കലയൊഴിഞ്ഞ് കലഹം: സ്വയം ഭരണകാലത്തെ മഹാരാജാസ് ഇങ്ങനെയാണ് 

March 4, 2017, 10:54 pm
കലയൊഴിഞ്ഞ് കലഹം: സ്വയം ഭരണകാലത്തെ മഹാരാജാസ് ഇങ്ങനെയാണ് 
Special Story
Special Story
കലയൊഴിഞ്ഞ് കലഹം: സ്വയം ഭരണകാലത്തെ മഹാരാജാസ് ഇങ്ങനെയാണ് 

കലയൊഴിഞ്ഞ് കലഹം: സ്വയം ഭരണകാലത്തെ മഹാരാജാസ് ഇങ്ങനെയാണ് 

'പൈന്‍ മരങ്ങളില്ലാത്ത ഓക്‌സ്‌ഫോഡ്' വിഖ്യാതചിന്തകനായ നോം ചോംസ്‌കി മഹാരാജാസ് കോളേജിനെ വിശേഷിപ്പിച്ചതിങ്ങനെയാണ്. രൂപഭംഗിയും മരങ്ങളും മാത്രമായിരിക്കില്ല അദ്ദേഹത്തെ മഹാരാജാസിനെ ഓക്‌സ്‌ഫോഡിനോട് ഉപമിക്കാന്‍ പ്രേരിപ്പിച്ചത്. പൈന്‍ മരങ്ങളൊഴികെ ഓക്‌സ്‌ഫോഡില്‍ ഉള്ളതെല്ലാം മഹാരാജാസില്‍ ഉണ്ടെന്നാണ് ചോംസ്‌കി പറഞ്ഞത്. ഒറ്റ സന്ദര്‍ശനം കൊണ്ടു തന്നെ ആ കലാലയം എന്താണെന്നും ആ ഇടം എന്താണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും ചോംസ്‌കി മനസ്സിലാക്കി. ചോംസ്‌കിയെക്കൊണ്ട് മഹാരാജാസിനെ ഓക്‌സ്‌ഫോഡുമായി ഉപമിക്കാന്‍ പ്രേരിപ്പിച്ചതെന്താണോ അത് മഹാരാജാസിന് നഷ്ടമാകുകയാണോ?

കുറച്ചുവര്‍ഷങ്ങളായി മഹാരാജാസില്‍ നിരന്തരമായി പ്രശ്‌നങ്ങളാണ്. ചുവരെഴുതിയതിന് അഞ്ച് വിദ്യാര്‍ത്ഥികളെ ജയിലിലടച്ചതും വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചതും വാര്‍ത്തയും വിവാദവും സൃഷ്ടിച്ചു. പ്രിന്‍സിപ്പാളിന്റെ വിദ്യാര്‍ത്ഥി വിരുദ്ധനിലപാട് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളുടെ ഒപ്പുശേഖരിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് യൂണിയന്‍ പ്രതിനിധികള്‍. 1800 വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ഒപ്പിട്ടു.

മഹാരാജാസിലെ യഥാര്‍ത്ഥ പ്രശ്‌നമെന്താണ്?

അക്കാദമികനിലവാരം ഉയര്‍ത്തും എന്ന വാഗ്ദാനത്തോടെ വന്ന സ്വയം ഭരണത്തോടെയാണ് മഹാരാജാസില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സ്വയംഭരണത്തിന്റെ പേരില്‍ അച്ചടക്ക മൗലികവാദമാണ് നടപ്പിലാക്കുന്നതെന്ന് ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു. മഹാരാജാസ് ഫൈന്‍ ആര്‍ട്‌സ് കോളേജ് അല്ലെന്നും പഠനത്തിനാണ് ഇവിടെ പ്രാധാന്യം കൊടുക്കേണ്ടതെന്നുമാണ് പ്രിന്‍സിപ്പാള്‍ എന്‍ എല്‍ ബീനയുടെ വാദം.

