പുതുവൈപ്പിന്‍ ചോദിക്കുന്നു: വികസനം ആര്‍ക്കുവേണ്ടി? പിണറായി എന്ത് മറുപടി പറയും? 

June 18, 2017, 8:24 pm
പുതുവൈപ്പിന്‍ ചോദിക്കുന്നു: വികസനം ആര്‍ക്കുവേണ്ടി? പിണറായി എന്ത് മറുപടി പറയും? 
Special Story
Special Story
പുതുവൈപ്പിന്‍ ചോദിക്കുന്നു: വികസനം ആര്‍ക്കുവേണ്ടി? പിണറായി എന്ത് മറുപടി പറയും? 

പുതുവൈപ്പിന്‍ ചോദിക്കുന്നു: വികസനം ആര്‍ക്കുവേണ്ടി? പിണറായി എന്ത് മറുപടി പറയും? 

'ആടിക്കൂടിയ മണ്ണും ഓടിക്കൂടിയ ജനവും' പുതുവൈപ്പ് നിവാസികള്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. അരനൂറ്റാണ്ട് മുമ്പ് കടല്‍ നല്‍കിയ മണ്ണില്‍ ഇപ്പോള്‍ മൂന്നാം തലമുറ ജീവിതം ആരംഭിച്ചിരിക്കുന്നു. പുതുവൈപ്പ് ദ്വീപിലെ മൂന്നു തലമുറയും ഇപ്പോള്‍ സമരമുഖത്താണ്. തങ്ങള്‍ക്കും വരും തലമുറയ്ക്കും ജീവിക്കാന്‍ വേണ്ടിയാണ് ഈ പ്രതിരോധം. 2009ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക പ്ലാന്റിനെതിരെ തുടങ്ങിയ പ്രക്ഷോഭം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.

ജനവാസമേഖലയില്‍ പതിനായിരക്കണക്കിന് പേരുടെ ജീവന്‍ ചോദ്യചിഹ്നമാക്കി നടപ്പിലാക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇടക്കാലത്ത് ഭരണകൂടം മര്‍ദ്ദിച്ചും കേസ് ചുമത്തിയും അടിച്ചമര്‍ത്തിയ സമരം വീണ്ടും ശക്തിയാര്‍ജ്ജിച്ചത് കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ്. സമരം ആരംഭിച്ച് 122 ദിവസം കഴിഞ്ഞ് നടന്ന 'പൊലീസ് നടപടി' വേണ്ടിവന്നു ഭാഗികമായെങ്കിലും ജനശ്രദ്ധയിലെത്താന്‍. വീട്ടമ്മമാരും കുഞ്ഞുങ്ങളുമടക്കം 316 പേരുടെ അറസ്റ്റും അഞ്ച് വയസ്സ് മുതല്‍ 85 വയസ്സുവരെയുള്ള 36 പേര്‍ക്ക് പരുക്കേല്‍ക്കുകയും വേണ്ടിവന്നു നഗരത്തില്‍ വരെയെത്തിയ പ്രക്ഷോഭം വാര്‍ത്തയാകാന്‍. എന്നിട്ടും മെട്രോ ഉദ്ഘാടനലഹരിയില്‍ ജനകീയപ്രതിരോധം മുങ്ങിപ്പോയി. എത്രയൊക്കെ അവഗണിച്ചാലും മറച്ചുപിടിച്ചാലും മരണം വരെ ഐഒസി എല്‍പിജി പ്ലാന്റിനെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി നേതാവ് മാഗലിന്‍ പറയുന്നു.

