SouthLive Exclusive: 10 വര്‍ഷം മൂടിവെച്ച രഹസ്യം; ഫസല്‍ വധം നടത്തിയത് ആര്‍എസ്എസ് നാല്‍വര്‍സംഘം; കൊലയാളിയുടെ സംഭാഷണം പുറത്തുവിടുന്നു 

December 13, 2016, 1:59 pm
SouthLive Exclusive: 10 വര്‍ഷം മൂടിവെച്ച രഹസ്യം; ഫസല്‍ വധം നടത്തിയത് ആര്‍എസ്എസ് നാല്‍വര്‍സംഘം; കൊലയാളിയുടെ സംഭാഷണം പുറത്തുവിടുന്നു 
Special Story
Special Story
SouthLive Exclusive: 10 വര്‍ഷം മൂടിവെച്ച രഹസ്യം; ഫസല്‍ വധം നടത്തിയത് ആര്‍എസ്എസ് നാല്‍വര്‍സംഘം; കൊലയാളിയുടെ സംഭാഷണം പുറത്തുവിടുന്നു 

SouthLive Exclusive: 10 വര്‍ഷം മൂടിവെച്ച രഹസ്യം; ഫസല്‍ വധം നടത്തിയത് ആര്‍എസ്എസ് നാല്‍വര്‍സംഘം; കൊലയാളിയുടെ സംഭാഷണം പുറത്തുവിടുന്നു 

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച, എന്‍ഡിഎഫ് നേതാവ് തലശേരിയിലെ ഫസലിനെ കൊലപ്പെടുത്തിയതാരാണ്? സിപിഐഎം എന്നാണ് ആദ്യം കേസ് അന്വേഷിച്ച കേരള പോലീസും (അന്ന് കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി) പിന്നീട് അന്വേഷണം നടത്തിയ സിബിഐയും കണ്ടെത്തിയത്. അറസ്റ്റിലായ സിപിഐഎമ്മിന്റെ കണ്ണൂരിലെ പ്രമുഖ നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥ പ്രകാരം സ്വന്തം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാതെ നാലര വര്‍ഷമായി മറ്റൊരിടത്ത് കഴിയുന്നു. അടുത്തിടെ സിപിഐഎം പ്രവര്‍ത്തകന്‍ മോഹനനെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബിഷ് നടത്തിയ കുറ്റ സമ്മത മൊഴിയാണ് കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഇതിനുപുറമെ സുബീഷ് മറ്റ് ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണവും ഫസല്‍ കേസ് ഫലപ്രദമായി അട്ടിമറിക്കാന്‍ ആര്‍എസ്എസിന് കഴിഞ്ഞുവെന്ന കാര്യത്തിലേക്കാണ് ഇപ്പോള്‍ പൊലീസിനെയും നയിക്കുന്നത്.

ഹിന്ദുത്വ ഭീകര സംഘങ്ങള്‍ രാജ്യത്ത് പലയിടങ്ങളിലായി നടത്തിയ ആക്രമണങ്ങള്‍ ആദ്യഘട്ടത്തില്‍ അട്ടിമറിച്ച് മുസ്ലീങ്ങളെ എങ്ങനെ കള്ളക്കേസില്‍ കുടുക്കി അട്ടിമറിക്കാന്‍ ശ്രമിച്ചോ അതേ രീതിയിലാണ് ഫസല്‍ കേസിലും സംഭവിച്ചതെന്ന് തോന്നിപ്പിക്കുന്നതാണ് സുബീഷിന്റെ കുറ്റസമ്മതവും അയാള്‍ മറ്റ് ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ സംഭാഷണങ്ങളും. ഫസലിനെ എങ്ങനെയാണ് വെട്ടിയും കുത്തിയും കൊന്നതെന്ന ഗ്രാഫിക്ക് വിവരണമാണ് ഇയാള്‍ ഫോണിലൂടെ നല്‍കുന്നത്. നിരവധി കൊലപാതകങ്ങളില്‍ പങ്കാളിയായ ഇയാള്‍ സ്വയരക്ഷയ്ക്ക് ഒരു തോക്ക് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ സംഭാഷണമാണ് കുറ്റസമ്മത മൊഴിക്ക് പുറമെ പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇടതുഭരണ കാലത്തുപോലും കേസുകള്‍ അട്ടിമറിക്കാനുള്ള ആര്‍എസ്എസ്സിന്റെ സവിശേഷമായ കഴിവാണ് ഇത് ബോധ്യപ്പെടുത്തുന്നത്.

ഈ സംഭാഷണത്തിന്റെ വിശദമായ രൂപം 'സൗത്ത്ലൈവ്' പുറത്തുവിടുന്നു. 2006ല്‍ നടന്ന സംഭവത്തെ കുറിച്ച് എട്ട് വര്‍ഷത്തിന് ശേഷം നടത്തിയ ടെലഫോണ്‍ സംഭാഷണമാണ് ഇത്. വീണ്ടും രണ്ടുവര്‍ഷത്തിന് ശേഷമാണ് സംഭാഷണം പുറത്തുവരുന്നത്. കൃത്യം നടത്തിയത് നാലംഗ ആര്‍എസ്എസ് സംഘമാണ്. തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ സംഘര്‍ഷത്തില്‍ തലശേരിയിലെ ഒഎം സജിത്ത് ഉള്‍പ്പടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചോടിച്ചതിന്റെ തുടര്‍ച്ചയായുള്ള കൊലപാതകം. സംഭവം നടന്ന ശേഷം ജില്ലയിലെ പ്രധാന ആര്‍എസ്എസ് നേതാക്കള്‍ക്കെല്ലാം ഇതേക്കുറിച്ചുള്ള വ്യക്തമായ അറിവുണ്ടായിരുന്നു.

ആര്‍എസ്എസ്സിനെതിരെ വ്യക്തമായ സൂചന ഉണ്ടായിട്ടും എങ്ങനെയാണ് സിപിഐഎമ്മിലേക്ക് അന്വേഷണം തിരിച്ചുവിടാന്‍ ഇടതുഭരണകാലത്തെ പൊലീസുപോലും തയ്യാറായത്? ആര്‍എസ്എസ്സിന് പുറമെ എന്‍ഡിഎഫിനും ഇതില്‍ പങ്കുണ്ടോ? ഈ കേസില്‍ ഇനിയെന്താവും സംഭവിക്കുക? ഫോണ്‍ സംഭാഷണത്തിലേക്കു കടക്കുന്നതിന് മുമ്പ് സംഭവത്തിന്റെ വഴിയിലൂടെ കടന്നുപോകേണ്ടത് കേസ് അട്ടിമറിക്കപ്പെട്ടുവോ എന്ന് അറിയുന്നതിന് അനിവാര്യമാണ്


സീന്‍ ഒന്ന്:

2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ നാലിന് എന്‍ഡിഎഫ് തലശേരി സബ് ഡിവിഷന്‍ കമ്മിറ്റി അംഗം മുഹമ്മദ് ഫസല്‍ തലശേരി ജഗന്നാഥ ക്ഷേത്രം റോഡില്‍ കൊല്ലപ്പെടുന്നു. ആദ്യം എത്തിയ ലോക്കല്‍ പൊലീസിന് ലഭിക്കുന്ന വിവരങ്ങള്‍:

