ലോകത്തോളം വലിപ്പമുള്ള സ്വപ്നങ്ങള്‍ കണ്ട ഒരു കുട്ടിയുടെ കഥ

October 17, 2017, 4:27 pm
ലോകത്തോളം വലിപ്പമുള്ള സ്വപ്നങ്ങള്‍ കണ്ട ഒരു കുട്ടിയുടെ കഥ
Special Story
Special Story
ലോകത്തോളം വലിപ്പമുള്ള സ്വപ്നങ്ങള്‍ കണ്ട ഒരു കുട്ടിയുടെ കഥ

ലോകത്തോളം വലിപ്പമുള്ള സ്വപ്നങ്ങള്‍ കണ്ട ഒരു കുട്ടിയുടെ കഥ

‘When you want something, all the universe conspires in helping you to achieve it’ -’ഒരു ലക്ഷ്യം നിശ്ചയിച്ചുറപ്പിച്ചു കൊണ്ട് നിങ്ങള്‍ പൂര്‍ണ മനസ്സോടെ അതിനായി ഇറങ്ങിതിരിക്കുകയാണെങ്കില്‍ ലക്ഷ്യ പ്രാപ്തിക്കായി ലോകം മുഴുവന്‍ നിങ്ങളുടെ സഹായത്തിനെത്തും’-
പൗലോ കൊയ്ലോ

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ, ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന എഴുത്തുകാരുടെ രചനകളുടെ കൂട്ടത്തില്‍ ഏറ്റവുമധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതിന്റെ ഗിന്നസ് റെക്കോര്‍ഡ് നേടിയ വിഖ്യാത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്ലോയുടെ സുപ്രസിദ്ധ നോവല്‍ ദി ആല്‍ക്കമിസ്റ്റിലെ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട ഉദ്ധരണി. അതെ നമ്മളൊക്കെയും ജീവിതത്തില്‍ പല ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കുന്നവരാണ്. പക്ഷെ പലപ്പോഴും നമ്മള്‍ ലക്ഷ്യത്തിനേറെ അകലെ ഇടറി വീഴുന്നു. അപ്രതീക്ഷിതമായ പ്രതിബന്ധങ്ങള്‍ വഴിമുടക്കുമ്പോഴോ ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴോ ആണ് നമ്മളില്‍ പലരും പാതി വഴിയില്‍ തങ്ങളുടെ ലക്ഷ്യമുപേക്ഷിച്ചു മടങ്ങിയത്.

ഇവിടെ നിങ്ങള്‍ക്ക് ഞാന്‍ ഒരു കഥ പരിചയപ്പെടുത്തി തരാം. പരിമിതമായ ജീവിത സഹചര്യങ്ങള്‍ക്കിടയിലും ലോകത്തോളം വലിപ്പമുള്ള സ്വപ്നങ്ങള്‍ കണ്ട ഒരു കുട്ടിയുടെ കഥ. പ്രതിസന്ധികള്‍ തുടര്‍ച്ചയായി വന്നപ്പോഴും തളരാതെ തന്റെ സ്വപ്നങ്ങളെ പ്രചോദനോപാതിയാക്കി കൊണ്ട് കുതിച്ചുയര്‍ന്ന ഒരു പോരാളിയുടെ കഥ. ജീവിതത്തില്‍ ചില പ്രതിബന്ധങ്ങള്‍ വന്നപ്പോള്‍ പ്രചോദനം നല്‍കിയ ഹീറോയുടെ കഥ അദ്ദേഹം നിങ്ങളോട് പറയുകയാണ്.

എനിക്ക് ഏഴു വയസ്സുള്ളപ്പോള്‍ നടന്ന സംഭവങ്ങള്‍ ഇന്നും എന്റെ ഓര്‍മയില്‍ വ്യക്തമായി പതിഞ്ഞിരിപ്പുണ്ട്, എനിക്കിന്നും ആ കാര്യങ്ങളെ ഓര്‍ത്തെടുക്കാന്‍ കഴിയും, കാരണം അവ ഞാനേറെ സ്‌നേഹിക്കുന്ന എന്റെ കുടുംബവുമായി ഇഴ ചേര്‍ന്നിരികുന്നവയാണ്.

