ജോലി നല്‍കിയിട്ടും അയിത്തം മാറ്റാതെ കൊച്ചി മെട്രോ; ലോകമാധ്യമങ്ങള്‍ വരെ ആഘോഷിച്ച ‘കേരളത്തിന്റെ വഴികാട്ടല്‍’പുറത്തേക്കായി; ഭിന്നലിംഗക്കാരില്‍ പകുതിയും ജോലി ഉപേക്ഷിച്ചു 

June 24, 2017, 2:39 pm
ജോലി നല്‍കിയിട്ടും അയിത്തം മാറ്റാതെ കൊച്ചി മെട്രോ; ലോകമാധ്യമങ്ങള്‍ വരെ ആഘോഷിച്ച ‘കേരളത്തിന്റെ വഴികാട്ടല്‍’പുറത്തേക്കായി; ഭിന്നലിംഗക്കാരില്‍ പകുതിയും ജോലി ഉപേക്ഷിച്ചു 
Special Story
Special Story
ജോലി നല്‍കിയിട്ടും അയിത്തം മാറ്റാതെ കൊച്ചി മെട്രോ; ലോകമാധ്യമങ്ങള്‍ വരെ ആഘോഷിച്ച ‘കേരളത്തിന്റെ വഴികാട്ടല്‍’പുറത്തേക്കായി; ഭിന്നലിംഗക്കാരില്‍ പകുതിയും ജോലി ഉപേക്ഷിച്ചു 

ജോലി നല്‍കിയിട്ടും അയിത്തം മാറ്റാതെ കൊച്ചി മെട്രോ; ലോകമാധ്യമങ്ങള്‍ വരെ ആഘോഷിച്ച ‘കേരളത്തിന്റെ വഴികാട്ടല്‍’പുറത്തേക്കായി; ഭിന്നലിംഗക്കാരില്‍ പകുതിയും ജോലി ഉപേക്ഷിച്ചു 

ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ തൊഴില്‍ നല്‍കിയെങ്കിലും അവരോടുള്ള അയിത്തം ഇതുവരെ മാറിയില്ല. വഴികാട്ടുന്ന കേരളം എന്ന് കൊട്ടി ഘോഷിച്ച് കേരള സര്‍ക്കാര്‍ ജോലി നല്‍കിയ ഭിന്നലിംഗക്കാരില്‍ പകുകിയിലധികം പേരും പഴയ ജോലികളിലേക്ക് തന്നെ മടങ്ങുകയാണ്. സാമൂഹികമായ അവഗണനയാണ് ഇവരില്‍ നല്ലൊരു ശതമാനത്തെയും ജോലി ഉപേക്ഷിച്ച് പുറത്തു പോകാന്‍ നിര്‍ബന്ധിതരാക്കുന്നത്. സഹജീവനക്കാരില്‍ നിന്നും സ്റ്റേഷന്‍ മാസ്റ്ററില്‍ നിന്നും നേരിട്ട അവഗണന സഹിക്കാന്‍ കഴിയാതെയാണ് മെട്രോയിലെ ജീവനക്കാരിയായ സ്വീറ്റി ബെര്‍ണാഡ് ഒരുമാസത്തിനകം ജോലി ഉപേക്ഷിച്ചത്.

മെട്രോ ഒാടിത്തുടങ്ങി ഒരാഴ്ച്ചയ്ക്കിപ്പുറം അത്ര സുഖകരമായ കാര്യങ്ങളല്ല ഭിന്നലിംഗക്കാരായ ജീവനക്കാര്‍ക്ക് പറയാനുള്ളത്.

