ആരോട് പറയാന്‍? അബ്ദുള്‍ വഹാബിന്റെ തോട്ടത്തില്‍ 300 തൊഴിലാളികള്‍ മൂന്ന് മാസമായി പട്ടിണിയിലാണ്

February 2, 2017, 8:41 pm


ആരോട് പറയാന്‍? അബ്ദുള്‍ വഹാബിന്റെ തോട്ടത്തില്‍ 300 തൊഴിലാളികള്‍ മൂന്ന് മാസമായി പട്ടിണിയിലാണ്
Special Story
Special Story


ആരോട് പറയാന്‍? അബ്ദുള്‍ വഹാബിന്റെ തോട്ടത്തില്‍ 300 തൊഴിലാളികള്‍ മൂന്ന് മാസമായി പട്ടിണിയിലാണ്

ആരോട് പറയാന്‍? അബ്ദുള്‍ വഹാബിന്റെ തോട്ടത്തില്‍ 300 തൊഴിലാളികള്‍ മൂന്ന് മാസമായി പട്ടിണിയിലാണ്

വയനാട് ചെമ്പ്ര തേയില തോട്ടത്തിലെ തൊഴിലാളികള്‍ മൂന്നുമാസമായി സമരമുഖത്താണ്. കമ്പനി ഏകപക്ഷീയമായി ലോക്കൗട്ട് ചെയ്ത തോട്ടം തുറക്കണമെന്നാണ് ആവശ്യം. വ്യവസായിയും മുസ്ലിം ലീഗ് രാജ്യസഭാ എംപിയുമായ പിവി അബ്ദുള്‍ വാഹാബ് ചെയര്‍മാനും സഹോദരന്‍ അലി മുബാറക്ക് പ്രസിഡന്റുമായ ഫാത്തിമാ ഫാംസിന്റെ പേരിലുള്ളതാണ് തോട്ടം. 316 തൊഴിലാളികളാണ് തോട്ടത്തില്‍ ജോലി ചെയ്തിരുന്നത്. ലോക്കൗട്ട് ചെയ്തതോടെ തൊഴിലാളികള്‍ക്ക് പണിയില്ലാതായി. പട്ടിണിയിലായി. മൂന്നുമാസം പിന്നിട്ടപ്പോഴും തോട്ടം തുറന്ന് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം കമ്പനിക്കില്ല. പകുതി തൊഴിലാളികളെ പിരിച്ചുവിടും എന്നതാണ് ഫാത്തിമാ ഫാംസിന്റെ നിലപാട്. ഒരാളെപോലും പിരിച്ചുവിടരുതെന്ന് തൊഴിലാളികളും.

പരിഹാരത്തിനുള്ള നീക്കങ്ങള്‍ കാര്യമായി എവിടെ നിന്നുമുണ്ടായില്ല. ജില്ലാ ലേബര്‍ ഓഫീസറുടെയും, കോഴിക്കോട് അസിസ്റ്റന്‍ഡ് ലേബര്‍ കമ്മീഷണറുറുടെയും നേതൃത്വത്തില്‍ മാനേജ്‌മെന്റും തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപെട്ടു. ഇതോടെ തൊഴിലാളികള്‍ തോട്ടത്തില്‍ കുടില്‍കെട്ടി സമരം തുടങ്ങി. ഏഴിന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. അതില്‍ തീരുമാനമായില്ലെങ്കില്‍ തോട്ടം കയ്യേറുമെന്ന പ്രഖ്യാപിച്ചിരിക്കുകയാണ് തൊഴിലാളികള്‍.

സ്ത്രീകളടക്കം 316 പേരാണ് ചെമ്പ്ര തോട്ടത്തില്‍ ജോലി ചെയ്യുന്നത്. അടച്ചിടാനുള്ള വഹാബിന്റെ തീരുമാനം പ്ലാന്റേഷന്‍ ആക്ടറ്റിലെ നിയമങ്ങള്‍ ലംഘിച്ചു കൊണ്ടാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നു. ചര്‍ച്ച ആവശ്യപെട്ട തൊഴിലാളികളോട് സംസാരിക്കാന്‍ പോലും അബ്ദുള്‍ വഹാബ് ചെയര്‍മാനും, അദ്ദേഹത്തിന്റെ സഹോദരന്‍ അലി മുബാറക്ക് പ്രസിഡന്റുമായ ഫാത്തിമ ഫാംസ് തയ്യാറായില്ലെന്നാണ് തൊഴിലാളികളുടെ പരാതി. തുടര്‍ന്ന് 15 ദിവസം തുടര്‍ച്ചയായി 316 പേരും ഒറ്റകെട്ടായി സത്യാഗ്രഹം നടത്തി.

പകുതിയിലധികം തൊഴിലാളികളെ പിരിച്ചു വിട്ടാല്‍ മാത്രമേ തോട്ടം നടത്താന്‍ കഴിയുകയുള്ളുവെന്നാണ് മാനേജ്‌മെന്റ് വാദം. 800 ഏക്കറുള്ള ചെമ്പ്ര പ്ലാന്റേഷന്‍ ഫാത്തിമ ഫാംസ് ഏറ്റെടുക്കുമ്പോള്‍ 700ലധികംപേരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 300ആയി കുറഞ്ഞു. 150 പേര്‍ കൂടി പിരിഞ്ഞുപോകണമെന്നാണ് വഹാബിന്റെ ആവശ്യം.