അന്ന് ഞാന്‍ ശരിയായ ഫുട്ബാള്‍ കളിച്ചു തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു. അതിന് മുമ്പ് ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടെ മെദീരയിലെ തെരുവില്‍ പന്ത് തട്ടിയിരുന്നു. തെരുവ് എന്ന് ഞാന്‍ പറയുമ്പോള്‍ ഒഴിഞ്ഞ റോഡുകളിലാണ് ഞങ്ങള്‍ കളിച്ചിരുന്നത് എന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കാം. പക്ഷെ ആളുകള്‍ സഞ്ചരിക്കുന്നതിനിടയിലൂടെയാണ് ഞങ്ങള്‍ കളിച്ചു കൊണ്ടിരുന്നത്, പ്രത്യേക നിയമങ്ങളോ ലക്ഷ്യങ്ങളോ ഒന്നുമില്ലാതെ തിങ്ങി നിറഞ്ഞ തെരുവില്‍ ഞങ്ങള്‍ പന്ത് തട്ടി കൊണ്ടിരുന്നു. വാഹനങ്ങള്‍ വരുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ ഇടവേളകള്‍ എടുത്തത്. കൂട്ടുകാര്‍ക്കൊപ്പമുള്ള ആ പന്ത് കളി ആയിരുന്നു അന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍. പക്ഷെ അന്‍ഡോറിന്യ ഫുട്ബാള്‍ ക്ലബ്ബിലെ കിറ്റ് മാന്‍ ആയി ജോലി ചെയ്തിരുന്ന എന്റെ പിതാവിന് മറ്റു ചില പദ്ധതികള്‍ ഉണ്ടായിരുന്നു. തെരുവില്‍ ഞാന്‍ പന്ത് തട്ടുന്നത് വീക്ഷിച്ച അദ്ദേഹം എന്നോട് അന്‍ഡോറിന്യ യൂത്ത് ടീമിന് വേണ്ടിയുള്ള ട്രായല്‍സില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അവിടെ കളിക്കുന്നത് അദ്ദേഹത്തിന്റെ അഭിമാനം ഉയര്‍ത്തുമെന്ന് എനിക്ക് മനസിലായി. അത് കൊണ്ട് തന്നെ ഞാന്‍ ട്രയല്‍സില്‍ പങ്കെടുത്തു.

അവിടെ ആദ്യ ദിനം പന്ത് തട്ടിയപ്പോള്‍ ഞങ്ങള്‍ തെരുവില്‍ കളിക്കുന്നതില്‍ വ്യത്യസ്തമായി എനിക്കറിയാത്ത ഒരു പാട് നിയമങ്ങള്‍ ഫുട്‌ബോളില്‍ ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പുതിയ കളി നിയമങ്ങളും ഘടനയും എന്നെ ഹടാതാകര്‍ഷിച്ചു. ഞാന്‍ ഫുട്‌ബോളിനെ സ്‌നേഹിച്ചു തുടങ്ങുകയായിരുന്നു. എല്ലാ മത്സരങ്ങള്‍ തുടങ്ങുമ്പോഴും തന്റെ വര്‍ക്ക് യൂണിഫോമില്‍ നീണ്ട താടിയുമായി എന്റെ പിതാവ് സൈഡ് ലൈനില്‍ നിന്ന് കൊണ്ട് എന്നെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. പക്ഷെ എന്റെ മാതാവിനോ സഹോദരിമാര്‍ക്കോ ഫുട്‌ബോളില്‍ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലാ ദിവസവും രാത്രി ഡിന്നര്‍ കഴിക്കാനിരിക്കുമ്പോള്‍ അവരെ എന്റെ കളി കാണാന്‍ കൊണ്ട് വരാന്‍ വേണ്ടി പിതാവ് ശ്രമിച്ചു കൊണ്ടിരുന്നു. എന്റെ ഫസ്റ്റ് ഏജന്റ് അദ്ദേഹമായിരുന്നു എന്നത് പോലെ ഓരോ ദിവസവും അദ്ദേഹം വന്ന് പറയുന്നത് ഞാന്‍ ഓര്‍ക്കുന്നു. 'ക്രിസ്റ്റിയാനോ ഇന്ന് ഒരു നല്ല ഗോള്‍ അടിച്ചു കേട്ടോ' അപ്പോള്‍ 'ആണോ. നല്ലത് തന്നെ' എന്ന് അവര്‍ പ്രതികരിക്കും.

പക്ഷെ അവര്‍ക്ക് യാതൊരു വികാര വിക്ഷോഭങ്ങളുമില്ലെന്ന് എനിക്കറിയാമായിരുന്നു. പിന്നീടൊരു ദിവസം അദ്ദേഹം വന്ന് പറഞ്ഞു'ക്രിസ്റ്റിയാനോ ഇന്ന് എണ്ണം പറഞ്ഞ 2 ഗോള്‍ സ്‌കോര്‍ ചെയ്തു കേട്ടോ'. ഫലം തഥൈവ! 'ഓഹ്. നന്നായിരിക്കുന്നു ക്രിസ്. അഭിനന്ദങ്ങള്‍' .ഞാന്‍ നിശബ്ദനായി ഗോളുകള്‍ സ്‌കോര്‍ ചെയ്ത് കൊണ്ടിരുന്നു.