തലേന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് ഉണ്ടാക്കിയ തോരണങ്ങള്‍ എന്‍ഡിഎഫ് നശിപ്പിച്ചു. അത് ചോദ്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒഎം സജിത്ത്, ഷിനോജ് എന്നിവര്‍ക്ക് എന്‍ഡിഎഫ് പ്രവര്‍ത്തകരുടെ മര്‍ദനം. ഇതിന് പകരം ചോദിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. ഇവരെ അതേരൂപത്തില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ തിരിച്ചോടിച്ചു. ഭയന്നോടിയതിന് പിന്നാലെ എന്‍ഡിഎഫ് സംഘം മാരകായുധങ്ങളുമായി ആര്‍എസ്എസ് ഓഫീസ് ആക്രമിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ. ഫസല്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം, ഒക്ടോബര്‍ 22ന് രാവിലെ 11മണിക്ക് ആയിരത്തിലേറെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ തലശേരിയില്‍ യൂണിഫോം അണിഞ്ഞ് പ്രകടനം നടത്തി.
തലശേരി പൊലീസിന്റെ രേഖയില്‍നിന്ന്

പ്രതിഷേധ മുദ്രാവാക്യത്തേക്കാളുപരി അത് ഒരു ഭീഷണിയുടെ രൂപത്തിലുള്ളതായിരുന്നുവെന്ന് പ്രകടനത്തിന് സാക്ഷിയായ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഓര്‍ത്തെടുത്ത്, പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ 'സൗത്ത് ലൈവി'നോട് പറഞ്ഞു.

പൊലീസിന് അമ്പരപ്പിനേക്കാള്‍ ഭയം പകര്‍ന്നതായിരുന്നു ആ പ്രകടനം. പ്രകടനമല്ല, കമാന്‍ഡ് രൂപത്തില്‍ ഫാള്‍ ഇന്‍. പഴയ തലശേരി കലാപത്തിന്റെ ആവര്‍ത്തനം ഉണ്ടാകുമോ എന്ന ആശങ്ക ലോക്കല്‍ പൊലീസിലുണ്ടായി. സ്ഥലത്തെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇക്കാര്യം പങ്കുവെച്ചു. ഒരുകലാപം ഒഴിവാക്കുകയെന്നതായിരുന്നു പൊലീസ് നേരിട്ട വെല്ലുവിളി. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആയിക്കൂടേ എന്ന ചോദ്യം ഉന്നയിച്ചത് ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. സംശയം എന്നതില്‍ കവിഞ്ഞ് ഒരു തെളിവും മുന്നിലില്ലാത്ത ഒന്ന്.
തലശ്ശേരിയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍  

കലാപം ഇല്ലാതാക്കാനുള്ള ഒരു കുതന്ത്രം ആയിരുന്നു അതെന്ന് അന്ന് തലശ്ശേരി ലോക്കല്‍ പൊലീസില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ സമ്മതിക്കുന്നു. അന്വേഷണത്തിന്റെ ഗതിയെയും പിന്നീടുള്ള പ്രചാരണങ്ങളെയും സ്വാധീനിച്ചതില്‍ ഈ സംശയത്തിന് ഏറെ പ്രാധാന്യമുണ്ട്. പിന്നീട് വന്ന എല്ലാ അന്വേഷണ ഉദ്യോഗസ്ഥരിലേക്കും ഈ സംശയം പകര്‍ന്നു. പ്രദേശത്ത് ഏത് രാഷ്ട്രീയ സംഘട്ടനമുണ്ടായാലും ഉടന്‍ പൊലീസിലെത്തി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന 'ആര്‍എസ്എസിന്റെ സ്ഥിരം സാക്ഷികള്‍' ഉണ്ട്. ഫസല്‍ കൊല്ലപ്പെട്ട രാവിലെയും ഈ 'സ്ഥിരം സാക്ഷികള്‍' പൊലീസ് സ്റ്റേഷനിലെത്തി സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കാര്യം പറഞ്ഞിരുന്നു. ലോക്കല്‍ പൊലീസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച 'ഇന്‍പുട്ടുകള്‍' ഇതെല്ലാമായിരുന്നു.

കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് തലശ്ശേരി ആര്‍ഡിഒ ഓഫീസില്‍ സര്‍വകക്ഷി സമാധാന യോഗം ചേര്‍ന്നു. കൊലപാതകത്തിന് ഉത്തരവാദികള്‍ ആര്‍എസ്എസ് ആണെന്ന് സമാധാന യോഗത്തില്‍ എന്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എ സി ജലാലുദ്ദീന്‍ ആരോപിച്ചു. ‘നിങ്ങളാണ് ഫസലിന്റെ കൊലയാളികള്‍’ എന്ന് സമാധാന യോഗത്തില്‍ ആര്‍എസ്എസ് നേതാക്കളുടെ മുഖത്ത് വിരല്‍ചൂണ്ടി എന്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഫസലിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കെടുത്തവരുടെ സാന്നിധ്യത്തിലുള്ള യോഗത്തില്‍ സമാധാനം പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ് എന്‍ഡിഎഫ് നേതാക്കള്‍ ബഹിഷ്‌കരിച്ചു.

അധികാരത്തില്‍ വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍. തലശ്ശേരി മണ്ഡലത്തിലെ എംഎല്‍എ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി. ഫസല്‍ കൊല്ലപ്പെട്ട ദിവസം തന്നെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സ്ഥലത്തെത്തി. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. സമാധാന യോഗത്തിലും പുറത്തും സിപിഐഎം ഈ ആരോപണം ആവര്‍ത്തിച്ചു. ആര്‍എസ്എസ് നിഷേധിച്ചു. സിപിഐഎം ആണെന്ന് പ്രത്യാരോപണം നടത്തി. സിപിഐഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫിലേക്ക് വന്നതിന്റെ പകയെന്നായിരുന്നു ആരോപണത്തിന്റെ കാതല്‍.

അന്ന് തലശ്ശേരി സിഐ പി സുകുമാരന്‍. തൊട്ടടുത്ത ദിവസം അന്വേഷണ മേല്‍നോട്ടം തലശേരി ഡിവൈഎസ്പി രാധാകൃഷ്ണനെ ഏല്‍പ്പിച്ചു. 105 പേരെ രണ്ടാഴ്ചയ്ക്കുള്ളില്‍ ചോദ്യം ചെയ്തു. മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തെന്ന പ്രചാരണമുണ്ടായി. കൃത്യമായ തെളിവുകളൊന്നും ലഭിച്ചില്ല. അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണം ഉയര്‍ന്നു. 15 ദിവസത്തിന് ശേഷം, 2006 നവംബര്‍ എട്ടിന് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂര്‍ ഡിവൈഎസ്പി പി സാലി അന്വേഷണം ഏറ്റെടുത്തു. പിന്നീട് ക്രൈംബ്രാഞ്ച് കോഴിക്കോട് എസ്പി മോഹന്‍ദാസിനും തുടര്‍ന്ന് എസ്പി ടികെ രാജ്‌മോഹനും മേല്‍നോട്ടം വഹിച്ചു. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് 2007 ഫെബ്രുവരി നാലിന് ഫസലിന്റെ ഭാര്യ സിഎച്ച് മറിയു ഹൈക്കോടതിയെ സമീപിച്ചു. എസ്പി രാജ്‌മോഹന്റെ കീഴില്‍ സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് അന്വേഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കി. അത് അംഗീകരിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.

