ലാവലിന്‍ കേസ്: പിണറായിയുടെ സാല്‍വേമാര്‍ പറയുന്ന എട്ട് നുണക്കഥകള്‍

March 24, 2017, 5:52 pm
ലാവലിന്‍ കേസ്: പിണറായിയുടെ  സാല്‍വേമാര്‍ പറയുന്ന എട്ട് നുണക്കഥകള്‍
Special Story
Special Story
ലാവലിന്‍ കേസ്: പിണറായിയുടെ  സാല്‍വേമാര്‍ പറയുന്ന എട്ട് നുണക്കഥകള്‍

ലാവലിന്‍ കേസ്: പിണറായിയുടെ സാല്‍വേമാര്‍ പറയുന്ന എട്ട് നുണക്കഥകള്‍

സംസ്ഥാന മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഏഴാം പ്രതിയായ എസ്എന്‍സി ലാവലിന്‍ കേസ് ഒരു ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങളില്‍ നിറയുകയാണ്. കേസിലെ കുറ്റപത്രം റദ്ദാക്കിയതിനെതിരെ സി ബി ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഇതിന് കാരണമായത്. പിണറായി വിജയന് വേണ്ടി പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് സാല്‍വേ എത്തിയതും അദ്ദേഹം ഉന്നയിച്ച വാദങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചു.

കോടതിയില്‍ സാല്‍വേ അടക്കമുള്ള അഭിഭാഷകരും കോടതിക്ക് പുറത്ത് പിണറായിക്കുവേണ്ടി വാദിക്കുന്നവരും പറയുന്നതുപോലെ, ഒരു വിചാരണ പോലും അര്‍ഹിക്കാത്ത കേസാണോ ഇത്? യഥാര്‍ത്ഥത്തില്‍ സി ബി ഐ അന്വേഷണത്തില്‍ ലഭിച്ച രേഖാമൂലമുള്ള വസ്തുതകള്‍ എന്താണ് ബോധ്യപ്പെടുത്തുന്നത്? രേഖകളായും മൊഴികളായും സി ബി ഐയ്ക്ക് കിട്ടിയ തെളിവുകള്‍ എന്താണ് പറയുന്നത്? മുന്‍വിധികളും പക്ഷപാതിത്വവുമില്ലാതെ ഈ കുറ്റപത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്: വസ്തുതകള്‍ മറച്ചുപിടിക്കാനും ദുരൂഹമാക്കാനും തെറ്റിദ്ധാരണ പരത്താനും മൗനം പുലര്‍ത്താനും ശ്രമിക്കുന്നത് പിണറായി വിജയനും അദ്ദേഹത്തിന്റെ 'വക്കീലന്‍മാരും' ആണ്. സിബിഐ കുറ്റപത്രത്തിന് ആധാരമായ രേഖകളുടെ/മൊഴികളുടെ/തെളിവുകളുടെ വിശ്വാസ്യത ബോധ്യപ്പെടേണ്ടത് വിചാരണയുടെ ഘട്ടത്തിലാണ്. അനാവശ്യമായ വിചാരണകളില്‍ നിന്നുള്ള പരിരക്ഷയും നിയമപരമായി പൗരന്റെ അവകാശം തന്നെയാണ്. എന്നാല്‍ പൊതു ഖജനാവുമായി ബന്ധപ്പെട്ടതും പൊതുജനത്തിന് ഉത്തരം കിട്ടേണ്ടതുമായ ഒരു വിഷയത്തില്‍ വിചാരണ പോലും വേണ്ട എന്നു പറയുമ്പോള്‍ നിയമത്തിന്റെ നടത്തിപ്പിന് തടയിടുകയാണ് ലക്ഷ്യം.

നുണക്കഥ ഒന്ന്:കാന്‍സര്‍ സെന്റര്‍ ലാവ്‌ലിന്‍ പദ്ധതിയുടെ ഭാഗമല്ല

ഇടുക്കി ജില്ലയിലെ പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം പദ്ധതികളുടെ നവീകരണത്തിനായി എസ്എന്‍സി ലാവലിനുമായുണ്ടാക്കിയ കരാറിന്റെ ഭാഗമല്ല തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന് തരാമെന്ന് ലാവലിന്‍ കമ്പനി ഏറ്റ പണമെന്ന വിചിത്രമായ വാദമാണ് ഹരീഷ് സാല്‍വേ കോടതിയില്‍ പുതുതായി ഉന്നയിച്ചത്. ഒന്ന് ഒരു കൊമേഴ്സ്യല്‍ കരാറും മറ്റേത് ഒരു സാമൂഹിക സ്ഥാപനവുമാണെന്ന്‌ സാല്‍വേ പറയുന്നു. കരാറിന്റെ ഉറപ്പുകള്‍ കാന്‍സര്‍ സെന്ററിന് ബാധകമല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് സാല്‍വേ. എന്നാല്‍ ലാവലിന്‍ കരാറിന്റെയും ലാവലിന്‍ കേസിന്റെയും പരസഹസ്രം പേജുകള്‍ പിണറായിയുടെ ഈ പുതിയ വാദത്തെ ഖണ്ഡിക്കുന്നു. പിണറായിയുടെ തന്നെ മുന്‍ മൊഴികളും ഈ വാദത്തിന് എതിരാണ്.

ലാവലിന്‍ കരാര്‍ ഒപ്പുവെച്ചതുതന്നെ കാന്‍സര്‍ സെന്റര്‍ ഈ പദ്ധതിയുടെ ഭാഗമാണെന്ന് വാദിച്ചുകൊണ്ടായിരുന്നു. കെ എസ് ഇ ബി ഏര്‍പ്പെടുന്ന കരാറില്‍ ഒരു കാന്‍സര്‍ സെന്റര്‍ എങ്ങനെ ഭാഗമാകും എന്ന് ചോദിച്ചവരെ അവഗണിച്ചും അവഹേളിച്ചും നിശബ്ദരാക്കിയുമാണ് അന്ന് പിണറായി വിജയന്‍ കരാറുമായി മുന്നോട്ടു പോയത്. ഇക്കാര്യം സിബിഐ രേഖകളില്‍ പകല്‍പോലെ വ്യക്തമാണ്.

പിണറായിയെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി അതിന് കാരണമായി പറഞ്ഞത് കാന്‍സര്‍ സെന്റര്‍ കരാറിന്റെ ഭാഗമാണ് എന്നാണ്. കോടതി വിധിയിലെ വാചകങ്ങള്‍ ഇങ്ങനെയാണ്:

Thus there is avalanche of evidence forthcoming to prove that the proposal to establish Cancer hospital at Thalassery was mooted by A7( Shri Pinarayi Vijayan) and that was done while discussing the Renovation and Modernization of work of PSP projects.'' (Para 41)

അതായത് സി ബി ഐ കോടതി പിണറായി വിജയന് അനുകൂലമായി വിധി പറയാന്‍ കണ്ടെത്തിയ കാരണങ്ങളിലൊന്ന് കാന്‍സര്‍ സെന്റര്‍ ലാവലിന്‍ പദ്ധതിയുടെ ഭാഗമാണ് എന്നതാണ്. ഇപ്പോള്‍ ആശുപത്രി പദ്ധതിയുടെ ഭാഗമല്ലെന്ന വാദം ഉന്നയിക്കുമ്പോള്‍, തന്നെ രക്ഷപ്പെടുത്തിയ കോടതിവിധിയുടെ കണ്ടെത്തലിനെത്തന്നെയാണ് പിണറായി ചോദ്യം ചെയ്യുന്നത്, ആ വിധി നിലനിര്‍ത്തിത്തരണമെന്ന് പറയുമ്പോഴും.