വെള്ളിയാഴ്ച്ചയുണ്ടായ പൊലീസ് അതിക്രമത്തിന് മുമ്പ്  
വെള്ളിയാഴ്ച്ചയുണ്ടായ പൊലീസ് അതിക്രമത്തിന് മുമ്പ്  
സാധാരണ മനുഷ്യര്‍ എന്ന് ഞാന്‍ പറയില്ല, ഇവിടുത്തെ ഒരു വര്‍ഗ്ഗം മെട്രോ ഫലവത്താകുന്നതിന്റെ ആഹ്ലാദത്തിലാണ്. പത്ത് മിനിട്ടുകൊണ്ട് എത്തേണ്ടയിടത്ത് അവര്‍ക്ക് സെക്കന്റുകള്‍ക്കുള്ളില്‍ എത്താനാകും. ഇവിടെ സാധാരണക്കാരായ മനുഷ്യരുടെ മുന്നില്‍ ജീവിതം ഇപ്പോഴും വലിയൊരു പ്രതിസന്ധിയാണ്. വികസനം ആര്‍ക്ക് വേണ്ടിയാണ് എന്ന ചോദ്യചിഹ്നവുമായാണ് വെള്ളിയാഴ്ച്ച രാവിലെ മുതല്‍ അര്‍ധരാത്രിവരെ ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളിലായി ഇവിടുത്തെ വീട്ടമ്മമാരും കുട്ടികളും കഴിഞ്ഞത്. എല്‍പിജി പദ്ധതി ഇവിടെ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തോടെയാണ് ഈ സമരം പുനരാരംഭിച്ചത്. തോക്കിനോ ലാത്തിക്കോ ഞങ്ങളെ തോല്‍പിക്കാനാവില്ല. 1000 ദിവസം സംഘര്‍ഷമുണ്ടായാലും ഞങ്ങള്‍ക്ക് വിജയിച്ചേ പറ്റൂ. ഒന്നുകില്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി ഞങ്ങള്‍ പൊരുതി മരിക്കും. അല്ലെങ്കില്‍ പോരാടി വിജയിക്കും.
മാഗലിന്‍  

ജനവാസമേഖലയില്‍ ഒരു അഗ്‌നിപര്‍വ്വതം

ചാലടാങ്കര്‍ ദുരന്തത്തിന് കാരണമായ ടാങ്കര്‍ ലോറിയിലുണ്ടായിരുന്നത് 16 ടണ്‍ വാതകമാണ്. അരക്കിലോമീറ്റര്‍ പ്രദേശത്തേക്ക് തീ പടര്‍ന്നു പിടിച്ചു. പുതുവൈപ്പില്‍ നിര്‍മ്മിക്കുന്ന പാചകവാതക സംഭരണിയുടെ വാര്‍ഷിക സംഭരണ ശേഷി 6 ലക്ഷം ടണ്‍ ആണ്. 15,450 ടണ്‍ പാചകവാതകമാണ് ദിവസേന പ്ലാന്റില്‍ സംഭരിക്കുക. ജനവാസകേന്ദ്രത്തില്‍ നിന്നും വെറും മുപ്പത് മീറ്റര്‍ മാത്രം അകലെയായാണ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളെല്ലാം ഒരുക്കുമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വാദം. മേഖലയിലെ 7,000 ആളുകള്‍ക്ക് കമ്പനി ഇന്‍ഷുറന്‍സും ഏര്‍പെടുത്തിയിട്ടുണ്ട്. എല്ലാവരും മരിച്ചിട്ട് ഇന്‍ഷുറന്‍സ് ആര്‍ക്കുവേണ്ടിയാണെന്ന് പുതുവൈപ്പ്‌നിവാസികള്‍ ചോദിക്കുന്നു.

വാതകച്ചോര്‍ച്ചയുണ്ടായാല്‍ ആദ്യം പൂഴി മണ്ണ് വായുവിലെറിഞ്ഞോ തുണിക്കഷ്ണം നിലത്തിട്ടോ കാറ്റിന്റെ ഗതി അറിയണമെന്നാണ് സുരക്ഷാനിര്‍ദ്ദേശം. പിന്നെ ലോഹപാത്രത്തില്‍ തട്ടിയോ അലറിവിളിച്ചോ മറ്റുള്ളവരെ അറിയിച്ച് പറ്റാവുന്നത്ര വേഗത്തില്‍ ഓടണം. കാറ്റിന്റെ എതിര്‍ ദിശയിലേക്ക് ഓടേണ്ടത്. കാറ്റ് കിഴക്ക് ദിക്കിലേക്കാണെങ്കില്‍ പുതുവൈപ്പ് നിവാസികള്‍ ഓടേണ്ടത് അറബിക്കടലിലേക്കാണ്. പടിഞ്ഞാറ് ദിക്കിലേക്കാണെങ്കില്‍ വേമ്പനാട്ട് കായലിലേക്കും.