അഞ്ച് മാസത്തെ അന്വേഷണത്തിലും പ്രതികളെ കണ്ടെത്താനായില്ല. ഫസലിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ദിവസങ്ങളിലെ നീക്കങ്ങളെ കുറിച്ച് ഒരു പൊലീസ് ഉദ്യോസ്ഥന്‍ 'സൗത്ത്‌ലൈവി'നോട് പറഞ്ഞത് ഇങ്ങനെ:

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മറിയു നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിന് തലേദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി രാജ്‌മോഹന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെ കണ്ട് പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നും അറസ്റ്റിന് അനുമതി വേണമെന്നും ആവശ്യപ്പെട്ടു. ക്രമിനല്‍ കേസിലെ പ്രതികളുടെ അറസ്റ്റിന് ആഭ്യന്തര മന്ത്രിയുടെ അനുമതി ആവശ്യമില്ല എന്നായിരുന്നു കോടിയേരിയുടെ മറുപടി
തലശ്ശേരിയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍  

2007 ഏപ്രില്‍ 11ന് കൊടി സുനി ഉള്‍പ്പടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇത് സി പി ഐ എമ്മിന്റെ കടുത്ത എതിര്‍പ്പ് വിളിച്ചുവരുത്തിനാട്ടുകാരനും സ്വന്തം മണ്ഡലത്തിലെ എംഎല്‍എയുമായ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ വീടിന്റെ പരിസരത്തുകൂടി സംസ്ഥാന പൊലീസിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ പടുകൂറ്റന്‍ പ്രകടനം നടത്തി. സ്ത്രീകളും യുവാക്കളുമടക്കം നൂറുകണക്കിന് പേര്‍ പ്രകടനത്തില്‍ അണിചേര്‍ന്നു. ഈ കേസില്‍ നിരപരാധികളായ സിപിഐഎം പ്രവര്‍ത്തകരുടെ അറസ്റ്റ് കോടിയേരി ബാലൃകൃഷ്ണന്‍ തടഞ്ഞില്ല എന്നതിലായിരുന്നു സിപിഐഎം പ്രാദേശിക നേൃത്വത്തിന്റെ രോഷം. നുണപരിശോധനയ്ക്ക് വിധേയമാകാമെന്ന് അറസ്റ്റിലായവര്‍ അറിയിച്ചു. പൊലീസ് അതിന് തുനിഞ്ഞില്ല.

മറിയുവിന്റെ ഹര്‍ജിയില്‍ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2008 ഫെബ്രുവരി 14ന് ഉത്തരവിട്ടു. ഇതിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി. സിബിഐ അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മൂന്ന് പേരെ കൂടാതെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരനുമെതിരെ സിബിഐ ഗൂഢാലോചന ആരോപിച്ചു. രാജനെയും ചന്ദ്രശേഖരനെയും അന്നത്തെ സിപിഐഎം ജില്ലാ സെക്രട്ടറി പി ശശിയെയും സിബിഐ ചോദ്യം ചെയ്തു. നേതാക്കള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും കോടതി നിരസിച്ചു. സിപിഐഎം സിബിഐക്കെതിരെ പ്രക്ഷോഭം നടത്തി. ചോദ്യചെയ്യലും കോലാഹലങ്ങളും നിരവധി ദിവസങ്ങളിലെ മാധ്യമ വാര്‍ത്തകളായി.

നാല് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം 2012 ജൂണ്‍ 12ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 10 ദിവസത്തിന് ശേഷം, ജൂണ്‍ 22ന് കാരായി രാജനും കാരായി ചന്ദ്രശേഖരനും എറണാകുളം സിബിഐ കോടതിയില്‍ കീഴടങ്ങി. റിമാന്‍ഡ് ചെയ്തു.

ഫസല്‍ വധക്കേസില്‍ സിബിഐ കുറ്റപത്രത്തിലെ സിപിഐഎം പ്രതികള്‍:

  1. ചൊക്ലി മീത്തലച്ചാലില്‍ എംകെ സുനില്‍കുമാര്‍ (കൊടി സുനി)
  2. ഇല്ലത്തുതാഴെ വയലാലം നെടിയകുനിയില്‍ ബിജു (പാച്ചൂട്ടി ബിജു)
  3. കോടിയേരി മൂഴിക്കര മൊട്ടമ്മേല്‍ ജിതേഷ് (ജിത്തു)
  4. തിരുവങ്ങാട് നരിക്കോട് കുന്നുമ്മല്‍ വലിയപുരയില്‍ അരുണ്‍ദാസ് (ചെറിയ അരൂട്ടന്‍)
  5. തലശ്ശേരി ഉക്കണ്ടന്‍പീടിക മുണ്ടോത്തുംകണ്ടി എംകെ കലേഷ് (ബാബു)
  6. തിരുവങ്ങാട് കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ (അരൂട്ടന്‍)
  7. കുട്ടിമാക്കൂല്‍ കുതിയില്‍ വീട്ടില്‍ ചന്ദ്രശേഖരന്‍ (കാരായി ചന്ദ്രശേഖരന്‍)
  8. കതിരൂര്‍ താഴേ പുതിയവീട്ടില്‍ രാജന്‍ (കാരായി രാജന്‍)

ജാമ്യാപേക്ഷകളും പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജികളും വിവിധ കോടിതികള്‍ തള്ളി. 2013 നവംബര്‍ എട്ടിന് എറണാകുളം ജില്ല വിട്ടുപോകരുതെന്ന കര്‍ശന ഉപാധിയോടെ ഹൈക്കോടതി കാരായി രാജനും ചന്ദ്രശേഖരനും ജാമ്യം അനുവദിച്ചു. ഉപാധിമാറ്റണമെന്നാവശ്യപ്പെട്ട് ഇരുവരും നല്‍കിയ അപ്പീല്‍ 2015 മാര്‍ച്ച് 30ന് സുപ്രിം കോടതിയും തള്ളി.

സമാന്തര അന്വേഷണങ്ങള്‍

ഫസല്‍ വധക്കേസില്‍ ആദ്യം അറസ്റ്റിലായ കൊടി സുനി ഉള്‍പ്പെടുന്ന സിപിഐഎമ്മുകാരെ ക്രൈംബ്രാഞ്ച് പലവിധത്തില്‍ ചോദ്യം ചെയ്തു. ആരും കുറ്റസമ്മത മൊഴി നല്‍കിയില്ല. രണ്ട് വര്‍ഷത്തിന് ശേഷം ഒരു കവര്‍ച്ചാ കേസില്‍ ഇതേ സിപിഐഎം പ്രവര്‍ത്തകരെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഭേദ്യം ചെയ്തു. കവര്‍ച്ചാ കേസ് ആയതിനാല്‍ ആ കേസില്‍ ഒരു രാഷ്ട്രീയ സമ്മര്‍ദവുമുണ്ടായില്ലെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ 'സൗത്ത്‌ലൈവി'നോട് പറഞ്ഞു.