മറ്റൊരു ദിവസം രാത്രി പിതാവ് കടന്ന് വന്ന് കൊണ്ട് പറഞ്ഞു.'ക്രിസ്റ്റ്യാനോ ഇന്ന് ഹാട്രിക് അടിച്ചു. അവിശ്വസനീയമായ മൂന്ന് ഗോളുകള്‍, നിങ്ങള്‍ വന്ന് കണ്ട് നോക്കു എത്ര മനോഹരമായാണ് അവന്‍ കളിക്കുന്നതെന്നു'. പക്ഷേ അതിന് ശേഷവും ഓരോ മത്സരത്തിനും മുന്നേ എന്റെ പിതാവ് ഏകനായി സൈഡ് ലൈനില്‍ ഇരുന്ന് കൊണ്ട് എന്നെ വീക്ഷിക്കുന്നത് തന്നെയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.

അങ്ങനെയിരിക്കെ അന്ന് ആ ദിവസം, അതെ ആ ചിത്രം എന്റെ ഹൃദയാന്തരങ്ങളില്‍ ഒരിക്കലും മായാത്ത വിധത്തില്‍ പതിഞ്ഞു കിടക്കുന്നു. ഗ്രൗണ്ടിലിറങ്ങി വാം അപ്പിന് ശേഷം ഞാന്‍ എന്നത്തേയും പോലെ പിതാവ് നില്‍ക്കുന്ന സൈഡിലേക്ക് നോക്കി. അവിടെ പിതാവിന്റെയൊപ്പം എന്റെ മാതാവും സഹോദരിമാരും ഇരിക്കുന്നു. ഇതിന് മുന്‍പ് ഒരു ഫുട്ബാള്‍ മത്സരം പോലും കണ്ടിട്ടില്ല എന്നത് അവരുടെ മുഖഭാവത്തില്‍ നിന്ന് മനസ്സിലാകും. ഞാനെന്തോ പരേഡില്‍ പങ്കെടുക്കുന്നത് പോലെയാണ് അവര്‍ എന്നെ നോക്കി കൊണ്ടിരുന്നത്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അവര്‍ എന്നെ വീക്ഷിക്കാന്‍ വന്നു എന്നതായിരുന്നു ഏറ്റവും പ്രധാന കാര്യം. എന്റെ ഹൃദയം പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരങ്ങളാല്‍ വീര്‍പ്പ്മുട്ടി.

ആ സമയത്തു ഞങ്ങള്‍ ദരിദ്രരായിരുന്നു. മെദീരയിലെ ജീവിതം വളരെ ദുസഹമായിരുന്നു. എന്റെ സഹോദരന്മാര്‍ നല്‍കിയ പഴയ ബൂട്ടുകള്‍ ഉപയോഗിച്ചാണ് ഞാന്‍ കളിച്ചു കൊണ്ടിരുന്നത്. പക്ഷെ നിങ്ങള്‍ ഒരു കുട്ടിയായിരിക്കുമ്പോള്‍ പണത്തെ ഓര്‍ത്തു നിങ്ങള്‍ വേവലാതിപ്പെടില്ല. മറിച്ചു നിങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ പരിഗണിക്കപ്പെടുക എന്നതാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. അന്നത്തെ ആ ദിവസം ഞാന്‍ ആ വികാരം നേരിട്ടനുഭവിച്ചു. ഞാന്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നവര്‍ എന്നെ അതെ പോലെ തിരിച്ചു സ്‌നേഹിക്കുന്നു എന്നത് എനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കി. ഞങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ 'menino querido da familia' അഥവാ കുടുംബത്തിന്റെ പ്രിയ പുത്രന്‍ എന്ന് പറയും.

ആ ഓര്‍മകളെയൊക്കെ ഗൃഹാതുരത്വത്തോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കു. കാരണം എന്റെ ജീവിതത്തില്‍ വളരെ പെട്ടെന്ന് കടന്ന് പോയ കാലഘട്ടമായിരുന്നു അത്. ഫുട്ബാള്‍ ആണ് എനിക്കെല്ലാം തന്നത്, എന്റെ ജീവിതം തന്നെ അതിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പക്ഷെ അതെ ഫുട്ബാള്‍ വളരെ ചെറുപ്രായത്തില്‍ തന്നെ എന്നെ എന്റെ കുടുംബത്തില്‍ നിന്നും അകന്ന് ജീവിക്കാന്‍ നിര്‍ബന്ധിതനാക്കി. പതിനൊന്നാം വയസിലാണ് ഞാന്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

അതോടെ മെദീര ദ്വീപില്‍ നിന്ന് കാതങ്ങള്‍ അകലെയുള്ള ലിസ്ബണിലേക്ക് എന്റെ ജീവിതം പറിച്ചു നടപ്പെട്ടു. എന്റെ ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടമായിരുന്നു അത്.