ഈ മലക്കം മറിച്ചിലിന് പക്ഷേ കാരണമുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഈ നവീകരണ പദ്ധതിയുടെ ഭാഗമാണെന്നുവന്നാല്‍ അതിനുള്ള പണം ലഭിക്കുന്ന തരത്തിലുള്ളതും നിയമപരമായി നിലനില്‍ക്കുന്നതുമായ കരാര്‍ എന്തുകൊണ്ട് ഉറപ്പാക്കിയില്ല എന്ന ചോദ്യത്തിന് പിണറായി മറുപടി പറയണം. മറിച്ച് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഈ പദ്ധതിയുടെ ഭാഗമല്ലെന്നുവന്നാല്‍ ഇതിന് ലഭിക്കുമെന്ന്‌ പ്രചരിപ്പിച്ച 98 കോടി രൂപയുടെ സഹായം നവീകരണ പദ്ധതിയുടെ ഉപകരണങ്ങളുടെ വില പരിശോധിക്കുമ്പോള്‍ കുറവു ചെയ്യണമെന്ന് ആവശ്യപെട്ടതിനെക്കുറിച്ചും വിശദീകരിക്കേണ്ടിവരും. അങ്ങനെ കുറവു ചെയ്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോയതിന്റെയും കാരണം ബോധ്യപെടുത്തണം. അതുകൊണ്ടാണ് കാന്‍സര്‍ സെന്ററിനുള്ള പണം ഭാഗികമായി മാത്രമേ കരാറിന്റെ ഭാഗമാകുന്നുള്ളൂ എന്ന വിചിത്ര വാദവുമായി പിണറായി വിജയന്‍ സാല്‍വേയെ പറഞ്ഞുവിടുന്നത്.

മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ധനസഹായവാഗ്ദാനം കരാര്‍ നടത്തിയെടുക്കാനുള്ള മറയായും, അതിനു നല്‍കുന്ന ഭീമമായ തുകയ്ക്ക് അംഗീകാരം നേടിയെടുക്കാനുള്ള മാര്‍ഗമായും ഉപയോഗിച്ചിട്ടുണ്ട്.

1, നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്‍ (എന്‍എച്ച്പിസി) ഉള്‍പ്പെടെ, നവീകരണ പദ്ധതിയുടെ വില ന്യായമാണോ എന്ന് പരിശോധിക്കുന്ന സമിതികളുടെ മുന്‍പില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഈ പദ്ധതിയുടെ ഭാഗമാണ് എന്നറിയിക്കുകയും, അതിന്റെ ഭാഗമായി തിരിച്ചുകിട്ടുന്ന 98 കോടി കൂടി പരിഗണിച്ച് പദ്ധതി നിര്‍വഹണ ചിലവ് വിലയിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

2, ലാവലിന്‍ വൈസ് പ്രസിഡന്റ് ക്‌ളോസ് ട്രെന്‍ഡല്‍ 1997 ഡിസംബറില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഈ നവീകരണ പദ്ധതിയുടെ ഭാഗമാണെന്നും വായ്പകരാര്‍ ഒപ്പുവെച്ചാല്‍ അത് ലഭ്യമാക്കുമെന്നും കെഎസ്ഇബിയേയും വൈദ്യുതി മന്ത്രി പിണറായി വിജയനെയും അറിയിച്ചു.

3, വായ്പാ കരാറിന്റെ ഭാഗമായി എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് കാനഡ (ഇഡിസി) വായ്പയ്ക്ക് Deferred Payment Guarantee ഉറപ്പാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചിരുന്നു. ഇതിനായി മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ ബാങ്കുകളുടെ യോഗം വിളിച്ചു. ഈ യോഗത്തില്‍ പങ്കെടുത്ത ബാങ്ക് മേധാവികളോട് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഈ പദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയിരുന്നു.

4, 13/1/98 ന് ചേര്‍ന്ന കെ എസ് ഇ ബി ബോര്‍ഡ് യോഗമാണ് പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള അനുമതി നല്‍കിയത്. ഇങ്ങനെ അനുമതി നല്‍കുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ച പ്രധാന കാര്യം കാന്‍സര്‍ സെന്റര്‍ പദ്ധതിയുടെ ഭാഗമാണെന്നതായിരുന്നു. ഇക്കാര്യം കെ എസ് ഇ ബിയുടെ മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

5, വായ്പാ കരാറിനു വേണ്ടി കെഎസ്ഇബി സര്‍ക്കാര്‍ അനുമതിക്കായി സമീപിക്കുമ്പോള്‍ കെഎസ്ഇബി സെക്രട്ടറിയായിരുന്ന വിശ്വാമണി മലബാര്‍ കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച് വിശദമായ കത്ത് സര്‍ക്കാരിലേക്ക് അയച്ചു. ''The unique feature of this project is the grant offered for setting up a Malabar Cancer Center in Thalassery at Kannur...It is also necessary that the Government binds SNC Lavalin in some such Agreement so as to ensure that the release of grant for the Cancer Center is done Pari-passu with the rehabilitation projects"എന്ന് കത്തില്‍ പറയുന്നു. എന്നാല്‍ ഈ സഹായം കെഎസ്ഇബിക്കല്ല ലഭിക്കുന്നത് എന്നതിനാല്‍ ഇത് കെഎസ്ഇബിയും ലാവലിനും തമ്മിലുള്ള കരാറില്‍ ഉള്‍പെടുത്താനാവില്ലെന്നും അതിനാല്‍ ഈ പണം ലഭിക്കുന്ന തരത്തില്‍ നിയമപരമായി നിലനില്‍ക്കുന്ന കരാര്‍ അവരുമായി ഒപ്പുവെക്കണമെന്നും ആ ധനസഹായം പദ്ധതിത്തുക അങ്ങോട്ട് നല്‍കുന്ന മുറയ്ക്ക് നേടിയെടുക്കണമെന്നും കെഎസ്ഇബി സെക്രട്ടറി അറിയിച്ചിരുന്നു.

6, മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തിപ്പിന്റെ ചുമതല ഔദ്യോഗികമായി ഏല്‍പ്പിച്ചത് മലബാര്‍ കാന്‍സര്‍ സെന്റര്‍ സൊസൈറ്റിയെയാണ്. വിദേശത്തുനിന്നും പണം സ്വീകരിക്കാന്‍ അതിന് കേന്ദ്രത്തില്‍ നിന്ന് FCRA ക്ലിയറന്‍സ് വാങ്ങണം. ഇതിനുള്ള അപേക്ഷയില്‍ 98 കോടി രൂപ നല്‍കേണ്ട സ്ഥാപനം എസ് എന്‍ സി ലാവലിനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മലബാര്‍ കാന്‍സര്‍ സെന്ററും ലാവലിന്‍ കരാറും തമ്മിലുളള ബന്ധം ഇത്രമേല്‍ സുവ്യക്തമാണെങ്കിലും സിബിഐ ചോദ്യം ചെയ്യുമ്പോള്‍ മുതല്‍ വിജയന്‍ മലക്കം മറിയുന്നു. കാന്‍സര്‍ സെന്റര്‍ ഈ പദ്ധതിയുടെ ഭാഗമാണെന്നും എന്നാല്‍ മുഴുവന്‍ തുകയും പദ്ധതിയുടെ ഭാഗമല്ല എന്നുമാണ് പിണറായി വിജയന്‍ സിബിഐയോട് പറഞ്ഞത്. എത്രതുകയാണ് ഈ പദ്ധതിയുടെ ഭാഗം എന്ന് അറിയില്ലെന്നും പിണറായി അറിയിച്ചു. പിന്നെ എങ്ങനെ മുഴുവന്‍ തുകയും ഈ പദ്ധതിയുടെ വില പരിശോധിക്കുമ്പോള്‍ പരിഗണിച്ചു എന്ന ചോദ്യത്തിന് തനിക്ക് വ്യക്തതയില്ല എന്ന മറുപടി പറഞ്ഞ വിജയന്‍ അത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് വാദിച്ചത്. തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശശിധരന്‍ നായരെ വരെ പിണറായി കുറ്റപ്പെടുത്തുന്നു.