സമ്മര്‍ദമില്ലാത്ത ചോദ്യം ചെയ്യലായിരുന്നു കവര്‍ച്ചാ കേസില്‍ അന്ന് നടത്തിയത്. കവര്‍ച്ച ആയതിനാല്‍ ആരും ഇടപെട്ടില്ല. കവര്‍ച്ചയുടെ വിവരങ്ങള്‍ അറിയുന്നതിനേക്കാള്‍ ഫസല്‍ കേസിലെ വിവരങ്ങള്‍ അറിയാനായിരുന്നു അന്വേഷണ സംഘത്തിന്റെ ശ്രമം. ‘പലവിധത്തില്‍’ ചോദ്യം ചെയ്തു. മറ്റ് പല കുറ്റങ്ങളും സമ്മതിച്ചെങ്കിലും ഫസല്‍ കേസിലെ ആരോപണം ഇവര്‍ നിഷേധിച്ചു.
തലശ്ശേരിയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍  

2010ലെ മാഹി ഇരട്ടക്കൊല കേസില്‍ കൊടി സുനിയെയും മറ്റും വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ട കൊല സമ്മതിച്ചെങ്കിലും ഫസല്‍ കേസ് നിഷേധിച്ചു. 2012ല്‍ ടിപി ചന്ദ്രശേഖരന്‍ കേസിലും കൊടി സുനി അറസ്റ്റിലായി. സംസ്ഥാന പൊലീസിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥരടക്കം ദിവസങ്ങളോളം കൊടി സുനിയെയും സംഘത്തെയും ചോദ്യം ചെയ്തു. 'അതികഠിനം' ആയിരുന്നു ആ ചോദ്യം ചെയ്യലെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ചന്ദ്രശേഖരന്‍ കൊലപാതകം സംബന്ധിച്ച ഏതാണ്ട് എല്ലാവിവരങ്ങളും ആ ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. നേരത്തേ നടത്തിയ പല സംഭവങ്ങളുടെയും വിവരങ്ങള്‍ കൈമാറി. കെടി ജയകൃഷ്ണന്‍ വധക്കേസിലെ പങ്ക് ഉള്‍പ്പടെ കൊടി സുനി സമ്മതിച്ചു. പക്ഷെ ഫസല്‍ കേസ് അപ്പോഴും നിഷേധിച്ചു. വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണ സംഘത്തിലെ പ്രധാനികള്‍ ഡിവൈഎസ്പിമാരായ ജെയ്‌സണും ഷൗക്കത്തലിയുമായിരുന്നു. ഫസല്‍ വധത്തിലെ ദുരൂഹത അപ്പോഴും മാറാതെ നിന്നു.

സീന്‍ 2:

ഫസലിനെ കൊലപ്പെടുത്തിയതെങ്ങിനെ? ആര്‍ എസ് എസ്സുകാരന്‍ പറയുന്നതിങ്ങനെ...

2006 ഒക്ടോബര്‍ 22:

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ തോരണം നശിപ്പിച്ചതിന് പിന്നാലെ നടന്ന ആര്‍എസ്എസ്-എന്‍ഡിഎഫ് സംഘര്‍ഷത്തിന്റെ തുടര്‍ച്ച. പുലര്‍ച്ചെ നാലിന് ഫസലിനെ തേടി നാലുപേരടങ്ങുന്ന ആര്‍എസ്എസ് സംഘം പുറപ്പെട്ടു. യാത്ര ഒരു ബൈക്കില്‍. വണ്ടി ഓടിച്ചത് ഷിനോജ്. ഏറ്റവും പിന്നില്‍ സുബീഷ്. ടെംപിള്‍ ഗേറ്റിനടത്തുള്ള കള്ള് ഷാപ്പിന് സമീപം ഫസലിനെ കൊല്ലാന്‍ ശ്രമിച്ചു. ഫലിച്ചില്ല. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരത്തെ ഒരു കൊലപാതകം നടത്തിയ സ്ഥലമായിരുന്നു അത്. കൊലയാളി സംഘത്തിന്റെ ഭാഷയില്‍ 'മിസ് ചെയ്ത' ഫസലിനെ ടെംപിള്‍ ഗേറ്റിനടുത്തുവെച്ച് ബൈക്കിലെത്തിയ സംഘം വളഞ്ഞുപിടിച്ചു. സുബീഷ് ആദ്യം ചാടിയിറങ്ങി. ഫസല്‍ അവരെ നേരിട്ടു. ഫസലിന്റെ കായികാഭ്യാസം 'അതിഭയങ്കരം' എന്നാണ് സംഘം വിശേഷിപ്പിക്കുന്നത്. അല്‍പനേരത്തെ ചെറുത്തുനില്‍പ്പിന് ശേഷം ഫസല്‍ ഓടി. പിന്നാലെ സംഘവും. ഒരു വീടിന്റെ ഗേറ്റ് പിടിച്ച് ചാടിക്കടക്കാന്‍ ശ്രമിക്കും മുമ്പ് വെട്ടി. തലയ്ക്കും കാലിനും. ആ വെട്ടില്‍തന്നെ മരിച്ചിട്ടുണ്ടാകും എന്നാണ് കൊലയാളി സംഘത്തിന്റെ പിന്നീടുള്ള അഭിപ്രായം. കൊലപാതകം നടക്കുമ്പോള്‍ ഷിനോജ് ബൈക്കില്‍ തന്നെയിരുന്നു. മറ്റ് മൂന്നുപേര്‍ ആക്രമിച്ചു. വെട്ടില്‍ ഒരാളുടെ കയ്യിലുണ്ടായ കൊടുവാള്‍ മുറിഞ്ഞു. ആക്രമണ ശേഷം സംഘം രക്ഷപ്പെടാന്‍ ബൈക്കില്‍ വീണ്ടും കയറി. സംശയം തോന്നിയ സുബീഷ് വീണ്ടും ഇറങ്ങി ഒന്നുകൂടി വെട്ടി, മരണം ഉറപ്പാക്കി. ബൈക്കില്‍ രക്ഷപ്പെട്ടു. ഒരാളെ ആദ്യം ഇറക്കി. മറ്റുള്ളവര്‍ ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചു.

