മെര്‍സലിന് മുമ്പും അയാള്‍ ‘ജോസഫ് വിജയ്’ ആയിരുന്നില്ലേ 

October 23, 2017, 2:15 pm
മെര്‍സലിന് മുമ്പും അയാള്‍ ‘ജോസഫ് വിജയ്’ ആയിരുന്നില്ലേ 
Special Story
Special Story
മെര്‍സലിന് മുമ്പും അയാള്‍ ‘ജോസഫ് വിജയ്’ ആയിരുന്നില്ലേ 

മെര്‍സലിന് മുമ്പും അയാള്‍ ‘ജോസഫ് വിജയ്’ ആയിരുന്നില്ലേ 

വിമര്‍ശനങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ വിജയ് ചിത്രം മെര്‍സലിന്റെ ബോക്സ് ഓഫീസ് കുതിപ്പ് തുടരുകയാണ്. ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയതോടെ രാജ്യത്തങ്ങോളമിങ്ങോളം പ്രതിഷേധ സ്വരങ്ങളുയരുന്നു. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നടത്തിയ നോട്ടുനിരോധനവും, ജിഎസ്ടിയും, യുപി ഖൊരക്പൂരിലെ ശിശു മരണവും പ്രമേയമാകുന്ന ചിത്രത്തിലെ രംഗങ്ങളാണ് നീക്കം ചെയ്യാന്‍ ബിജെപി മുറവിളി കൂട്ടുന്നത്. ഇതിനൊക്കെ പുറമേ അമ്പലങ്ങള്‍ക്ക് പകരം ആശുപത്രികള്‍ പണിയണമെന്ന സംഭാഷണമാണ് ബിജെപിക്കാരെ കൂടുതല്‍ പ്രകോപിതരാക്കിയത്.

ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കപ്പെടുന്നതിനെതിരെ സിനിമാ രംഗത്തുനിന്നും കമല്‍ഹാസന്‍, പാ രഞ്ജിത്, വിജയ് സേതു സേതുപതി, ഗൗതമി, വിഷാല്‍ അടക്കമുള്ളവര്‍ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ തമിഴ് സിനിമാ രംഗം വിട്ടും ബിജെപിക്കെതിരെ പ്രതിഷേധശബ്ദമുയര്‍ന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഏറ്റവുമൊടുവില്‍ രംഗത്തെത്തിയത്. തമിഴ് സംസ്‌കാരത്തെ അപമാനിക്കരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടു, മുന്‍ മന്ത്രി പി ചിദംബരവും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന പ്രകീര്‍ത്തിക്കുന്ന ഡോക്യുമെന്ററികള്‍ക്ക് മാത്രം പ്രദര്‍ശനാനുമതി എന്ന നിയമം ഉടനെ കൊണ്ടുവരുമെന്നാണ് ചിദംബരം പറഞ്ഞത്. പ്രധാനപ്പെട്ട വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നും അതു നന്നായി ചെയ്തതിനു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നുമായിരുന്നു രജനീകാന്തിന്റെ ട്വീറ്റ്.

ഇതിനിടെ നടന്‍ വിജയിയുടെ പേര് ജോസഫ് വിജയ് ആതുകൊണ്ടാണ് ക്ഷേത്രങ്ങളെക്കുറിച്ച് മോശമായി ചിത്രീകരിച്ചതെന്നു വരെ പ്രചാരണങ്ങളുമായി ബിജെപി രംഗത്തെത്തി. ഇതിനു പുറമേ വിജയിയുടെ ആദായ നികുതി വിവരങ്ങള്‍ പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്ര മോഡിയെ കണ്ട് കൈകൊടുത്ത കക്ഷിയാണ് ഈ വിജയ്. മോഡി രാജ്യം ഭരിക്കുന്നത് കാണാന്‍ എല്ലാ പിന്തുണയും നല്‍കിയിട്ടുമുണ്ട്. നോട്ട് അസാധുവാക്കലിന് അരുണ്‍ ജയ്റ്റ്ലിയേക്കാള്‍ പിന്തുണച്ചിരുന്ന ഒരാളാണ് വിജയ്. നല്ല കാര്യത്തിന് നാട്ടുകാര്‍ ചിലതൊക്കെ സഹിക്കണമെന്ന് 2016 നവംബര്‍ 14 ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. അന്നൊന്നും വിജയുടെ പേരിലെ 'ജോസഫ്' ആരും ഉയര്‍ത്തിയിരുന്നില്ല. വിജയ് ആദായ നികുതി അടയ്ക്കാറുണ്ടോയെന്നത് ആശങ്കയായിരുന്നില്ല...

മെര്‍സല്‍ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണ് ചിത്രം ദീപാവലിക്ക് തിയറ്ററുകളിലെത്തിയത്. 'സിംഗപൂരില്‍ ഏഴുശതമാനം ജി.എസ്.ടിയുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന മദ്യത്തിന് ജി.എസ്.ടിയില്ല, പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനു ജിഎസ്ടി ഈടാക്കുന്നു' ഈ സംഭാഷണങ്ങളാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ചോദ്യം ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായാണ് ചിത്രീകരിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. അതേസമയം ചിത്രത്തിന് പിന്തുണയുമായി നിരവധി പേരെത്തി. ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്ന് പറഞ്ഞ് സംവിധായകന്‍ പാ രഞ്ജിത്തും പിന്തുണയുമായെത്തി.

