ബലാത്സംഗക്കേസ്: ജൂലിയന്‍ അസാന്‍ജിനെതിരായ അന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു 

May 19, 2017, 4:24 pm
ബലാത്സംഗക്കേസ്: ജൂലിയന്‍ അസാന്‍ജിനെതിരായ അന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു 
World
World
ബലാത്സംഗക്കേസ്: ജൂലിയന്‍ അസാന്‍ജിനെതിരായ അന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു 

ബലാത്സംഗക്കേസ്: ജൂലിയന്‍ അസാന്‍ജിനെതിരായ അന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു 

സ്റ്റോക്ക്ഹോം: ബലാത്സംഗക്കേസില്‍ വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരായ അന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു. ഏഴു വര്‍ഷമായി തുടരുന്ന അന്വേഷണമാണ് അവസാനിപ്പിച്ചത്. ഈ കേസില്‍ അറസ്റ്റ് വാറ്ന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 2012 മുതല്‍ അസാന്‍ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണ് കഴിയുന്നത്. അസാഞ്ചിനെതിരായ കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സ്വീഡിഷ് പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ മാരിയന്‍ നി ആണ് അറിയിച്ചത്. അദ്ദേഹത്തിനെതിരായ അറസ്റ്റ് വാറന്റും ഉടന്‍ പിന്‍വലിക്കും. അസാന്‍ജ് എത്രയും പെട്ടന്ന് ലണ്ടന്‍ വിടുമെന്ന് വിക്കിലീക്‌സ് വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ അസാഞ്ചിന് ഉടന്‍ ലണ്ടന്‍ വിടാന്‍ കഴിയില്ലെന്നും അദ്ദേഹത്തിനെതിരായ മറ്റ് വകുപ്പുകള്‍ നിലനില്‍ക്കുന്നുണ്ടെന്നുമാണ് ലണ്ടന്‍ പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. 2012 ജൂണില്‍ അസാഞ്ചിനെതിരെ കോടതി പുറപ്പെടുവിച്ച വാറന്റ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിനെതിരെ അസാഞ്ച് ഇതുവരെ ജാമ്യാപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

ഇക്വഡോര്‍ അഭയം നല്‍കിയതിനെ തുടര്‍ന്ന് ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണ് അസാന്‍ജ് 2012 മുതല്‍ കഴിയുന്നത്. സ്വീഡന്‍ തന്നെ അമേരിക്കക്ക് കൈമാറുമെന്ന് അസാന്‍ജ് ഭയപ്പെട്ടിരുന്നു.

2010 ല്‍ അമേരിക്കയുടെ രഹസ്യ നയതന്ത്ര സന്ദേശങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് അമേരിക്ക നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരായ കേസെന്ന് ജൂലിയന്‍ അസാന്‍ജ് ആരോപിച്ചിരുന്നു. യുഎസ് സൈന്യവുമായി ബന്ധപ്പെട്ട നിരവധി രേഖകളാണ് വിക്കിലീക്‌സ് പുറത്ത് വിട്ടത്. കഴിഞ്ഞ നവംബറില്‍ സ്വീഡിഷ് അധികൃതര്‍ നടത്തിയ ചോദ്യം ചെയ്യലിലും ബലാത്സംഗ ആരോപണം അസാന്‍ജ് നിഷേധിച്ചിരുന്നു.

സ്‌റ്റോക്ക്‌ഹോമില്‍ വെച്ച് അസാന്‍ജ് ലൈംഗീകമായി പീഡിപ്പിച്ചതായി മുന്‍ വിക്കിലീക്‌സ് വോളണ്ടിയര്‍മാരായ രണ്ടു സ്ത്രീകള്‍ 2010 ല്‍ ആരോപിക്കുകയായിരുന്നു. എന്നാല്‍ ഉഭയകക്ഷി സമ്മത പ്രകാരമാണ് താന്‍ അവരുമായി ബന്ധപ്പെട്ടതെന്നും ആരോപണം ഗൂഢാലോചനയുടെ ഭാഗമായാണെന്നും അസാന്‍ജ് ആരോപിച്ചു. അമേരിക്കന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെയാണ് അസാഞ്ചിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ടത്.