പിണറായി വിജയന്‍ സി ബി ഐയ്ക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പുകള്‍. ഇതില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറയുന്നു. മറ്റ് വീഴ്ചകള്‍ക്ക് അദ്ദേഹത്തിന്റെ ഓഫീസിലെ തന്നെ ഉദ്യോഗസ്ഥരെ അടക്കം പിണറായി  കുറ്റപ്പെടുത്തുന്ന ഭാഗവും ഇതിലുണ്ട്.
പിണറായി വിജയന്‍ സി ബി ഐയ്ക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പുകള്‍. ഇതില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറയുന്നു. മറ്റ് വീഴ്ചകള്‍ക്ക് അദ്ദേഹത്തിന്റെ ഓഫീസിലെ തന്നെ ഉദ്യോഗസ്ഥരെ അടക്കം പിണറായി കുറ്റപ്പെടുത്തുന്ന ഭാഗവും ഇതിലുണ്ട്.

കാന്‍സര്‍ സെന്ററിനുള്ള എം ഒ യു രഹസ്യമായി ഒപ്പുവെച്ചതിനെക്കുറിച്ചും എന്തുകൊണ്ട് നിയമപരമായി നിലനില്‍ക്കുന്ന കരാറില്‍ ഒപ്പുവെച്ചില്ല എന്നതു സംബന്ധിച്ചും പിണറായി തന്റെ പേഴ്സണല്‍ സ്റ്റാഫിനെ അടക്കം കുറ്റം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് അന്ന് സെക്ഷന്‍ ഓഫീസറായിരുന്ന സുധീപ് ചന്ദ്രന്‍ നല്‍കിയ മൊഴി, രണ്ടാം പ്രതി രാജശേഖരന്റെ കുറ്റസമ്മതം, ശശിധരന്‍ നായരുടെ മൊഴി ഇവയെല്ലാം പിണറായിയുടെ ഇടപെടല്‍ വ്യക്തമാക്കുന്നതാണ്.

രഹസ്യമായാണ് ലാവലിനുമായുള്ള ധാരണാപത്രം ഒപ്പുവെച്ചത്. കേരള സര്‍ക്കാരിനുവേണ്ടി ഇതില്‍ ഒപ്പുവെച്ച ഒന്നാം പ്രതി മോഹനചന്ദ്രന്‍ സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലമില്ലാതെയാണ് അത് ചെയ്തത്. പിണറായി വിജയന്‍ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശശിധരന്‍ നായരെ അയച്ച് നിര്‍ദേശിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് മോഹനചന്ദ്രന്റെ മൊഴി.രാജശേഖരന്റെ മൊഴിയുടെ പകർപ്പ്
രാജശേഖരന്റെ മൊഴിയുടെ പകർപ്പ്

നുണക്കഥ രണ്ട്: ലാവലിന്‍ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ആവശ്യമായ പഠനങ്ങള്‍ നടത്തിയിരുന്നു

ലാവലിന്‍ കരാര്‍ നടപ്പിലാക്കുന്നതിന് മുമ്പ് സാധ്യതാ പഠനം നടത്തിയെന്നതാണ് മറ്റൊരു പ്രധാന വാദമായി സാല്‍വെ അവതരിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സി ബി ഐയ്ക്ക് കിട്ടിയ രേഖകള്‍ പറയുന്നത് മറ്റൊന്നാണ്.

പദ്ധതി നവീകരണം ആവശ്യമാണോ എന്ന് മനസിലാക്കാന്‍ റെസിഡ്യുവല്‍ ലൈഫ് അനാലിസിസ് (ആര്‍എല്‍എ) പഠനം നടത്തേണ്ടതാണ്. നവീകരണം ആവശ്യമില്ലെന്ന് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും (സിഇഎ) ബാലാനന്ദന്‍ കമ്മിറ്റിയും അഭിപ്രായപെട്ടതാണ്. അതേസമയം പദ്ധതി നടപ്പിലാക്കണമെന്ന റിപ്പോര്‍ട്ട് ബോര്‍ഡ് ചീഫ് എഞ്ചിനിയറായിരുന്ന രാധാകൃഷ്ണപിള്ളയുടേത് മാത്രമാണ്. ഇതാകട്ടെ ലാവലിനില്‍ നിന്ന് പണം പറ്റി എഴുതിയതാണെന്ന് രാധാകൃഷ്ണപിള്ള തന്നെ മൊഴി നല്‍കിയിട്ടുണ്ട്. തനിക്കു തന്നെ ബോധ്യമില്ലാത്തതുകൊണ്ട് താന്‍ അതില്‍ ഒപ്പ് വച്ചിരുന്നില്ലെന്നും രാധാകൃഷ്ണപിള്ള പറയുന്നു. ഇത് മാത്രമാണ്, പുതിയ പദ്ധതി നടപ്പിലാക്കുന്നതിന്റെ 648 ശതമാനം തുകയ്ക്ക് നടപ്പിലാക്കിയ നവീകരണ കരാറിലേക്ക് നയിച്ച പഠനം.

കെ എസ് ഇ ബി ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണപിള്ളയുടെ മൊഴി  
കെ എസ് ഇ ബി ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണപിള്ളയുടെ മൊഴി  

മറ്റൊരു വാദം കേന്ദ്ര ഏജന്‍സിയായ എന്‍എച്ച്പിസിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ലാവലിനെ തീരുമാനിച്ചത് എന്നാണ്. ഇത് പൂര്‍ണമായും തെറ്റാണ്. സപ്ലൈ കരാര്‍ ഒപ്പുവെക്കുന്നത് 1997 ഫെബ്രുവരിയിലാണ്. എന്‍എച്ച്പിസിയെ സമീപിക്കുന്നത് 1997 നവംബറിലും.

നുണക്കഥ മൂന്ന്: പിണറായി പ്രതിയെങ്കില്‍ നായനാരും പ്രതിയല്ലേ?