ഇരട്ടച്ചങ്കുള്ള നിയമം വേണ്ടാത്ത വികസനം

തീരദേശസംരക്ഷണ നിയമങ്ങളും പാരിസ്ഥിതിക നിയമങ്ങളും അട്ടിമറിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതി ഇപ്പോള്‍ ദേശീയ ഹരിതട്രിബ്യൂണലിന്റെ പരിഗണനയിലാണ്. വേലിയേറ്റ രേഖയില്‍ നിന്നും 200 മുതല്‍ 300 മീറ്റര്‍ ദൂരത്തില്‍ മാത്രമേ നിര്‍മ്മാണം പാടുള്ളൂ എന്നിരിക്കേ കടലില്‍ ഇറക്കിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നിര്‍മ്മാണം. 2016 ജൂലൈയില്‍ ടെര്‍മിനലിന്റെ നിര്‍മ്മാണം ദേശീയ ഹരിത ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. പദ്ധതി നടപ്പിലാക്കുന്നത് അനുമതി നേടിയ പ്രദേശത്തല്ലെന്നും ഇന്റര്‍ ടൈഡല്‍ സോണിലാണെന്നും കാണിച്ച് പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നിര്‍മ്മാണം തുടര്‍ന്നു.

തീരനിയന്ത്രണ ചട്ടങ്ങള്‍ ലംഷിക്കപ്പെടാതെ നോക്കേണ്ടത് കോസ്റ്റല്‍ സോണ്‍ അതോറിറ്റിയാണ്. മുഖ്യമന്ത്രിക്കാണ് ആത്യന്തികമായി തീരദേശസംരക്ഷണത്തിന്റെ ഉത്തരവാദിത്തം. എന്നാല്‍ സിആര്‍ഇസഡ് പാലിക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നിയമം ലംഘിക്കാന്‍ ഉത്തരവിട്ടതോടെ നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതെന്ന് ജനകീയ സമരസമിതി ചൂണ്ടിക്കാട്ടുന്നു.

പുതുവൈപ്പ് സമരനായിക മാഗലിന്‍ (ചിത്രം: ജെസ്സി ജോസഫ് പുതുവൈപ്പിന്‍) 
പുതുവൈപ്പ് സമരനായിക മാഗലിന്‍ (ചിത്രം: ജെസ്സി ജോസഫ് പുതുവൈപ്പിന്‍) 

498 കിലോമീറ്റര്‍ നീളത്തിലുള്ള കൊച്ചി-സേലം പൈപ്‌ലൈന്‍ അനുബന്ധമായി വരുന്ന പദ്ധതിക്ക് 2,200 കോടി രൂപയാണ് ആകെ മുടക്ക് മുതല്‍. 714 കോടി രൂപയാണ് പാചകവാതക സംഭരണിയുടെ നിര്‍മ്മാണച്ചെലവ്. എല്‍പിജി സംഭരണകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനസര്‍ക്കാരിന് 300 കോടി രൂപ വാര്‍ഷികവരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. പദ്ധതി വളരെ പ്രധാനമാണെന്നും ഐഒസി ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നുമാണ് വ്യവസായമന്ത്രി എസി മൊയ്തീന്‍ ഏപ്രിലില്‍ പറഞ്ഞത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പദ്ധതി ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ് സമരക്കാര്‍ പറയുന്നത്. എന്നാല്‍ ആവശ്യമായ എല്ലാ സുരക്ഷക്രമീകരണങ്ങളും ഒരുക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ പ്രധാനമായ, അടിസ്ഥാനസൗകര്യ വളര്‍ച്ചയ്ക്ക് ആവശ്യമായ പദ്ധതിയാണിത്. സര്‍ക്കാര്‍ അനുരഞ്ജനത്തിന് ശ്രമിക്കും. 
എസി മൊയ്തീന്‍ 