2015ലാണ് സ്വയം ഭരണം മഹാരാജാസില്‍ എത്തുന്നത്. പ്രമുഖരുള്‍പ്പെടുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് രൂപീകരിച്ച മഹാരാജാസ് സംരക്ഷണ സമിതിയുടെ പിന്തുണയോടെ ശക്തമായ പ്രക്ഷോഭം ഇതിനെതിരെ ഉണ്ടായി. എസ്എഫ്‌ഐയും അധ്യാപകസംഘടനയായ എകെജെസിടിയും പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു. ഇത് പ്രതിരോധിക്കാന്‍ സ്വയംഭരണ വാദികള്‍ തന്ത്രമൊരുക്കി. സ്വയംഭരണത്തെ അനുകൂലിക്കുന്നു എന്ന സമ്മതപത്രം കൊണ്ടുവന്നു. ഒപ്പിടാത്ത അധ്യാപകരെ സ്ഥലംമാറ്റും എന്ന് ഭീക്ഷണിപ്പെടുത്തി. വഴങ്ങി 60ശതമാനത്തോളം അധ്യാപകര്‍ ഒപ്പിട്ടു. വിരുദ്ധ നിലപാടില്‍ ഉറച്ചു നിന്നവരുടെ നേതൃനിരക്കാരെ സ്ഥലം മാറ്റി. അതോടെ അധ്യാപക പ്രതിരോധം ഏറെക്കുറെ ഇല്ലാതായി.

 സ്വയംഭരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതീകാത്മക തൂങ്ങിമരണം 
സ്വയംഭരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതീകാത്മക തൂങ്ങിമരണം 

വിദ്യാര്‍ത്ഥികളുടെ സമരം തുടര്‍ന്നു. മെയ് 13 മുതല്‍ ജൂലൈ അഞ്ച് വരെ പ്രക്ഷോഭം നീണ്ടു. ഇതോടെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. സമരസമിതി ഒത്തുതീര്‍പ്പ് വ്യവസ്ഥ മുന്നോട്ട് വെച്ചു. ഇത് പാലിച്ചെങ്കിലേ സ്വയംഭരണവുമായി സഹകരിക്കൂ എന്ന് സമരക്കാര്‍ നിലപാടെടുത്തു. പുതിയ സെല്‍ഫ് ഫിനാന്‍സിങ്ങ് കോഴ്‌സുകള്‍ അനുവദിക്കില്ല. നിലവിലുള്ള കോഴ്‌സുകള്‍ സെല്‍ഫ് ഫിനാന്‍സിങ്ങ് രീതിയില്‍ ആക്കില്ല. ഗവേണിങ് കൗണ്‍സിലില്‍ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തും. യൂണിവേഴ്‌സിറ്റി മാനദണ്ഡം പാലിച്ചേ പ്രവേശനം പാടുള്ളു. ഇവയായിരുന്നു പ്രധാന വ്യവസ്ഥകള്‍. പാലിക്കാമെന്ന അധികൃതരുടെ ഉറപ്പിന്മേല്‍ 2015 ജൂലൈ അഞ്ചിന് ഒത്തുതീര്‍പ്പ് അംഗീകരിച്ചു. വ്യവസ്ഥകളോടെ സ്വയംഭരണം ആരംഭിച്ചു.

2015 ജൂലൈയില്‍ ഹോം സ്‌റ്റേഷന്‍ അല്ലാതിരിന്നിട്ടുകൂടി നാദാപുരം സ്വദേശിനി പ്രൊഫ. എന്‍.എല്‍ ബീന പ്രിന്‍സിപ്പാളായി. പുതിയ അധ്യയനവര്‍ഷം പ്രവേശനം നേടിയ 22 വയസ്സിന് മുകളിലുള്ളവരുടെ അഡ്മിഷന്‍ റദ്ദു ചെയ്യുകയായിരുന്നു പ്രിന്‍സിപ്പാളിന്റെ ആദ്യ നടപടി. യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നു അത്. 22 വയസ്സ് കഴിഞ്ഞ ആണ്‍കുട്ടികള്‍ ക്രിമിനലുകളായിരിക്കും, ക്യാംപസില്‍ പ്രശ്‌നങ്ങളുണ്ടാക്കും, പെണ്‍കുട്ടികളെ ശല്യപ്പെടുത്തും തുടങ്ങിയ വാദങ്ങള്‍ ന്യായീകരമായി പ്രിന്‍സിപ്പാള്‍ സ്റ്റാഫ് മീറ്റിങ്ങില്‍ ഉയര്‍ത്തി. പുറത്താക്കിയതിനെതിരെ നിരാഹാരമിരുന്നവരെ പിന്തുണച്ച് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ വന്നു. ഒന്നരയാഴ്ച്ച പഠിപ്പുമുടക്കി. ആവശ്യം പ്രിന്‍സിപ്പാള്‍ നിരസിച്ചു. എതിര്‍പ്പ് ശക്തമായപ്പോള്‍ ഒടുവില്‍ തിരിച്ചെടുത്തു.പ്രൊഫ. എന്‍.എല്‍ ബീന, മഹാരാജാസ് കോളേജ്  പ്രിന്‍സിപ്പാള്‍
പ്രൊഫ. എന്‍.എല്‍ ബീന, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍

സമരങ്ങളോടും പ്രതിഷേധങ്ങളോടും കടുത്ത അസഹിഷ്ണുതയാണ് പ്രിന്‍സിപ്പാള്‍ പ്രകടിപ്പിച്ചത്. എതിര്‍ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും പ്രതികാര ബുദ്ധിയോടെ നേരിട്ടുവെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

സ്വയംഭരണത്തിനെതിരായ സമരങ്ങള്‍ വ്യക്തിപരമായി എടുക്കുകയാണ് പ്രിന്‍സിപ്പാള്‍ ചെയ്തത്. സംഘടനാ പ്രവര്‍ത്തകരും യൂണിയന്‍ ഭാരവാഹികളും ടാര്‍ഗറ്റ് ചെയ്യപ്പെട്ടു. കള്ളക്കേസുകള്‍ ചാര്‍ത്തി. സംഘടനാ പ്രവര്‍ത്തനം അടിച്ചമര്‍ത്തുന്നതിന്റെ ആദ്യ പടിയായി ഹോസ്റ്റലിനെ ലക്ഷ്യം വെച്ചു.
അശ്വിന്‍ പി ദിനേശ്, യൂണിയന്‍ ചെയര്‍മാന്‍  

പഠിപ്പിച്ചു തീരാതെ പരീക്ഷ

സ്വയംഭരണം വന്നതോടെ സിലബസ് ഉണ്ടാക്കാനും പരീക്ഷ നടത്തിപ്പിനുമുള്ള അധികാരം കോളെജിനായി. 90 അധ്യയന ദിവസങ്ങള്‍ക്ക് ശേഷമേ പരീക്ഷ നടത്താവു എന്ന സര്‍വ്വകലാശാല നിയമം ലംഘിച്ചു. 40 ദിവസത്തെ അധ്യയനത്തില്‍ പരീക്ഷ നടത്തി. ഒരാഴ്ചയെങ്കിലും നീട്ടി നല്‍കണമെന്ന അപേക്ഷ തള്ളി. ഇതോടെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ പരീക്ഷ രണ്ടാമത് നടത്തി. രണ്ടുവട്ടം നടത്തിയിട്ടും ജയിച്ചത് 22 ശതമാനം മാത്രം. അക്കാദമിക നിലവാരം താഴുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

‘ഹോസ്റ്റല്‍ ഇല്ലെങ്കില്‍ എംജി റോഡില്‍ കിടക്കൂ’
സ്വയംഭരണ വിരുദ്ധനീക്കം തടയാനുള്ള വഴികള്‍ക്കായി കോളെജ് അധികൃതര്‍ ശ്രമിച്ചു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികൂട്ടായ്മയില്‍ നിന്നും പ്രതിരോധങ്ങള്‍ ഉണ്ടാവുന്നുണ്ടെന്ന് കണ്ടെത്തി. ഹോസ്റ്റലിനെ ലക്ഷ്യം വെച്ചു. കേടുപാടുകള്‍ തീര്‍ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഹോസ്റ്റല്‍ പൂട്ടാനുള്ള ഉപായമാക്കി. വിദ്യാര്‍ത്ഥികളുടെ നിവേദനത്തിന്റെ മറപറ്റി ഹോസ്റ്റല്‍ പൊളിച്ചുകളയാനായി കോളെജിന്റെ നീക്കം. അറ്റകുറ്റപണിയിലൂടെ പരിഹരിക്കാവുന്നതായിരുന്നു ഹോസ്റ്റല്‍ പ്രശ്‌നം. അത് അവഗണിച്ചാണ് പൊളിക്കുന്നതിനായി ശ്രമിച്ചത്. കറന്റും വെള്ളവും നിര്‍ത്തി. വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികള്‍ ഇറങ്ങി. കുട്ടികളൊഴിഞ്ഞ ഹോസ്റ്റല്‍ എളുപ്പത്തില്‍ പൂട്ടി. ഹോസ്റ്റല്‍ ഇല്ലാതായതോടെ നാല് വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തി. ബിബിന്‍ തോമസ്, അനേക് പി ബോസ്, ബിബിന്‍ സുരേന്ദ്രന്‍, ഷൈജിത്ത് എസ് എന്നീ വിദ്യാര്‍ത്ഥികളാണ് പഠനം അവസാനിപ്പിച്ചത്.

