പരീക്ഷണവും നിരീക്ഷണവും സമ്പന്നമാക്കിയ ജീവിതം

October 27, 2017, 3:35 pm
പരീക്ഷണവും നിരീക്ഷണവും സമ്പന്നമാക്കിയ ജീവിതം
Special Story
Special Story
പരീക്ഷണവും നിരീക്ഷണവും സമ്പന്നമാക്കിയ ജീവിതം

പരീക്ഷണവും നിരീക്ഷണവും സമ്പന്നമാക്കിയ ജീവിതം

എഴുത്തുകാരനെന്ന ലേബലില്‍ മാത്രം ഒതുങ്ങുന്നതല്ല പുനത്തിലിന്റെ ജീവിതം, കാഴ്ചകളിലും കാഴ്ചപ്പാടുകളിലും വ്യത്യസ്തത പുലര്‍ത്തിയ ഒരു മനുഷ്യസ്‌നേഹി എന്ന നിലയിലാകും വരുംകാലം ഇദ്ദേഹത്തെ അടയാളപ്പെടുത്തുക. പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരന്റെ യാത്രയുടെ ആരംഭം,1950കളിലാണ്. സാഹിത്യമെന്നത് വിടാതെ പിടികൂടിയ ഒരു ബാധയായി നില നിന്നതിന്റെ കാരണം പുനത്തില്‍ തന്നെ വ്യക്തമാക്കിയത്.

’ സമൂഹത്തെ ഉദ്ധരിക്കാന്‍ വേണ്ടി ഞാന്‍ ഒരിക്കലും എഴുതിയിട്ടില്ല. ഇനിയൊരിക്കലുമൊട്ട് എഴുതുകയുമില്ല.ഒരു പൂവിടരുന്നതെന്തിനാണെന്ന് പൂവനോട് ചോദിച്ചാല്‍ അതിനു മറുപടി പറയാന്‍ കഴിയുമോ?. ഒരു പൂവിടരുന്നത് പോലെയോ,മണ്ണിനടിയില്‍ നിന്ന് ഒരു വിത്ത് പൊടിച്ചുവിടരുന്നതുപൊലെയോ ആണ് എന്റെ എഴുത്ത്. അതിലെന്തെങ്കിലും ഒരു വെളിച്ചമുണ്ടാകും. ആ വെളിച്ചം ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ നല്ലത്. റോസാപ്പൂ വിടരുന്നത്, നമുക്ക് പനിനീര്‍ ഉണ്ടാക്കാനല്ല. പക്ഷേ നമ്മള്‍ പനിനീര്‍ ഉണ്ടാക്കാന്‍ റോസാപ്പൂവിനെ ഉപയോഗിക്കാറുണ്ടല്ലോ ? ഇതാണ് എനിക്ക് സാഹിത്യരചന.തകഴി, ബഷീര്‍,പൊറ്റെക്കാട് മുതലായവരുടെ കഥകള്‍ വായിച്ചതിന്റെ ആവേശത്തിലാണ് ഞാന്‍ എഴുതിത്തുടങ്ങിയത്. റൊമാന്റിസവും,ആധുനികതയുമെന്നും അന്ന് ഉണ്ടായിരുന്നില്ല. അറുപതുകളിലാണ് മലയാള സാഹിത്യത്തില്‍ വലിയ പരിവര്‍ത്തനങ്ങളുണ്ടാകുന്നത്. അലിഗഡില്‍ മെഡിസിനു പഠിക്കുന്ന കാലമാണത്. എം.പി നാരായണപിള്ളയൊക്കെ പുതിയ രീതിയില്‍ കഥകളെഴുതിത്തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്. ആധുനികത എന്ന് നമ്മള്‍ പേരിട്ടു വിളിച്ച ഈ വലിയപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കാക്കനാടാനാണ്. ഭാഷയിലും ആഖ്യാനത്തിലും വല്ലാത്ത പുതുമ സൃഷ്ടിച്ചുകൊണ്ടാണ് മലയാള കഥാ സാഹിത്യത്തില്‍ ആധുനികത ചുവടുവെയ്ക്കുന്നത്’.

