എംജി സര്‍വകലാശാല ക്യാംപസിലെ മരംമുറി വിവാദം കത്തുന്നു: പ്രതിരോധിക്കാനുറച്ച് വിദ്യാര്‍ത്ഥികള്‍; മരംവെട്ടിന് പിന്നില്‍ അഴിമതി ആരോപണവും

June 15, 2017, 2:40 pm


എംജി സര്‍വകലാശാല ക്യാംപസിലെ മരംമുറി വിവാദം കത്തുന്നു: പ്രതിരോധിക്കാനുറച്ച് വിദ്യാര്‍ത്ഥികള്‍; മരംവെട്ടിന് പിന്നില്‍ അഴിമതി ആരോപണവും
Special Story
Special Story


എംജി സര്‍വകലാശാല ക്യാംപസിലെ മരംമുറി വിവാദം കത്തുന്നു: പ്രതിരോധിക്കാനുറച്ച് വിദ്യാര്‍ത്ഥികള്‍; മരംവെട്ടിന് പിന്നില്‍ അഴിമതി ആരോപണവും

എംജി സര്‍വകലാശാല ക്യാംപസിലെ മരംമുറി വിവാദം കത്തുന്നു: പ്രതിരോധിക്കാനുറച്ച് വിദ്യാര്‍ത്ഥികള്‍; മരംവെട്ടിന് പിന്നില്‍ അഴിമതി ആരോപണവും

കോട്ടയം: എം.ജി. സര്‍വകലാശാലയുടെ അതിരമ്പുഴ ക്യാംപസിലെ സംരക്ഷിത പ്രദേശമായ ജീവകയിലെ മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍. എസ്.എഫ്.ഐക്ക് കീഴിലുള്ള ഓള്‍ കേരളാ റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷനാണ് ക്യാംപസില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുന്നത്. 2010ല്‍ രാജന്‍ ഗുരുക്കള്‍ വൈസ് ചാന്‍സിലറായിരുന്ന സമയത്താണ് ജീവക എന്ന പേരില്‍ ക്യാംപസിനുള്ളിലെ 12 ഹെക്ടര്‍ സ്ഥലം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചത്. 2010 ലെ ഉത്തരവ് പ്രകാരം ഈ പ്രദേശത്തിന്റെ സംരക്ഷണ ചുമതല സകര്‍വകലാശാലയിലെ പരിസ്ഥിതി പഠന വകുപ്പിനാണ്. വൈവിധ്യമാര്‍ന്ന സസ്യങ്ങളും ജീവികളും നിലനില്‍ക്കുന്ന ഇവിടെയാണ് സര്‍വകലാശാല അധികൃതര്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് മരങ്ങള്‍ മുറിച്ചു മാറ്റുന്നത്.

സംരക്ഷിത മേഖലയില്‍നിന്ന് 70ലേറെ മരങ്ങള്‍ മുറിച്ചു മാറ്റിയതിന് ശേഷമാണ് എസ്എഫ്‌ഐ സമരം ആരംഭിച്ചത്. സമരം ആരംഭിച്ചതോടെ മുറിച്ചിട്ട മരങ്ങള്‍ അവിടെ തന്നെ കിടക്കുകയാണ്. അക്കേഷ്യാ, മാഞ്ചിയം മരങ്ങളാണ് ഇവിടെ ഏറെ ഉള്ളത്. ഇവയില്‍ മുറിച്ചു മാറ്റിയവയില്‍ ഏറെയും അക്കേഷ്യാ മരങ്ങളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹ്യവനവത്ക്കരണത്തിന്റെ ഭാഗമായി വനംവകുപ്പ് വെച്ചുപിടിപ്പിച്ച ഈ മരങ്ങള്‍ അവരുടെ അനുമതി ഇല്ലാതെയാണ് മുറിച്ചു മാറ്റാനായി ലേലം വിളിച്ചത്. പൊതുസ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അതാത് ജില്ലകളിലുള്ള സമിതിയുടെയും വനംവകുപ്പിന്റെയും അനുമതി വേണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്.

Government Order Regulating Felling of Trees in Public Places and Government Institutions 80217358 by AnishMathewKallada on Scribd