വയസ്സ് കൂടിയെന്ന കാരണം പറഞ്ഞ്‌ പുറത്താക്കിയതിനെതിരെ സമരം ചെയ്ത വൈരാഗ്യമാണ് ഹോസ്റ്റല്‍ പൂട്ടാന്‍ കാരണമെന്ന് വിദ്യാര്‍ത്ഥി ബിബിന്‍ തോമസ് ആരോപിക്കുന്നു. ഇറക്കി വിടരുത് എന്ന് അപേക്ഷിച്ചപ്പോള്‍ അവജ്ഞയോടെ പെരുമാറി.

വേറെ ഇടമില്ലെന്നും അന്ധ വിദ്യാര്‍ത്ഥികളും ദളിത്-ആദിവാസി വിഭാഗത്തില്‍പെട്ടവരും ലക്ഷദ്വീപുകാരും ദൂരെ നിന്നു വരുന്നവരുമെല്ലാം ആശ്രയിക്കുന്നത് ഹോസ്റ്റലാണെന്ന് ടീച്ചറോട് പറഞ്ഞു. ഹോസ്റ്റല്‍ ഇല്ലെങ്കില്‍ എംജി റോഡില്‍ കിടക്കൂ, ദൂരെയുള്ളവര്‍ എന്തിനാണ് മഹാരാജാസില്‍ പഠിക്കാന്‍ വരുന്നത് എന്നാണ് പ്രിന്‍സിപ്പാള്‍ ഞങ്ങളോട് ചോദിച്ചത്. 
ബിബിന്‍ തോമസ്, പഠനം നിര്‍ത്തേണ്ടിവന്ന വിദ്യാര്‍ത്ഥി  
ഹോസ്റ്റല്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ നിരാഹാരസമരം 
ഹോസ്റ്റല്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ നിരാഹാരസമരം 

സ്വയം ഭരണത്തിലൂടെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് പുതിയ ഹോസ്റ്റല്‍ നിര്‍മ്മിക്കാമെന്നായിരുന്നു കോളെജിന്റെ വാഗ്ദാനം. ഇതിനായി നിലവിലെ ഹോസ്റ്റലിന്റെ അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് പിഡബ്ല്യുഡിയില്‍ നിന്ന് പ്രിന്‍സിപ്പാള്‍ ചോദിച്ചു വാങ്ങിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പരാതി കൊടുത്തു. മന്ത്രി മൂന്നംഗസമിതിയെ നിയോഗിച്ചു. ഹോസ്റ്റല്‍ പൊളിച്ചുമാറ്റേണ്ടെന്നും അറ്റകുറ്റപ്പണിയിലൂടെ പരിഹരിക്കാമെന്നും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി. പക്ഷെ, പ്രിന്‍സിപ്പാള്‍ എസ്റ്റിമേറ്റില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. അതിനാല്‍ തുടര്‍നടപടി ഉണ്ടായില്ല. ഹോസ്റ്റല്‍ തുറക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം നടത്തി. പൊളിച്ചുകളയണമെന്നു വാദിച്ച പ്രിന്‍സിപ്പാളിനു നിലപാട് മാറ്റേണ്ടി വന്നു. അറ്റകുറ്റപ്പണി നടത്തി വിദ്യാര്‍ത്ഥികളെ താമസിപ്പിക്കാന്‍ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം നിര്‍ദ്ദേശിച്ചു.