ചിത്രത്തിന്റെ തുടക്കത്തില്‍ വടിവേലു തന്റെ കാലിയായ പേഴ്‌സ് തുറന്നുകാട്ടി ഡിജിറ്റല്‍ ഇന്ത്യയ്ക്ക് നന്ദി പറയുന്ന രംഗമാണ് ഒന്ന്. വിജയ് അവതരിപ്പിക്കുന്ന നായകകഥാപാത്രം ഇന്ത്യയിലെയും സിംഗപ്പൂരിലെയും ജിഎസ്ടി താരതമ്യം ചെയ്യുന്നതാണ് രണ്ടാമത്തെ രംഗം. ഉയര്‍ന്ന ജി.എസ്.ടിയുള്ള ഇന്ത്യയില്‍ ഏഴ് ശതമാനം മാത്രം ജിഎസ്ടിയുള്ള സിംഗപ്പൂരില്‍ ലഭിക്കുന്ന അവകാശങ്ങള്‍ പോലും ജനത്തിനു കിട്ടുന്നില്ലെന്നാണ് പരാമര്‍ശം. സംഗപ്പൂരില്‍ കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുമെന്നും എന്നാല്‍ 28 ശതമാനം ജിഎസ്ടി ഈടാക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള സംഭാഷണമാണ് ഇത്.

ഈ പരാമര്‍ശങ്ങള്‍ വിജയിയുടെ ബി.ജെ.പി. വിരുദ്ധരാഷ്ട്രീയമാണെന്നാരോപിച്ച് ആദ്യമെത്തിയത് പാര്‍ട്ടിയുടെ തമിഴ്നാട് അധ്യക്ഷ തമിളിസൈ സുന്ദര്‍രാജന്‍ തന്നെയാണ്. പിന്നാലെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കു പോലും മടിക്കാതെ കൂടുതല്‍ ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തി. ജോസഫ് വിജയ് എന്ന് വിജയിയെ അഭിസംബോധന ചെയ്താണ് ബി.ജെ.പി. നേതാവ് രാജ വര്‍ഗീയാധിക്ഷേപത്തിനു മുതിര്‍ന്നത്. മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിന് കാരണം വിജയുടെ മതവിശ്വാസമാണെന്നാണ് രാജയുടെ മുഖ്യ ആരോപണം. ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രികള്‍ നിര്‍മ്മിക്കണമെന്ന സംഭാഷണം പള്ളികളെക്കുറിച്ച് അദ്ദേഹം പറയുമോയെന്നും രാജ ചോദിച്ചു. ചിത്രത്തിനെതിരെ സംഘടിതമായ പ്രചാരണം നടത്തിയ ബി.ജെ.പി. പ്രതിഷേധത്തെത്തുടര്‍ന്ന് വിവാദ രംഗങ്ങള്‍ നീക്കം ചെയ്യാമെന്നു വരെ നിര്‍മ്മാതാവിനു സമ്മതിക്കേണ്ടി വന്നു. എന്നാല്‍ തമിഴകമൊന്നാകെ മെര്‍സലിനു പിന്തുണയുമായി എത്തിയതോടെ ചിത്രം കീഴ്മേല്‍ മറിഞ്ഞു.

ചിത്രത്തിനെതിരെ സംസാരിച്ച ബിജപി ദേശിയ സെക്രട്ടറി എച്ച് രാജയുടെ വിക്കിപീഡിയ പേജ് തിരുത്തിയത് പ്രതിഷേധത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ ഭരണകൂടത്തിന്റെ വെട്ടിമുറിക്കലുകളാണ് അടുത്ത കാലത്തായി നമ്മള്‍ കണ്ടു വരുന്നത്. സംഘപരിവാര്‍ തീവ്രവാദത്തിനെതിരെ പ്രതികരിച്ച നരേന്ദ്ര ധബോല്‍ക്കര്‍, എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവരെ നിര്‍ദാരുണം കൊലപ്പെടുത്തിയ രാജ്യത്താണ് നാം ഇന്ന് ജീവിക്കുന്നത്. സിനിമയിലെ പരാമര്‍ശങ്ങളെ പോലും ഭയപ്പടുന്ന രാഷ്ട്രീയ നേതൃത്വം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന ചില നാടകങ്ങള്‍ മാത്രമാണിത്. തമിഴകരാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ ദേശീയനേതൃത്വം നടത്തിവരുന്ന നീക്കങ്ങള്‍ക്കിടെയാണ് ചിത്രം പുറത്തിറങ്ങിയത് വന്‍ തലവേദനയാണ് സൃഷ്ടിച്ചത്. എന്തായാലും ഒരു വിജയ് ചിത്രത്തിന് നേടാവുന്നതിന്റെ പരമാവതി പ്രചരണം നേടിക്കൊടുത്ത് ബിജെപി മാതൃകയായി എന്നു വേണം പറയാന്‍.