തുര്‍ക്കിയെ ഇനിയങ്ങോട്ട് എര്‍ദോഗന്‍ നയിക്കും; ഹിതപരിശോധനയില്‍ 51.3 ശതമാനവും ഭേദഗതികള്‍ക്കൊപ്പം; വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം

April 17, 2017, 7:47 am

തുര്‍ക്കിയെ ഇനിയങ്ങോട്ട് എര്‍ദോഗന്‍ നയിക്കും; ഹിതപരിശോധനയില്‍ 51.3 ശതമാനവും ഭേദഗതികള്‍ക്കൊപ്പം; വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം
World

തുര്‍ക്കിയുടെ രാഷ്ട്രീയഭാവി എന്തായിരിക്കുമെന്ന് തീരുമാനിക്കുന്ന ഹിതപരിശോധനാ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഭൂരിപക്ഷം ജനതയും പ്രസിഡന്റ് തയ്യിപ് എര്‍ദോഗനൊപ്പം. 98.2 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 51.3ശതമാനം ജനങ്ങള്‍ ഭരണഘടനാ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്തു. 48.7 ശതമാനം പേരാണ് ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്തത്. ആദ്യഘട്ടത്തില്‍ 58 ശതമാനം വോട്ടുകള്‍ എര്‍ദോഗന് അനുകൂലമായി ലഭിച്ചെങ്കിലും അവസാനം ഭൂരിപക്ഷം താഴുകയായിരുന്നു. ഫലം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ചരിത്രപരമായ തീരുമാനമാണ് രാജ്യം എടുത്തതെന്നും രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ക്കും അട്ടിമറികള്‍ക്കുമുളള മറുപടിയാണ് വിജയമെന്നും പ്രസിഡന്റ് തയ്യിപ് എര്‍ദോഗനും പ്രധാനമന്ത്രി ബിനാലി യില്‍ദിരിമും വ്യക്തമാക്കി. വീണ്ടും വോട്ടെണ്ണണമെന്നും വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആരോപിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് പ്രധാന നഗരങ്ങളില്‍ എര്‍ദോഗന് തിരിച്ചടി ഉണ്ടായിരിക്കുകയാണെന്നും പ്രതിപക്ഷം പറയുന്നു. കൂര്‍ദ് വംശജര്‍ക്ക് ഭൂരിപക്ഷമുളള പ്രദേശങ്ങളിലും തീരമേഖലകളും എര്‍ദോഗനെ കൈവിട്ടതായാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.

രാജ്യത്തെ 167,140 സ്റ്റേഷനുകളിലായി അഞ്ചരക്കോടി ആളുകളാണ് ഹിതപരിശോധനയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. നിലവിലെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കുളള സമ്പൂര്‍ണ മാറ്റമാണ് ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ലക്ഷ്യമിടുന്നത്. ഭേദഗതിക്ക് ഹിതപരിശോധനയിലൂടെ ജനങ്ങള്‍ അംഗീകാരം നല്‍കിയതോടെ 2029 വരെ ഇദ്ദേഹത്തിന് പ്രസിഡന്റായി തുടരാന്‍ കഴിയും. പുതിയ ഭരണഘടന രാജ്യത്ത് നടപ്പിലാക്കുന്നതിനോട് യോജിപ്പുണ്ടോ, ഇല്ലയോ എന്നതരത്തിലുളള ചോദ്യങ്ങളാണ് ബാലറ്റ് പേപ്പറിലുണ്ടായിരുന്നത്. ഹിതപരിശോധന അനുകൂലമായതോടെ ജുഡിഷ്യറിയിലും ഉന്നത പദവികളിലും, മന്ത്രിമാരുള്‍പ്പെടെയുളളവരെയും പ്രസിഡന്റിന് നേരിട്ട് നിയമിക്കാന്‍ സാധിക്കും.

കൂടാതെ പാര്‍ലമെന്റിന്റെ അനുമതി ഇല്ലാതെ ബജറ്റ് അവതരിപ്പിക്കാനും, രാജ്യത്ത് ഏതുസമയത്തും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പിന്‍വലിക്കാനും പുതിയ ഭരണഘടനാ ഭേദഗതി പ്രസിഡന്റിന് അധികാരം നല്‍കുന്നുണ്ട്. സുരക്ഷാ പ്രതിസന്ധികളെയും അട്ടിമറി ശ്രമങ്ങളെയും നേരിടാന്‍ ഭരണഘടന തിരുത്തി എഴുതണമെന്നാണ് എര്‍ദോഗന്‍ പക്ഷത്തിന്റെ വാദം. അതെസമയം അധികാരങ്ങളെല്ലാം ഒരു കേന്ദ്രത്തിലേക്ക് സംയോജിപ്പിക്കാനുളള നീക്കത്തിലൂടെ ഏകാധിപത്യശ്രമമാണ് എര്‍ദോഗന്‍ നടത്തുന്നതെന്ന് മറുപക്ഷവും ആരോപിക്കുന്നു.