ആത്മാംശങ്ങളുടെ അടയാളപ്പെടുത്തലുകള്‍; പുനത്തില്‍ ഓര്‍മയാകുമ്പോള്‍ 

October 27, 2017, 3:10 pm
ആത്മാംശങ്ങളുടെ അടയാളപ്പെടുത്തലുകള്‍; പുനത്തില്‍ ഓര്‍മയാകുമ്പോള്‍ 
Special Story
Special Story
ആത്മാംശങ്ങളുടെ അടയാളപ്പെടുത്തലുകള്‍; പുനത്തില്‍ ഓര്‍മയാകുമ്പോള്‍ 

ആത്മാംശങ്ങളുടെ അടയാളപ്പെടുത്തലുകള്‍; പുനത്തില്‍ ഓര്‍മയാകുമ്പോള്‍ 

ജീവിതം യൗവ്വനതീക്ഷണവും ഹൃദയം പ്രേമസുരഭിലവുമെന്ന് ബഷീര്‍ എഴുതിയത് തന്റെ ആത്മമിത്രം പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കുറിച്ചാകുമോ? അനുഭവങ്ങളെ അക്ഷരങ്ങളാക്കി പുനത്തില്‍ കുറിച്ച് വച്ചത് എക്കാലവും യൗവ്വനയുക്തമായ തന്റെ ഹൃദയതുടിപ്പുകളാണ്. ഭാഷയുടെ അഭൗമമായ സൗന്ദര്യവും എഴുത്തിന്റെ സത്യസന്ധതയും ആധുനിക സാഹിത്യശാഖയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന നാമം ഹൃദയാക്ഷരങ്ങളാല്‍ കുറിച്ചിട്ടു.

തുറന്ന് പറച്ചിലുകള്‍ക്ക് അതിരു കല്‍പിക്കാത്തവന്‍, സൗഹൃദങ്ങളില്‍ അഭിരമിച്ചിരുന്ന പ്രിയപ്പെട്ടവന്‍, പ്രണയാഗ്നിയില്‍ സ്വയം കനലായവന്‍.. പലഭാവങ്ങളില്‍ ഒന്നായി തീര്‍ന്ന മലയാളത്തിന്റെ സ്വന്തം എഴുത്തുകാരനായിരുന്നു പുനത്തില്‍. അനുഭവമുള്ളവര്‍ക്ക് മാത്രമേ എഴുതാന്‍ കഴിയുകയുള്ളൂവെന്നും അനുഭവമില്ലാത്ത എഴുത്ത് കൃത്രിമത്വമുള്ളതായിരിക്കുമെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. തീക്ഷ്ണമായ അനുഭവങ്ങളെ വാക്കുകള്‍ കൊണ്ട് വായനക്കാരനിലെത്തിച്ച പുനത്തിലിന്റെ എഴുത്തുകള്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്നത് അവയുടെ നേര് കൊണ്ട് കൂടിയാവാം.

എഴുത്തുകാരന്‍ കാലുകളിലെ പൊടി തട്ടിക്കൊണ്ടു ഒരു പ്രവാചകനെപ്പോലെ സഞ്ചരിക്കേണ്ടവനെന്ന് വാക്കിനാലും പ്രവൃത്തികള്‍കൊണ്ടും പുനത്തില്‍ സാക്ഷ്യപ്പെടുത്തി. ഭാവനാലോകത്തേക്കാള്‍ ആത്മാംശങ്ങളുടെ അടയാളപ്പെടുത്തലുകളോടായിരുന്നു അദ്ദേഹത്തിന് പ്രിയം. സമ്പന്നമായ സൗഹൃദവലയങ്ങളാല്‍ തന്റെ അനുഭവലോകം അര്‍ത്ഥവത്താക്കാന്‍ അദ്ദേഹത്തിനായി.

ഒരിക്കല്‍ പുനത്തില്‍ ഇങ്ങനെ പറഞ്ഞു 'എഴുത്തുകാരന്‍ മറ്റേതൊരു മനുഷ്യനെയും പോലെ തന്നെ പലമാതിരി മനുഷ്യരുമായി ഇടപഴകി, ജീവിതത്തിന്റേതായ സകല സുഖ-ദുഃഖങ്ങളിലൂടെയും കടന്നുപോകുന്ന ഒരാളാണ്. എന്നാല്‍ എഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ എന്റെ അനുഭവങ്ങളെ അനുഭൂതിയാക്കി മാറ്റുന്നു. അത് എന്റെ കൃതികളിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നു. എനിക്കു ചുറ്റുമുള്ള മനുഷ്യരില്‍ നിന്നും സംഭവങ്ങളില്‍ നിന്നും ഞാന്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നു.'

ചുരുട്ടി പിടിച്ച കയ്യില്‍ പേനയുമായി പിറന്നവന്‍ എന്ന് പുനത്തില്‍ സ്വയം വിശേഷിപ്പിച്ചു. ഭൂമിയിലേക്കുള്ള തന്റെ ആഗമനോദ്ദേശം എഴുത്തുകാരനാകാനാണെന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. ഭാവനാലോലുപമായ ബിംബകല്‍പനകള്‍ക്ക് പ്രാധാന്യം കല്‍പിച്ചിരുന്നില്ലെങ്കിലും സ്വപ്‌നാടനങ്ങളിലൂടെ സഞ്ചരിച്ച എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. അമ്മയോടുള്ള സ്‌നേഹത്തിന്റെ ചിറകിലേറി സ്വര്‍ഗകവാടത്തിനു മുന്നിലെത്തുന്ന കൊച്ചുകുട്ടി അവിടെ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും വിവരിക്കുന്ന 'അമ്മയെ കാണാന്‍' എന്ന കൃതി ഇതിനുദാഹരണമാണ്.

'എല്ലാത്തരം അനുഭവങ്ങള്‍ക്കും വിധേയനാകാന്‍ ശ്രമിക്കുക, ആത്മഹത്യ ഒഴികെ' എന്ന് നിഷ്‌കളങ്കമായ ചിരിയോടെ പുനത്തില്‍ പറയുമ്പോള്‍ ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ അഭിവാഞ്ജയാണ് ദൃശ്യമാകുന്നത്. ഒരിക്കല്‍ തന്റെ ഒരെഴുത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു,'എന്റെ അമ്മ മരിച്ചു, അന്ന് ഞാന്‍ കരഞ്ഞില്ല. കാരണം, മരണം എന്താണെന്നെനിക്കറിയില്ലായിരുന്നു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. എന്റെ അച്ഛനും മരിച്ചു. എന്നിട്ടും ഞാന്‍ കരഞ്ഞില്ല. കാരണം, മരണം എന്താണെന്ന് അപ്പോഴേക്കും എനിക്കറിയാമായിരുന്നു.' പറയാനേറെ ബാക്കി വെച്ച് എഴുത്തിലെ പ്രിയങ്കരന്‍ നിത്യനിദ്രക്കൊരുങ്ങുമ്പോള്‍ കണ്ണീരോടെയല്ലാതെ യാത്രാമൊഴികളേകുന്നതെങ്ങിനെ.....