ലാവലിന്‍ കേസില്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ പ്രതിയാണെങ്കില്‍ മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാര്‍ എന്തുകൊണ്ട് പ്രതിയായില്ല എന്ന് സാല്‍വേമാര്‍ ചോദിക്കുന്നു. അവരുടെ വാദം ഇങ്ങനെയാണ്: കരാറിന്റെ കാര്യത്തില്‍ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമാണ്. മുഖ്യമന്ത്രി നായനാര്‍, ധനകാര്യ മന്ത്രി ശിവദാസ മേനോന്‍, ചീഫ് സെക്രട്ടറി സിപി നായര്‍ എന്നിവരുടെ അംഗീകാരം ലഭിച്ചിരുന്നു. കാന്‍സര്‍ സെന്ററിന്റെ ഗ്രാന്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കനേഡിയന്‍ ഹൈക്കമ്മീഷണറും പങ്കെടുത്തിരുന്നു. പിണറായി പ്രതിയെങ്കില്‍ ഇവര്‍ എല്ലാവരും പ്രതിയാകേണ്ടതല്ലേ?

പ്രത്യക്ഷ്യത്തില്‍ നേരല്ലേ എന്ന് തോന്നുന്ന ഒരു വാദം. പക്ഷേ, സിബിഐയുടെ കുറ്റപത്രം വായിച്ചാല്‍ ക്യാബിനറ്റും ചീഫ് സെക്രട്ടറിയും ഇരുട്ടില്‍ നിര്‍ത്തപ്പെട്ടുവെന്നും ധനകാര്യമന്ത്രിക്ക് കരാര്‍ ബോധ്യമായിരുന്നില്ല എന്നും വ്യക്തമാണ്. ഒക്ടോബര്‍ 1996ല്‍ കാനഡ സന്ദര്‍ശിച്ച പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് എല്ലാ ചര്‍ച്ചകളും തീരുമാനങ്ങളും എടുത്തത്. കരാര്‍ ഒപ്പുവെക്കുകയും പദ്ധതി തുടക്കമിടുകയും ചെയ്തതിനു ശേഷം നായനാര്‍ കാനഡ സന്ദര്‍ശിച്ചത് ഇതുമായി ചേര്‍ത്തുവെക്കാനാവില്ല. വായ്പാകരാറിലെ വ്യവസ്ഥകള്‍ ഒരു പരമാധികാര രാഷ്ട്രത്തിന് അംഗീകരിക്കാനാവില്ല എന്നാണ് ധനമന്ത്രിയായിരുന്ന ശിവദാസമേനോന്‍ കണ്ട് ഒപ്പുവെച്ച ഫയലില്‍ ധനകാര്യവകുപ്പ് കുറിച്ചത്.

ധനകാര്യവകുപ്പ് ലാവലിന്‍ കരാറിനെക്കുറിച്ച് തയ്യാറാക്കിയ കുറിപ്പ്. ഇതില്‍ മന്ത്രി ശിവദാസ മേനോന്‍ ഒപ്പു വെച്ചിട്ടുണ്ട്. 
ധനകാര്യവകുപ്പ് ലാവലിന്‍ കരാറിനെക്കുറിച്ച് തയ്യാറാക്കിയ കുറിപ്പ്. ഇതില്‍ മന്ത്രി ശിവദാസ മേനോന്‍ ഒപ്പു വെച്ചിട്ടുണ്ട്. 

സിബിഐ തന്നെ കാണിച്ച രേഖകള്‍ ക്യാബിനറ്റില്‍ നിന്ന് മറച്ചുവെച്ചെന്ന് അന്ന് ചീഫ് സെക്രട്ടറി ആയിരുന്ന സിപി നായര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കനേഡിയന്‍ ഹൈക്കമ്മീഷണര്‍ ഒരു ഘട്ടത്തിലും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല എന്നതാണ് വാസ്തവം. ചര്‍ച്ചക്ക്‌ പോകുന്നവര്‍ക്ക് വിസ നടപടികള്‍ തുടങ്ങാനായി ഒരു ക്ഷണപത്രം അയക്കുക മാത്രമാണ് ഹൈക്കമ്മീഷണര്‍ ചെയ്തത്. ഇപ്പറഞ്ഞതിനെല്ലാം സിബിഐ തെളിവുകള്‍ ഹാജരാക്കുകയും ചെയ്യുന്നു.

എസ്എന്‍സി ലാവലിനുമായി സപ്ലൈ കരാര്‍ 1997 ഫെബ്രുവരി 10-ാം തീയതി തന്നെ ഒപ്പിട്ട കാര്യം മന്ത്രിസഭ അറിഞ്ഞിരുന്നുവോ എന്ന ചോദ്യത്തിന് മന്ത്രിസഭ യോഗം ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് ഞാന്‍ മറുപടി നല്‍കുന്നു...കെഎസ്ഇബിയും എസ്എന്‍സി ലാവലിനും തമ്മില്‍ 1997 ഫെബ്രുവരി 10ന്‌ ഒപ്പിട്ട കരാറിനെക്കുറിച്ച് ഒരു പരാമര്‍ശവും മന്ത്രിസഭയ്ക്ക് നല്‍കിയ കുറിപ്പില്‍ ഉണ്ടായിരുന്നില്ലെന്ന് ഞാന്‍ പറയുന്നു.  
സിപി നായര്‍ സിബിഐയ്ക്ക് നല്‍കിയ മൊഴി  


സിപി നായര്‍ സിബിഐയ്ക്ക് നല്‍കിയ മൊഴി  
സിപി നായര്‍ സിബിഐയ്ക്ക് നല്‍കിയ മൊഴി  

യശ: ശരീരനായ മുന്‍ മുഖ്യമന്ത്രി ഇകെ നായനാരെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ഇതാദ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരള കൗമുദി പത്രാധിപരായിരുന്ന എം എസ് മണി, നായനാരും ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും ചേര്‍ന്നാണ് അഴിമതി നടത്തിയതെന്നും പിണറായിക്ക് അതിന് കൂട്ടുനില്‍ക്കേണ്ടിവന്നതാണെന്നും ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ അന്നത്തെ പാര്‍ട്ടി നേതൃത്വം രംഗത്ത് വരാതിരുന്നതും ശ്രദ്ധേയമാണ്.

നുണക്കഥ നാല്: നാടിനു വേണ്ടി വിലപേശിയവരെ നാം പ്രതികളാക്കുന്നു

അഴിമതി നടത്താനായി പിണറായിയും സംഘവും ഗൂഡാലോചന നടത്തുകയായിരുന്നെങ്കില്‍ അവര്‍ എന്തിനാണ് സംസ്ഥാനത്തിന് വേണ്ടി കഠിനമായി വിലപേശിയത് എന്നാണ് സാല്‍വേ ഉന്നയിച്ച ഒരു ചോദ്യം.

എന്നാല്‍ ലാവലിന്‍ കരാറിന്റെ ചെലവ് ചുരുക്കാന്‍ ഒരു വിലപേശലും നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. ഓരോ കാര്യത്തിലും പദ്ധതിയുടെ സാമഗ്രികളുടെ വില ലാവലിന്‍ കമ്പനിയുടെ പ്രൊക്വയര്‍മെന്റ് വിഭാഗം തയ്യാറാക്കിയതു പോലെ തന്നെ അംഗീകരിക്കുകയായിരുന്നു. ഒരു രൂപ പോലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തില്ല.