സാഹിത്യത്തിന്റെ വഴികളിലൂടെയുള്ള സഞ്ചാരത്തിനൊപ്പം,പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന മനുഷ്യന്‍ ,കടന്നുപോയത് കപടസദാചാരത്തിന്റെ പൊള്ളത്തരങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ്. പുതിയ ആശയങ്ങള്‍ക്കുവേണ്ടിയും, പുതിയ ചിന്തകള്‍ക്കുവേണ്ടിയും കൈവന്ന അവസരങ്ങളെയെല്ലാം പുനത്തില്‍ ഉപയോഗിച്ചു.ലൈംഗികതയും,പ്രണയവും, രാഷ്ട്രീയവും സ്‌നേഹവും,പ്രകൃതിയും പുനത്തിലിന് സ്വന്തം അഭിപ്രായ രൂപികരണത്തിനുള്ള മെറ്റീരിയലുകളായിരുന്നു. നിരന്തരം കലഹിക്കുന്ന മനസ്സില്‍ നിന്നായിരുന്നു ഇത്തരം ചിന്തകള്‍ ഉയര്‍ന്നുവന്നുകൊണ്ടിരുന്നത്. തോന്നുന്നതുപോലെ ജീവിയ്ക്കുക എന്ന അനാര്‍ക്കിസം പുനത്തിലിന്റെ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു.പക്ഷെ, ഈ അനാര്‍ക്കിസത്തെക്കുറിച്ചും വ്യക്തമായ ധാരണ അദ്ദേഹം പുലര്‍ത്തിയിരുന്നു. അനാര്‍ക്കിസത്തെക്കുറിച്ച് പുനത്തില്‍ പറഞ്ഞത്,

ഒരു ബാഹ്യപ്രകൃതിയിലുള്ള ഒന്നല്ല എന്നാണ്. അത് ഒരാശയമാണ്. അനാര്‍ക്കിസ്റ്റ് മനസ്സാണ് നമുക്ക് വേണ്ടത്, സവിശേഷമായ ഒരു മാനസ്സികഘടനയാണത്. തീവണ്ടി സാധാരണയായി പോകുന്നത് റെയിലിന്‍മേല്‍ക്കൂടിയാണല്ലോ, പാളത്തിന് പുറത്തുകൂടി ഓടുന്ന ഒരു തീവണ്ടി അല്ലെങ്കില്‍ ട്രാക്ക് മാറിയുള്ള ഒരു ജീവിതം ഇതാണ് അനാര്‍ക്കിസം. ഇത് കരുതിക്കൂട്ടിച്ചെയ്യുന്ന ഒന്നല്ല. സ്വഭാവത്തില്‍ അനാര്‍ക്കിസം ഉള്ളയാള്‍ എന്തും ചെയ്‌തേക്കാം,ഭവിഷത്തുകളെക്കുറിച്ചോ, വരും വരായ്കകളെക്കുറിച്ചോ ആലോചിച്ചെന്നു വരില്ല.വളരെ സിന്‍സിയര്‍ ആയിട്ടായിരിക്കും കാര്യങ്ങളെ സമീപിക്കുക. ഉദാഹരണത്തിന് നമുക്കൊരു പെണ്‍കുട്ടിയോട് പ്രണയമുണ്ടെന്ന് വിചാരിക്കുക, ആ പ്രണയം വളര്‍ന്ന് കൂടുതല്‍ ഡെപ്ത്തിലേക്ക് പോയേക്കാം. അത് ശാരീരിക ബന്ധത്തില്‍ എത്താം. അവള്‍ ഗര്‍ഭിണിയായെന്ന് വരാം. പക്ഷെ, ആ ഗര്‍ഭത്തില്‍ നിന്ന് ഒഴിഞ്ഞുമാറാതെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന ഒരാള്‍ വരുംകാല ഭവിഷത്തുകളെ കുറിച്ചൊന്നും ചിന്തിക്കാറില്ല. ജീവിത കാമനകളോട് കാപട്യമില്ലാതെ പ്രതികരിക്കുന്ന സദാചാരബോധം പോലുള്ള കൃത്രിമങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്കേ, ജീവിതാനുഭവങ്ങള്‍ ഉണ്ടാകു. എന്റെ,അല്ലെങ്കില്‍ എന്നെപ്പോലുള്ളവരുടെ ഒരു നിയോഗമാണിത്. ശരി-തെറ്റുകള്‍ക്ക് ഇതില്‍ കാര്യമില്ല.

രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകളാണ് പുനത്തില്‍ മുന്നോട്ട് വച്ചിരുന്നത്. ബേപ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനെപ്പറ്റി പറഞ്ഞത്.