പുതുവൈപ്പ് നിവാസികളുടെ സമരത്തിനോടുള്ള സര്‍ക്കാര്‍ സമീപനം മന്ത്രിയുടെ വാക്കുകളില്‍ നിന്ന് ഊഹിക്കാവുന്നതാണ്. മെയ് 11ന് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. പുതുവൈപ്പിലെ ജനങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ പൊലീസ് മേധവിയെ പങ്കെടുപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ആദ്യ സൂചന നല്‍കിയത്. നിര്‍മ്മാണവുമായി മുന്നോട്ട് പോകാന്‍ സമരക്കാരുടെ മുന്നില്‍ വെച്ച് തന്നെ നിര്‍ദ്ദേശം നല്‍കി. ഇതോടെ തങ്ങളുടെ അതിജീവനസമരം എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടാന്‍ പോകുന്നതെന്ന് പുതുവൈപ്പ് നിവാസികള്‍ക്ക് മനസ്സിലായി.

16-ാം തീയതി നടന്ന പൊലീസ് നരനായാട്ടിന് പിറ്റേന്ന് മെട്രോ ഉദ്ഘാടനവേളയില്‍ മോഡിയുടെ വികസനത്തിന് പിന്തുണ പ്രഖ്യാപിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലും അത് വ്യക്തമാണ്.

വലിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറച്ചുപേര്‍ക്കൊക്കെ ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ വിവിധങ്ങളായ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നാണ്. വികസന പ്രവര്‍ത്തനങ്ങള്‍ നാടിന്റെ, ഒരു പ്രദേശത്തിന്റെ മാത്രമല്ല, നാടിന്റെയും രാജ്യത്തിന്റെയും വികസനത്തിന് ആവശ്യമാണ്. അത്തരമൊരു കാര്യം വരുമ്പോള്‍ ഏതാനും ചിലര്‍ വിഷമങ്ങള്‍ സഹിച്ചായാല്‍ പോലും അതുമായി സഹകരിക്കാന്‍ തയ്യാറാകണം. എന്നാല്‍ വിഷമങ്ങള്‍ സഹിക്കുന്നവര്‍ അവര്‍ വിഷമിച്ചോട്ടെ എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. അവര്‍ക്കാവശ്യമായ നഷ്ടപരിഹാരവും ആവശ്യമെങ്കില്‍ പുനരധിവാസവും ഏര്‍പ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാരിന്. എന്നിട്ടും എതിര്‍ക്കാന്‍ തയ്യാറായാല്‍ ആ എതിര്‍പ്പ് അംഗീകരിച്ച് കൊണ്ടു പോകാന്‍ കഴിയില്ല.  
മുഖ്യമന്ത്രി  

വീഡിയോ: 'ആയിരം തവണ പൊലീസുമായി സംഘര്‍മുണ്ടായാലും പിന്നോട്ടില്ല'

മുഖ്യമന്ത്രിയുടെ പ്രസംഗം നടന്ന മെട്രോ ഉദ്ഘാടനത്തിന്റെ പിറ്റേന്ന് വീണ്ടും പുതുവൈപ്പില്‍ 'പൊലീസ് നടപടി' ഉണ്ടായി. കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ തൊട്ടടുത്ത ദിവസം തന്നെ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇന്ന് പ്രതിഷേധവുമായി എത്തിയതും സമരം പുനരാരംഭിച്ചതും. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പ്. കൂടാതെ ചര്‍ച്ച നടക്കുന്നത് വരെ പുതുവൈപ്പിനില്‍ നിന്നും പൊലീസിനെ പിന്‍വലിക്കുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചിരുന്നു. ഇത്തരം ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജംക്ഷനില്‍ നടന്നിരുന്ന സമരവും പുതവൈപ്പിനിലെ പ്രക്ഷോഭപരിപാടികളും മെട്രോ ഉദ്ഘാടനദിവസം നിര്‍ത്തിവെച്ചിരുന്നു.