തീര്‍ച്ചയായും ഇന്ന് അതിനെ പറ്റി ചിന്തിക്കുമ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നുന്നത്. ഇപ്പോള്‍ ഞാനിതെഴുതുമ്പോള്‍ ഏഴ് വയസ്സുകാരനായ എന്റെ മകന്‍ ക്രിസ്റ്റിയാനോ ജൂനിയറിനെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പാരീസിലേക്കോ ലണ്ടനിലേക്കോ ട്രെയിനിംഗിന് വേണ്ടി അയക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമുണ്ട്. അന്ന് ഇതേ പ്രതിസന്ധി എന്റെ മാതാപിതാക്കളും നേരിട്ടിട്ടുണ്ടാകും എന്നത് തീര്‍ച്ചയാണ്. പക്ഷെ എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള അവസരമെന്നു മനസിലാക്കി കൊണ്ട് അവര്‍ വേദനയോടെ എന്നെ യാത്രയാക്കാന്‍ തയാറായി. ലിസ്ബണ്‍ പോര്‍ചുഗലിനുള്ളില്‍ തന്നെയാണെങ്കിലും വിദേശ രാജ്യത്തു എത്തിപെട്ടത് പോലെയാണ് ആദ്യഘട്ടങ്ങളില്‍ എനിക്ക് അനുഭവപ്പെട്ടത്. ഭാഷാ ശൈലിയിലുള്ള വ്യതിയാനവും ഞങ്ങളുടെ നാട്ടില്‍ നിന്നും തികച്ചും വിത്യസ്തമായ സംസ്‌കാരവുമായിരുന്നു കാരണം.

ഒരാളെ പോലും പരിചയമില്ലാത്ത ആ സാഹചര്യത്തില്‍ ഞാന്‍ ഏകാന്തതയുടെ അങ്ങേയറ്റം അനുഭവിച്ചു. അന്ന് നാല് മാസത്തില്‍ ഒരിക്കല്‍ മാത്രം എന്നെ സന്ദര്‍ശിക്കാനുള്ള സാമ്പത്തികസ്ഥിതിയെ എന്റെ കുടുംബത്തിനുണ്ടായിരുന്നുള്ളു. എന്റെ പ്രിയപ്പെട്ട കുടുംബത്തെയും കൂട്ടുകാരെയും ഓര്‍ത്തു ഒട്ടുമിക്ക ദിവങ്ങളിലും ഞാന്‍ ഒറ്റക്കിരുന്നു കരഞ്ഞു. പക്ഷെ ഫുട്ബാള്‍ എനിക്ക് എല്ലാ പ്രതിസന്ധികളെയും മറികടക്കാനുള്ള ശക്തി നല്‍കി. മറ്റെല്ലാം മറന്ന് ഫുട്ബാള്‍ ആസ്വദിച്ച ഞാന്‍ മറ്റു കുട്ടികള്‍ ചെയ്യന്നതിനേക്കാള്‍ മികച്ച രീതിയില്‍ പന്ത് തട്ടുന്നതായി മറ്റുള്ളവരുടെ സംസാരങ്ങളില്‍ നിന്നും എനിക്ക് മനസിലായി തുടങ്ങിയിരുന്നു. ആദ്യമായി അങ്ങനെ ഒരു പ്രശംസ കേട്ടത് ഡ്രസിങ് റൂമില്‍ നിന്നായിരുന്നു. അവിടെ ഞാന്‍ മത്സരത്തിനായി ഒരുങ്ങി കൊണ്ടിരിക്കുമ്പോള്‍ ഒരു കുട്ടി മറ്റൊരു കുട്ടിയോടായി പറഞ്ഞു. 'ഇവന്റെ കളി നീ ശ്രദ്ധിച്ചോ..അവന്‍ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ്'.

