മോഡി ഇന്ന് ഇസ്രയേലില്‍; ചരിത്രപരമെന്ന് നെതന്യാഹു; ഇസ്രയേലില്‍ നിന്നുമുള്ള ആയുധസംഭരണം പ്രധാന ചര്‍ച്ചാ വിഷയം

July 4, 2017, 12:39 pm
മോഡി ഇന്ന് ഇസ്രയേലില്‍; ചരിത്രപരമെന്ന് നെതന്യാഹു; ഇസ്രയേലില്‍ നിന്നുമുള്ള ആയുധസംഭരണം  പ്രധാന ചര്‍ച്ചാ വിഷയം
World
World
മോഡി ഇന്ന് ഇസ്രയേലില്‍; ചരിത്രപരമെന്ന് നെതന്യാഹു; ഇസ്രയേലില്‍ നിന്നുമുള്ള ആയുധസംഭരണം  പ്രധാന ചര്‍ച്ചാ വിഷയം

മോഡി ഇന്ന് ഇസ്രയേലില്‍; ചരിത്രപരമെന്ന് നെതന്യാഹു; ഇസ്രയേലില്‍ നിന്നുമുള്ള ആയുധസംഭരണം പ്രധാന ചര്‍ച്ചാ വിഷയം

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഇസ്രയേലിൽ വിമാനമിറങ്ങും. ഉച്ചതിരിഞ്ഞ് മോഡി ഇസ്രയേലില്‍ എത്തുമെന്നാണ് വിവരം. ഇസ്രയേല്‍ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡിക്ക് മികച്ച സ്വീകരണം നൽകാനാണ് ഇസ്രയേൽ തീരുമാനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രോട്ടോകാൾ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ട് വിമാനത്താവളത്തിലെത്തി മോഡിയെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. മോഡിയുടെ സന്ദര്‍ശനം ചരിത്രപരമെന്നും ഇസ്രയേലിലെ ഭൂരിപക്ഷം പരിപാടികളിലും മോഡിക്കൊപ്പം പങ്കെടുക്കുമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്. സുരക്ഷ, കൃഷി, ഊര്‍ജം, ജലം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ മോദിയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.

മോഡിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ജറുസലേമില്‍ നടക്കുന്നതെന്നാണ് വിവരം. ബെൻ ഗുർയോൻ വിമാനത്താവളത്തിലാണ് മോഡി വന്നിറങ്ങുക. മതനേതാക്കൾ ഉൾപ്പെടെയുള്ളവർ മോഡിയെ സ്വീകരിക്കും.

ഇന്ത്യ–ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി ഇസ്രയേലിലേക്ക് തിരിച്ചത്. 1918 ല്‍ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്കു മോദി ആദരാഞ്ജലി അര്‍പ്പിക്കും. കൃഷിയിടങ്ങളും സന്ദര്‍ശിക്കും. നാലായിരത്തോളം വരുന്ന ഇന്ത്യന്‍ ജനതയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ഇന്ത്യയുടെ പ്രധാനപ്പെട്ട ആയുധദാതാക്കളില്‍ ഒന്നായ ഇസ്രയേലില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നതാണ് സന്ദര്‍ശനത്തിന്റെ പ്രഥമ ലക്ഷ്യം. സൈബര്‍ സുരക്ഷ, കൃഷി, ആരോഗ്യം, വാണിജ്യം, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നീ വിഷയങ്ങളിലും ചര്‍ച്ചയുണ്ടാകും. ബുധനാഴ്ചയാണു മോദി–നെതന്യാഹു നയതന്ത്രചര്‍ച്ചയും സംയുക്ത വാര്‍ത്താസമ്മേളനവും.

മോഡിയുടെ ഇസ്രേയല്‍ സന്ദര്‍ശനം ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കാതിരിക്കാനുള്ള കരുതലിലാണു വിദേശകാര്യ മന്ത്രാലയം.

പലസ്തീന്‍ മേഖലയെ ജൂത, അറബ് രാഷ്ട്രങ്ങളായി വിഭജിക്കുന്നതിനെ എതിര്‍ത്ത മഹാത്മാഗാന്ധിയുടെ നിലപാടിനും ഐക്യരാഷ്ട്രസഭയില്‍ ജൂതരാഷ്ട്ര രൂപീകരണത്തെ എതിര്‍ത്തുവോട്ടുചെയ്ത ഇന്ത്യയുടെ പൂര്‍വ്വ നിലപാടിനും വിപരീതമായാണ് ഇപ്പോഴത്തെ ചുവടുമാറ്റം.