’ ഓരോ കാര്യങ്ങളിലും അതാത് സമയത്ത് തോന്നുന്ന നിലപാടുകള്‍ സ്വീകരിക്കുക എന്നതാണ് എന്റെ രീതി. ഭാവിയിലുണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകളൊന്നും ഞാന്‍ ചിന്തിക്കാറില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോട് തോന്നിയ എതിര്‍പ്പാണ് എന്നെ ,ബി.ജെ.പി സ്ഥാനര്‍ത്ഥിത്വത്തിലേയ്ക്ക് എത്തിച്ചത്. പ്രത്യേകിച്ചും മുസ്ലീം ലീഗിനോടുള്ള എതിര്‍പ്പ്. ചിലര്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കണമെന്നുണ്ടായിരുന്നു. മുസ്ലീംലീഗിനോടുള്ള വെറുപ്പ് എന്താണെന്നുവച്ചാല്‍,അവര്‍ സമുദായത്തിനുവേണ്ടി ഒന്നും ചെയ്ത്ട്ടില്ല എന്നുള്ളതാണ്. ഗള്‍ഫ് കുടിയേറ്റം മാത്രമാണ് മുസ്ലീങ്ങളുടെ നിലമെച്ചപ്പെടുത്തിയത്. സമുദായത്തിന്റെ വിദ്യാഭ്യാസപുരോഗതിക്ക് വേണ്ടിയൊന്നും ചെയ്യാന്‍ മുസ്ലീംലീഗ് തയ്യാറായിട്ടില്ല. എം.ഇ.എസ്സ് ,എം.എസ്സ്.എസ്സ് പോലുള്ള സംഘടനകള്‍ ചെയ്തതുപോലും മുസ്ലീംലീഗ് ചെയ്തിട്ടില്ല’.

പുനത്തില്‍ കുഞ്ഞബ്ദുള്ള ഹിന്ദുമതം സ്വീകരിക്കാന്‍ പോകുന്നുവെന്ന പ്രചാരണം, ഒരു വലിയ സാമുദായിക പ്രശ്‌നമായി നിലനിന്നിരുന്ന കാലമുണ്ടായിരുന്നു. ചന്ദനക്കുറിയണിഞ്ഞ പുനത്തിലിന്റെ ചിത്രം പത്ര മാധ്യമങ്ങളില്‍ അച്ചടിച്ചു വരികയുണ്ടായി. മുസ്ലീംസമുദായത്തിലും പുനത്തിലിന്റെ കുടുംബത്തിലും ഇതിനെക്കുറിച്ചുള്ള വലിയ എതിര്‍പ്പ് ഉണ്ടാവുകയും ചെയ്തു.

ഇതൊന്നും എന്നെ സംബന്ധിച്ച് വലിയകാര്യങ്ങളായിരുന്നില്ല.കാരണം ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല . ഒരു മതത്തിലും വിശ്വസിക്കാത്ത ഒരാള്‍ എന്തിനാണ് ഒരു മതം വിട്ട് മറ്റൊരു മതത്തില്‍ ചേരുന്നത്. പിന്നെ,ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായത്, അതൊരു ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന തോന്നല്‍ എനിക്കില്ല. എന്തിനാണ് അങ്ങനെയൊരു ചേരിതിരിവ് സൃഷ്ടിക്കുന്നത്. മുസ്ലീംങ്ങളും ക്രിസ്ത്യാനികളും ആ പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ ഈ പറയുന്ന വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന ലേബല്‍ മാറ്റാന്‍ കഴിയുമല്ലോ.

തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സാംസ്‌കാരിക രംഗത്തും സാമൂഹികരംഗത്തും ഒരു പുതിയ മുന്നേറ്റം സൃഷ്ടിച്ചിരുന്ന കാലത്താണ് പുനത്തില്‍ സാഹിത്യരംഗത്ത് സജീവമായിരുന്നത്. വിപ്ലവപ്രസ്ഥാനങ്ങളോട് പുനത്തില്‍ ആഭിമുഖ്യം പുലര്‍ത്തിയിട്ടില്ല.

എനിക്ക് വലിയൊരു പ്രതിപത്തിയില്ലാത്ത പ്രസ്ഥാനമാണ് നക്‌സലിസം,വലിയൊരു ചരിത്രമുണ്ടെങ്കിലും കേരളത്തില്‍ വേണ്ടത്ര ആസൂത്രണമില്ലാതെയാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അതുകൊണ്ടുതന്നെ ഒരു പരാജയപ്പെട്ട പ്രസ്ഥാനമായി അതു മാറുകയും ചെയ്തു. പിന്നെ നിരാശയിലേയ്ക്ക് ആണ്ട് പോയവരുടെ ഒരു കൂട്ടമായി ഈ പ്രസ്ഥാനം മാറുകയും ചെയ്തു.