ഫസല്‍ വധം സംബന്ധിച്ച കോലാഹലങ്ങള്‍ പുറത്ത് നടക്കുമ്പോള്‍ നിശബ്ദമായി അത് വീക്ഷിച്ചു. സംഘത്തിലുണ്ടായവര്‍, കൊലയാളി സംഘത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, 'വീരവാദം മുഴക്കി'. അവരെ സുബീഷ് സൗഹാര്‍ദപൂര്‍വ്വം ശാസിച്ചു. സംസാരിച്ച് പുറത്തറിയിക്കരുതെന്ന് ഉപദേശിച്ചു. സ്ഥലത്തുനിന്ന് മാറിനില്‍ക്കാന്‍ നിര്‍ദേശിച്ചു. ആര്‍എഎസ് നേതാക്കളെ അപ്പോള്‍ തന്നെ കൊലപാതകത്തിന്റെ വിവരങ്ങള്‍ അറിയിച്ചു. കൊലയാളി സംഘത്തിന്റെതന്നെ 'ലൂസ് ടോക്കുകളിലൂടെയും' ആര്‍എസ്എസിലെ കലഹം കാരണവും വിവരങ്ങള്‍ പുറത്ത് പ്രചരിച്ചു. ഈ ഘട്ടത്തിലൊന്നും സിബിഐ അന്വേഷണം ഇതിലേക്ക് വന്നതേയില്ല. അല്ലെങ്കില്‍ സിബിഐ അത് അവഗണിച്ചു. ബോധപൂര്‍വ്വമോ അല്ലാതെയോ.

(രഹസ്യമായി റോക്കോര്‍ഡ് ചെയ്ത സുബീഷിന്റെ ടെലഫോണ്‍ സംഭാഷണത്തില്‍നിന്ന്)

സീന്‍ 3:

2006 ഒക്ടോബര്‍ 22

ഫസല്‍ കൊല്ലപ്പെട്ട ദിവസം രാവിലെ സുബീഷ് ആര്‍എസ്എസിന്റെ തലശേരി കാര്യാലയത്തിലെത്തി. ഇരിങ്ങാലക്കുടയില്‍നിന്നുള്ള പ്രചാരകന്‍ അജിയെ വിവരങ്ങള്‍ അറിയിച്ചു. ജില്ലയിലെ ആര്‍എസ്എസിന്റെ മറ്റ് നേതാക്കളായ ശശിയെയും മറ്റുള്ളവരെയും അജി അപ്പോള്‍ തന്നെ വിവരം അറിയിച്ചു. കാര്യങ്ങള്‍ നിരീക്ഷിക്കാനായിരുന്നു ഉപദേശം. സിപിഐഎമ്മിലേക്ക് സംശയം നീക്കി. സമാന്തരമായി പ്രചാരണം നടത്തി.

2008 ജനുവരി 27ന് കോടിയേരി നങ്ങാറുത്തുപീടികയില്‍ കെപി ജിജേഷ് എന്ന സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഫസല്‍ വധത്തിന്റെ തിരിച്ചടിയായി എന്‍ഡിഎഫ് നടത്തിയ കൊലപാതകമാണെന്ന നിലയില്‍ തലശ്ശേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. എന്‍ഡിഎഫിന് മേല്‍ സംശയം ബലപ്പെട്ടു. ആ പ്രചാരണം അധിക ദിവസം നീണ്ടില്ല. തലശേരി ഡിവൈഎസ്പി കെപി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജിജേഷ് വധത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ 2008 മെയ് മൂന്നിന് അറസ്റ്റ് ചെയതു. സുബീഷ് ഒഴികെയുള്ള മറ്റ് പ്രതികള്‍ അറസ്റ്റിലായി. പൊലീസ് കള്ളക്കേസ് കുടുക്കുന്നുവെന്നായിരുന്നു ആര്‍എസ്എസിന്റെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് മെയ് അഞ്ചിന് തലശേരി നിയോജക മണ്ഡലത്തില്‍ ആര്‍എസ്എസ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.

മൂടിവെച്ച രഹസ്യം തുറന്ന ആര്‍എസ്എസ് നേതാവിന്റെ കത്ത്

ഇക്കാലത്താണ് തലശ്ശേരി മേഖലയിലെ ആര്‍ എസ് എസ്സില്‍ മറ്റ് ചില കാര്യങ്ങളെ തുടര്‍ന്ന് ആഭ്യന്തര കലഹം ഉടലെടുക്കുന്നത്‌. ഫസല്‍ വധം സംബന്ധിച്ച വിവരങ്ങള്‍ ഇതോടെ പുറത്തേക്ക് വന്നു. ജില്ലയിലെ ആര്‍എസ്എസ് നേതാക്കള്‍ക്കിടയിലും തലശേരി, പാനൂര്‍, മാഹി പ്രദേശങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയിലും ഇതിന്റെ വിവരങ്ങള്‍ എത്തി. ആഭ്യന്തര കലഹം രൂക്ഷമായപ്പോള്‍ ആര്‍എസ്എസ് നേതൃനിരയിലുള്ള ഒരാള്‍ ഫസല്‍ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് രഹസ്യകത്തെഴുതി. ഫസല്‍ വധത്തിന്റെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയതാണ് ആ കത്ത്. ഇപ്പോഴും ആര്‍എസ്എസ് നേതൃനിരയിലുള്ള ഒരാള്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് ജില്ലയിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യിലുണ്ട്.

സിപിഐഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം പാതിരിയാട് വാളാങ്കിച്ചാലിലെ കെ മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഫസല്‍ വധത്തിന്റ വിവരങ്ങള്‍ പൊലീസിന് നേരിട്ട് ലഭിക്കുന്നത്. വിവിധ ഘട്ടങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച മറ്റ് വിവരങ്ങളെ സാധൂകരിക്കുന്നതായിരുന്നു മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്രയിലെ എമ്പ്രാന്റവിട ഹൗസില്‍ സുബീഷ് (30)ന്റെ പൊലീസിന് നല്‍കിയ കുറ്റസമ്മതമൊഴി. ഫസല്‍ വധം കെപി ജിജേഷ്, കണ്ണവം തൊടീക്കളത്തെ ജി പവിത്രന്‍ എന്നിവരുടെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും സുബിഷ് പൊലീസിനോട് സമ്മതിച്ചു. ഈ കൊലപാതകങ്ങളില്‍ എല്ലാം നേരിട്ട് പങ്കെടുത്തുവെന്നാണ് സുബീഷിന്റെ മൊഴി.

മോഹനന്‍ വധക്കേസില്‍ സുബീഷിന് പങ്കില്ല എന്നാണ് ആര്‍എസ്എസ് പ്രചാരണം. പങ്ക് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പള്ളൂരിലെ വിവേകാനന്ദ മന്ദിരത്തില്‍ മൂന്ന് ദിവസം മോഹനന്‍ വധത്തിലെ പ്രതികള്‍ക്ക് സുബീഷ് താമസ സൗകര്യം ഒരുക്കി. അവിടെ നിന്ന് കാഞ്ഞങ്ങാട് ആര്‍എസ്എസ് കാര്യാലയത്തിലേക്ക് മാറ്റി. സുബീഷിന്റെ ആഷ് കളര്‍ ഇന്നോവ കാറിലാണ് ഇവരെ മാറ്റിയത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനുകളും സുബീഷിന്റെ ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചതില്‍നിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ വിളിച്ച പലയാളുകളും അത് കഴിഞ്ഞയുടന്‍ വിളിച്ചത് സുബീഷിനെയാണ്.