1996 ല്‍ യുഡിഎഫ് സര്‍ക്കാരാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിടുന്നത്. നവീകരണ പദ്ധതിയിലെ ഉപകരണങ്ങള്‍ വാങ്ങാനുള്ള വായ്പ കാനഡയിലെ ഇഡിസിയില്‍നിന്ന് കെഎസ്ഇബിക്ക് കൂടി സ്വീകാര്യമായ വ്യവസ്ഥയില്‍ തരപ്പെടുത്തി തരുന്നതില്‍ വിജയിച്ചാല്‍ ലാവലിനെ കണ്‍സള്‍ട്ടന്റാക്കാമെന്നതായിരുന്നു കരാര്‍. കരാറിലെ 13-ാം വ്യവസ്ഥയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അതേ കരാറിന്റെ അനുബന്ധം ബിയില്‍ പദ്ധതിക്ക് വായ്പയായി ചോദിക്കാവുന്ന തുകയുടെ എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ട്. പെരുപ്പിച്ചു കാട്ടിയ ഈ തുകയാണ് പിന്നീട് എല്ലാകാലത്തും ലാവലിന്‍ കരാറിനെ നയിച്ചത്. നവീകരണത്തിനായി വായ്പ എടുക്കുമ്പോള്‍ പദ്ധതിയുടെ 85 ശതമാനം വരെ തുകയാണ് പരമാവധി ലഭിക്കുക. ഈ വായ്പതുക കണക്കുകൂട്ടാന്‍ വേണ്ടി എസ്എന്‍സി ലാവലിന്റെ പ്രൊക്വയര്‍മെന്റ് വിഭാഗം തയ്യാറാക്കിയ സാങ്കല്‍പിക വിലയാണ് ഈ കരാറിനൊപ്പം ചേര്‍ത്തിരിക്കുന്നത്. ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കുന്നതും ടെന്‍ഡര്‍ നടപടികളില്‍ കെഎസ്ഇബിയെ സഹായിക്കുന്നതും കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ എസ്എന്‍സി ലാവലിന്റെ ചുമതലയായിരുന്നു. ഈ ടെന്‍ഡര്‍ നടപടിയിലൂടെയായിരുന്നു യഥാര്‍ത്ഥ വില നിശ്ചയിക്കേണ്ടത് . എന്നാല്‍ വായ്പ ലഭിക്കാന്‍ വേണ്ടി പെരുപ്പിച്ച് കാട്ടിയതും ലാവലിന്റെ പ്രൊക്വയര്‍മെന്റ് വിഭാഗം തട്ടികൂട്ടിയത് മാത്രമെന്ന് കരാറില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നതുമായ വിലയ്ക്ക് സാമഗ്രികള്‍ ആരില്‍ നിന്നെങ്കിലും വാങ്ങി നല്‍കാനുള്ള കരാര്‍ ലാവലിനെ തന്നെ ഏല്‍പിക്കുകയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കാനഡ സന്ദര്‍ശിച്ച സംഘം ചെയ്തത്.

ഇതേക്കുറിച്ച് സിഎജി നിരീക്ഷണം ഇങ്ങനെയാണ്:

' The Ministerial delegation which conducted (October 1996) deliberations on the contract with SNC and funding arrangements with EDC and CIDA at Canada did not even consider the fact that nsc was only a consultant intermediary and not original equipment manufacturer. The supply of goods was actually made under the contents by Alston, Canada). The Contract was finally signed (Feb 1997) with undue haste without ascertaining the reasonableness of prices'

നവീകരണ കരാറിന്റെ വില നിര്‍മാണ കരാറിനെ പോലെ കൃത്യമായി കണക്കാക്കാന്‍ ആവില്ല എന്ന വാദവും ശരിയല്ല. സാമഗ്രികളുടെ വില കൃത്യമായതു കൊണ്ട് മാത്രമല്ല ഇത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇറിഗേഷന്‍ ആന്റ് പവറിന് ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ കണക്കുണ്ട്. നാളിത് വരെ നടന്ന നവീകരണ കരാറുകളുടെ യഥാര്‍ത്ഥ ചിലവ് അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ കണക്കാണിത്. അതുകൊണ്ടാണ് സി എ ജി റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നത് '

'' The cost of renovation project has to be a maximum of 75 percent of the cost of a new project as per CBIP norms and it cannot be as high as 648 percent as in the instant case''

കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ടെന്‍ഡര്‍ നടപടിയിലൂടെ കണ്ടെത്തുന്ന കമ്പനിയുടെ പദ്ധതി നിര്‍വഹണം സൂപ്പര്‍വൈസ് ചെയ്യുക എന്നതായിരുന്നു ലാവലിന്റെ ഉത്തരവാദിത്തം. എന്നാല്‍ സംഭവിച്ചതോ, ടെന്‍ഡര്‍ ഒഴിവാക്കി പദ്ധതി നിര്‍വഹണം തന്നെ ലാവലിനെ ഏല്‍പ്പിച്ചു. അതായത് ലാവ്ലിന് ലാവലിനെ തന്നെ സൂപ്പര്‍വൈസ് ചെയ്യും! സ്വയം സൂപ്പര്‍വൈസ് ചെയ്തതിനാലാവാം സൂപ്പര്‍വിഷനും ടെന്‍ഡര്‍ രേഖ തയ്യാറാക്കുന്നതിനും മറ്റും തീരുമാനിച്ചിരുന്ന 24 കോടി രൂപയും ലാവലിന് തന്നെ നല്‍കി. കുറവു ചെയ്യേണ്ട ഈ തുക, ഒരു വിലപേശലുമില്ലാതെ ഗൂഡാലോചനയിലൂടെ അവര്‍ക്കു നല്‍കുകയായിരുന്നു. അതേക്കുറിച്ച് സിഎജിയുടെ കണ്ടെത്തല്‍ ഇതായിരുന്നു.

Failure to exclude fees for the technical consultanacy from fixed price contract resulted in avoidable payment of Rs 20.31 Cr. On the firming up of the consultancy contracts into supply contracts SNC no longer performed the role of technical or financial intermediary. Due to this there in no rationale for making payments for intermediary services'' (CAG)

കേട്ടുകേള്‍വി ഇല്ലാത്ത തുകയ്ക്കാണ് കരാര്‍ ഈ ഇടനിലക്കമ്പനിക്ക് തന്നെ നല്‍കിയത്. പക്ഷെ ഈ കരാര്‍ പ്രാബല്യത്തിലാകണമെങ്കില്‍ ഇ ഡിസിയില്‍ നിന്ന് വായ്പ എടുക്കാന്‍ കൂടി കെഎസ്ഇബി തീരുമാനിക്കണമായിരുന്നു. വായ്പാകരാര്‍ ഒപ്പുവെക്കുകയും വേണം. അത്‌കൊണ്ട് വായ്പ സംബന്ധിച്ച് തീരുമാനം തരപെടുത്താന്‍ പ്രതികള്‍ തന്ത്രപൂര്‍വം നീങ്ങുകയായിരുന്നു. ഇത്തരത്തിലൊരു നീക്കം നടക്കുമ്പോള്‍ തന്നെ ഭീമമായ തുക സംബന്ധിച്ച് കെസ്ഇബിയില്‍ അഭിപ്രായ വ്യത്യാസവും ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ്‌ വില പരിശോധിക്കാന്‍ സുബൈദ കമ്മിറ്റിയെ ചുമതലപെടുത്തിയത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന കാന്‍സര്‍ ആശുപത്രിക്കു 98 കോടി രൂപ ഗ്രാന്റ് ലഭിക്കുമെന്നും, അത് കൂടി തട്ടിക്കിഴിച്ചു വേണം ഉപകരണങ്ങളുടെ വില പരിശോധിക്കാന്‍ എന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ വാക്കാല്‍ മാത്രമുള്ള ഈ ഉറപ്പ് പരിഗണിക്കാന്‍ സുബൈദ കമ്മിറ്റി കൂട്ടാക്കിയില്ല. അത് കമ്മിറ്റി റിപ്പോര്‍ട്ടില്‍ രേഖപെടുത്തുകയും ചെയ്തു. പ്രസരണ ശേഷി (MW) വച്ചു നോക്കിയാല്‍ ശബരിഗിരി പദ്ധതിയേക്കാള്‍ 242 ശതമാനം ഉയര്‍ന്നതാണെന്നായിരുന്നു കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളവരുടെ നേതൃത്വത്തില്‍ എന്‍എച്ച്പിസിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ഈ ഘട്ടത്തില്‍ തന്നെ ലാവലിന്‍ വൈസ് പ്രസിഡന്റ് ക്‌ളോസ് ട്രെന്‍ഡല്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഈ നവീകരണ പദ്ധതിയുടെ ഭാഗമാണെന്നും വായ്പകരാര്‍ ഒപ്പുവെച്ചാല്‍ അത് ലഭ്യമാകുമെന്നും രേഖാമൂലം ഉറപ്പ് നല്‍കി. (1997 ഡിസംബര്‍ നാലിന് ഇഡിസി അധികൃതര്‍ കേരളം സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ കെഎസ്ഇബി കരാര്‍ സംബന്ധിച്ച് സമവായത്തില്‍ എത്താത്തതിനാല്‍ സന്ദര്‍ശനം റദ്ദാക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ക്ലോസ് ട്രെന്‍ഡലിന്റെ കത്ത് വന്നത്).