പക്ഷെ അതോടൊപ്പം ആ സംസാരങ്ങളില്‍ നിന്ന് മറ്റൊരു കാര്യം കൂടെ ഞാന്‍ ശ്രദ്ധിച്ചു.'അവന്റെ കളിയൊക്കെ അവിസ്മരണീയം തന്നെ. പക്ഷെ അവന്റെ ശരീരം കണ്ടില്ലേ'. ആ പറഞ്ഞത് വളരെ ശരിയായിരുന്നു. വളരെ മെലിഞ്ഞ ശരീര പ്രകൃതി ആയിരുന്നു എന്റേത്. പതിനൊന്നാം വയസ്സില്‍ ഞാന്‍ മനസില്‍ തീരുമാനിച്ചുറപ്പിച്ചു. എനിക്ക് ഒരുപാട് കഴിവുകളുണ്ട്. പക്ഷെ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ എനിക്ക് മികച്ചവനാകാന്‍ കഴിയു. എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. കുട്ടിയെ പോലെ കളിക്കുന്നത് അന്ന് ഞാന്‍ അവസാനിപ്പിച്ചു. കുട്ടിയെ പോലെ ചിന്തിക്കുന്നതും. മറിച്ചു ലോകത്തിലെ ഏറ്റവും മികച്ച താരം എന്ന് ചിന്തിച്ചു കൊണ്ട് പരിശീലിക്കാന്‍ ആരംഭിച്ചു. ആ ചിന്ത എവിടെ നിന്നാണ് വന്നതെന്ന് എനിക്ക് കൃത്യമായി പറയാന്‍ സാധിക്കില്ല.പ ക്ഷെ എന്റെ ഹൃദയന്തരങ്ങളില്‍ നിന്ന് വന്ന ഉള്‍വിളിയാണെന്നു ഞാന്‍ കരുതുന്നു.

ഒരിക്കലും അവസാനിക്കാത്ത വിശപ്പിനോട് നമുക്കതിനെ ഉപമിക്കാം. നിങ്ങള്‍ പരാജയപ്പെടുമ്പോള്‍ വിശപ്പ് വര്‍ധിക്കുന്നു. നിങ്ങള്‍ വിജയിക്കുമ്പോഴും നിങ്ങളുടെ വിശപ്പ് മാറുന്നില്ല. ഒരു റൊട്ടികഷ്ണം ഭക്ഷിച്ച ആശ്വാസം ഉണ്ടാകുമെന്ന് മാത്രം. ഇതിലും എളുപ്പത്തില്‍ എനിക്കത് വിശദീകരിക്കാന്‍ സാധിക്കില്ല. എത്ര വിജയങ്ങള്‍ നേടിയാലും വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ഊര്‍ജം എനിക്ക് ലഭിക്കുന്നത് ഇതിലൂടെയാണ്.

രാത്രി കാലങ്ങളില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ ഡോര്‍മിറ്ററിയില്‍ നിന്നും ശബ്ദമുണ്ടാക്കാതെ പതുങ്ങി ഇറങ്ങി ക്കൊണ്ട് ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്തു. എന്റെ ശരീരം ഒരു ഫുട്ബാള്‍ താരത്തിന് അനുയോജ്യമായ രീതിയില്‍ എത്തിക്കുക എന്ന ലക്ഷ്യ ബോധമാണ് എന്നെ നയിച്ച് കൊണ്ടിരുന്നത്. അങ്ങനെ മാസങ്ങള്‍ക്ക് ശേഷം ഞാന്‍ കളിക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ എന്റെ മാറ്റം കണ്ട് ഒരിക്കല്‍ ഇവന്‍ ഇത്ര മെലിഞ്ഞിരിക്കുന്നു എന്ന് മന്ത്രിച്ചവര്‍ അത്ഭുതത്തോടെ എന്നെ നോക്കുന്നത് ഞാന്‍ കണ്ടു.

പതിഞ്ചാമത്തെ വയസ്സില്‍ ഒരിക്കല്‍ ട്രെയിനിങ്ങിനിടെ ഞാന്‍ എന്റെ സഹതാരങ്ങളോട് പറഞ്ഞു. ഒരിക്കല്‍ ഞാന്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാള്‍ താരമാകും, അന്ന് അവര്‍ കളിയാക്കി ചിരിച്ചു കൊണ്ട് സംസാരിച്ചത് ഇന്നും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. തീര്‍ച്ചയായും അവര്‍ ചിന്തിച്ചതില്‍ കാര്യമുണ്ട്. കാരണം സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ഫസ്റ്റ് ഇലവനില്‍ പോലും അന്ന് ഞാന്‍ എത്തിയിട്ടില്ല. പക്ഷെ എനിക്ക് എന്റെ കഴിവുകളില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. നിങ്ങളുടെ കഴിവുകളില്‍ പൂര്‍ണ വിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ ഉന്നത നിലവാരത്തിലേക്ക് ഉയരുകയുള്ളു.

