‘സമരം ചെയ്തിട്ടെന്ത് കാര്യം? ഇനി ഞങ്ങള്‍ ഇവിടെ കിടന്ന് മരിച്ചോളാം’; ഭരണകൂടം കൈവിട്ടതിന്റെ നിസംഗതയില്‍ വിഷം തിന്നുന്ന ഏലൂര്‍

February 4, 2017, 5:09 pm
‘സമരം ചെയ്തിട്ടെന്ത് കാര്യം? ഇനി ഞങ്ങള്‍ ഇവിടെ കിടന്ന് മരിച്ചോളാം’; ഭരണകൂടം കൈവിട്ടതിന്റെ നിസംഗതയില്‍ വിഷം തിന്നുന്ന ഏലൂര്‍
Special Story
Special Story
‘സമരം ചെയ്തിട്ടെന്ത് കാര്യം? ഇനി ഞങ്ങള്‍ ഇവിടെ കിടന്ന് മരിച്ചോളാം’; ഭരണകൂടം കൈവിട്ടതിന്റെ നിസംഗതയില്‍ വിഷം തിന്നുന്ന ഏലൂര്‍

‘സമരം ചെയ്തിട്ടെന്ത് കാര്യം? ഇനി ഞങ്ങള്‍ ഇവിടെ കിടന്ന് മരിച്ചോളാം’; ഭരണകൂടം കൈവിട്ടതിന്റെ നിസംഗതയില്‍ വിഷം തിന്നുന്ന ഏലൂര്‍

ആവര്‍ത്തനം കൊണ്ടും അവഗണനകൊണ്ടും വാര്‍ത്തയല്ലാതായി മാറിയതാണ് ഏലൂരിലെ മലിനീകരണം. ലോകത്തെ ഏറ്റവും വിഷലിപ്തമായ ഇടങ്ങളിലൊന്നായാണ് ഗ്രീന്‍പീസ് ഏലൂരിനെ വിശേഷിപ്പിച്ചത്. വ്യവസായ മേഖലയുടെ അഴുക്കുചാലായി മാറിയ പെരിയാര്‍ നിറം മാറിയൊഴുകുന്നത് സ്ഥിരം കാഴ്ച്ചയായിട്ട് വര്‍ഷങ്ങളായി. വെള്ളവും മണ്ണും വായുവും വിഷകരമായതിനാല്‍ ക്യാന്‍സറും ശ്വാസകോശരോഗങ്ങളും ഏലൂരില്‍ കൂടുതലാണ്. എങ്കിലും ഏലൂരിലെ ജനവാസികള്‍ പുറമെ ശാന്തരാണ്. മലിനീകരണത്തെ തുടര്‍ന്നുണ്ടാവുന്ന സമരങ്ങളില്‍ ജനപങ്കാളിത്തവും വളരെ കുറവ്.

അടുത്തിടെ പാതാളം ബണ്ട് തുറക്കരുതെന്നാവശ്യപ്പെട്ട് പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി നടത്തിയ സമരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അടച്ചിട്ടിരിക്കുന്ന ബണ്ടില്‍ ഉപ്പുവെള്ളം കയറിയെന്നാരോപിച്ചാണ് ഉദ്യോഗസ്ഥര്‍ ബണ്ട് തുറന്ന് വിടാന്‍ നീക്കം നടത്തിയത്. വ്യാവസായികമലിനീകരണം മൂലം അടിഞ്ഞുകൂടിയ മാലിന്യം ഒഴുക്കിക്കളയാന്‍ ഉദ്യോഗസ്ഥര്‍ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. പുരുഷന്‍ ഏലൂരിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഫലമായി പെരിയാര്‍ ജലം പരിശോധനയ്ക്കായി കൊണ്ടുപോയിരുക്കുകയാണ്. സമരത്തില്‍ പങ്കെടുത്തത് 50ല്‍ താഴെ ആളുകള്‍ മാത്രം. അടച്ചിട്ടിരിക്കുന്ന ബണ്ടില്‍ ഉപ്പുവെള്ളം കയറിയെന്ന കമ്പനിയുടെയും ഉദ്യോസ്ഥരുടെയും വാദം കള്ളമാണ് എന്ന് നാട്ടുകാര്‍ പറയുന്നു. സമരത്തിനിറങ്ങില്ലെന്നാണ് അവരുടെ നിലപാട്.

മലിനീകരണം നടത്തുന്ന കമ്പനികള്‍ക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും ശക്തരായ അവരോട് ഏറ്റുമുട്ടിയിട്ട് പ്രയോജനമില്ലെന്നതുമാണ് ജനങ്ങളെ അലട്ടുന്ന പ്രശ്നം.

