രാഷ്ട്രീയക്കാര്‍ക്കും പോലീസിനുമിടയില്‍ ഭീതിയോടെ താനൂര്‍

March 17, 2017, 8:19 pm


രാഷ്ട്രീയക്കാര്‍ക്കും പോലീസിനുമിടയില്‍ ഭീതിയോടെ താനൂര്‍
Special Story
Special Story


രാഷ്ട്രീയക്കാര്‍ക്കും പോലീസിനുമിടയില്‍ ഭീതിയോടെ താനൂര്‍

രാഷ്ട്രീയക്കാര്‍ക്കും പോലീസിനുമിടയില്‍ ഭീതിയോടെ താനൂര്‍

ദിവസങ്ങള്‍ കഴിഞ്ഞിട്ടും, രാഷ്ട്രീയ സംഘര്‍ഷത്തിന്റെയും പോലീസ് ഭീകരതയുടെയും ഞെട്ടലില്‍നിന്ന് മുക്തമല്ല, ഇപ്പോഴും മലപ്പുറം ജില്ലയിലെ താനൂര്‍. രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷമാണ് പൊലീസിന്റെ ഇടപെടലിലേക്കും, നിരവധി പേര്‍ വീടൊഴിഞ്ഞ് പോകുന്നതിലേക്കും കലാശിച്ചത്. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ടവര്‍ എന്ന് കരുതുന്ന പോലീസ് നടത്തിയ അങ്ങേയറ്റം ഭീകരമെന്ന് ഈ നാട്ടുകാരില്‍ പലരും പറയുന്ന പൊലീസ് ഇടപെടലാണ്, രാ്ഷ്ട്രീയ സംഘര്‍ഷത്തെക്കാള്‍ ജനങ്ങളെ പിടിച്ചുലച്ചത്.

താനൂരില്‍ സിപിഐഎം- ലീഗ് സംഘര്‍ഷം നടന്ന ചാപ്പപള്ളിമുതല്‍ ഒട്ടുപുറം വരെയുള്ള ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിച്ചാല്‍ കാണാനാവുക തകര്‍ന്ന് നിലംപരിശായ വീടുകളും അതിന് മുന്‍പില്‍ ഇനിന്തെന്നറിയാതെ തരിച്ച് നില്‍ക്കുന്ന സ്ത്രീകളെയുമാണ്. തകര്‍ന്ന വീടുകളും പൊട്ടിപൊളിഞ്ഞ വാഹനങ്ങളുംമൊക്കെ ഇവിടെ നടന്ന സംഭവങ്ങളുടെ ഭീകരതയുടെ സാക്ഷ്യങ്ങളായി വീടുകള്‍ക്കുമുന്നിലും പറമ്പുകളിലും ഇപ്പോഴും കാണാം.

സംഘര്‍ഷത്തെ തുടര്‍ന്ന് വീട് വിട്ടുപോയവര്‍ ഇനിയും തിരികെ എത്തിയിട്ടില്ല. മത്സ്യതൊഴിലാളികള്‍ കടലില്‍ പോയിട്ട് ദിവസങ്ങളായി. കടപ്പുറം മേഖലയില്‍ ഉള്ള കടകമ്പോളങ്ങളെല്ലാം ഇപ്പോഴും അടഞ്ഞ് കിടക്കുന്നു. അത്യാവിശ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ താനൂര്‍ ടൗണിലേക്ക് പോകണം. ഇതിനാകട്ടെ വാഹനങ്ങളൊന്നുമില്ല. പ്രശ്ന ബാധിത മേഖലയിലേക്ക് ഓട്ടോ വിളിച്ചാല്‍ പോലും വരില്ല. ബസുകള്‍ പ്രശ്നത്തെ തുടര്‍ന്ന് ഇവിടുത്തേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെച്ചു. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ നിസ്സാഹയതയ്ക്കും പരിഹാരമൊന്നും ഇതുവരെയായിട്ടില്ല.