എന്‍ എച്ച് പിസിയോടും സാമഗ്രികളുടെ വില ന്യായമാണോ എന്നു പരിശോധിക്കുമ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിക്കുന്ന 98 കോടി തട്ടിക്കിഴിക്കണം എന്ന് ആവശ്യപെട്ടിരുന്നു."But keeping in view of the soft loan with grant element, the purchase of Canadian equipments & accessories can be considered favourably" എന്നാണ് എന്‍എച്ച്പിസി നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.

കരാറിനെക്കുറിച്ച് കെ എസ് ഇ ബിയില്‍ ചര്‍ച്ച വന്നപ്പോള്‍ അതിനെ എതിര്‍ത്ത കാര്യം ഫിനാന്‍സ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിനോദ് റായ് സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. പിന്നീട് രാജ്യത്തിന്റെ സി എ ജി ആയ വിനോദ് റായിയുടെ നിലപാടുകള്‍ വിവാദമായ പല അഴിമതികേസുകളും പുറത്തുകൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്.

കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ നവീകരണ പദ്ധതി നിര്‍ദ്ദേശങ്ങള്‍ MOU രൂപത്തിലാണ് വന്നതെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. യന്ത്ര സാമഗ്രികളുടെ യഥാര്‍ത്ഥ ഉത്പാദകര്‍ എസ് എന്‍ സി ലാവലിന്‍ അല്ലാത്തതുകൊണ്ട് അവര്‍ ഈടാക്കുന്ന വില ന്യായമാണോ എന്ന് ഉറപ്പിച്ച് പറയാന്‍ ബോര്‍ഡിന് കഴിയില്ല. അതുകൊണ്ട് തന്നെ കരാര്‍ സുതാര്യമാണെന്ന് പറയാന്‍ കഴിയില്ല. 
വിനോദ് റായ് , സി ബി ഐയ്ക്ക് നല്‍കിയ മൊഴി 


വിനോദ് റായ് , സി ബി ഐയ്ക്ക് നല്‍കിയ മൊഴി 
വിനോദ് റായ് , സി ബി ഐയ്ക്ക് നല്‍കിയ മൊഴി 

നുണക്കഥ അഞ്ച്: മറ്റൊരു വായ്പയും ലഭ്യമായിരുന്നില്ല

കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടു പോയതിനാല്‍ പിന്മാറാന്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു എന്നാണ് രാഷ്ട്രീയ വേദികളില്‍ ഇതുവരെ വാദിച്ചിരുന്നത്. സാല്‍വേ കോടതിയില്‍ എത്തുമ്പോള്‍ ഇതും മാറുന്നു. പദ്ധതിക്ക് വായ്പ മറ്റെങ്ങു നിന്നും ലഭിക്കാനുണ്ടായിരുന്നില്ല എന്നാണ് പുതിയ വാദം. എന്നാല്‍ ബദല്‍ വായ്പ ലഭ്യമായിരുന്നില്ല എന്ന നിലപാടും പൊള്ളയാണ്. 6.8 ശതമാനം പലിശ എന്നാണ് കരാറില്‍ പറയുന്നതെങ്കിലും മറ്റു ചെലവുകള്‍ കൂടി കൂട്ടുമ്പോള്‍ വായ്പയുടെ പലിശ നിരക്ക് 18.6 ശതമാനം വരുമെന്ന് ധനകാര്യ സെക്രട്ടറി കെ എം എബ്രഹാം രേഖാമൂലം സമര്‍ത്ഥിച്ചതാണ്. (ലാവലിന് പദ്ധതിയുടെ ചെലവുകള്‍ നോക്കുമ്പോള്‍ അത് അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്തു) അതേ സമയം, 11 ശതമാനം പലിശയ്ക്കു വായ്പ നല്‍കാന്‍ പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ (പിഎഫ്‌സി) തയ്യാറായിരുന്നു. കണ്‍സള്‍ട്ടന്‍സിക്ക് എന്‍എച്ച്പിസിയും സാമഗ്രികള്‍ നല്‍കാന്‍ ഭെല്ലും വായ്പ നല്‍കാന്‍ പിഎഫ്‌സിയും ഒരുക്കമായിരുന്നു എന്നര്‍ത്ഥം. എന്നാല്‍ ഗൂഡാലോചനക്കാര്‍ ഏതു വിധേനയും ഈ പദ്ധതി കനേഡിയന്‍ കമ്പനിക്കു തന്നെ നല്‍കാന്‍ ഒത്തുകളിക്കുകയായിരുന്നു. ഇതെല്ലാം തെളിയിക്കുന്ന രേഖകളും സിബിഐ സമര്‍പ്പിച്ചിട്ടുണ്ട്.

നുണക്കഥ ആറ്: വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരമായ പദ്ധതി

കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായാണ് ഈ പദ്ധതി ആലോചിച്ചത് എന്ന വാദവും ശരിയല്ല. ഇത് ഒരു Uprating പദ്ധതിയേ ആയിരുന്നില്ല. ഉത്പാദന ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യം ഉണ്ടായിരുന്നതേയില്ല എന്നാണിത് അര്‍ത്ഥമാക്കുന്നത്. ഉത്പാദന ശേഷി ഉയര്‍ത്താനുള്ള നിര്‍ദ്ദേശമാണ് ബാലാനന്ദന്‍ കമ്മിറ്റി മുന്നോട്ട് വെച്ചത്. പക്ഷേ അത് തള്ളികളഞ്ഞു.

