ഡ്യൂട്ടിക്കിടയിലെ ഞങ്ങളുടെ ദുരിത ജീവിതം നിങ്ങള്‍ക്കറിയുമോ?; സമരമുഖത്ത് നിന്ന് നഴ്‌സുമാര്‍ ചോദിക്കുന്നു

June 29, 2017, 2:44 pm
 ഡ്യൂട്ടിക്കിടയിലെ ഞങ്ങളുടെ ദുരിത ജീവിതം നിങ്ങള്‍ക്കറിയുമോ?; സമരമുഖത്ത് നിന്ന് നഴ്‌സുമാര്‍ ചോദിക്കുന്നു
Special Story
Special Story
 ഡ്യൂട്ടിക്കിടയിലെ ഞങ്ങളുടെ ദുരിത ജീവിതം നിങ്ങള്‍ക്കറിയുമോ?; സമരമുഖത്ത് നിന്ന് നഴ്‌സുമാര്‍ ചോദിക്കുന്നു

ഡ്യൂട്ടിക്കിടയിലെ ഞങ്ങളുടെ ദുരിത ജീവിതം നിങ്ങള്‍ക്കറിയുമോ?; സമരമുഖത്ത് നിന്ന് നഴ്‌സുമാര്‍ ചോദിക്കുന്നു

രോഗികള്‍ക്കിടയിലേക്ക് സാന്ത്വനവുമായി എത്തുന്ന നഴ്‌സുമാരുടെ ജീവിതത്തിലെ കണ്ണീരുണങ്ങാത്ത ഏടുകള്‍ പുറം ലോകമറിഞ്ഞത് അവര്‍ തെരുവിലിറങ്ങിയപ്പോള്‍ മാത്രമാണ്. ഗുണ്ടകളെ ഇറക്കി തല്ലിചതച്ചും, ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടും സമരത്തെ തകര്‍ക്കാന്‍ ആത്മീയത പ്രസംഗിച്ചും സാന്ത്വനം കച്ചവടമാക്കിയും നടക്കുന്ന സ്വകാര്യ ആശുപത്രി മുതലാളിമാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആരുടെയും പിന്തുണയില്ലാതെ പടര്‍ന്ന് കയറിയ ആ സമരചൂടില്‍ ചിലരെങ്കിലും മുട്ടുമുടക്കി. ശമ്പളത്തില്‍ ഏകീകരണം വരുത്തി സര്‍ക്കാരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. വിവിധ കമ്മീഷനുകളെ ശമ്പളത്തെ കുറിച്ച് പഠിക്കാന്‍ നിയമിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ വീണ്ടും കേരളം നഴ്‌സുമാരുടെ സമരചൂടറിയുകയാണ്.

ഓരോ ആശുപത്രിയുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നഴ്‌സുമാരുടെ സേവനം അത്രയേറെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇവര്‍ക്ക് കൃത്യമായ ശമ്പളം നല്‍കാന്‍ സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ തയ്യാറാകാറില്ല. വര്‍ഷങ്ങളോളം ഈ ചൂഷണം നിശബ്ദമായി സഹിച്ചാണ് ഓരോ നഴ്‌സും ജോലി ചെയ്തിരുന്നത്. ഇത്തരം ചൂഷണങ്ങള്‍ തുടര്‍ന്നും സഹിക്കാന്‍ വയ്യെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കുന്നു. സമയത്ത് ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ പോലും അനുവാദമില്ലാതെയാണ് നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്.

യുഎന്‍എ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ പ്രകടനം 
യുഎന്‍എ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ പ്രകടനം 

ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ മുന്‍പേജില്‍ ഇടംപിടിക്കാറുണ്ട്. സാധാരണക്കാര്‍ നിത്യേന ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ വലച്ചാണ് പലപ്പോഴും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യാറ്. രോഗികളെ ബുദ്ധിമുട്ടിക്കാതെയും ആശുപത്രികളുടെ അത്യാവശ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചുമാണ് നഴ്‌സുമാര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലും, നിലവില്‍ അഡ്മിറ്റായിരിക്കുന്ന രോഗികള്‍ക്കായും തങ്ങള്‍ ജോലിക്കെത്തുമെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കിയിരുന്നു. രോഗികള്‍ക്ക് കുടുംബത്തെക്കാള്‍ പരിഗണന നല്‍കുന്നത് കൊണ്ടാണ് അവരെ ഇട്ടെറിഞ്ഞൊരു സമരത്തിന് ഇപ്പോഴും തയ്യാറാകാത്തതെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കുന്നു.