പെരിയാറിലെ വെള്ളം ഞാന്‍ കൈക്കുമ്പിളില്‍ കോരിക്കുടിച്ചിട്ടുണ്ട്. ഇപ്പോള്‍ കിണറിലെ വെള്ളം കുടിക്കാന്‍ പറ്റാതായിട്ട് വര്‍ഷങ്ങളായി. സമരം ചെയ്തിട്ട് യാതൊരു ഗുണവുമില്ല. ഇത് ഇങ്ങനെത്തന്നെ തുടരും
മീതിയന്‍കുട്ടി, ഏലൂര്‍ നിവാസി

കേരളശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും 2009 ല്‍ പെരിയാര്‍ മലിനീകരണവിരുദ്ധ സമിതിയും സഹകരിച്ച് ഒരു പഠനം ഏലൂരില്‍ നടത്തിയിരുന്നു. ഏലൂരിലെ ഭക്ഷ്യ വസ്തുക്കളില്‍ ഘനലോഹങ്ങളുടെ അളവ് കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. പപ്പായ, കറിവേപ്പില, ചേമ്പ്, മുട്ട, പാല്‍ തുടങ്ങി 23 ഭക്ഷ്യ വസ്തുക്കളിലാണ് പരിശോധന നടത്തിയത്. ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ള ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെ അനുവദനീയമായ അളവുമായി തട്ടിച്ചു നോക്കുമ്പോള്‍ 1500 മുതല്‍ 10,000 ഇരട്ടിയാണ് കാഡ്മിയം, ക്രോമിയം,സിങ്ക്, ലെഡ് തുടങ്ങിയ ലോഹങ്ങള്‍ അടങ്ങിയിരിക്കുന്നത്. തേങ്ങയിലും തേങ്ങാവെള്ളത്തിലും എന്‍ഡോസള്‍ഫാനും ഡിഡിറ്റിയും കൂടിയ അളവില്‍ കണ്ടെത്തി.

സമരങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഇടപെടലുകളും. കുറച്ചുനാളുകള്‍ക്ക് മുമ്പ് ന്യൂസ് 18 ചാനലുകാര് വന്നു. അതറിഞ്ഞിട്ട് കമ്പനിയുടെ ഗുണ്ടകള്‍ വന്ന് അവരെ കയ്യേറ്റം ചെയ്തു. വാര്‍ത്ത വന്നാലും വായിച്ച് പുളകം കൊള്ളാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. ഈ രീതിയില്‍ അങ്ങു പോവും അത്രേയുള്ളൂ.  
റഷീദ് എം.കെ, പാനായിക്കുളം
2016 മെയ്മാസം ഏലൂര്‍ എടയാര്‍ മേഖലയില്‍ പെരിയാറില്‍ നടന്ന മത്സ്യക്കുരുതി    
2016 മെയ്മാസം ഏലൂര്‍ എടയാര്‍ മേഖലയില്‍ പെരിയാറില്‍ നടന്ന മത്സ്യക്കുരുതി    
പലരുടെയും കുടുബം ആശ്രയിക്കുന്നത് കമ്പനി ജോലികളെയാണ്. അവരെങ്ങനെ സമരത്തിനിറങ്ങും. മറ്റുള്ളവര്‍ പണി കളഞ്ഞ് സമരത്തിനിറങ്ങിയാലും അവരെ വെച്ച് നേതാക്കന്‍മാര് മുതലെടുക്കും. എല്ലാ പാര്‍ട്ടിക്കാരും അതെ.
കബീര്‍ പരീത്, എടയാര്‍

ഭരണകൂടവും ജനപ്രതിനിധികളും മലിനീകരണം നടത്തുന്ന കമ്പനികള്‍ക്കൊപ്പമാണെന്ന് പെരിയാര്‍ മലിനീകരണ വിരുദ്ധസമിതിയംഗം സക്കീര്‍ മുപ്പത്തടം ആരോപിക്കുന്നു.

കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ മലിനീകരണം നടത്തുന്ന കമ്പനികളിലൊന്നായ സിഎംആര്‍എല്‍ ഉള്ളത്. ആ സിഎംആര്‍എല്ലിനെ സംരക്ഷിക്കണം എന്ന പ്രമേയം ഏകകണ്ഠമായി പാസാക്കുകയാണ് പഞ്ചായത്ത് ചെയ്തത്. 21 അംഗങ്ങളില്‍ രണ്ട് ബിജെപി അംഗങ്ങള്‍ മാത്രമാണ് എതിര്‍പ്പുപ്രകടിപ്പിച്ചത്. അവര്‍ക്ക് പാര്‍ട്ടി തലപ്പത്തുനിന്ന് സമ്മര്‍ദ്ദം ഉണ്ടായി.
സക്കീര്‍ മുപ്പത്തടം
മലിനീകരണം മൂലം കറുത്ത നിറത്തിലായ പെരിയാര്‍, ജനുവരി 22ലെ ചിത്രം 
മലിനീകരണം മൂലം കറുത്ത നിറത്തിലായ പെരിയാര്‍, ജനുവരി 22ലെ ചിത്രം 

മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളും വ്യവസായ മാഫിയയുടെ സ്വാധീനത്തില്‍ മരവിപ്പിക്കപ്പെടുന്നു.