നവീകരണ പദ്ധതി അന്ന് നിലവിലുണ്ടായിരുന്ന അതേ ഉത്പാദന ശേഷി ലഭിക്കുന്ന തരത്തില്‍ ഉപകരണങ്ങള്‍ മാറ്റി വെക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാല്‍ മേല്‍നോട്ടം വഹിക്കേണ്ടിയിരുന്ന ലാവലിനെ തന്നെ പദ്ധതിയേല്പ്പിക്കുകയും മറ്റാരും പദ്ധതി നിര്‍വഹണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഇല്ലാതിരിക്കുകയും ചെയ്തതിനാല്‍ വന്‍ ഉത്പാദന നഷ്ടമാണ് ഉണ്ടായത്. മഴയുടെ ലഭ്യത വര്‍ദ്ധിച്ചിട്ടും വൈദ്യൂതി ഉല്‍പാദനത്തില്‍ വന്‍കുറവാണ് ഉണ്ടായത്. ഇതേക്കുറിച്ച് കെഎസ്ഇബി നല്കിയ കണക്കുകള്‍ സിഎജി രേഖയില്‍ വന്നത് കുറ്റപത്രത്തോടൊപ്പം സിബിഐ സമര്‍പ്പിച്ചിട്ടുണ്ട്. ആ പട്ടിക താഴെ .

പദ്ധതി നടപ്പിലാക്കിയതിന് ശേഷം ഉത്പാദനത്തിലുണ്ടായ കുറവ് കാണിക്കുന്ന കെ എസ് ഇ ബിയുടെ കണക്കുകള്‍ സിഎജി രേഖയില്‍ നിന്ന്
പദ്ധതി നടപ്പിലാക്കിയതിന് ശേഷം ഉത്പാദനത്തിലുണ്ടായ കുറവ് കാണിക്കുന്ന കെ എസ് ഇ ബിയുടെ കണക്കുകള്‍ സിഎജി രേഖയില്‍ നിന്ന്

ഈ നവീകരണ കരാര്‍ അനുസരിച്ച് പുതിയ ഉപകരണങ്ങള്‍ സ്ഥാപിച്ച ശേഷം പന്നിയാര്‍ പവര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2002 ആഗസ്റ്റിലാണ്. വെറും മൂന്ന് മാസത്തിനുശേഷം 2002 നവംബര്‍ മാസത്തില്‍ ഇതിന്റെ പ്രധാന ഭാഗമായ ടര്‍ബൈന്‍ റണ്ണറിനുള്ളില്‍ സുഷിരം വീണു. നവീകരണത്തിനു മുന്‍പ് 50 വര്‍ഷം കേടുകൂടാതെ പ്രവര്‍ത്തിച്ചവയാണ് പഴക്കം മൂലം മാറ്റി സ്ഥാപിച്ചത്. പകരം ഉപയോഗിച്ച ഉപകരണങ്ങളുടെ മേന്‍മ എന്തെന്ന് മൂന്ന് മാസത്തിനകം തെളിഞ്ഞു. ഇപ്പോള്‍ സൂഷിരങ്ങള്‍ ഉണ്ടാകുന്ന മുറയ്ക്ക് അവ അടച്ചുകൊണ്ടാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇത് പള്ളിവാസല്‍ പദ്ധതിയുടെ മാത്രം ദുര്യോഗമല്ല, ലാവലിന്‍ പദ്ധതിയുടെ ഭാഗമായിരുന്ന പന്നിയാര്‍, ചെങ്കുളം പവര്‍ഹൗസുകളുടെ അവസ്ഥയും ഇത് തന്നെയാണ്. കെ എസ് ഇ ബിയുടെ തന്നെ രേഖകള്‍ പരിശോധിച്ച് ഈ വിവരങ്ങള്‍ സി ബി ഐയുടെ കുറ്റപത്രത്തിലുണ്ട്. സി ബി ഐ അതേ രേഖകള്‍ ഉദ്ധരിച്ച് പറയുന്നു: ‘Ever since installation of the new digital PID governors at Pallivasal, Sengulam and Panniyar Power stations. The speed response of the governors wer defective resulting in tripping of generators leading to power interruption as well as generation loss

നുണക്കഥ ഏഴ്: സിബിഐക്ക് സാങ്കേതിക ജ്ഞാനമില്ല

പദ്ധതി വിലയിരുത്താനുള്ള സാങ്കേതിക വിദ്യ സി ബി ഐയ്ക്ക് ഇല്ല എന്നാണ് ഹരീഷ് സാല്‍വെ ഉന്നയിച്ച മറ്റൊരു വാദം. ഒരു അന്വേഷണ ഏജന്‍സിക്ക് അന്വേഷണ പ്രക്രിയയില്‍ അല്ലാതെ അവര്‍ അന്വേഷണവിധേയമാക്കുന്ന സാങ്കേതിക വിഷയങ്ങളിലും പൂര്‍ണ വൈദഗ്ധ്യം ഉണ്ടാകണമെന്നത് വിചിത്രമായ വാദമാണ്. ലഭ്യമായ സാങ്കേതികവിദഗ്ധരെയും സ്ഥാപനങ്ങളെയും ആശ്രയിച്ച് ഈ കാര്യം നിറവേറ്റുക എന്നതാണ് ലോകത്ത് എവിടെയും അന്വേഷണ ഏജന്‍സികള്‍ ചെയ്യാറുള്ളത്. ഹരീഷ് സാല്‍വെയെപ്പോലെ ഒരു അഭിഭാഷകന്‍ ഈ കാര്യം അവഗണിക്കുന്നു എന്നത് തന്റെ കക്ഷിക്ക് വേണ്ടി ഒരു രാഷ്ട്രീയവാദം മുന്നോട്ടു വെയ്ക്കാനാണ്.

സെന്‍ട്രല്‍ പവര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഏറ്റവും ആധികാരികമായ സ്ഥാപനം ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച് ഈ പദ്ധതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിബിഐയുടെ ആവശ്യപ്രകാരം ആയിരുന്നു ഇത്. അവരുടെ കണ്ടെത്തലുകളുടെ ചുരുക്കം റിപ്പോര്‍ട്ടിന്റെ 31-ാം പേജുമുതല്‍ 36-ാം പേജുവരെ 33 ഇനങ്ങളിലായി അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇതും കുറ്റപത്രത്തോടൊപ്പം സി ബി ഐ നല്‍കിയിട്ടുണ്ട്.

നുണക്കഥ എട്ട്: വരദാചാരിയുടെ തല പരിശോധിച്ച കഥ കള്ളക്കഥ

ഈ കള്ളക്കഥ സാല്‍വേ പറഞ്ഞതല്ല. പിണറായി വിജയന്റെ ഭക്തന്‍മാര്‍ കോടതിക്ക് പുറത്ത് പറഞ്ഞു പരത്തിയതാണ്. എസ്എന്‍സി ലാവലിന്‍ കരാറിന്റെ സാധുതയെ ചോദ്യം ചെയ്ത ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് വരദാചാരിയുടെ തല പരിശോധിക്കണമെന്ന് വൈദ്യുത മന്ത്രി പിണറായി വിജയന്‍ ഫയലില്‍ കുറിച്ചുവെന്നത് ലാവലിന്‍ കാലത്തെ വാര്‍ത്തകളില്‍ ഒന്നായിരുന്നു. പിണറായിയുടെ പോരാളികള്‍ പറഞ്ഞതാകട്ടെ ആ കുറിപ്പ് പതിഞ്ഞത് മറ്റൊരു ഫയലില്‍ ആണെന്നും. പിണറായിക്കെതിരായ മാധ്യമ സിന്‍ഡിക്കേറ്റിന്റെ സാന്നിധ്യത്തിന് സൂഷ്മതെളിവായി വരദാചാരിയുടെ തലക്കുറി അവര്‍ അവതരിപ്പിച്ചു. എന്നാല്‍ വരദാചാരി സിബിഐക്ക് നല്‍കിയ മൊഴി ഈ നുണക്കഥ തകര്‍ക്കുന്നു.