ഇത്രയും ദിവസം നോക്കികൊണ്ടിരുന്ന രോഗികളെ എങ്ങനെ ഇട്ടെറിഞ്ഞ് പോരും, കുടുംബത്തെക്കാള്‍ കൂടുതല്‍ സമയം ഞങ്ങള്‍ രോഗികള്‍ക്കൊപ്പമാണ്, കാലില്‍ ടയര്‍ ഘടിപ്പിച്ചാണ് ജോലിചെയ്യുന്നത്. 
സിനി, റിനൈ മെഡിസിറ്റി

നിയമപ്രകാരം ആറു മണിക്കൂര്‍ ഡ്യൂട്ടിയാണ് പല ആശുപത്രികളും പറയുന്നത്. എന്നാല്‍ ഇത് പലപ്പോഴും എട്ടും പന്ത്രണ്ടും മണിക്കൂറായി നീളാറുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലം ദിവസം പത്തും പന്ത്രണ്ടും രോഗികളെ നോക്കേണ്ടി വരാറുണ്ട്. ആറു മണിക്കൂര്‍ ഡ്യൂട്ടിക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് അനുവദിക്കാറില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു. ഇതിനിടക്ക് ഭക്ഷണം കഴിക്കാനോ, ബാത്ത്‌റൂമില്‍ പോകാനോ നഴ്‌സുമാര്‍ക്ക് അനുമതിയില്ല. മാനേജ്‌മെന്റ് കാണാതെയാണ് രാവിലെ ഡ്യൂട്ടിക്കെത്തുന്നവര്‍ പ്രാഥമിക കൃത്യങ്ങള്‍ പോലും ചെയ്യാറ് എന്ന് നഴ്‌സുമാര്‍ പറയുന്നു. രോഗികളോടും കൂടെ നില്ക്കുന്നവരോടും കൃത്യ സമയത്ത് ഭക്ഷണം കഴിക്കണമെന്ന് ഉപദേശിക്കുന്ന അതേ ആശുപത്രി തന്നെയാണ് നഴ്സുമാരോട് വിവേചനം കാണിക്കുന്നത്.

രാവിലെ അഞ്ച് മണിക്ക് ഡ്യൂട്ടിക്ക് കയറണമെങ്കില്‍ നാലരക്ക് വീട്ടില്‍ നിന്നിറങ്ങണം ആ സമയത്ത് എങ്ങനെയാണ് ഭക്ഷണം കഴിക്കുക. ഡ്യൂട്ടി സമയത്ത് ഭക്ഷണത്തിനായി വാ തുറക്കരുതെന്നാണ് ആശുപത്രികളിലെ നിയമം. പലപ്പോഴും ആരും കാണാതെ മുക്കിലും മൂലയിലും ഇരുന്നാണ് കയ്യില്‍ കരുതിയിരിക്കുന്ന ഭക്ഷണം കഴിക്കാറ്, മാനേജ്‌മെന്റിനെ പേടിച്ച് ഇത് ചെയ്യാത്തവരുമുണ്ട്.    
ഭാഗ്യലക്ഷമി, റിനൈ മെഡിസിറ്റി 

ആകെയുളള ശമ്പളത്തില്‍ നിന്നും വെട്ടിക്കുറക്കലുകള്‍ കഴിഞ്ഞാല്‍ കയ്യില്‍ കിട്ടുന്നത് തുഛമായ തുകയാണ്. ഇതില്‍ നിന്നും യൂണിഫോം, ഭക്ഷണം എന്നെല്ലാം പറഞ്ഞ് വീണ്ടും വെട്ടിക്കുറക്കും, നാലായിരവും അയ്യായിരവും കൊണ്ടെങ്ങനെ ജീവിക്കുമെന്നും ഇവര്‍ ചോദിക്കുന്നു. എല്ലാ ഹോസ്പിറ്റലുകളിലും ഒരേ നിയമം ആക്കണമെന്നതും ഇവര്‍ ആവശ്യപ്പെടുന്നു. അതുചെയ്യരുത് ഇതു ചെയ്യരുത് എന്ന് എഴുതിവെച്ച നിയമമൊന്നും എവിടെയുമില്ല. എന്നാല്‍ എല്ലാ ആശുപത്രികളിലും ഇത്തരം നിശ്ബ്ദ നിയമങ്ങളുണ്ട്.

മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് വരെ നഴ്‌സുമാരില്‍ നിന്ന് പണം ഈടാക്കുന്ന ആശുപത്രികള്‍ കേരളത്തിലുണ്ട്. ഡ്രസിങ് അലവന്‍സ്, വാഷിങ് അലവന്‍സ് എന്നിങ്ങനെ ശമ്പളത്തില്‍ നിന്നും വെട്ടിക്കുറക്കലുകള്‍ നടത്താന്‍ ഗവേഷണം നടത്തുകയാണിവര്‍. തുല്യ ജോലിക്ക് തുല്യ ശമ്പളം വേണമെന്ന് മാത്രമേ നഴ്‌സുമാര്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനു വേണ്ടിയാണീ സമരം. 2011ല്‍ നഴ്‌സുമാര്‍ സമരം ചെയ്ത് ശമ്പള വര്‍ധന നേടിയപ്പോള്‍ ജീവനക്കാരുടെ എണ്ണം പകുതിയായി കുറച്ചാണ് മാനേജ്‌മെന്റുകള്‍ പകരം വീട്ടിയത്. അയ്യായിരം രൂപ ശമ്പളം കൊടുത്തിരുന്ന ആശുപത്രികള്‍ ശമ്പളം പതിനായിരമാക്കിയപ്പോള്‍ നഴ്‌സുമാരുടെ എണ്ണം പകുതിയായി കുറച്ചു. ഇത് നഴ്‌സുമാരുടെ ജോലിഭാരം കൂട്ടി എന്നാല്‍ ആശുപത്രിക്ക് യാതൊരു അധിക ഭാരവും ഇല്ല.
ജാസ്മിന്‍ഷാ, യുഎന്‍എ പ്രസിഡന്റ്‌ 

കേരളത്തില്‍ അങ്ങോളമിങ്ങോളമുളള സ്വകാര്യ ആശുപത്രികളില്‍ സ്ഥിതി സമാനമായിട്ടും ആദ്യഘട്ടത്തില്‍ തൃശൂരിലെ 44 ആശുപത്രികളില്‍ മാത്രമാണ് നഴ്‌സുമാര്‍ സമരം ചെയ്തത്. സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം സര്‍ക്കാര്‍ ആശുപത്രിയിലെതിന് തുല്യമാകണമെന്ന സുപ്രീംകോടതി വിധിയും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ നിര്‍ദേശവും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ സമരത്തിനിറങ്ങിയത്. 200 ന് മുകളില്‍ കിടക്കകളുളള സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമാനമായ ശമ്പളവും, നൂറിനും ഇരുനൂറിനും ഇടയില്‍ കിടക്കകളുളള ആശുപത്രികളില്‍ പത്ത് ശതമാനം കുറച്ചും, അമ്പതിനും നൂറിനും ഇടയില്‍ കിടക്കകളുളള ആശുപത്രികളില്‍ 20 ശതമാനം കുറച്ചും, അമ്പതില്‍ താഴെ കിടക്കകളുളള ആശുപത്രികളില്‍ 20000 രൂപയും ശമ്പളം നല്‍കണമെന്നാണ് സുപ്രീകോടതി നിര്‍ദേശിച്ചിട്ടുള്ളത്.

ഈ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അയ്യായിരത്തിനും ആറായിരത്തിനും നഴ്‌സുമാര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നത്. 2013 ല്‍ നടപ്പാക്കിയ മിനിമം വേജസ് കമ്മിറ്റിയുടെ നിര്‍ദേശം പോലും നടപ്പാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ഇപ്പോഴും തയ്യാറല്ല. അഞ്ചു ആറും വര്‍ഷം പ്രവൃത്തി പരിചയമുളളവര്‍ക്ക് പോലും അഞ്ചക്ക ശമ്പളം സ്വപ്‌നം മാത്രമാണ്. ലോണെടുത്ത് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ പലരും തിരിച്ചടവിന് മാര്‍ഗം കാണാതെ പലിശക്ക് പണമെടുക്കേണ്ട അവസ്ഥയിലാണ്.

മാന്യമായി ജീവിക്കാനുളള ശമ്പളം മാത്രമാണ് തങ്ങള്‍ ആവശ്യപെടുന്നതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ശമ്പള വര്‍ധന നല്‍കുന്നത് പ്രായോഗികമല്ലെന്നാണ് മാനേജമെന്റുകളുടെ വാദം. എന്നാല്‍ അമ്പത് ശതമാനം വര്‍ധനയില്‍ കുറവ് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നഴ്‌സുമാരുടെ അസോസിയേഷന്‍ വ്യക്തമാക്കുന്നു. ദിവസവേതനം ആയിരം രൂപയാക്കണമെന്നും, ഓവര്‍ടൈം അലവന്‍സ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പല സ്വകാര്യ ആശുപത്രികളിലും നഴ്‌സിങ് ഫീ ഇനത്തില്‍ രോഗികളില്‍ നിന്നും ഈടാക്കുന്നത് മുന്നൂറ് രൂപ മുതല്‍ മൂവ്വായിരം രൂപവരെയാണ്. ഒരു ദിവസം പത്തും ഇരുപതും രോഗികളെ നോക്കേണ്ടി വരുന്ന നഴ്‌സുമാര്‍ക്ക് നല്‍കുന്നത് തുച്ഛമായ തുകയും. കണ്‍മുന്നില്‍ നടക്കുന്ന ഈ അനീതിക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടക്കുന്നതിനെതിരെ കൂടിയാണ് നഴ്‌സുമാര്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നത്. .