പതിനേഴാം വയസിലാണ് ഞാന്‍ എന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. ആ സമയത്തു മാനസിക പിരിമുറുക്കം കാരണം എന്റെ ചുരുക്കം കളികള്‍ കാണാന്‍ മാത്രമേ അമ്മ വരാറുണ്ടായിരുന്നുള്ളു. പഴയ ജോസേ അല്‍വലേഡെ സ്റ്റേഡിയത്തില്‍ പ്രധാന മത്സരങ്ങള്‍ കാണാനാണ് അമ്മ വന്നു കൊണ്ടിരുന്നത്.പക്ഷെ മാനസിക പിരിമുറുക്കം കാരണം അമ്മക്ക് പലപ്പോഴും പുറത്തു പോകേണ്ടി വന്നു. അവസാനം എന്റെ കളി കാണാന്‍ വരുമ്പോള്‍ ഡോക്ടര്‍മാര്‍ സമ്മര്‍ദ്ദം കുറക്കാനുള്ള പ്രത്യേക ഗുളിക കുറിച്ച് കൊടുക്കേണ്ടി വന്നു.

അന്ന് ഞാന്‍ ചോദിച്ചു. 'അമ്മെ, ഫുട്ബാള്‍ എന്താണെന്ന് ശ്രദ്ധിക്കുക പോലും ചെയ്യാത്ത ആ കാലം ഓര്‍ക്കുന്നുണ്ടോ'. ഞാന്‍ കൂടുതല്‍ വലിയ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. രാജ്യത്തിന് വേണ്ടി കളിക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. അതുപോലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കാനും. കാരണം അക്കാലത്തു ഞാന്‍ ടി.വിയില്‍ ഏറ്റവും കൂടുതല്‍ കണ്ടിരുന്നത് പ്രീമിയര്‍ ലീഗ് മത്സരങ്ങളായിരുന്നു. അവരുടെ വേഗതയാര്‍ന്ന ശൈലിയും പോര്‍ച്ചുഗലില്‍ നിന്ന് വിത്യസ്തരായി ചാന്റ്കളുമായി പിന്തുടരുന്ന കാണികളും എന്നെ ആകര്‍ഷിച്ചു. അങ്ങനെ എന്റെ കരിയറിലെ വഴിത്തിരിവായ അഭിമാന നിമിഷത്തില്‍

ഞാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിട്ടു. ഒരുപക്ഷെ ആ നേട്ടത്തില്‍ എന്നേക്കാളേറെ അഭിമാനം കൊണ്ടത് എന്റെ കുടുംബമായിരുന്നു.

ആദ്യമേ പറയട്ടെ, ടീമിനൊപ്പം കിരീടങ്ങള്‍ നേടുക എന്നതാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവുമധികം ആവര്‍ത്തിക്കാനാഗ്രഹിക്കുന്ന നിമിഷങ്ങള്‍. മാഞ്ചെസ്റ്ററിനൊപ്പം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നേടിയ നിമിഷം ഒരിക്കലും മറക്കാന്‍ സാധിക്കില്ല ,അതെ വര്‍ഷം ആദ്യ ബാലന്‍ ഡി ഓര്‍ നേടിയതും അവിസ്മരണീയ അനുഭവമായിരുന്നു. പക്ഷെ ഞാന്‍ കൂടുതല്‍ ഉയര്‍ന്ന സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. തീര്‍ച്ചയായും നമ്മള്‍ ഓരോ സ്റ്റേജിലും കൂടുതല്‍ നേട്ടങ്ങളിലേക്ക് ലക്ഷ്യം വെക്കണം. 2009ല്‍ ഞാനെന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപനം സാക്ഷാത്കരിച്ചു. എല്ലാകാലത്തും മനസില്‍ ആരാധിച്ചിരുന്ന റയല്‍ മാഡ്രിഡിന്റെ വെള്ള ജേഴ്‌സി അണിയുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു.

ജീവിതത്തില്‍ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പ്രൗഢ ഗംഭീരമായ ചരിത്രമുള്ള റയല്‍ മാഡ്രിഡിനോടൊപ്പം കിരീടങ്ങള്‍ നേടാനും പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കാനും ക്ലബ്ബിന്റെ ഇതിഹാസമാകാനും ഞാന്‍ ആഗ്രഹിച്ചു. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ഞാന്‍ എന്റെ സ്വപ്‌നങ്ങള്‍ സഫലീകരിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു കൊണ്ടിരുന്നു. അവിശ്വസനീയമായ പല നേട്ടങ്ങളും ലോസ്ബ്ലാങ്കോസ് ജേഴ്‌സിയില്‍ എനിക്ക് നേടാന്‍ സാധിച്ചു. സത്യസന്ധമായി പറയുകയാണെങ്കില്‍ എന്റെ മാഡ്രിഡ് കരിയറിന്റെ അവസാന പകുതിയില്‍ നേടിയവ പകരം വെക്കാനില്ലാത്ത നേട്ടങ്ങളാണെന്നു ഞാന്‍ പറയും. പ്രത്യേകിച്ച് അവസാന രണ്ട് വര്‍ഷത്തെ നേട്ടങ്ങള്‍.