മോഹനന്റെ കൊലയാളികള്‍ക്ക് സൗകര്യമൊരുക്കിയ കേസില്‍ സുബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫസല്‍ വധക്കേസിന്റെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് നേരിട്ട് ലഭിക്കുന്നത് ഇതോടെയാണ്.

പൊലീസിന്റെ നിര്‍ണായക കണ്ടെത്തല്‍

മോഹനന്‍ വധക്കേസ് അന്വേഷിച്ച കണ്ണൂര്‍ ഡിവൈഎസ്പി പിപി സദാനന്ദന്‍, തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രാഹം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫസല്‍ വധത്തിന്റെ പുതിയ വിവരങ്ങള്‍ കണ്ടെത്തുന്നത്. വിവിധ ഘട്ടങ്ങളില്‍ നേരത്തേ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുബീഷിനെ ചോദ്യം ചെയ്തപ്പോള്‍ ഫസല്‍ വധത്തിന്റെ വിശദാംശങ്ങള്‍ എല്ലാം വെളിപ്പെടുത്തി.

മോഹനന്‍ വധക്കേസില്‍ സുബീഷിനെ തേടിയ പൊലീസിന് വിചിത്രമായ പ്രതികരണമാണ് ആര്‍എസ്എസ് അനുഭാവികളില്‍നിന്ന് ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 'ഫസല്‍ വധക്കേസില്‍ പുനരന്വേഷണം നടക്കുന്നുവോ?' എന്നായിരുന്നു ആ ചോദ്യം. ഇത് അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തി. ആര്‍എസ്എസ് നേതാക്കളുടെ ഇടപെടലിലേക്ക് വീണ്ടും അന്വേഷണം നീങ്ങി. ഫസല്‍ വധത്തിന്റെ വിവരങ്ങള്‍ പുറത്ത് അറിയുന്നു എന്നത് ആര്‍എസ്എസ് നേതൃത്വത്തെ രോഷാകുലരാക്കി. സുബീഷ്, വിജേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെ പലതവണ ആര്‍എസ്എസ് കാര്യാലയത്തിലേക്ക് പ്രചാരകന്‍ ശശി വിളിച്ചുവരുത്തി ശകാരിച്ചു. വിവരങ്ങള്‍ ഇനി പുറത്തറിയരുത് എന്ന് താക്കീത് നല്‍കി. വിദേശത്തേക്ക് ഉടന്‍ താമസം മാറ്റണമെന്ന് നിര്‍ദേശിച്ചു. അത് സാധ്യമല്ലെന്ന് അറിയിച്ചപ്പോള്‍ ആര്‍എസ്എസ് നേതാക്കള്‍ ഇവരെ ഭീഷണിപ്പെടുത്തി. ഈ ഭീഷണി സുബീഷിനെയും മറ്റൊരു തലത്തില്‍ ഭയപ്പെടുത്തി.

തോക്ക് കിട്ടാന്‍ ഫോണ്‍ സംഭാഷണങ്ങള്‍

സിപിഐഎമ്മിന്റെ ഭീഷണി. ഇതിന് പുറമെ ആര്‍എസ്എസ് നേതാക്കളില്‍നിന്നുതന്നെയുള്ള പുതിയ ഭീഷണി. മറ്റ് കേസുകളിലെ പൊലീസ് അന്വേഷണം. സമ്മര്‍ദത്തിലകപ്പെട്ട സുബീഷ് സ്വയംപ്രതിരോധത്തിന് ഒരു റിവോള്‍വര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പന്തക്കലിലെ സിപിഐഎം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നായിരുന്നു നേരിട്ടുള്ള ഭീഷണി. ഇക്കാര്യം പറഞ്ഞ് സുബീഷ് ഒരു ആര്‍എസ്എസ് നേതാക്കളെ ബന്ധപ്പെട്ടു. റിവോള്‍വര്‍ നല്‍കണമെന്നതായിരുന്നു ആവശ്യം. എന്തിനെന്ന ചോദ്യത്തിന് നേരത്തേ നടത്തിയ കൊലപാതങ്ങളുടെ വിവരങ്ങള്‍ സുബീഷ് വിവിധ ആര്‍എസ്എസ് നേതാക്കളോട് പറഞ്ഞു. ഇതില്‍ ചിലര്‍ ആ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു. മോഹനന്‍ വധക്കേസില്‍ സുബീഷിനെ അന്വേഷിച്ച ചെന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ റെക്കോര്‍ഡ് ചെയ്ത ടെലഫോണ്‍ സംഭാഷണങ്ങള്‍ കിട്ടി. ഫോണ്‍ സംഭാഷണം കിട്ടിയത് എങ്ങനെയെന്ന് വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഫസല്‍ വധത്തില്‍ നേരിട്ട പങ്കെടുത്തവര്‍ക്ക് മാത്രം പറയാന്‍ കഴിയുന്ന അതിസൂക്ഷമ വിവരങ്ങളായിരുന്നു ആ ടെലഫോണ്‍ സംഭാഷണത്തില്‍. ഫസല്‍ വധത്തിന് പുറമെ കെപി ജിജേഷ്, കണ്ണവത്തെ പവിത്രന്‍, പന്തക്കലിലെ മറ്റൊരു കൊലപാതകം എന്നിവയുടെ വിവരങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. ഇതെല്ലാം നേതാക്കളെ ബോധ്യപ്പെടുത്തുന്നതാണ് ആ സംഭാഷണങ്ങള്‍.

കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ ഗരുഡ് ഉളള്‍പ്പടെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഈ സംഭാഷണം പരിശോധിച്ചു. സിബിഐ കുറ്റപത്രം നല്‍കിയ കേസിലെ പുതിയ വിവരങ്ങള്‍ അവധാനതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന നിഗമനത്തിലെത്തി. സംഭാഷണങ്ങള്‍ ആവര്‍ത്തിച്ച് കേട്ടു. ഫസല്‍ വധത്തിന്റെ വിവരങ്ങള്‍ സംശയലേശമന്യേ വിവരിക്കുന്നതാണ് സംഭാഷണങ്ങളെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. പാതിരിയാടെ മോഹനന്‍ കേസില്‍ സുബീഷിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ശബരിമലയില്‍നിന്ന് മടങ്ങി വരികയായിരുന്ന സുബീഷിനെ പ്രത്യേക അന്വേഷണ സംഘം വടകരയില്‍വച്ച് അറസ്റ്റ് ചെയ്തു.