ജാമ്യമില്ലാ വകുപ്പില്‍ കേസ്‌

കുട്ടികളിലുള്ള നിരീക്ഷണ സംവിധാനം പ്രിന്‍സിപ്പാളും കോളെജ് അധികൃതകരും കര്‍ശനമാക്കി. കോളെജില്‍ തീര്‍ക്കാവുന്ന ചെറിയ തെറ്റുകള്‍ പോലും പൊലീസ് കേസുകളായി. ‘പൂമരം’ സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് രാത്രി ക്യാംപസില്‍ തങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതിനല്‍കി. രാത്രി വൈകി ബസ്‌ കിട്ടാതെ ക്യാംപസില്‍ ഉറങ്ങിയ വിദ്യാര്‍ത്ഥിയുടെ മറന്നുവെച്ച മൊബൈല്‍ ഫോണ്‍ പ്രിന്‍സിപ്പാള്‍ പോലീസില്‍ ഏല്‍പിച്ചു. വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചിട്ടും കേസ് ഒഴിവാക്കിയില്ല. രണ്ടാഴ്ച്ച ജയിലില്‍ കിടക്കേണ്ടി വന്നു. രാത്രി ക്യാംപസില്‍ തങ്ങിയ നൗഫല്‍, ശ്യാം, വിവേക് എന്നിവരുടെ മേല്‍ പൊതുമുതല്‍ നശിപ്പിച്ചു എന്ന കുറ്റം ചാര്‍ത്തി. ചുവരെഴുതിയ കറ്റത്തിന് അഞ്ചു വിദ്യാര്‍ത്ഥികളെ ജയിലില്‍ അടച്ചു. ചുവരിലെഴുതിയത് എങ്ങനെയാണ് പൊതുമുതല്‍ നശിപ്പിക്കലാവുന്നതെന്ന് പറഞ്ഞ് കോടതി കോളേജ് അധികൃതരെ പരിഹസിച്ചു. പരിപാടി നടത്താനായി ക്യാംപസിന്റെ നടുമുറ്റത്തേക്ക് ബഞ്ച് ഇട്ടതിനു വിഷ്ണു പി. എസ് എന്ന വിദ്യാര്‍ത്ഥിയുടെ മേല്‍ ചാര്‍ത്തിയതും പിഡിപിപി എന്ന ജാമ്യമില്ലാ വകുപ്പാണ്.

ഇരുമ്പ് ഗ്രില്ലുകളിട്ട് വേര്‍തിരിച്ച ഇടനാഴി  
ഇരുമ്പ് ഗ്രില്ലുകളിട്ട് വേര്‍തിരിച്ച ഇടനാഴി  

കല വേണ്ട

സ്വയംഭരണത്തിനുശേഷം കലോല്‍സവത്തോടും യൂണിയന്‍ പരിപാടികളോടും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളോടും നിഷേധാത്മമക നിലപാടാണ് പ്രിന്‍സിപ്പാള്‍ സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. കലോല്‍സവത്തില്‍ പങ്കെടുക്കാനുള്ള തുക വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി കണ്ടെത്തുന്നത് ക്യാംപസിനു പുറത്തുള്ള പിരിവിലൂടെയാണ്. കോളേജ് ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും ഒരു തുക കിട്ടാറുമുണ്ട്. കഴിഞ്ഞ കലോത്സവകാലത്ത് ഈ തുക ചോദിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപാട് നടക്കേണ്ടിവന്നു. കലോത്സവപരിശീലനത്തിന് റൂം നല്‍കാന്‍ പോലും പ്രിന്‍സിപ്പാള്‍ പലപ്പോഴും തയ്യാറാകാറില്ല. പരിശീലനസമയം ഉച്ചയ്ക്കുശേഷം നടത്തിയാല്‍ മതിയെന്ന് ഉത്തരവിട്ടു.

മഹാരാജാസില്‍ നിന്ന് ഇനിയൊരു ആഷിക്ക് അബുവോ അമല്‍ നീരദോ ഉണ്ടാകുമെന്ന് കരുതുന്നില്ല.
ഓമല്‍ അലോഷ്യസ്, അധ്യാപകന്‍


സ്വയംഭരണത്തിനെതിരെയുള്ള പോസ്റ്ററുകളിലൊന്ന്
സ്വയംഭരണത്തിനെതിരെയുള്ള പോസ്റ്ററുകളിലൊന്ന്

പൂമരം സിനിമാഗാനത്തിലൂടെ പ്രശസ്തനായ ഫൈസല്‍ റാസി മഹാരാജാസിലെ അച്ചടക്ക മൗലികവാദം മൂലം പഠനം നിര്‍ത്തേണ്ടി വന്ന ആളാണ്. ബി.എ മ്യൂസിക് വിദ്യാര്‍ത്ഥിയായിരുന്നു ഫൈസല്‍ റാസി.