ഏറ്റവും കൂടുതല്‍ മലിനീകരണം നടക്കുന്ന ഏലൂര്‍ പ്രദേശത്ത് വേണ്ട രീതിയില്‍ പരിശോധന നടത്താനോ നടപടികള്‍ എടുക്കാനോ സാധിക്കുന്നില്ല. വേണ്ടത്ര ജീവനക്കാരെ പോലും ഏലൂര്‍ പിസിബി ഓഫീസിലേക്ക് തരില്ല. ഗൗരവമായ പഠനങ്ങള്‍ ഇവിടെ നടത്തേണ്ടതുണ്ട്. 
തൃദീപ് കുമാര്‍, എന്‍വയോണ്‍മെന്റല്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌

2009ല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു അന്വേഷണസംഘത്തെ വെച്ചു. 21 രോഗങ്ങളുടെ ആധിക്യമാണ് കണ്ടെത്തിയത്. ക്യാന്‍സര്‍, അലര്‍ജി, ആസ്ത്മ, കിഡ്‌നിത്തകരാര്‍, എല്ലു സംബന്ധമായ രോഗങ്ങള്‍, തൈറോയ്ഡ്, പ്രത്യുല്‍പാദനത്തകരാര്‍, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങള്‍ക്കിയയിലാണ് ഏലൂര്‍ ജീവിക്കുന്നത്.

2009 ല്‍ കേരള ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍ പഠനം നടത്തി. സ്‌റ്റെക് നടത്തിയ പഠനത്തില്‍ പെരിയാറിലെ മുഴുവന്‍ ആവാസവ്യവസ്ഥയും നശിച്ചതായാണ് കണ്ടെത്തിയത്. പെരിയാറിലെ ജലം തീര്‍ത്തും ഉപയോഗശൂന്യമാണെന്നും അതിന് കാരണം വ്യവസായ സ്ഥാപനങ്ങള്‍ മാലിന്യം തള്ളുന്നതാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് നടന്ന മറ്റൊരു പഠനത്തില്‍ കൊച്ചിയില്‍ തൈറോയ്ഡിന്റെ ആധിക്യം കൂടുന്നതായി കണ്ടെത്തി. കുടിവെള്ളത്തിലെ കീടനാശിനികളുടെ അംശമാണ് കാരണം. ഹൈക്കോടതി നിയോഗിച്ച കമ്മീഷനിലും എന്‍ഡോസള്‍ഫാനടക്കമുള്ള കീടനാശിനികളുടെ ആധിക്യം കണ്ടെത്തിയിരുന്നു. വെള്ളത്തില്‍ നിന്ന് മത്സ്യങ്ങളിലേക്കും മത്സ്യം കഴിക്കുന്നവരിലേക്കും മാരകരാസപദാര്‍ത്ഥങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു.

2009ല്‍ തന്നെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ രൂക്ഷ മലിനീകരണം നടക്കുന്ന 24ാമത്തെ ഇടമായി ഏലൂരിനെ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും ജീവസുരക്ഷ കുറഞ്ഞ ഇടങ്ങളിലൊന്നാണ് ഏലൂര്‍.

പാതാളം ബണ്ട് തുറക്കരുതെന്നാഴവശ്യപ്പെട്ട് ഷട്ടറിനു മുന്നില്‍ പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി നടത്തിയ ആത്മഹത്യാസമരം 
പാതാളം ബണ്ട് തുറക്കരുതെന്നാഴവശ്യപ്പെട്ട് ഷട്ടറിനു മുന്നില്‍ പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി നടത്തിയ ആത്മഹത്യാസമരം 

ആലുവ കുടിവെള്ള പദ്ധതിയും ഏലൂരും തമ്മില്‍ ജലമാര്‍ഗം അഞ്ചു കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ആലുവ കുടിവെള്ള പദ്ധതിയെയാണ് കൊച്ചി നഗരം ആശ്രയിക്കുന്നതും. ഏകദേശം 30 ലക്ഷം പേരാണ് ഈ ജലം ഉപയോഗിക്കുന്നത്.

മാരകമായ അഞ്ചുതരം രാസഘടകങ്ങള്‍ കൊച്ചിനിവാസികള്‍ ദിവസവും ഉപയോഗിക്കുന്ന കുടിവെള്ളത്തിലുണ്ട്. ഞങ്ങള്‍ ഏലൂരുകാര്‍ എന്തായാലും മരിക്കും. ക്യാന്‍സര്‍ ഉണ്ടോയെന്ന് പരിശോധിച്ചാല്‍ അറിയാം. തിരിച്ചറിയേണ്ടത് കൊച്ചി നിവാസികളാണ്. അവര്‍ അവര്‍ക്കുവേണമെങ്കില്‍ സമരം ചെയ്യട്ടെ.
പുരുഷന്‍ ഏലൂര്‍

പെരിയാര്‍ മലിനീകരണത്തിനെതിരെ സമരങ്ങളുമായി മുമ്പോട്ടുപോകാന്‍ തന്നെയാണ് പെരിയാര്‍ മലിനീകരണ വിരുദ്ധസമിതിയുടെ തീരുമാനം.