മാഡ്രിഡിലെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ എല്ലാ കിരീടങ്ങളും വിജയിച്ചില്ലെങ്കില്‍ നിങ്ങള്‍ പരാജയപ്പെട്ടതായാണ് ആളുകള്‍ വിലയിരുത്തുന്നത്. അത്രയും ഉന്നതമായ നിലവാരമാണ് റയല്‍ മാഡ്രിഡിലായിരിക്കുമ്പോള്‍ നിങ്ങളില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നത്. ഈ ക്ലബ്ബിന്റെ പതാകവാഹകരായിരുന്ന ഇതിഹാസങ്ങള്‍ നടത്തിയ ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനം ഭംഗിയായി തുടരുക എന്നതാണ് എന്റെ ജോലി എന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്റെ ജീവിതത്തില്‍ ഏറ്റവും പ്രത്യേകതയുള്ള ദിനങ്ങളായി മാഡ്രിഡിലെ ജീവിതം ഞാന്‍ എണ്ണുന്നതിന് മറ്റൊരു കാരണം ഒരു പിതാവിന്റെ മാനസികാവസ്ഥ ഞാന്‍ അനുഭവിച്ചറിഞ്ഞത് ഇവിടെ നിന്നാണ് എന്നത് കൊണ്ട് കൂടെയാണ്. നിങ്ങള്‍ ഒരു പിതാവായിരിക്കുക എന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരമാണ്.

ഒരു പിതാവെന്ന നിലയില്‍ ഞാന്‍ എന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന അവിസ്മരണീയ നിമിഷങ്ങള്‍ ഇവിടെ വെച്ചാണ് പിറന്നത്. കാര്‍ഡിഫില്‍, ചാമ്പ്യന്‍സ് ലീഗ് നില നിര്‍ത്തിയ ആദ്യ ടീമായി കൊണ്ട് ഞങ്ങള്‍ ചരിത്രം കുറിച്ച രാവ് ഞാന്‍ ഒരിക്കലും മറക്കില്ല. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ലോകത്തിനായുള്ള എന്റെ സന്ദേശം നല്‍കിയതായി ഞാന്‍ കരുതി. അപ്പോഴാണ് എന്റെ മകന്‍ ആഘോഷിക്കാനായി എന്റെ അടുത്തേക്കിറങ്ങി വന്നത്. ഞൊടിയിടയില്‍ എന്റെ മനസ്സിനുള്ളില്‍ വികാരങ്ങള്‍ മാറിമറിഞ്ഞു. അവന്‍ മര്‍സെലോയുടെ മകനോടൊപ്പം ഗ്രൗണ്ടിലിറങ്ങി ഓടുകയാണ്. ശേഷം ഞങ്ങള്‍ ഒരുമിച്ചു ട്രോഫി ഉയര്‍ത്തുകയാണ്. അതിന് ശേഷം എന്റെ കയ്യില്‍ തൂങ്ങി സ്റ്റേഡിയം വലം വെക്കുകയാണ്. ഞാന്‍ ഇത്രയും കാലം അനുഭവിക്കാത്ത വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ പറ്റാത്ത വികാരങ്ങള്‍ എന്റെ ഹൃദയത്തിലൂടെ കടന്ന് പോയി. ഒരൊറ്റ കാര്യം മാത്രമേ എനിക്ക് അതിനെ പറ്റി പറയാന്‍ സാധിക്കു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെദീരയിലെ ആ ചെറിയ ഗ്രൗണ്ടില്‍ പഴയ ബൂട്ടുകളിട്ട് വാം ആപ്പ് ചെയ്യാനൊരുങ്ങി തല ഉയര്‍ത്തി നോക്കിയപ്പോള്‍ സൈഡ് ലൈനിന് പുറത്തു എന്നെ പ്രതീക്ഷയോടെ വീക്ഷിക്കുന്ന എന്റെ പ്രിയ പിതാവിനെയും മാതാവിനെയും സഹോദരിമാരെയും കണ്ടപ്പോള്‍ അന്ന് ഞാന്‍ അനുഭവിച്ചത് ഇതേ വികാരമാണ്.

