അഫ്ഗാനിസ്ഥാനില്‍ ‘ബോംബുകളുടെ മാതാവ്’ കൊലപ്പെടുത്തിയത് 36 ഐഎസ് ഭീകരരെ; അമേരിക്കയുടേത് മനുഷ്യത്വരഹിത നടപടിയെന്ന് ഹമീദ് കര്‍സായി 

April 14, 2017, 1:46 pm
 അഫ്ഗാനിസ്ഥാനില്‍ ‘ബോംബുകളുടെ മാതാവ്’ കൊലപ്പെടുത്തിയത് 36 ഐഎസ് ഭീകരരെ; അമേരിക്കയുടേത് മനുഷ്യത്വരഹിത നടപടിയെന്ന് ഹമീദ് കര്‍സായി 
World
World
 അഫ്ഗാനിസ്ഥാനില്‍ ‘ബോംബുകളുടെ മാതാവ്’ കൊലപ്പെടുത്തിയത് 36 ഐഎസ് ഭീകരരെ; അമേരിക്കയുടേത് മനുഷ്യത്വരഹിത നടപടിയെന്ന് ഹമീദ് കര്‍സായി 

അഫ്ഗാനിസ്ഥാനില്‍ ‘ബോംബുകളുടെ മാതാവ്’ കൊലപ്പെടുത്തിയത് 36 ഐഎസ് ഭീകരരെ; അമേരിക്കയുടേത് മനുഷ്യത്വരഹിത നടപടിയെന്ന് ഹമീദ് കര്‍സായി 

അഫ്ഗാനിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തില്‍ 36 ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥീരികരിച്ചു. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് സ്ഥിരീകരണം. ഭീകരര്‍ അല്ലാതെ പ്രദേശവാസികള്‍ക്കോ, സാധാരണക്കാര്‍ക്കോ യാതൊന്നും പറ്റിയിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായി വരുന്നതെയുളളുവെന്നും പ്രതിരോധ മന്ത്രാലയ വ്യക്താവ് ദ്വാലത്ത് വസിരി അറിയിച്ചു.

അതേസമയം അമേരിക്കന്‍ ആക്രമണം നടന്ന അഫ്ഗാന്‍ അതിര്‍ത്തി ജില്ലയായ ആഷിനില്‍ കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നെന്ന് കരുതുന്ന മലയാളി സംഘം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇക്കാര്യത്തില്‍ യാതൊരുവിധ ഔദ്യോഗിക വിശദീകരണങ്ങളോ സന്ദേശങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം കാസര്‍കോട് നിന്നും ഐഎസില്‍ ചേര്‍ന്നെന്ന് കരുതുന്ന ഒരു യുവാവ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

പടന്ന വടക്കേപ്പുറത്ത് ടി.കെ മുര്‍ഷിദ് മുഹമ്മദ്(23) മരിച്ചതായാണ് ഇന്നലെ സന്ദേശമെത്തിയത്. മുര്‍ഷിദിന്റെ പിതാവിനും സാമൂഹിക പ്രവര്‍ത്തകനുമാണ് സന്ദേശമെത്തിയത്. അതേസമയം ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇന്നലെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി രംഗത്ത് എത്തിയിട്ടുണ്ട്. അതിക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയെന്നാണ് ഹമീദ് കര്‍സായി ട്വീറ്റിലൂടെ അമേരിക്കന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഭീകരവാദികള്‍ക്കെതിരായ പോരാട്ടമല്ല അമേരിക്ക നടത്തുന്നതെന്നും ഏറ്റവും നശീകരണ ശേഷിയുളള ആയുധങ്ങള്‍ തങ്ങളുടെ രാജ്യത്തിനുമേല്‍ ദുരുപയോഗിക്കുകയാണ് ചെയ്യുന്നതെന്നും ഹമീദ് കര്‍സായി കുറ്റപ്പെടുത്തി.

ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ആണവേതര ബോംബായ ജിബിയു-43 ആണ് അമേരിക്ക അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇന്നലെ പ്രയോഗിച്ചത്. ലോകത്ത് ഇതുവരെ പ്രയോഗിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ബോംബാണിത്. വ്യാഴാഴ്ച വൈകുന്നേരം ഏഴോടെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിലെ ആഷിന്‍ ജില്ലയില്‍ അമേരിക്കന്‍ സൈന്യം എയര്‍ക്രാഫ്റ്റില്‍ കൂറ്റന്‍ ബോംബ് പ്രയോഗിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ആക്രമണമെന്ന് ജനറല്‍ ജോണ്‍ നിക്കല്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം വിജയകരമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും വിലയിരുത്തല്‍.