‘ഇത്രയും നാള്‍ ഞങ്ങള്‍ മറയക്കപ്പുറമിരുന്നു. ഇന്ന് വീടും കുടിയും സമ്പാദ്യവുമൊക്കെ ഞങ്ങള്‍ക്ക് നഷ്ടമായി. മനസമാധനവും പോയി. ഇനിയും ഞങ്ങള്‍ പ്രതികരിക്കാതിരിക്കില്ല’ ഇതായിരുന്നു താനൂരിലെ സ്ത്രീകളുടെ പ്രതികരണം. ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യത്തിന് എന്തിന് ക്യാമറയെ ഭയക്കണം സംഭവിച്ചതെല്ലാം തുറന്നു പറയാന്‍ തയ്യാറെന്നയിരുന്നു ഹൗറാജീന്റെ പുരയ്ക്കല്‍ താഹിറയുടെ മറുപടി. 
അക്രമത്തില്‍ തകര്‍ന്ന വീട്
അക്രമത്തില്‍ തകര്‍ന്ന വീട്

ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് താനൂരില്‍ സിപിഐഎം-ലീഗ് സംഘര്‍ഷം വരുത്തി വെച്ചത്. നിയമപാലകരായ പൊലീസ് അക്രമികളേക്കാള്‍ കൊടും ക്രൂരമായാണ് നിരപരാധികളോട് പെരുമാറിയതെന്ന് ഞങ്ങള്‍ കണ്ട ബഹുഭൂരിപക്ഷം പേരും പറഞ്ഞു. മറ്റേത് സംഘര്‍ഷ സ്ഥലത്തെന്ന പോലെ ഇവിടുത്തെ പ്രശ്നങ്ങളും കൂടുതലായി ബാധിച്ചത് സ്ത്രീകളെയും കുട്ടികളെയുമാണ്.

ഉണ്ണിയാലില്‍ ജോലികഴിഞ്ഞു വരികയായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ ചുവന്ന കൊടി പാറിച്ചു എന്നാരോപിച്ചാണ് ലീഗ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് സിപിഐഎം ഏരിയ സെക്രട്ടറി ഇ ജയന്‍ പറഞ്ഞു. അതല്ല ലീഗ് പ്രവര്‍ത്തകന്‍ കുഞ്ഞിന്റെ പുരയ്ക്കല്‍ സൈനയുടെ വീട് സി പി ഐ എം ആദ്യം ആക്രമിക്കുകയായിരുന്നു എന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അഷ്റഫ് എംപിയും പറയുന്നു.

പ്രാദേശികമായ ചെറിയ ചെറിയ പ്രശ്നങ്ങള്‍ കൃത്യമായ ഇടപെടലുകളില്ലാതെ വഷളായതാണ് സംഘര്‍ഷത്തിന്റെ ആക്കം കൂട്ടിയത്. ഒടുവില്‍ നിയന്ത്രിക്കാനാകാത്ത രീതിയില്‍ പ്രശ്നമെത്തിയപ്പോള്‍ ജനങ്ങളുടെ സുരക്ഷയ്ക്കായ് എത്തിയ പൊലീസ് ആകട്ടെ പ്രശ്നബാധിത മേഖലയായ ചാപ്പപുറം മുതല്‍ ഒട്ടുപുറം വരെയുള്ള റോഡിന്റെ ഇരുവശത്തെ വീടുകളും വാഹനങ്ങളും അടിച്ചു തകര്‍ത്തു. ഇതിന്‍റെ ദുരിതമാണ് ഇപ്പോള്‍ ഈ നാട്ടുകാര്‍ പേറുന്നത്.

അക്രമത്തില്‍ തകര്‍ന്ന ബോട്ട്
അക്രമത്തില്‍ തകര്‍ന്ന ബോട്ട്

സ്ത്രീകള്‍ മാത്രം വീട്ടില്‍ ഉള്ളപ്പോള്‍ പ്രതികളെന്നു സംശയിക്കുന്നവരുടെ വീടുകളില്‍ പൊലീസ് കയറിയങ്ങി. പൊലീസ് ഭീഷണിയില്‍ പലരും നാട് വിട്ട് ഒളിവില്‍ പോയി. കഴിഞ്ഞകുറച്ചുകാലമായി ലീഗ്- സി പി ഐ എം സംഘര്‍ഷമേഖലയായിരുന്നു ഇവിടം. ഇതേത്തുടര്‍ന്നുള്ള രാഷ്ട്രീയ ഭീഷണിയെ തുടര്‍ന്ന് പല പുരുഷന്മാരും വീടുകളില്‍ നിന്ന് മാറി താമസിക്കുകയായിരുന്നു.

ഇത്തവണത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് എത്തുമ്പോള്‍ പ്രശ്ന ബാധിത മേഖലിയിലെ പല വീടുകളിലും സ്ത്രീകളും കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഒളിവില്‍ പോയ പുരുഷന്മാരെവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞിട്ടും പൊലീസ് ആരെയും വെറുതെ വിട്ടില്ലെന്ന് സ്ത്രീകള്‍ പറയുന്നു.