ജോലി ലഭിച്ചിട്ടും മാറ്റമില്ലാതെ തുടരുന്ന സാമൂഹിക അസുരക്ഷിതത്വത്തെക്കുറിച്ചാണ് ടിക്കറ്റിങ്ങ് വിഭാഗത്തിലെ ജീവനക്കാരി രാഗരഞ്ജിനിയ്ക്ക് പറയാനുള്ളത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവളായതുകൊണ്ട് മാത്രം താമസം സൗകര്യം ലഭിക്കാതെ പ്രതിദിന ശമ്പളത്തിന്റെ ഇരട്ടി ചിലവാക്കി ലോഡ്ജ് മുറികളില്‍ തങ്ങാന്‍ നിര്‍ബന്ധിതയാകുന്നു എന്ന് രാഗരഞ്ജിനി പറയുന്നു. സഹജീവനക്കാരില്‍ പലരും സുഹൃത്തുക്കളുടെ വീടുകളിലാണ് നില്‍ക്കുന്നതെന്നും ഇങ്ങനെ എത്രകാലം തുടരാന്‍ കഴിയും എന്നും അമ്പാട്ടുകാവ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ജാസ്മിന്‍ ചോദിച്ചു.

സ്ത്രീ തൊഴിലാളികളോടൊപ്പം തങ്ങളെയും പരിഗണിക്കും എന്നാണ് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞത്. പുരുഷന് കിട്ടുന്ന ശമ്പളം ഇന്നും സ്ത്രീകള്‍ക്ക് കിട്ടുന്നില്ല. ഇവിടെയാണ് അവരേക്കാള്‍ പിന്നോക്കം നില്‍ക്കുന്ന തങ്ങളോട് കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ പറയുന്നത്. ഈ നിലപാട് ശരിയാണോ എന്നാണ് ഫൈസലിന്റെ ചോദ്യം.

മാന്യമായ ജോലി നല്‍കി തങ്ങളെ തെരുവുകളിലേക്ക് തന്നെ തിരിച്ചയക്കല്ലേ എന്ന ഭിന്നലിംഗക്കാരുടെ ആവശ്യം പ്രസക്തമാക്കുന്നത് ഇവിടെയാണ്. ജോലി നല്‍കി എന്നതു കൊണ്ട് മാത്രം അവസാനിക്കുന്നതല്ല ഭിന്നലിംഗക്കാരുടെ പ്രശ്‌നമെന്നും വര്‍ഷങ്ങളായി അനുഭവിക്കുന്ന പിന്നോക്ക അവസ്ഥിയില്‍ നിന്നും മുന്നോട്ട് വരാന്‍ തങ്ങള്‍ക്ക് ഇനിയും സഹായം ആവശ്യമാണെന്നും ശീതള്‍ ശ്യം സൗത്ത് ലൈവിനോട് പറഞ്ഞു. ജോലി എന്ന ആവശ്യത്തിനു മുന്‍പ് ഷെല്‍ട്ടര്‍ ഹോമാണ് സര്‍ക്കാരിനോട് ഭിന്നലിംഗക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ഇതുവരെയും സര്‍ക്കാര്‍ പരിഗണനയ്‌ക്കെടുത്തിട്ടില്ലെന്നും മെട്രോ ജീവനക്കാര്‍ പറയുന്നു.

ആദ്യ ഘട്ടത്തില്‍ 23 ഭി്ന്നലിംഗക്കാരെയാണ് സര്‍ക്കാര്‍ ജോലിയ്‌ക്കെടുത്തത്. ഇതില്‍ തന്നെ പരിശീലനം നല്‍കിയതിനു ശേഷം ജോലിയില്‍ നിന്നും ഒഴിവാക്കി എന്നാരോപിച്ച് രണ്ടുപേര്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ 12 പേര്‍ മാത്രമാണ് സ്ഥിരമായി ജോലിക്കെത്തുന്നതെന്ന് ഭിന്നലിംഗക്കാരുടെ സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഭിന്നലിംഗക്കാരോടുള്ള സമീപനത്തോട് അടുത്തകാലത്തായി പുരോഗമനപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അത്ര സുഖകരമല്ല അവരുടെ സാമൂഹ്യ ജീവിതമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നഗരത്തില്‍ ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ക്ക് താമസ സൗകര്യം ലഭിക്കാന്‍ ബുദ്ധിമുട്ടാണ് ഇതു മുതലാക്കി ലോഡ്ജുകളില്‍ വന്‍ തുകയാണ് ഈടാക്കുന്നതെന്ന് മെട്രോയില്‍ ടിക്കറ്റിങ്ങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന രാഗരഞ്ജിനി പറഞ്ഞു.