കെ എസ് ഇ ബി യോഗത്തില്‍ കരാറിനെക്കുറിച്ചുള്ള തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ച വരദാചാരി അത് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ അഭിപ്രായം കൂടി രേഖപ്പെടുത്തി മിനിട്‌സ് തിരുത്തപ്പെടാത്തതിനാല്‍ വരദാചാരി സ്വന്തം നിലയില്‍ തന്നെ വിയോജിപ്പ് അറിയിക്കാന്‍ തീരുമാനിച്ചു. അതു തയ്യാറാക്കാന്‍ അദ്ദേഹം ഓഫീസിലെ കൃഷ്ണന്‍ നായര്‍ എന്ന ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. ഈ രേഖയുടെ പുറത്താണ് വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി വിജയന്‍ എഴുതി വെച്ചത്. തന്റെ വിയോജിപ്പും അതിനോടുള്ള പിണറായി വിജയന്റെ പ്രതികരണവും സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ വരദാചാരി ആവര്‍ത്തിക്കുന്നു. വൈദ്യുതിമന്ത്രിയില്‍ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിയായ തന്നോട് പരാതി പറഞ്ഞുവെന്ന് സിപി നായരും സിബിഐയോട് പറയുന്നുണ്ട്. വിയോജന കത്ത് തയ്യാറാക്കിയ കൃഷ്ണന്‍ നായരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇതു സംബന്ധിച്ചുണ്ടായ അസംതൃപ്തിയെക്കുറിച്ച് കെഎം എബ്രഹാമും സിബിഐയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

കെ എസ് ഇ ബോര്‍ഡ് യോഗത്തില്‍ കാനഡയിലെ എസ് എന്‍ സി ലാവലിന് സ്വാഭാവിക നടപടി ക്രമങ്ങള്‍ പാലിക്കാതെ കരാര്‍ നല്‍കുന്നതിനെ ഞാന്‍ എതിര്‍ത്തു. എന്റെ നിലപാട് മിനിറ്റ്‌സില്‍ രേഖപ്പെടുത്താന്‍ ഞാന്‍ ചെയര്‍മാനോട് അപേക്ഷിച്ചു. മറ്റൊരു കാര്യം കൂടി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. മിനിറ്റ്‌സിന്റെ കോപ്പി രണ്ടുദിവസത്തിനകം അയച്ചുതരണമന്നും. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും എനിക്ക് മിനിറ്റ്‌സിന്റെ കോപ്പി ലഭിച്ചില്ല. ഇതേതുടര്‍ന്ന് ഞാന്‍ എന്റെ നിലപാടുകള്‍ ആവര്‍ത്തിച്ചുള്ള നോട്ട് പ്രത്യേകമായി തയ്യാറാക്കി. ഞാന്‍ ബോര്‍ഡ് യോഗത്തില്‍ കരാര്‍ എസ് എന്‍ സി ലാവലിന് നല്‍കുന്നതിനെ എതിര്‍ത്തതിന്റെ കാരണങ്ങള്‍ വിശദമാക്കി കൊണ്ടുള്ള നോട്ടായിരുന്നു അത്. ഇത് ഞാന്‍ കെ എസ് ഇ ബി ചെയര്‍മാന് അയച്ചു. ഇതിന്റെ കോപ്പി ഇ കെ നായനാര്‍ക്കും, ധനമന്ത്രി ശിവദാസമേനോനും വൈദ്യുതി മന്ത്രി പിണറായി വിജയനും ഊര്‍ജ സെക്രട്ടറി മോഹന ചന്ദ്രനും അയച്ചു. ധനവകുപ്പിനും മറ്റൊന്നും ധനകാര്യ സെക്രട്ടറിയുടെ ഓഫീസിലെക്കും അയച്ചു. എന്നാല്‍ എവിടെനിന്നും എനിക്ക് മറുപടി ലഭിച്ചില്ല. എന്നാല്‍ കരാറിനെ എതിര്‍ക്കാന്‍ വേണ്ടി ഞാന്‍ ഉന്നയിച്ച ആക്ഷേപങ്ങളെക്കുറിച്ച് വൈദ്യുതി മന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിച്ച ഒരു അഭിപ്രായം ഒരു നോട്ടായി ഞാന്‍ പിന്നീട് കണ്ടു. എന്റെ തല പരിശോധിക്കണമെന്നായിരുന്നു അദ്ദേഹം ആ നോട്ടില്‍ എഴുതിയത്. എന്നാല്‍ ഇതേക്കുറിച്ച് ഞാന്‍ പ്രതികരിക്കാന്‍ പോയില്ല.    
വരദാചാരി സി ബി ഐയ്ക്ക് നല്‍കിയ മൊഴി 
വരദാചാരിയുടെ മൊഴിയുടെ പകര്‍പ്പ്. ലാവലിന്‍ പദ്ധതിയെ എതിര്‍ത്തതിന് തന്റെ തല പരിശോധിക്കാന്‍ പിണറായി വിജയന്‍ ഫയലില്‍ എഴുതിയതിനെക്കുറിച്ച് അദ്ദേഹം ഇതില്‍ പറയുന്നുണ്ട്  
വരദാചാരിയുടെ മൊഴിയുടെ പകര്‍പ്പ്. ലാവലിന്‍ പദ്ധതിയെ എതിര്‍ത്തതിന് തന്റെ തല പരിശോധിക്കാന്‍ പിണറായി വിജയന്‍ ഫയലില്‍ എഴുതിയതിനെക്കുറിച്ച് അദ്ദേഹം ഇതില്‍ പറയുന്നുണ്ട്  

എസ്എന്‍സി ലാവലിന്‍ കേസിലെ സിബിഐ കുറ്റപത്രവും അനുബന്ധരേഖകളും പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. കേസിലെ യഥാര്‍ത്ഥ അഴിമതി ആരോ തരാമെന്ന് പറഞ്ഞ പണം കിട്ടിയില്ല എന്നതല്ല, മറിച്ച് അതിന് തുല്യമായ പണം പൊതു ഖജനാവില്‍നിന്ന് അവര്‍ക്ക് എത്തിച്ചുകൊടുത്തുവെന്നതാണ്.

ഒരു കാലത്ത് പിണറായി വിജയന്റെ സഹപ്രവര്‍ത്തകരും കീഴുദ്യോഗസ്ഥരും ആയിരുന്നവര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പിണറായി അടക്കമുള്ള പ്രതികള്‍ക്കെതിരെ മൊഴി കൊടുത്തിട്ടുണ്ട്. പ്രത്യക്ഷത്തില്‍ വിശ്വസനീയമായ ധാരാളം രേഖഖളുടെയും മൊഴികളുടെയും പിന്‍ബലത്തോടെയാണ് കുറ്റപത്രം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഈ തെളിവുകളുടെ നിയമപരമായ സാധുത ഉറപ്പു വരുത്താന്‍ ഒരു വഴിയേ ഉള്ളൂ: വിചാരണ. അതൊഴിവാക്കാന്‍ ശ്രമിക്കുന്നത് നിയമത്തിന്റെ പരിധിവിട്ട് ഓടാനുള്ള ശ്രമം തന്നെയാണ്.