കണ്ണില്‍ കണ്ടതൊക്കെ അടിച്ചു തകര്‍ത്തും കയ്യില്‍ കിട്ടിയവരെയൊക്കെ അറസ്റ്റ് ചെയ്തും പൊലീസ് പ്രശ്നം കൂടുതല്‍ വഷളാക്കിയെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു.

സ്പെഷ്യല്‍ ബറ്റാലിയന്‍ ഫോഴ്സില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥരാണ് പണ്ടാരക്കണ്ടി, ചാപ്പപടി, അല്‍ബസാര്‍, ഫക്കീര്‍പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള വീടുകളും പരിസര പ്രദേശങ്ങളിലും അക്രമം അഴിച്ചു വിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രശ്നത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരെയും നിരപരാധികളെയും വരെ രാത്രിക്ക് രാത്രി വീടുകളില്‍ അതിക്രമിച്ചെമത്തിയ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയി. പ്രശ്നവുമായി ബന്ധപെട്ട് 112 പേരോളം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിപിഐഎം ലീഗ് സംഘര്‍ഷം താനൂര്‍ കടപ്പുറം മേഖല ഇതിനു മുന്‍പും കണ്ടിട്ടുണ്ട്. നാളുകളായി കൈയ്യേറ്റവും വാക്കേറ്റവും കടപ്പുറം മേഖലയില്‍ ഉണ്ടാകുന്നത് തന്നെയാണ്. ഇത്തവണ അതല്‍പം അതിര് വിട്ട് പോയെന്ന് മാത്രമെന്നാണ് കുട്ടികളുടെ വരെ ഭാഷ്യം.

കയ്യേറ്റവും അടിയും ഇവിടെ പതിവാണ്. പക്ഷേ ഇത്തവണ അത് വല്ലാണ്ട് വഷളായി പോയി.
മുഹമ്മദ് ഫൈസല്‍, വിദ്യാര്‍ത്ഥി
അക്രമികള്‍ തീവെച്ച് നശിപ്പിച്ച വല
അക്രമികള്‍ തീവെച്ച് നശിപ്പിച്ച വല

സ്ത്രീകള്‍ക്ക് പറയാനുള്ളത്

ഇത്രയും നാള്‍ ഞങ്ങള്‍ മറയക്കപ്പുറമിരുന്നു. ഇന്ന് വീടും കുടിയും സമ്പാദ്യവുമൊക്കെ ഞങ്ങള്‍ക്ക് നഷ്ടമായി. മനസമാധനവും പോയി. ഇനിയും ഞങ്ങള്‍ പ്രതികരിക്കാതിരിക്കില്ല എന്ന് പറഞ്ഞാണ് താനൂരിലെ സ്ത്രീകള്‍ പലരും മുന്നോട്ട് വന്നത്. ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ എന്തിന് ക്യാമറയെ ഭയക്കണം ഞങ്ങള്‍ തുറന്നു പറയാന്‍ തയ്യാറാണ് അക്രമങ്ങളുടെ കഥയെന്ന് ഹൗറാജീന്റെ പുരയ്ക്കല്‍ താഹിറ പറഞ്ഞു.

താഹിറ
താഹിറ
സിപിഐഎമ്മിന്റെ വീടുകളെല്ലാം ഞങ്ങള്‍ തകര്‍ക്കും എന്ന് പറഞ്ഞാണ് ലീഗ് ഗുണ്ടകള്‍ കയറിവന്നത്. ഇവിടെ പൊലീസ്‌കാരല്ല വന്നത് ലീഗ് പ്രവര്‍ത്തകരാണ്. മുത്തുറ്റില്‍ പണയം വെച്ച പണ്ടം എടുക്കാന്‍ വെച്ച 50000 രുപയും അവര്‍ കൊണ്ടുപോയി. ആറായിരം രുപ കൂടി വേണമായിരുന്നു പണയം തിരിച്ചടയ്ക്കാന്‍ അത് കൂടി കിട്ടിയിട്ട് ബാങ്കിലടയ്ക്കാമെന്നു കരുതിയാണ് അലമാരയില്‍ തുക സൂക്ഷിച്ചത്.
താഹിറ പി

മറിയംബി ഗള്‍ഫില്‍ 21 വര്‍ഷം ജോലി ചെയ്ത് ഉണ്ടാക്കിയവീടും ഓട്ടോയുമൊക്കെ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു.

വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ജോലി ചെയ്തിട്ട് നാട്ടില്‍ സമാധാനത്തോടെ ജീവിക്കാമെന്ന് കരുതി തിരികെ എത്തിയതായിരുന്നു എല്ലാം പോയ്. കല്ലേറില്‍ ജനാലകളെല്ലാം വീടിന്‍റെ ജനാലകള്‍ തകര്‍ന്നു. ലീഗ് കാരുടെ വീടുകള്‍ തെരഞ്ഞു പിടിച്ചാണ് സിപിഎം അക്രമണം നടത്തിയത്. എന്‍റെ വീട് സിപിഎം അടിച്ചു തകര്‍ത്തിതിനു ശേഷമാണ് പൊലീസുകാര്‍ അക്രമം അഴിച്ചുവിട്ടത്.
മറിയംബി എന്‍
മറിയംബി
മറിയംബി

അക്രമണത്തില്‍ തകര്‍ന്ന സക്കീനയുടെ വീട് ഇനി പഴയപടിയാക്കണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കേണ്ടിവരും. വാതിലുകളും ജനലും ഒക്കെ മുഖം മുടി ധരിച്ചെത്തിയ അക്രമികള്‍ തല്ലിതകര്‍ത്തു. ഫര്‍ണിച്ചറുകളും വീട്ട് സാധനങ്ങളുമൊക്കെ തച്ചുടച്ചു. പത്താം ക്ലാസില്‍ പഠിക്കുന്ന മകളുടെ പുസ്തകങ്ങള്‍ വരെ നശിപ്പിച്ചു. വൈദ്യുതിയും ഇല്ലാതായി.

സക്കീന
സക്കീന
സിപിഐഎം പ്രവര്‍ത്തകന്റെ വീട് എന്ന് പറഞ്ഞ് തന്നെയാണ് അക്രമികള്‍ വീട്ടിലെത്തിയത്. ഒരു സാധനവും ബാക്കി വെച്ചിട്ടില്ല എല്ലാം നശിപ്പിച്ച് കളഞ്ഞു. മുപ്പതിനായിരം രൂപയും അലമാരി കുത്തിതുറന്ന് ഏടുത്തുകൊണ്ടു പോയി. ഭര്‍ത്താവിന്റെ ബൈക്ക് അടിച്ചു തകര്‍ത്ത് അതും കൊണ്ടുപോയിരുന്നു. ഈ പ്രദേശങ്ങളിലുള്ള കുട്ടികള്‍ തന്നെയാണ് വീട്ടിലെത്തിയത്. എല്ലാം ചെറുപ്പക്കാരായിരുന്നു.
സക്കീന

രാഷ്ട്രീയ സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിച്ചത് സ്ത്രീകളെയും കുട്ടികളെയും തന്നെയാണ്. അതിന്റെ പ്രതിഷേധമാണ് താനൂരിലെ സംഘര്‍ഷം ഉണ്ടായ മേഖലയിലെ സ്ത്രീകളില്‍ കൂടുതലായും കണ്ടത്. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ ആര്‍ഡിഒയോടും ജില്ലാ നേതാക്കളോടും റോഡിലിറങ്ങി തങ്ങള്‍ക്ക് സംഭവിച്ചത് അവര്‍ തുറന്നു പറഞ്ഞു. ജനങ്ങളുടെ സ്വത്തിനും സമ്പത്തിനും കാവലാകേണ്ട പൊലീസ് എല്ലാം നശിപ്പിച്ചതിലുള്ള പ്രതിഷേധവും അവര്‍ മറച്ചുവെച്ചില്ല.

മത്സ്യബന്ധനം അനിശ്ചിതത്വത്തില്‍

താനൂര്‍ പ്രദേശത്തെ കടപ്പുറത്തെ ഭൂരിഭാഗത്തിന്റെയും ഉപജീവന മാര്‍ഗം മത്സ്യബന്ധനമാണ്. വ്യാപാരികളുമുണ്ട് ഇവര്‍ക്കിടയില്‍. പതിനായിരങ്ങളുടെ നാശനഷ്ടമാണ് തീരദേശത്തെ വ്യാപാരികള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഉണ്ടായത്. പൊലീസ് അതിക്രമം ഇവരുടെ പ്രശ്നം കൂടുതല്‍ വഷളാക്കി.