കഥകളിലും നോവലുകളിലും സെക്‌സിന്റെ പുതിയ കാഴ്ചപ്പാടുകളാണ് പുനത്തില്‍ അവതരിപ്പിച്ചത്. സമൂഹത്തിന്റെ പൊതുധാരയ്ക്ക് സമരസപ്പെടാത്ത ഈ ചിന്തകളെ തുറന്നെഴുതാന്‍ പുനത്തില്‍ തയ്യാറായതിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ വ്യക്തമായ ശരികളുണ്ടായിരുന്നു.

മൂടിവെക്കപ്പെടേണ്ട ഒന്നല്ല സെക്‌സ് എന്നാണ് എന്റെ വിശ്വാസം. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് കിടപ്പറയിലെ ലൈഗിംക പരാജയങ്ങള്‍.സെക്‌സ് എഡ്യൂക്കേഷന്‍ എന്ന ഒരേര്‍പ്പാടെ നമുക്കറിയല്ലല്ലോ.ലൈഫ് പാര്‍ട്ണറുമായി അണ്ടര്‍സ്റ്റാന്റില്‍ എത്താന്‍ നമുക്ക് കഴിയുന്നില്ല. ലൈഗിംകത ഒരു ശാരീരികാഭ്യാസമല്ല. അതിനുള്ള മൂഡൊക്കെ ക്രിയേറ്റ് ചെയ്യപ്പെടണം. ദൈനംദിന ജീവിതത്തില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകും. സ്ത്രീയായലും പുരുഷനായാലും സമൂഹത്തില്‍ വയലന്റാകുന്നതിന്റെ പ്രധാന കാരണം സെക്‌സിലെ അതൃപ്തിതന്നെയാണ്. പല രീതിയില്‍ ഞാന്‍ ഈ വികാരം അല്ലെങ്കില്‍ ശാസ്ത്രസത്യം എന്റെ കൃതികളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.

ഒട്ടേറെ വിഗ്രഹങ്ങളെ തകര്‍ത്തെറിയുവാന്‍ പുനത്തില്‍ ശ്രമിച്ചിട്ടുണ്ട് . ആ വ്യക്തികളെയല്ല അവര്‍ക്ക് മേല്‍ അവരോധിക്കപ്പെടുന്ന സ്ഥാനചിഹ്നങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ കലഹം. പുനത്തിലിന് ഏറെ ഇഷ്ടപ്പെട്ട വ്യക്തിത്വം ആരായിരുന്നു എന്നത് എക്കാലത്തെയും കൗതകമാര്‍ന്ന അന്വേഷണമാണ്.

എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച വ്യക്തിത്വം എം.എന്‍ വിജയനാണ്.തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഞാന്‍ ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ എന്റെ അധ്യാപകനായി എത്തിയ അന്നു മുതല്‍ക്ക്് ആരംഭിച്ച ബന്ധമാണ് എനിക്കുള്ളത്.വാക്കുകളിലും പ്രവൃത്തിയിലും കാണുന്ന സത്യസന്ധതയാണ് എന്നെ വിജയന്‍ മാഷിലേക്ക് എത്തിച്ചത്.ആ വ്യക്തിത്വത്തിന്റെ മാസ്മരികതയില്‍ ഞാന്‍ പെടുകയും ചെയ്തു. ഇടക്കാലത്ത് ഞാന്‍ വിജയന്‍ മാഷിനെതിരെ നിലകൊണ്ടു എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അത് ശരിയായിരുന്നില്ല. പരോക്ഷമായി ഞാന്‍ എഴുതിയ ലേഖനം മാഷിനെതിരെ ആയിപ്പോവുകയായിരുന്നു. എനിക്കതില്‍ വലിയ ഖേദമുണ്ട്.

ശിശുസഹജമായ നിഷ്‌ക്കളങ്കതയും നര്‍മ്മബോധവുമായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന മനുഷ്യന്റെ ജീവിത രഹസ്യം. നിലാവുപോലെ നൈര്‍മ്മല്യമുള്ള ഒരു ജീവിതം ജീവിക്കാനായി എന്നതാണ് സഫലത. എഴുത്തിലും ജീവിതത്തിലും ഇരട്ടവ്യക്തിത്വങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്കിടയില്‍ സത്യസന്ധതയുടെ ചിരിയാണ് പുനത്തില്‍ മലയാളികള്‍ക്ക് ,സമ്മാനിച്ചിരുന്നത്. പുനത്തിലിന്റേതായ ഒട്ടേറെ സംഭാഷണങ്ങളും ,എഴുത്തുകളും ഇനിയുള്ള കാലങ്ങളിലും പ്രകാശം പരത്തുക ആ വാക്കുകളിലെയും ജീവിതത്തിലെയും സത്യസന്ധത ഒന്നുകൊണ്ട് മാത്രമാകും.