ഗൗരിയുടെ സ്കൂളിലെ രക്ഷകർത്താക്കളോടും മുകേഷിനോടും സ്നേഹപൂർവ്വം 

October 31, 2017, 4:04 pm
ഗൗരിയുടെ സ്കൂളിലെ രക്ഷകർത്താക്കളോടും മുകേഷിനോടും സ്നേഹപൂർവ്വം 
Special Story
Special Story
ഗൗരിയുടെ സ്കൂളിലെ രക്ഷകർത്താക്കളോടും മുകേഷിനോടും സ്നേഹപൂർവ്വം 

ഗൗരിയുടെ സ്കൂളിലെ രക്ഷകർത്താക്കളോടും മുകേഷിനോടും സ്നേഹപൂർവ്വം 

വിദ്യാഭ്യാസ കച്ചവടത്തോടുള്ള പ്രതിഷേധ സൂചകമായി വേണം കൊല്ലത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ മരണത്തെനോക്കിക്കാണാന്‍. ഗൗരി മരിച്ച് പത്ത് നാള്‍ പിന്നിടുമ്പോഴും  അവള്‍ക്ക് നീതി ലഭിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. പ്രതികളായ അധ്യാപികമാര്‍ എവിടെയാണെന്ന് പോലും ഇനിയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴുതും പൊലീസ് തന്നെ ഒരുക്കി നൽകുന്നു എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകാത്ത സ്ഥിതി. നിയമസഭയില്‍ കൊല്ലത്തെ പ്രതിനിധീകരിക്കുന്ന നടന്‍ മുകേഷില്‍ നിന്നും ഒരു പ്രതികരണവും ഇനിയും ഉയര്‍ന്നു കണ്ടില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒരു ജനപ്രതിനിധിക്ക് നിസാരമെന്ന് വേണോ കരുതാന്‍.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പരോക്ഷമായെങ്കിലും മുകേഷ് പിന്തുണയ്ക്കുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. ദിലീപിന്റെ കേസില്‍ കാണിച്ച ആകുലതയുടെ ഒരംശം പോലും ഗൗരിയുടെ കാര്യത്തില്‍ എംഎല്‍എ മറന്നു. ഗൗരിയുടെ വീട് സന്ദര്‍ശിക്കാനോ, മാതാപിതാക്കളെ ആശ്വസിപ്പിക്കാനോ മുകേഷ് ഇനിയും തയ്യാറായിട്ടില്ല. ഗൗരിയുടെ ഉള്‍പ്പെടെ ജനകീയ വിഷയങ്ങളില്‍ കാണിക്കുന്ന അലംഭാവം ഒരു ജനപ്രതിനിധി എന്ന നിലയില്‍ മുകേഷിന്‍റെ വീഴ്ചയേയാണ് സൂചിപ്പിക്കുന്നത്.

ഗൗരിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിലായിരുന്നില്ല, സ്‌കൂള്‍ തുറക്കുന്നതിനായിരുന്നു മാനേജ്‌മെന്റിന് തിടുക്കം. അതിനായി കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത രക്ഷകര്‍ത്താക്കളുടെ യോഗത്തില്‍ പോലും ഗൗരിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത് ചുരുക്കം ചില അമ്മമാര്‍മാര്‍ മാത്രം. സ്വന്തം മക്കളുടെ ഭാവിയെക്കുറിച്ച് മാത്രമായിരുന്നു അധികം രക്ഷിതാക്കളും വ്യാകുലപ്പെട്ടത്. യോഗത്തില്‍ സ്‌കൂളിനെതിരെ പരാതി ഉയര്‍ത്തിയ ഒരു അമ്മയെ കയ്യേറ്റം ചെയ്യുന്ന അവസ്ഥ വരെയുണ്ടായി.

കച്ചവട താല്‍പര്യം മാത്രം മുന്നില്‍ക്കണ്ട് കുട്ടികളെ കേള്‍ക്കുക പോലും ചെയ്യാതെ അവരെ തള്ളിപ്പറയേണ്ടവരാണോ വിദ്യാഭ്യാത്തെ പ്രതിനിധീകരിക്കേണ്ടവര്‍ എന്ന് ചിന്തിക്കുന്നിടത്ത് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ അയവു വരും. നാളെ ഒരു പക്ഷേ തന്റെ മകള്‍ക്കോ മകനോ ഈ ഒരു അവസ്ഥ ഉണ്ടായാല്‍ എന്ത് ചെയ്യുമെന്ന് ഏതെങ്കിലും ഒരു അച്ഛനോ അമ്മയോ ചിന്തിച്ചിരുന്നുവങ്കില്‍ ഗൗരിക്ക് നീതി തേടിയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നേനെ.

ഉച്ചക്ക് ലഞ്ച് ബോക്‌സ് തുറന്ന് ഭക്ഷണത്തിനു മുന്നിലിരുന്ന ഗൗരിയെ എന്തിനു രണ്ട് അധ്യാപികമാര്‍ വിളിച്ചു കൊണ്ടുപോയി? ആകാശം ഇടിഞ്ഞു വീഴുന്ന പ്രശ്‌നമായിരുന്നാലും ഊണ് കഴിച്ചിട്ട് വാ എന്ന് അധ്യാപികമാര്‍ അല്പം കാരുണ്യത്തോടെ പറയാഞ്ഞതെന്ത്? ഉച്ചക്ക് 12. 50 മുതല്‍ 1.20 വരെയുള്ള 30 മിനുട്ട് ഗൗരിക്ക് എന്ത് സംഭവിച്ചു? ഇത്രയും ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരമില്ലാതെ ആ സ്‌കൂള്‍ എന്തിനു തുറക്കണം? അവിടത്തെ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ ഇത്രക്ക് കണ്ണില്‍ ചോരയില്ലാതെ പെരുമാറാന്‍ പാടില്ലാത്തതായിരുന്നു.

പല സ്വകര്യ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം സംഭവങ്ങൾ വരുമ്പോൾ സ്ഥാപനങ്ങളുടെ സൽപ്പേര് എന്ന ന്യായം വളരെ സമർത്ഥമായി നിരത്തി പ്രതിരോധിക്കുന്നത് ഒരു തന്ത്രമാണ്. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം മാത്രം ഏറ്റവും വലുതായി കാണുന്ന രക്ഷകർത്താകളാണ് ഇവരുടെ പിടിവള്ളി. ഇവിടെയും കാണുന്നത് അത് തന്നെയാണ്. ജിഷ്ണു പ്രണോയ് സംഭവം ഇത്തരത്തിലുള്ള അവസാനത്തേതാകുമെന്ന് കരുതിയായവർക്ക് തെറ്റുന്നു. ഇനിയും ജിഷ്ണുമാരും ഗൗരിമാരും ഉണ്ടാകണമെന്നാണോ ട്രിനിറ്റി ലൈസിയം സ്കൂളിലെ ഒരു വിഭാഗം രക്ഷകർത്താക്കൾ താല്‍പര്യപ്പെടുന്നത്. എങ്കിൽ അത് നിങ്ങളുടെ മകനോ, മകളോ ആകാതിരിക്കാൻ പ്രാർത്ഥിക്കുക.