'തലശേരിയിലേക്കും കൂത്തുപറമ്പിലേക്കും കൊണ്ടുപോകരുതേ'

അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തോട് സുബീഷിന്റെ ആദ്യ അഭ്യര്‍ത്ഥന ഇതായിരുന്നു. കണ്ണൂരിലേക്ക് സുബീഷിനെ മാറ്റി. കണ്ണൂര്‍ ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുബീഷിനെ ചോദ്യം ചെയ്തു. നേരത്തെ ലഭിച്ച ടെലഫോണ്‍ സംഭാഷണത്തിന്റെ ചെറിയൊരു ഭാഗം പൊലീസ് സുബീഷിനെ കേള്‍പ്പിച്ചു. ഈ ശബ്ദം ആരുടേതാണെന്നായിരുന്നു പൊലീസിന്റെ ചോദ്യം. ബാക്കി കൂടി കേള്‍ക്കണമെന്ന് സുബീഷ് ആവശ്യപ്പെട്ടു. കുറച്ചുഭാഗം കൂടി പൊലീസ് കേള്‍പ്പിച്ചു. ഇത് ആരോട് സംസാരിച്ചതാണെന്ന ചോദ്യത്തിന് നാലഞ്ചുപേരോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു സുബീഷിന്റെ മറുപടി. ഫസല്‍ വധത്തിന്റെ എല്ലാ കാര്യങ്ങളും സുബീഷ് പൊലീസിന് മുന്നില്‍ തുറന്നുപറഞ്ഞു. ടെലഫോണ്‍ സംഭാഷണം തെളിവായി ആദ്യമേ നല്‍കിയതിനാല്‍ ഒരുവിധ സമ്മര്‍ദവുമില്ലാതെ സുബീഷ് എല്ലാം പറയുകയായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. സുബീഷ് പറയുന്ന വിവരങ്ങള്‍ മൊബൈല്‍ വീഡിയോയില്‍ പൊലീസ് പകര്‍ത്തി. കിഡ്‌നി സ്റ്റോണിന് ചികിത്സയിലാണെന്ന് സുബീഷ് അറിയിച്ചു. യൂറോളജിസ്റ്റിനെകൊണ്ട് പരിശോധിപ്പിച്ചു. അതിന് വേണ്ട ചികിത്സ നല്‍കി.

സുബീഷ് കുറ്റസമ്മതം തടത്തിയ കാര്യം കണ്ണൂര്‍ എസ്പിയെ അന്വേഷണ സംഘം അറിയിച്ചു. എസ്പി അടങ്ങുന്ന ഉന്നത സംഘം വീണ്ടും ചോദ്യം ചെയ്തു. അപ്പോഴും ഫസല്‍ കേസിന്റെ വിവരങ്ങള്‍ സുബീഷ് ആവര്‍ത്തിച്ചു. മോഹനന്‍ കേസില്‍ സുബീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

കസ്റ്റഡിയിലെടുത്തപ്പോഴുള്ള എല്ലാ വിവരങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും പൊലീസ് വീണ്ടും വീഡിയോയില്‍ പകര്‍ത്താന്‍ തീരുമാനിച്ചു. പൊലീസിന്റെ വീഡിയോ ഗ്രാഫറെ കൊണ്ടുവന്ന് എല്ലാം വീണ്ടും പകര്‍ത്തി. ഡിവൈഎസ്പി ഓഫീസില്‍വെച്ച് വീണ്ടും ചോദ്യം ചെയ്തു. ഇക്കാര്യങ്ങള്‍ ഒരു കര്‍ട്ടന് പിന്നില്‍ വീഡിയോ ക്യാമറ വെച്ച, ഒരു ലെന്‍സ് പുറത്തേക്ക് വരാവുന്ന വിധം ദ്വാരം മാത്രമുണ്ടാക്കി ക്യാമറ ഒളിപ്പിച്ചുവെന്ന് പൊലീസ് ചിത്രീകരിച്ചു. നേരത്തേ പറഞ്ഞകാര്യള്‍ സുബീഷ് അപ്പോഴും ആവര്‍ത്തിച്ചു.

പോലീസിനുമുന്നില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത് ദേഹോപദ്രവം ഏല്‍പ്പിച്ചാണെന്ന ബി ജെ പി ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിച്ചു.

കസ്റ്റഡിയിലെടുത്ത സമയം മുതല്‍ എല്ലാ രംഗങ്ങളും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്നതാണ് ആ വീഡിയോ. സ്വമേധായ കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. പൊലീസ് ഒരുതരത്തിലുള്ള ദേഹോപദ്രവവും നടത്തിയിട്ടില്ല.
പിപി സദാനന്ദന്‍, കണ്ണൂര്‍ ഡിവൈഎസ്പി

റെക്കോര്‍ഡ് ചെയ്ത വിവരങ്ങളെല്ലാം അന്വേഷണ സംഘം ഡിജിപിക്ക് കൈമാറി. ഈ വിവരങ്ങള്‍ അറിയിച്ച് ഡിജിപി സിബിഐക്ക് കത്ത് നല്‍കിയിട്ടുണ്ട്. പൊലീസിനോട് സുബീഷ് വെളിപ്പെടുത്തന്ന കാര്യങ്ങള്‍ മാത്രമല്ല, അതിന് നേരത്തേ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകരോടും നേതാക്കളോടും സുബീഷ് ടെലഫോണിലൂടെ നടത്തിയ സംഭാഷണങ്ങളും പൊലീസിന്റെ കയ്യിലെ നിര്‍ണായക തെളിവുകളാണ്. ടെലഫോണ്‍ സംഭാഷണത്തിലെ ആയുധങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, ആര്‍എസ്എസ് നേതാവ് എഴുതിയ കത്ത്, സുബീഷ് പൊലീസ് നല്‍കിയ മൊഴി. ഈ മൂന്ന് കാര്യങ്ങള്‍ പുനരന്വേഷണത്തിന് മതിയായ കാരണങ്ങളാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഫസല്‍ വധം വിവരിച്ച് ആര്‍എസ്എസ് നേതാവിനോട് സുബീഷ് നടത്തിയ ടെലഫോണ്‍ സംഭാഷണം

2006ല്‍ നടന്ന വധം സംബന്ധിച്ച് എട്ട് കൊല്ലത്തിന് ശേഷം 2014ല്‍ നടത്തിയ ടെലഫോണ്‍ സംഭാഷണമാണിത്. സംഭാഷണത്തിനിടയില്‍ എട്ടുവര്‍ഷം മുമ്പ് നടന്നതല്ലേ എന്ന ആര്‍എസ്എസ് നേതാവിന്റെ ചോദ്യത്തിന് എട്ട് കൊല്ലം മുമ്പെന്ന് സബീഷ് ആവര്‍ത്തിക്കുന്നു. ടെലഫോണ്‍ സംഭാഷണം നടന്ന രണ്ട് വര്‍ഷത്തിന് ശേഷമാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. സുബീഷ് എല്ലാം വിവരിക്കുന്നതാണ് സംഭാഷണത്തില്‍. മറുതലയ്ക്കലിലെ ആര്‍എസ്എസ് നേതാവ് ലഘു ചോദ്യങ്ങള്‍ മാത്രമേ ചോദിക്കുന്നു. മറ്റെല്ലാം സുബീഷിന്റെ തുടര്‍ച്ചയായ സംഭാഷണം. സുബീഷിന്റെ സംഭാഷണത്തിന്റെ പൂര്‍ണരൂപം ചുവടെ. ആര്‍എസ്എസ് നേതാവിന്റെ ചോദ്യഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഓഡിയോ: ഫസലിന്റെ കൊലപാതകം സുബീഷ് മറ്റൊരു ആര്‍എസ്എസ് നേതാവിനോട് വിവരിക്കുന്ന സംഭാഷണം

അഞ്ചിലേറെ ആര്‍എസ്എസ് നേതാക്കളോട് ടെലഫോണിലൂടെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് സുബീഷ് പൊലീസിനോട് സമ്മതിച്ചത്. പൊലീസ് വീഡിയോ ഗ്രാഫര്‍ രേഖപ്പെടുത്തി മൊഴി ഒന്നര മണിക്കൂറിലേറെ വരും. ഇതിന് മുമ്പ് പൊലീസ് മൊബൈള്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ അതിലേറെയുണ്ട്. ഇതെല്ലാം സിബിഐ അടക്കമുള്ള ഏത് അന്വേഷണ ഏജന്‍സിക്കും പരിശോധിക്കാവുന്നതേയുള്ളൂ. വീഡിയോയും മറ്റും പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. അന്വേഷണ ഏജന്‍സിക്ക് മാത്രമേ ഇത് കൈമാറൂ എന്ന നിലപാടിലാണ് കണ്ണൂര്‍ പൊലീസ്.