മരങ്ങള്‍ മുറിച്ചു മാറ്റണമെങ്കില്‍ അധികൃര്‍ വനംവകുപ്പിലേക്ക് ലേല തുകയുടെ 20 ശതമാനം അഡ്വാന്‍സായും അഞ്ച് ശതമാനം ഫോറസ്റ്റ് ഡെവലപ്‌മെന്റ് ടാക്‌സായും അടയ്‌ക്കേണ്ടതുണ്ട്. തടികളുടെ മൂല്യം നിര്‍ണ്ണയിക്കേണ്ടതും വനംവകുപ്പിലെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരാണ്. എം.ജി. സര്‍വകലാശാല ക്യാംപസില്‍ അവിടെയുള്ള ആളുകള്‍ തന്നെയാണ് ഒരു മരത്തിന് രണ്ടായിരം രൂപയ്ക്ക് താഴെ വിലയിട്ടത്. അക്കേഷ്യ, മാഞ്ചിയം തടികള്‍ക്ക് ക്യുബിക്ക് മീറ്ററിന് 450 രൂപയോളം വിപണിവിലയുണ്ട് എന്നിടത്താണ് സര്‍വകലാശാലയ്ക്ക് കിട്ടേണ്ടുന്ന പണം ഇല്ലാതാക്കി കൊണ്ടുള്ള നടപടി. മുപ്പത് ലക്ഷത്തോളം രൂപ മൂല്യം വരുന്ന തടിയാണ് എട്ടു ലക്ഷം രൂപയ്ക്ക് ലേലം നല്‍കിയിരിക്കുന്നതെന്ന് സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറക്കിയ അക്കേഷ്യ മരങ്ങള്‍ വെച്ചുപിടിപ്പിക്കരുതെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാംപസിലെ അക്കേഷ്യാ മരങ്ങളും മാഞ്ചിയവും മുറിച്ചു മാറ്റുന്നതെന്നാണ് സര്‍വകലാശാല വിശദീകരണമെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനും ഒന്നര മാസം മുന്‍പ് തന്നെ സര്‍വകലാശാല മരംവെട്ടിനുള്ള ലേലം നടത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച ഹരിതകേരളം പദ്ധതിക്ക് എസ്എഫ്‌ഐ തടയിട്ടു എന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ പിന്തുണയോടെ സര്‍വകലാശാല അധികൃതര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

അക്കേഷ്യാ മരങ്ങള്‍ ഭൂമിയിലെ ജലാംശം വലിച്ചെടുത്ത് അവിടെ വരള്‍ച്ചയുണ്ടാക്കുമെന്ന യാഥാര്‍ത്ഥ്യം സമരം ചെയ്യുന്ന ഗവേഷണ വിദ്യാര്‍ത്ഥികള്‍ അംഗീകരിക്കുന്നുണ്ട്. വെള്ളം കൂടുതല്‍ വലിച്ചെടുക്കുന്ന മരങ്ങള്‍ക്ക് പകരം നാടന്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് തന്നെയാണ് തങ്ങളുടെ നിലപാടെന്ന് വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ പറയുന്നു. അതേസമയം ക്യാംപസിനുള്ളില്‍ ചെയ്യുന്ന മരംമുറിക്ക് ശാസ്ത്രീയ അടിത്തറയ്‌ക്കൊപ്പം നടപടി ക്രമങ്ങളും പാലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. ഇവിടെ മരങ്ങള്‍ വെട്ടിയിടുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണാവശ്യത്തിന് ഉപയോഗിക്കുന്ന ജീവകം ലൈവ് ലബോറട്ടറിയാണ് ഇല്ലാതെയാകുന്നത്. മരങ്ങള്‍ മുറിച്ചു മാറ്റുകയാണെങ്കില്‍ സെലക്ടീവ് ഫെല്ലിംഗ് നടത്തണമെന്നാണ് സര്‍വകലാശാല ബോട്ടണി വിഭാഗം നടത്തിയ പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്. ഇത്തരം റിപ്പോര്‍ട്ടുകളെയും പഠനങ്ങളെയുമെല്ലാം അമ്പേ നിരാകരിക്കുകയാണ് സര്‍വകലാശാല.

മുറിച്ചു മാറ്റിയ മരങ്ങള്‍ പുറത്തേക്ക് എത്തിക്കുന്നതിനായി സര്‍വകലാശാല വഴിവെട്ടും ആരംഭിച്ചിരുന്നു. ജൈവവൈവിധ്യമുള്ള സ്ഥലത്തേക്ക് മണ്ണുമാന്തി യന്ത്രം കൊണ്ടു വന്നാണ് വഴിവെട്ട് ആരംഭിച്ചത്. അക്കേഷ്യാ മരങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തേക്ക് ടാര്‍ ചെയ്ത റോഡ് ഉണ്ടെന്നിരിക്കെയാണ് സംരക്ഷിത സ്ഥലത്തിന്റെ നടുവിലൂടെ വഴിവെട്ട് തുടങ്ങിയത്. എന്നാല്‍, ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തുകയും ഇത് തടയുകയും ചെയ്തതോടെ വഴിവെട്ട് മുടങ്ങി. 30 മീറ്റര്‍ വഴിയുണ്ടാക്കാനായി ആറോളം മരങ്ങള്‍ വെട്ടിമറിക്കുകയും ജൈവവൈവിധ്യമുള്ള അടിക്കാടുകള്‍ നശിപ്പിക്കുകയും ചെയ്തു.

വഴി വെട്ടിയ സ്ഥലത്ത് എസ്എഫ്‌ഐ സ്ഥാപിച്ചിരിക്കുന്ന കൊടി

ജീവകം ലൈവ് ലാബിനോട് ചേര്‍ന്നാണ് ക്യാംപസിനുള്ളിലെ ചെക്ക് ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടെ ധാരാളം കിണറുകളും പാറമട കുളങ്ങളുമൊക്കെ ഉപയോഗശൂന്യമായി കിടക്കുന്നുണ്ടെങ്കിലും ഇവ ശുദ്ധീകരിച്ച് സംരക്ഷിക്കാതെ വേനല്‍ക്കാലത്ത് പുറത്തുനിന്ന് ടാങ്കറുകളില്‍ വെള്ളം എത്തിക്കുകയാണ് സര്‍വകലാശാല ചെയ്യുന്നത്. ഇതിനായി മാത്രം ഏതാണ്ട് 50 ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.