ഞാന്‍ മഹാരാജാസിലെ സ്വയം ഭരണത്തിന്റെ ഇരയാണ്. ഒരുപാട് പ്രതീക്ഷികളുമായാണ് മഹരാജാസില്‍ എത്തിയത്. ഞാന്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിച്ചത് സ്വാതന്ത്ര്യമായിരുന്നു. അതെനിക്ക് ലഭിച്ചില്ല. എ.ആര്‍ റഹ്മാന് ആദരം അര്‍പ്പിച്ച് ഞങ്ങള്‍ ആറു പേര്‍ ചേര്‍ന്ന് കഫേ ഖവാലി എന്നൊരു ആല്‍ബം ചെയ്തിരുന്നു. അതിനുവേണ്ടി അറ്റന്‍ഡന്‍സ് നഷ്ടമായിരുന്നു. ഞങ്ങള്‍ ആറുപേര്‍ക്ക് പഠനം നിര്‍ത്തേണ്ടി വന്നു. ഗിറ്റാര്‍ വായിച്ചതിന് ഒരിക്കല്‍ മ്യൂസിക് ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് എന്നെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.    
ഫൈസല്‍ റാസി, സംഗീത സംവിധായകന്‍

സദാചാര പോലീസിങ്ങും ചീത്തവിളിയും

പലപ്പോഴായി സദാചാര പൊലീസിങ്ങിന്റെ പേരില്‍ മഹാരാജാസില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ആണ്‍കുട്ടികളായ സഹപാഠികളുടെ ഒപ്പമിരിക്കുന്ന പെണ്‍കുട്ടികളെ ശകാരിക്കുന്നതും ടീച്ചറുടെ ശീലമാണെന്ന ആരോപണമുണ്ട്. കോളെജിന്റെ മുറ്റത്ത് സംസാരിച്ചിരുന്ന വിദ്യാര്‍ത്ഥിനികളോട് 'ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണോ കോളേജില്‍ വരുന്നത്? ' എന്ന് പ്രൊഫ എന്‍.എല്‍ ബീന ചോദിച്ചതായി കുട്ടികള്‍ ആരോപിക്കുന്നു. ആദ്യം മാപ്പു പറഞ്ഞെങ്കിലും പിന്നീട് നിലപാടില്‍ മാറ്റമില്ല എന്നറിയിച്ചു. ഇതോടനുബന്ധിച്ച് നടന്ന പ്രതിഷേധപ്രകടനമാണ് കസേര കത്തിക്കലില്‍ കലാശിച്ചത്.

കൗണ്‍സില്‍ നടക്കുമ്പോഴും സ്റ്റാഫ് മീറ്റിങ്ങിനിടയിലും വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് പ്രിന്‍സിപ്പാള്‍ സംസാരിക്കാറുണ്ടെന്നാണ് മറ്റൊരു ആരോപണം. അധിക്ഷേപ പരാമര്‍ശങ്ങളെ ഒരു വിഭാഗം അധ്യാപകര്‍ കൈയ്യടിയോടെയാണ് സ്വീകരിക്കാറ്. പ്രിന്‍സിപ്പാള്‍ കുട്ടികളെ ഈച്ചകളെന്നും ബ്ലാക്ക് ക്യാറ്റുകളെന്നും വിളിച്ച് പുച്ഛിക്കുന്നതായി കേട്ടിട്ടുണ്ടെന്ന് പേരു വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഒരു അധ്യാപകന്‍ ‘സൗത്ത്‌ലൈവി’നോട് പറഞ്ഞു

വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച് പ്രതിഷേധിക്കുന്നു 
വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച് പ്രതിഷേധിക്കുന്നു 
വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചത് വലിയ തെറ്റാണ്. പക്ഷെ, പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനികളോട് നടത്തിയ പരാമര്‍ശം ഒരു സ്ത്രീക്കും അംഗീകരിക്കാനാവില്ല. ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണോ കോളേജില്‍ വരുന്നത് എന്ന ചോദ്യം സ്ത്രീ വിരുദ്ധമാണ്, ജെന്‍ഡര്‍ പോലീസിങ്ങാണ്. ക്ലാസ് റൂമില്‍ സഹപാഠികളുടെ മുമ്പില്‍ വെച്ച് വ്യക്തിഹത്യ നടത്തുകയാണ് ചെയ്തത്. 
ഡോ. സുമി ജോയി ഓലിയപ്പുറം, അദ്ധ്യാപിക  