താമസമാണ് പ്രധാന പ്രശ്‌നം. വരുമാനത്തില്‍ കവിഞ്ഞ തുക താമസത്തിന് വരുന്നത് പ്രശ്‌നമാണ്. നിലവിലെ എന്റെ അവസ്ഥ വച്ച് ജോലി ഉപേക്ഷിക്കേണ്ട സമയം എപ്പൊഴോ കഴിഞ്ഞു. പക്ഷേ ജോലി പാതി വഴിയില്‍ ഉപേക്ഷിച്ച് പോകുന്നത് തങ്ങളുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭാവിയില്‍ ഒരു പ്രശ്‌നമായേക്കാം. മുഖ്യധാരയിലേക്ക് കടന്നു വരേണ്ടവരാണ് അവരും. അതിനൊരു അവസരമാണ് തങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ച ജോലി
രാഗരഞ്ജിനി

ജോലി നല്‍കിയതു കൊണ്ട് മാത്രം അവസാനിക്കുന്നതല്ല തങ്ങളുടെ പ്രശ്നമെന്ന് കെഎംആര്‍എല്ലിനോടും, കുടുംബ ശ്രീയോടും പറഞ്ഞിരുന്നെന്ന് അംബുക്കാവ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ജാസ്മിന്‍ സൗത്ത് ലൈവിനോട് പറഞ്ഞു

ജോലി എന്ന ആവശ്യം മുന്നോട്ട് വെക്കുന്നതിനു മുന്‍പ് തങ്ങള്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞതാണ്. ആവശ്യം ഉടന്‍ പരിഗണിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ജാസ്മിന്‍

വര്‍ഷങ്ങളുടെ പ്രവര്‍ത്തനത്തിനു ശേഷം ലഭിച്ച മാന്യമായ ജോലി ഉപേക്ഷിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നു തന്നെയാണ് ഇടപ്പള്ളി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഫെെസല്‍ പറയുന്നത്.

സാമൂഹികമായ അസമത്വം ഞങ്ങള്‍ ഇന്നും നേരിടുന്നു. കയ്യില്‍ കിട്ടുന്ന 9500 രൂപ കൊണ്ട് നഗരത്തിലെ ചിലവും, താമസവും, ഭക്ഷണവുമെല്ലാം ഒത്തു പോകില്ല. ഷെല്‍ട്ടര്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുകയാണ് ഇതിനൊരു പ്രധാന പരിഹാരം. അത് ഉടന്‍ ആരംഭിക്കുക തന്നെ വേണം
ഫെെസല്‍

വളരെ പ്രതീക്ഷയോടെ പ്രവേശിച്ച ജോലിയില്‍ നിന്നും ഇറങ്ങി വരാന്‍ ജീവനക്കാര്‍ക്ക് താത്പര്യമില്ല. ചുരുങ്ങിയ ശമ്പളം, താമസം തുടങ്ങിയ പ്രശ്നങ്ങളെല്ലാമുണ്ടെങ്കിലും മാന്യമായ ജാേലി എന്ന ഏറെക്കാലത്തെ സ്വപ്നം തന്നെയാണ് പലരെയും ഇപ്പോഴും മെട്രോയില്‍ പിടിച്ചു നിര്‍ത്തുന്നത്. പലരും ഔദ്യാേഗികമായി ജോലിയില്‍ നിന്നും പിരിഞ്ഞു പോകാതെ അവധി എടുത്ത് മാറി നില്‍ക്കുന്നത് പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. ഏറെ പ്രചരണം നല്‍കി ഒരു സമൂഹത്തിനു പുതിയ പ്രതീക്ഷ നല്‍കി കൊട്ടി ഘോഷിച്ച് നടത്തിയ പദ്ധതി മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്തം കൂടി സര്‍ക്കാരിനുണ്ടെന്ന് ഒാര്‍മ്മിപ്പിക്കുകയാണ് മെട്രോയിലെ ഭിന്നലിംഗക്കാരായ തൊഴിലാളികള്‍.