കുല്‍ഭൂഷണ്‍ കേസ്: പാകിസ്താനില്‍ ഷെരീഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; ഒടുവില്‍ വിധി അംഗീകരിക്കുന്നു എന്ന് പാക് നിയമ മന്ത്രി

May 19, 2017, 3:38 pm
കുല്‍ഭൂഷണ്‍  കേസ്: പാകിസ്താനില്‍ ഷെരീഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; ഒടുവില്‍ വിധി  അംഗീകരിക്കുന്നു എന്ന് പാക്  നിയമ മന്ത്രി
World
World
കുല്‍ഭൂഷണ്‍  കേസ്: പാകിസ്താനില്‍ ഷെരീഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; ഒടുവില്‍ വിധി  അംഗീകരിക്കുന്നു എന്ന് പാക്  നിയമ മന്ത്രി

കുല്‍ഭൂഷണ്‍ കേസ്: പാകിസ്താനില്‍ ഷെരീഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; ഒടുവില്‍ വിധി അംഗീകരിക്കുന്നു എന്ന് പാക് നിയമ മന്ത്രി

കുല്‍ഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ച പാകിസ്താന്‍ സൈനിക കോടതിയുടെ നടപടി അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ പാകിസ്താനില്‍ സര്‍ക്കാരിനും പ്രധാന മന്ത്രി നവാസ് ഷെരീഫിനും രൂക്ഷ വിമര്‍ശനം. ഇന്ത്യ അന്താഷ്ട്ര കോടതിയില്‍ ഉന്നയിച്ച വാദങ്ങളെ ഫലപ്രദമായി നേരിടാന്‍ പാകിസ്താന് സാധിച്ചില്ലെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വധശിക്ഷ റദ്ദ് ചെയ്ത അന്താരാഷ്ട്ര കോടതിയുടെ വിധി പാകിസ്താന്‍ അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രാഥമിക പ്രതികരണം, പാകിസ്താന്‍ നിയമ മന്ത്രി തിരുത്തി. വിധി പാകിസ്താന്‍ അംഗീകരിക്കുന്നു എന്ന് നിയമ മന്ത്രിയായ റാണാ സാനുള്ള പ്രസ്താവനയില്‍ പറഞ്ഞു.

കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് അന്താരാഷ്ട്ര കോടതിയുടെ അധകാര പരിധിയില്‍ വരുന്നതല്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പാകിസ്താന്‍. എങ്കിലും വിധി അംഗീകരിക്കുന്നു എന്നാണ് പ്രസ്താവന. കുല്‍ഭൂഷണ്‍ ജാദവിനെതിരായ ചാരവൃത്തി ആരോപണം തെളിയിക്കാന്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ പാകിസ്താന്റെ പക്കലുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം പാകിസ്താന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ കൊണ്ട് വരുമെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സഖറിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ട് പ്രാവശ്യം ജാദവ് തന്റെ കുറ്റങ്ങള്‍ പാകിസ്താന്‍ കോടതി മുമ്പാകെ സമ്മതിച്ചതാണ്. പാകിസ്താന്‍ അന്താരാഷ്ട്ര കോടതിയുടെ വിധി അംഗീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ അന്താരാഷ്ട്ര കോടതിയില്‍ പാകിസ്താന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത് എന്ന് ചുണ്ടിക്കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ്. കൂല്‍ഭൂഷണ്‍ ജാദവ് രക്ഷപ്പെടുന്നതിന് പ്രധാന മന്ത്രി നവാസ് ഷെരീഫ് വഴിയൊരുക്കിയാണെന്നാണ് ആരോപണം. അന്താരാഷ്ട്ര കോടതിയുടെ വിധി ആംഗീകരിക്കാന്‍ പാകിസ്താന്‍ തയ്യാറായതിനെതിരെയും വിമര്‍ശനമുണ്ട്. കേസ് പഠിക്കാതെയാണ് പാകിസ്താന്‍ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്. പാകിസ്താന്റെ നിയമ സംവിധാനത്തെക്കുറിച്ച് പരാമര്‍ശിക്കാതെ ആഗസ്തില്‍ കുല്‍ഭൂഷണ്‍ന്റെ വധശിക്ഷ നടപ്പിലാക്കുമെന്ന് മാത്രമാണ് വാദിച്ചത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തഹ്റിക്ക് ഇന്‍സാഫിന്റെ മുതിര്‍ന്ന നേതാവായ ഷീറീന്‍ മസാറായി ആരോപിച്ചു. അഭിഭാഷകര്‍ക്ക് പകരം പാകിസ്താന് വേണ്ടി ജനറല്‍ ഖവാര്‍ ഖുറേഷിയാണ് കേസ് വാദിച്ചതെന്ന് തന്നെ അത്ഭുതപ്പെടുത്തു എന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അന്താരാഷ്ട്ര കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യന്‍ സഹായം കുല്‍ഭൂഷണ്‍ ജാദവിന് നല്‍കണമെങ്കില്‍ പാകിസ്താന്‍ സൈനിക നേതൃത്വം തയ്യാറാകേണ്ടതുണ്ട്. സര്‍ക്കാരും സൈനിക നേതൃത്വവും രണ്ട് തട്ടിലായതിനാല്‍ പ്രധാന മന്ത്രി നവാസ് ഷെരീഫിന് മുമ്പിലുള്ള വെല്ലുവിളിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമേ പ്രധാന മന്ത്രിയും നാല് പ്രധാന കേന്ദ്ര മന്തിമാരും വാദത്തിന്റെയും വിധിയുടെയും സമയത്ത് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു എന്നതും പാകിസ്താനില്‍ ചര്‍ച്ചയായിട്ടുണ്ട്.