അദ്ധ്യാപകര്‍ രണ്ടു തട്ടില്‍

മഹാരാജാസില്‍ അദ്ധ്യാപകര്‍ രണ്ടു പക്ഷമാണ്; പ്രിന്‍സിപ്പാള്‍ പക്ഷവും വിദ്യാര്‍ത്ഥിപക്ഷവും. പ്രിന്‍സിപ്പാളിന്റെ 'അച്ചടക്ക നടപടികളെ' ശരിവെയ്ക്കുന്നവരാണ് കൂടുതലും. പഠനം മാത്രം മതിയെന്ന് വാദിക്കുന്ന, അച്ചടക്കമൗലികവാദത്തെ അംഗീകരിക്കുന്ന അദ്ധ്യാപകരാണ് ഇവരെന്ന് മറുപക്ഷം പറയുന്നു. അധികാരത്തിന്റെ ഒപ്പം നിന്നാല്‍ സുരക്ഷിതത്വം ഉള്ളതുകൊണ്ടാണ് മറുപക്ഷത്ത് ആളു കൂടുതലെന്നും വിമതശബ്ദമുയര്‍ത്തുന്നവരെ 'ടാര്‍ഗറ്റ്' ചെയ്യുന്നതു കൊണ്ട് കുറച്ച് പേര്‍ നിശബ്ദരാണെന്നും അദ്ധ്യാപകര്‍ ആരോപിക്കുന്നു. അക്കാദമിക നിലവാരമുയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തുവന്ന സ്വയംഭരണം ഉളള നിലവാരം കളയുകയാണ് ചെയ്‌തെന്ന് 22 ശതമാനം വിജയശതമാനം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിപക്ഷക്കാര്‍ വാദിക്കുന്നു. വിദ്യാര്‍ത്ഥികള്‍ കസേര കത്തിച്ചതിനെ അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറയുന്നുണ്ട്. കസേര കത്തിച്ചതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ നടത്തിയ മൗന ജാഥയില്‍ ഇവരില്‍ ചിലര്‍ പങ്കെടുക്കുകയും ചെയ്തു. പക്ഷെ പ്രതിഷേധം പ്രിന്‍സിപ്പാളിന്റെ നിലപാടുകളോടുള്ള ഐക്യദാര്‍ഡ്യമായി വ്യാഖ്യാനിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും വിദ്യാര്‍ത്ഥിപക്ഷത്തെ അദ്ധ്യാപകര്‍ പറയുന്നു.

മഹാരാജാസില്‍ അദ്ധ്യാപകര്‍ ചേരി തിരിഞ്ഞ് പോരിലായതിനാല്‍ ഒരു തീരുമാനത്തില്‍ എത്താന്‍ പോലും പറ്റുന്നില്ല. പ്രിന്‍സിപ്പാളിന്റെ വൈരാഗ്യത്തോടെയുള്ള പെരുമാറ്റം വലിയ പ്രശ്‌നമാണ്. അദ്ധ്യാപകരുടെ ശമ്പളം വരെ തടഞ്ഞു വെയ്ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണെങ്കില്‍ സ്ത്രീ പീഡനത്തിന് വരെ കേസ് കൊടുക്കുന്നു. കുട്ടികളോട് സ്‌നേഹത്തോടെയാണ് പെരുമാറേണ്ടത്. കസേരകത്തിച്ചതിനെ ശക്തമായി അപലപിക്കുന്നു. പക്ഷേ കസേര കത്തിക്കലിലേക്ക് എത്തിച്ചത് ടീച്ചറുടെ നടപടി ദോഷമാണ്.
പ്രൊഫസര്‍ പി വി മത്തായി, അദ്ധ്യാപകന്‍

പ്രിന്‍സിപ്പാളിന് പറയാനുള്ളത്

താന്‍ ചെയ്യുന്നതിനും പറയുന്നതിനും തക്കതായ കാരണങ്ങളുണ്ടെന്നും സാഹചര്യം ഉണ്ടാക്കുന്നവരാണ് കുറ്റക്കാരെന്നും പ്രിന്‍സിപ്പാള്‍ എന്‍ എല്‍ ബീന പറയുന്നു.