പിന്നീട് ഞങ്ങള്‍ ആരാധകരോടൊപ്പമുള്ള ആഘോഷങ്ങള്‍ക്കായി ബെര്‍ണാബ്യൂയിലേക്ക് തിരിച്ചു വന്നപ്പോള്‍ മര്‍സെലിറ്റോയും ക്രിസ്റ്റ്യാനോ ജൂനിയറും ബെര്‍ണാബ്യൂയിലെ നിറഞ്ഞ ഗ്യാലറികള്‍ക്ക് മുന്നില്‍ പന്ത് തട്ടി. അവന്റെ വയസില്‍ മെദീരയിലെ തെരുവില്‍ ഞാന്‍ പന്ത് തട്ടിയതും ഇതും തമ്മില്‍ ഒരുപാട് വിത്യാസം നമുക്ക് കാണാന്‍ സാധിക്കുമെങ്കിലും സ്‌നേഹ വായ്‌പ്പോടെ ആര്‍ത്തിരമ്പുന്ന സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ പന്ത് തട്ടിയപ്പോള്‍ അവന്റെ മനസ്സില്‍ ഞാന്‍ പണ്ടനുഭവിച്ച അതെ വികാരമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

അതെ പോര്‍ട്ടുഗീസ് ഭാഷയിലെ 'menino querido da familia' അഥവാ കുടുംബത്തിന്റെ പ്രിയ പുത്രന്‍ എന്ന വികാരം.

നാനൂറ് മത്സരം ഞാന്‍ വെള്ള ജേഴ്‌സിയില്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ തന്നെയാണ് ഞാന്‍ ലക്ഷ്യം വെക്കുന്നത്. തീര്‍ച്ചയായും ഞാന്‍ ജനിച്ചതെ അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നു. പക്ഷെ വിജയങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമുള്ള എന്റെ വികാരങ്ങള്‍ക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്.

ഇത് എന്റെ ജീവിതത്തിലെ പുതിയൊരു അധ്യായമാണ്. എന്റെ പുതിയ മേര്‍ക്യൂറിള്‍ ബൂട്ടിന്റെ പുറത്ത് ഒരു പ്രത്യേക സന്ദേശം ആലേഖനം ചെയ്തിട്ടുണ്ട്. എന്റെ ബൂട്ടുകള്‍ കെട്ടി ഗ്രൗണ്ടിലേക്കിറങ്ങുന്ന അവസാന നിമിഷത്തില്‍ ഞാന്‍ വായിക്കുന്നത് ആ വാക്കുകളാണ്. അതെ അവസാന ഓര്‍മ്മപ്പെടുത്തല്‍, അവസാനത്തെ പ്രചോദനം..'El sueno del nuno' 'ഒരു കുട്ടിയുടെ സ്വപ്നം' അതെന്ത് കൊണ്ടാണെന്ന് നിങ്ങള്‍ക്കിപ്പോള്‍ മനസിലായിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.

അവസാനമായി എനിക്ക് പറയാനുള്ളത്, തീര്‍ച്ചയായും എന്നത്തേയും പോലെ മാഡ്രിഡിനോടൊപ്പം പുതിയ ഉയരങ്ങള്‍ കീഴടക്കുക എന്നത് തന്നെയാണ് എന്റെ ദൗത്യം. എന്റെ സ്വാഭാവിക പ്രകൃതം തന്നെയങ്ങനെയാണ്. പക്ഷെ പതിറ്റാണ്ടുകള്‍ക്ക് ശേഷം 95 വയസുകാരന്‍ അപ്പൂപ്പനായിരിക്കുന്ന എന്നോട് എന്റെ പേരക്കുട്ടി വന്ന് മാഡ്രിഡ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷം ഏതെന്ന് ചോദിച്ചാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാമ്പ്യന്‍സ് ലീഗ് നേടി എന്റെ മകന്റെ കൈ പിടിച്ചു സ്റ്റേഡിയം വലം വെച്ച ഒരു പിതാവിന്റെ ഹൃദയവികാരങ്ങള്‍ എനിക്ക് മനസ്സിലാക്കി തന്ന സുന്ദരമുഹൂര്‍ത്തമെന്നായിരിക്കും എന്റെ മറുപടി. ഈ വെള്ള കുപ്പായത്തില്‍ ഇനിയും ഒരുപാട് കിരീടങ്ങള്‍ നേടിക്കൊണ്ട് ആ നിമിഷങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചു കൊണ്ട് നിര്‍ത്തുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

ടെക്സ്റ്റ്: മുസ്തഫ ബിന്‍ സുബൈര്‍. (Originally published in Real Madrid Fans Kerala -RMFK- Facebook page)