ഫസല്‍ വധത്തില്‍ ഒരു സത്യമേ ഉണ്ടാകൂ. രണ്ട് സത്യങ്ങളുണ്ടാകാന്‍ പാടില്ല. കേസ് അന്വേഷിക്കുന്നത് സിബിഐ ആണ്. പുതിയ കണ്ടെത്തലുകളും തെളിവുകളും സിബിഐ കൂടി പരിശോധിക്കേണ്ടതുണ്ട്. തങ്ങള്‍ക്ക് ലഭിച്ച തെളിവുകളും മൊഴികളും റെക്കോഡ് ചെയ്ത് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
പിപി സദാനന്ദന്‍, കണ്ണൂര്‍ ഡിവൈഎസ്പി

ആര്‍എസ്എസിന്റെ നിഷേധം, ഡിവൈഎസ്പിമാര്‍ക്ക് ഭീഷണി

ഫസല്‍ വധക്കേസില്‍ തുടക്കം മുതല്‍ ഒരുഘട്ടത്തിലും ശരിയായ അന്വേഷണം ആര്‍എസ്എസിനെതിരെ നീങ്ങിയില്ല. ആദ്യം അന്വേഷിച്ച കേരള പൊലീസും സിബിഐയും ഒരേരീതിയില്‍ സഞ്ചരിച്ചു. സുബീഷിന്റെ കുറ്റം ഏറ്റുപറഞ്ഞുള്ള പുതിയ മൊഴി പൊലീസ് ഔദ്യോഗികമായി പുറത്തുവിടന്നത് 2016 ഒക്ടോബര്‍ 21നാണ്. ഇതിന് ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് എബ്രഹാമിനും നേരെ ഭീഷണികള്‍ വന്നു. ഈ സംഭവത്തില്‍ കേസ് എടുത്തു.

പൊലീസ് മര്‍ദിച്ച് സുബീഷിനെ കൊണ്ട് കുറ്റം സമ്മതിച്ചുവെന്നാണ് ആര്‍എസ്എസിന്റെ വാദം. തെളിവെടുപ്പിന്റെ ഒരുഘട്ടത്തിലും പൊലീസ് മര്‍ദന കാര്യം സുബീഷ് കോടതിയില്‍ പറഞ്ഞില്ല. ജയിലിലെത്തിയ സുബീഷിന്റെ അഭിഭാഷകന്‍ ഒപ്പിട്ടുവാങ്ങിയ കടലാസില്‍ പൊലീസ് മര്‍ദനം ആരോപിച്ച് കോടതിയില്‍ പരാതി നല്‍കി. കോടതിയില്‍നിന്ന് പുറത്തുകടക്കുമ്പോള്‍ മുടന്തി നടന്നു. അഭിഭാഷന്‍ നിര്‍ദേശിച്ച പ്രകാരമാണ് അത് അഭിനയിച്ചതെന്ന് സുബീഷ് പിന്നീട് സമ്മതിച്ചു. മര്‍ദനം നടന്നുവോ, സ്വമേധയാ വെളിപ്പെടുത്തിയതാണോ എന്ന കാര്യം വീഡിയോ ദൃശ്യങ്ങളിലൂടെ മനസ്സിലാക്കാമെന്നാണ് സംസ്ഥാന പൊലീസ് പറയുന്നത്.

കാരായിമാര്‍ക്കെതിരായ സിബിഐയുടെ കണ്ടെത്തല്‍

കാരായി രാജനെയും ചന്ദ്രശേഖരനെയും പ്രതികളാക്കിയ സിബിഐയുടെ കുറ്റപത്രത്തില്‍ ഗൂഢാലോചന ആരോപിക്കാന്‍ സിബിഐ ചൂണ്ടിക്കാണിക്കുന്നത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പറഞ്ഞതായി രേഖപ്പെടുത്തിയ മൊഴിയാണ്. 'നമ്മുടെ പാര്‍ട്ടിക്കാര്‍ മറ്റുപാര്‍ട്ടിക്കാരെ ആക്രമിക്കണമെങ്കില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും അറിയാതെ ചെയ്യില്ല'. ബ്രാഞ്ചു സെക്രട്ടറിയുടേതായി സിബിഐ രേഖപ്പെടുത്തിയ മൊഴിയാണിത്. ഇതിനെ അടിസ്ഥാനമാക്കിയാണ് സിബിഐ കുറ്റപത്രം നല്‍കിയിരിക്കുന്നത്. കൊലപാതകം നടത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്ന സിബിഐയുടെ നിഗമനം കേരള പൊലീസിന്റെ ആദ്യ അന്വഷണത്തിന്റെ തുടര്‍ച്ചയും.

കുറ്റകൃത്യങ്ങളില്‍ ആദ്യം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ തെറ്റാണെന്ന് വന്ന നിരവധി സംഭവങ്ങള്‍ ഇന്ത്യയിലുണ്ട്. മലേഗാവ് മുതല്‍ ഹിന്ദുത്വ ഭീകര സംഘടനകള്‍ നടത്തിയ ചില സ്‌ഫോടനങ്ങള്‍ ഉദാഹരണം. ആദ്യം കുറ്റം ആരോപിക്കപ്പെട്ടത് മുസ്ലീംങ്ങളുടെ നേരെയായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ അസിമാനന്ദ, സ്വാധി പ്രജ്ഞാസിങ് ഠാക്കൂര്‍ എന്നിവര്‍ ഉള്‍പ്പടെ ഹിന്ദുത്വ സംഘടനയുടെ പങ്ക് വെളിപ്പെട്ടു. കുറ്റകൃത്യം മറ്റുള്ളവരുടെ മേല്‍ ചാരി അന്വേഷണം വഴിതിരിച്ചുവിടുകയും ചെയ്ത ഈ രീതിക്ക് സമാനാണ് ഫസല്‍ വധക്കേസ്.

വിചാരണാഘട്ടത്തിലേക്ക് കടക്കും മുമ്പാണ് ഫസല്‍ വധക്കേസിലെ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. പുനരന്വേഷണത്തില്‍ തീരുമാനമെടുക്കേണ്ടത് സിബിഐയും കോടതിയും.

Edited by N K Bhoopesh, Graphix : Sethu Anand