കടപ്പുറത്ത് നിന്നുള്ള ദൃശ്യങ്ങള്‍
കടപ്പുറത്ത് നിന്നുള്ള ദൃശ്യങ്ങള്‍

മത്സ്യബന്ധത്തിന് ഉപയോഗിക്കുന്ന പതിനെട്ട് ലക്ഷം വിലവരുന്ന വലയടക്കം താനൂരില്‍ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. ഇനിയതുപോലെ ഒന്നുണ്ടാക്കിയെടുക്കുന്നതുവരെ എന്ത് ചെയ്യുമെന്ന് ആശയകുഴപ്പത്തിലാണ് മത്സ്യതൊഴിലാളികള്‍. ഇതിന് ഉത്തരവാദികളായവരെ സംബന്ധിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ആരോപണം ഉന്നയിക്കുകയാണ്. വല കത്തിച്ചത് പോലീസ് ആണെന്ന ആരോപണവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

വല തീവെച്ച് നശിപ്പിച്ച നിലയില്‍
വല തീവെച്ച് നശിപ്പിച്ച നിലയില്‍

താനൂര്‍ കടപ്പുറത്തെ ബോട്ടുകളും ഷെഡുകളും കത്തിച്ചതിന് പിന്നില്‍ സിപിഐഎമ്മും പൊലീസുമാണെന്ന് മത്സ്യതൊഴിലാളി അഷ്റഫ് പറഞ്ഞു.

സംഘര്‍ഷം ആരംഭിച്ച ഞായറാഴ്ച്ച രാത്രിമുതല്‍ കടലില്‍ പോകാനോ മീന്‍ കച്ചവടം നടത്താനോ തൊഴിലാളികള്‍ക്ക് സാധിച്ചിട്ടില്ല. കടപ്പുറത്ത് ഉടന്‍ മത്സ്യബന്ധനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ സാധാരണ ജീവിതം തീര്‍ത്തും താറുമാറാകും.

അന്നന്നത്തെ അന്നത്തിനുള്ള വക തേടി ജീവിക്കുന്ന പ്രദേശവാസികള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കി ജീവിതമാര്‍ഗം തിരികെ നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ താനൂര്‍ കടപ്പുറത്തുള്ളവരുടെ ജീവിതം ഇനിയും ദുരിതത്തിലാകുമെന്ന് മുന്‍ ബിജെപി നേതാവ് പിവി ഗീതാമാധവന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളും പ്രതിസന്ധിയില്‍

ഞായറാഴ്ച്ച വൈകുന്നേരം ഉണ്ടായ സംഘര്‍ഷം സ്‌കുള്‍ വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പത്താം ക്ലാസ് പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമാധാനമായി പഠിക്കാനുള്ള അന്തരീക്ഷം പോലും ഇപ്പോള്‍ താനൂരിലില്ല. പ്രശ്നബാധിത മേഖലയിലേക്ക് ഓട്ടോയും ബസും സര്‍വ്വീസ് നടത്താത്തതിനാല്‍ നാല് കിലോമീറ്റര്‍ നടന്നാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്നത്. ചില ഭാഗങ്ങളില്‍ സ്‌കൂള്‍ ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.

ഞായറാഴ്ച്ച് രാത്രി നടന്ന പ്രശ്നത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലര്‍ക്കും പുസ്തകം നഷ്ടമായി. ചിലരുടെ ഹാള്‍ടിക്കറ്റ് അക്രമികള്‍ നശിപ്പിച്ചു. . പലരെയും അമ്മമാര്‍ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടാണുള്ളത്. താനൂരില്‍ നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും ഏത് നിമിഷവും പ്രശ്നം വീണ്ടും ഉണ്ടാകാം എന്ന ഭയത്തിലാണ് ഇവര്‍.