ചെമ്പ്രയില്‍ തൊഴിലാളികള്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നു 
ചെമ്പ്രയില്‍ തൊഴിലാളികള്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നു 
മാനേജ്മെന്റിന്റെ കടുംപിടുത്തത്തോട് ഒത്തുപോകാന്‍ സാധിക്കാത്തതിനാല്‍ പലരും ജോലി ഉപേക്ഷിച്ച് പോകുകയായിരുന്നു. ശേഷിക്കുന്നവരെ കൂടി പിരിച്ചുവിട്ട് മാനേജ്‌മെന്റിന്റെ താത്പര്യം മാത്രം സംരക്ഷിക്കാന്‍ തൊഴിലാളികള്‍ തയ്യാറല്ല.
കെ. വിനോദ്, സമര സമിതി പ്രസിഡന്റ്

ലോക്കൗട്ട് പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന തോട്ടം തൊഴിലാളികള്‍ വിഷയത്തില്‍ പുരോഗതിയൊന്നും ഇല്ലാത്തതിനാല്‍ നവംബര്‍ 12 ന് തോട്ടത്തില്‍ നിന്ന് കുളന്ത്‌ നുള്ളാന്‍ ആരംഭിച്ചിരുന്നു. പക്ഷേ വേനലായതോടെ തേയിലചെടികള്‍ കരിഞ്ഞു തുടങ്ങി. പ്ലാന്റേഷനില്‍ നിന്നുള്ള ഏക വരുമാനം നിലച്ചത് പാടികളില്‍ ജീവിക്കുന്നവരുടെ സ്ഥിതി കൂടുതല്‍ ദുരിതത്തിലാക്കി.

ലോക്കൗട്ടിന് മുന്നോടിയായി പാലിക്കേണ്ട നിയപരമായ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കമ്പനി ലോക്കൗട്ട് ചെയ്തതെന്ന് കല്‍പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

കമ്പനിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് തുറക്കാനോ അടയ്ക്കാനോ സാധിക്കുന്നതല്ല എസ്റ്റേറ്റ്. തൊഴിലാളികളെ സംരക്ഷിക്കേണ്ടതും മാനേ്ജ്‌മെന്റിന്റെ ഉത്തരവാദിത്തമാണ്. പ്രതിസന്ധിയിലാണെങ്കില്‍ നിയമവിരുദ്ധമായല്ല ലോക്കൗട്ട് ചെയ്യേണ്ടത്. സമരത്തില്‍ തൊഴിലാളികള്‍ ന്യായമായ ആവശ്യങ്ങള്‍ മാത്രമാണ് മുന്നോട്ട് വെച്ചത്. 
സി.കെ ശശീന്ദ്രന്‍, കല്‍പറ്റ എം എല്‍ എ
തൊഴിലാളികളുടെ ഭാഗത്ത് നിന്നാണ് ഈ പ്രശ്‌നത്തിനു തീരുമാനം എടുക്കേണ്ടത്. ലോക്കൗട്ട് പിന്‍വലിക്കാന്‍ പ്ലാന്റേഷന്‍ തയ്യാറല്ലെങ്കില്‍ തോട്ടം തൊഴിലാളികള്‍ക്ക് വീതിച്ചു നല്‍കണം. 
പി കെ അനില്‍കുമാര്‍, സമരസഹായ സമിതി ചെയര്‍മാന്‍ 

സര്‍ക്കാരില്‍ നിന്നും അടിയന്തര നടപടികള്‍ ഒന്നുമുണ്ടായില്ല. തുടര്‍ന്ന് സമരരീതി മാറ്റിയത്. ലോക്കൗട്ട് പിന്‍വലിച്ചില്ലെങ്കില്‍ തോട്ടം കയ്യേറുമെന്ന് സമരസമിതി കഴിഞ്ഞ ദിവസം മാനേജ്‌മെന്റിന് മുന്നറിയിപ്പ് നല്‍കി. കുടില്‍കെട്ടി സമരവും ആരംഭിച്ചു.

ഉടമകളുടെ നിരുത്തരവാദപരമായ സമീപനമാണ് പ്ലാന്റേഷനെ പ്രതിസന്ധിയിലാക്കിയത്. കൃത്യ സമയത്ത് തേയിലചെടിക്ക് ആവശ്യമായ പരിചരണം നല്‍കാതെയാണ് ഫാം നഷ്ടത്തിലാണെന്ന് മാനേജ്‌മെന്റ് പറയുന്നത്. നഷ്ടകണക്ക് കേട്ട് തിരിച്ചുപോകാന്‍ ഞങ്ങള്‍ തയ്യാറല്ല. തൊഴിലാളികളുടേത് കൂടിയാണ് പ്ലാന്റേഷന്‍. മുഴുവന്‍ തൊഴിലാളികളെയും തിരിച്ചെടുത്ത് ലോക്കൗട്ട് പിന്‍വലിച്ചില്ലെങ്കില്‍ എസ്റ്റേറ്റ് കയ്യേറും 
ടി എ മുഹമ്മദ്, സമരസമിതി ചെയര്‍മാന്‍

ഫാത്തിമ ഫാംസിന്റെ തന്നെ ഉടമസ്ഥതയിലുള്ള കുറിച്യര്‍മല, തോല്‍പെട്ടി എസ്റ്റേറ്റുകള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചെമ്പ്ര പ്ലാന്റേഷനില്‍ ഫാക്ടറി ഇല്ലെന്നു കാണിച്ചാണ് തോട്ടം നഷ്ടത്തിലാണെന്ന് അധികൃതര്‍ പറയുന്നത്. ഒരു കാരണവശാലും തൊഴിലാളികളെ പിരിച്ചുവിട്ടുള്ള അനുരഞ്ജനത്തിനു തയ്യാറാകില്ലെന്ന് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ സെക്രട്ടറി പി ഗഗറിന്‍ പയുന്നു.