പരാതി കൊടുക്കുന്നതിന് തക്കതായ കാരണങ്ങളുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ പിഡിപിപി ആക്റ്റ് ചുമത്തേണ്ടി വരും. കലോല്‍സവ പ്രാക്ടീസിന് റൂം കൊടുക്കുന്നില്ല സമയം അനുവദിക്കുന്നില്ല എന്നു പറയുന്നതില്‍ സത്യമുണ്ട്. അദ്ധ്യാപകര്‍ ഇവിടെ പഠിപ്പിക്കേണ്ട സമയമാണ് അഞ്ച് മണിക്കൂര്‍. രാവിലെ മൂന്ന് മണിക്കൂറും ഉച്ചകഴിഞ്ഞ് രണ്ട് മണിക്കൂറും പഠിക്കാനുള്ളതാണ്. മൂന്നു മാസമായി ഇവിടെ കലോല്‍സവ പരിശീലനം നടത്തുന്നുണ്ട്. പക്ഷെ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ക്ലാസ് ടൈമില്‍ വേണ്ട. അതിന് ഇടവേളകളിലും ക്ലാസിനു ശേഷവും സമയം കണ്ടെത്തണം. മഹാരാജാസ് ഫൈന്‍ ആര്‍ട്‌സ് കോളേജ് അല്ല. കലോല്‍സവം മാത്രമല്ല വേണ്ടത്. കലോല്‍സവത്തില്‍ പങ്കെടുത്ത് ഒന്നോ രണ്ടോ സമ്മാനം കിട്ടിയതുകൊണ്ട് കാര്യമില്ല. അതു കൊണ്ട് ഇവര്‍ ജീവിതത്തില്‍ എവിടെയെങ്കിലും എത്തുമോ? 3000 കുട്ടികള്‍ പഠിക്കുന്നകോളേജില്‍ എത്ര പേര്‍ കലാരംഗത്തും രാഷ്ട്രീയരംഗത്തും ശോഭിക്കുന്നുണ്ട്? നിങ്ങള്‍ ചൂണ്ടിക്കാണിക്കൂ? ഇവര്‍ 50 പേരില്‍ കൂടുതലുണ്ടോ? ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ച് വിവാദമുണ്ടാക്കാനാണ് മാധ്യമങ്ങള്‍ക്ക് താല്‍പര്യം. മഹാരാജാസ് കോളേജിന്റെ പിഎച്ച്ഡി സെന്ററില്‍ നിന്നും നൂറോളം പിഎച്ച്ഡി ഉണ്ടായിക്കഴിഞ്ഞു. അങ്ങനെയുള്ള നല്ല വാര്‍ത്തകളാണ് മാധ്യമങ്ങള്‍ കൊടുക്കേണ്ടത്.
പ്രൊഫസര്‍ എന്‍ എല്‍ ബീന, പ്രിന്‍സിപ്പാള്‍

മഹാരാജാസ് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസമന്ത്രിക്കു സമര്‍പ്പിക്കാനിരിക്കുന്ന മെമ്മൊറാണ്ടം

വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഇത്രയേറെ പ്രതിഷേധമുണ്ടായിട്ടും പ്രിന്‍സിപ്പാള്‍ നിലപാടുകളില്‍ വലിയ മാറ്റം വരുത്തിയിട്ടില്ല. പ്രൊഫ എന്‍.എല്‍ ബീന പ്രിന്‍സിപ്പാളായി തുടരുന്നതിനു കാരണം ചില പ്രബലരായ രാഷ്ട്രീയ നേതാക്കളുടെ പിന്തുണയാണെന്ന അടക്കം പറച്ചിലുകള്‍ ക്യംപസിലും പുറത്തുമുണ്ട്. കൗണ്‍സില്‍ പുനസംഘടിക്കപ്പെട്ടിട്ടും അക്കാദമിക് കോര്‍ഡിനേറ്റര്‍ തസ്തിക തുടരുന്നത് ഗൂഢാലോചനയായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്വയംഭരണത്തിന്റെ മറവില്‍ മഹാരാജാസിനെ വിറ്റഴിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിക്കുന്നു. ഭരണമാറ്റം വന്നാലും മാറാത്ത ഉദ്യോഗസ്ഥരും ഇവരെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാരും കണ്ണു വെയ്ക്കുന്നത് മഹാരാജാസിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കാനുദ്ദേശിച്ചിരിക്കുന്ന ഫണ്ടിലാണെന്ന് ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും വിശ്വസിക്കുന്നു. നൂറുകോടിയോളം രൂപ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം വികസനപ്രവര്‍ത്തനങ്ങള്‍ക്കായി എത്തുമെന്നാണ് ക്യാംപസിലെ അഭ്യൂഹം.