.

എല്ലാ രാഷ്ട്രീയക്കാരും മോഹന സുന്ദര വാഗ്‌ദാനങ്ങൾ നൽകിയെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. ആർക്കുവേണ്ടിയും കൊടി പിടിക്കാൻ പോയിട്ടില്ല എന്നതാണ് തന്നെ രാഷ്ട്രീയപാർട്ടിക്കൾ തഴയാൻ കാരണമെന്നാണ് ഇയാളുടെ അഭിപ്രായം. കഷ്ടപ്പാടുകൾക്കിടയിലും പുതിയ കാർഷിക ഗവേഷണങ്ങൾ കരുണാകരൻ നായർക്കൊരു ഹരമാണ്.