ഇന്ന് നടന്ന പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍  
ഇന്ന് നടന്ന പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍  

എന്നാല്‍ ഇന്നുരാവിലെ മുതല്‍ ഐഒസി അധികൃതരും തൊഴിലാളികളും എത്തി. പൊലീസ് സംരക്ഷണത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഇതിനെ തുടര്‍ന്ന് ജനം പ്രതിഷേധവുമായി എത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ലാത്തിച്ചാര്‍ജ്ജില്‍ ചോരയില്‍ കുളിച്ച സമരക്കാരെയും കൊണ്ടാണ് മുഖ്യമന്ത്രിയുടെ പൊലീസ് വണ്ടികള്‍ വൈപ്പിന്‍ ദ്വീപ് വിട്ടത്. മെട്രോ ഉദ്ഘാടനച്ചടങ്ങിന്റെ ലഹരിക്കിടയില്‍ തങ്ങളുടെ സമരം കല്ലുകടിയാകാതിരിക്കാന്‍ നടത്തിയ ഒരു ഒരു വലിയ നുണ മാത്രമായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഇടപെടല്‍ എന്ന് പുതുവൈപ്പുകാര്‍ വിലയിരുത്തിയാല്‍ തെറ്റ് പറയാനാകുമോ? ഒരു നുണ മാത്രമായിരുന്നോ മേഴ്‌സികുട്ടിയമ്മയുടെ വാക്കുകള്‍? അതോ, അവരെ പോലും നിസ്സഹായയാക്കുന്ന തരത്തിലാണോ കേരളത്തില്‍ വികസന കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്.

വികസന കാര്യത്തില്‍ പിണറായി വിജയന്‍ മറ്റേത് ഭരണകൂടം പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി ഒരു കാര്യവും ഇന്നേവരെ പറഞ്ഞിട്ടില്ല. ജനകീയ എതിര്‍പ്പിന് മുന്നില്‍ വികസന ശ്രമങ്ങള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന വാക്കുകളാവണം, അദ്ദേഹം വികസനവുമായി ബന്ധപ്പെട്ട് ഏറെ ആവര്‍ത്തിച്ചിട്ടുണ്ടാവുക. അല്ലാതെ ഭൂമി നഷ്ടപ്പെടുന്ന, വികസനത്തിന്റെ അരികുകളിലേക്ക് മാറ്റപ്പെടുന്ന പാവപ്പെട്ട ജീവിതങ്ങളെക്കുറിച്ചല്ല. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇത്തരം കാര്യങ്ങളൊക്കെ നിരന്തരം ഉന്നയിക്കുന്നവരാണ്. പുതുവൈപ്പിനിലെ ജനതയുടെ ചോദ്യത്തിന് പിണറായി വിജയനുള്ള മറുപടി തന്നെയാണോ സിപിഐഎമ്മിനുമുള്ളതെന്നാണ് ഇനി അറിയേണ്ടത്. സമരചരിത്രത്തിന്റെ വലിയ പാരമ്പര്യമുള്ളവരാണ് വൈപ്പിന്‍ ജനത. ജീവിക്കാന്‍ വേണ്ടി സമരം ചെയ്ത് ചരിത്രത്തിലേറിയവര്‍. അവരുടെ ചോദ്യങ്ങള്‍ക്ക് ലാത്തികൊണ്ട് മറുപടി പറഞ്ഞാല്‍ മതിയെന്ന രാഷ്ട്രീയ നിലപാടാണ് പിണറായി വിജയനെ പോലെ സിപിഐ എമ്മിനുമുള്ളതെങ്കില്‍, ബംഗാളിനെ നോക്കി ചരിത്രം വീണ്ടും ദുരന്തമായി ആവര്‍ത്തിക്കാന്‍ പോകുന്നുവെന്ന് പറയേണ്ടി വരും.