പുസ്തകം രാത്രി വീട്ടില്‍ വന്നവര്‍ എടുത്തിട്ടുപോയി. കുറേ പുസ്തകങ്ങള്‍ കാണാതെയുമായിട്ടുണ്ട്. ഇപ്പോള്‍ മറ്റുകുട്ടികളുടെ കൂടെ ഇരുന്നാണ് പഠിക്കുന്നത്. പരീക്ഷയല്ലെ അവര്‍ക്കും പഠിക്കേണ്ടേ? അത് കൊണ്ട് അവരെയും കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ പറ്റില്ലല്ലോ. ഇത്രയും നാള്‍ പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകളെല്ലാം നടത്തിയിട്ട് പരീക്ഷയായപ്പോള്‍ ഇങ്ങനെയായതില്‍ ടീച്ചര്‍മാര്‍ക്കും വിഷമമുണ്ട്.
സുഫൈജ, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി
ഞങ്ങളിപ്പോള്‍ നടന്നാണ് സ്‌കുളില്‍ പോകുന്നത്. ബസ്‌കാരൊന്നു ഇങ്ങോട്ട് വരുന്നില്ല. പരീക്ഷയ്ക്ക് വെയിലും കൊണ്ട് നടന്ന് യാത്രപോകുന്നത് ശരിക്കും ബുദ്ധിമുട്ടാണ്. വീട്ടില്‍ കറണ്ടൊന്നും ഇല്ല. പ്രശ്നം നടന്നപ്പോള്‍ മെയിന്‍ സുച്ചൊക്കെ പൊലീസ് അടിച്ചു പൊളിച്ചു.
ഹസീന യു

താനൂര്‍ ശാന്തമാകാന്‍ ആരാണ് തടസ്സം

പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും താനൂര്‍ പ്രശ്‌നബാധിത മേഖലയാണെന്ന് സിപിഐഎമ്മിന്റെയും ലീഗിന്റെയും പ്രദേശിക നേതാക്കളും സമ്മതിക്കുന്നു. ഇരുപാര്‍ട്ടികളുടെയും സ്വാധീന മേഖലകളില്‍ അവരവരുടേതായ ആളുകളുടെ ആധിപത്യം തന്നെയാണ് ഉള്ളത്.കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് പ്രശ്നം കൂടുതല്‍ വഷളായത്. പ്രശ്‌നം നിയന്ത്രിക്കാനാകാതെ വന്നപ്പോഴാണ് പൊലീസ് വീടുകള്‍ കയറാനും അതിക്രമിക്കാനും തുടങ്ങിയതെന്ന് ഇരുവിഭാഗങ്ങളും സമ്മതിക്കുന്നുണ്ട്.

അപ്പോഴും ചെറിയ ചെറിയ കാര്യങ്ങള്‍ വഷളാക്കിയതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കുമുണ്ടെന്ന് സമ്മതിക്കാനോ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലെടുത്ത തീരുമാനങ്ങള്‍ അണികളെ കൊണ്ട് കൃത്യമായി നടത്തിക്കാനോ ഇരുവിഭാഗത്തിനും സാധിച്ചിട്ടില്ല. പലതവണ താനൂരില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിട്ടും പരിഹാരമുണ്ടാകാത്തത് ഇതിന് ഉദാഹരണവുമാണ്.

ലീഗിന്റെ രാഷ്ട്രീയ അസഹിഷ്ണുതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയേയും വെച്ചുപൊറുപ്പിക്കില്ലെന്ന അഹങ്കാരമാണ് ലീഗിന്. അത് തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണവും. പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച്ച തന്നെയാണ് സംഭവിച്ചത്. വീഴ്ച്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
ജയന്‍ ഇ, സിപിഐഎം ഏരിയ സെക്രട്ടറി
അറുപതോളം വീടുകളാണ് പൊലീസ് അക്രമത്തില്‍ തകര്‍ന്നത്. വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ബറ്റാലിയനില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഉദ്യോഗസ്ഥരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. നല്ല രീതിയില്‍ പ്രശ്‌നം ശാന്തമാക്കാന്‍ ശ്രമിച്ച് പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവര്‍ക്ക് കൂടി നാണക്കേട് ഉണ്ടാക്കുന്ന രീതിയിലായിരുന്നു അര്‍ധരാത്രി വീടുകളിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
അഷ്‌റഫ് എന്‍ പി, മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി

200 ഓളം പൊലീസുകാരെ സുരക്ഷയ്ക്കായ് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. പൊലീസ് നിരീക്ഷണത്തിലാണ് താനൂരിപ്പോള്‍. കേവലമായ ശാന്തത താനൂരിലുണ്ടെങ്കിലും പൊലീസ് അതിക്രമത്തിലുള്‍പ്പെടെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാതെ ഇവിടുത്തെ നൂറുകണക്കിന് മനുഷ്യരുടെ ജീവിതത്തിലെ തീയണയില്ല.