എന്തുകൊണ്ട് സൗദി അറേബ്യ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചു?; കാരണങ്ങള്‍ ഇവയാണ്  

June 6, 2017, 1:37 am
എന്തുകൊണ്ട് സൗദി അറേബ്യ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചു?; കാരണങ്ങള്‍ ഇവയാണ്  
World
World
എന്തുകൊണ്ട് സൗദി അറേബ്യ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചു?; കാരണങ്ങള്‍ ഇവയാണ്  

എന്തുകൊണ്ട് സൗദി അറേബ്യ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചു?; കാരണങ്ങള്‍ ഇവയാണ്  

ദോഹ: തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദിയുടെ നേതൃത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിച്ഛേദിച്ചത് വന്‍ കോളിളക്കമാണ് മേഖലയില്‍ സൃഷ്ടിക്കുന്നത്. 1981ല്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ രൂപീകരിക്കപ്പെട്ടതു മുതല്‍ അംഗങ്ങളാണ് സൗദി അറേബ്യയും ഖത്തറും. ഭൂരാഷ്ട്രതന്ത്രപരമായി ഒരേ താല്‍പര്യങ്ങള്‍ ഉള്ളവരായിരുന്നു ഇരു രാജ്യങ്ങളും.

സിറിയയില്‍ ബശര്‍ അല്‍ അസദ് ഭരണകൂടത്തെ താഴെയിറക്കാനായിരുന്നു ഇരുരാജ്യങ്ങളുടെയും താല്‍പര്യം. യെമനില്‍ രണ്ട് വര്‍ഷമായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഇടപെടലിലും ഖത്തറിന്റെ ഐക്യദാര്‍ഢ്യമുണ്ടായിരുന്നു. അറബ് നാറ്റോ എന്ന് വിളിക്കപ്പടുന്ന സുന്നി രാജ്യങ്ങളുടെ ഇസ്ലാമിക സൈനിക സഖ്യത്തിലും ഖത്തര്‍ ഒപ്പമുണ്ടായിരുന്നു. സാമ്പത്തികപരമായും നയതന്ത്രപരമായും ഇത്രയും ശക്തമായ ബന്ധം നിലനില്‍ക്കെ എന്തുകൊണ്ടാണ് സൗദി ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതും ഇങ്ങനെയൊരു പ്രതിസന്ധിക്ക് വഴിവെച്ചത്? കാരണങ്ങള്‍ ഇവയാണ്.

മുസ്ലീം ബ്രദര്‍ഹുഡിന്റെ ഉത്ഭവം

സൗദിയുടെ നിലപാടുകള്‍ അനുകൂലിക്കുന്ന ഒരു ഉപഗ്രഹരാജ്യമെന്നതില്‍ നിന്ന് വ്യത്യസ്തമായി മുസ്ലീം ബ്രദര്‍ഹുഡിനെ അനുകൂലിക്കുകയാണ് ഖത്തര്‍ ചെയ്തത്. ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ ഉയര്‍ച്ചയെ നിലനില്‍പിനുള്ള വെല്ലുവിളിയായി സൗദിയുള്‍പെടെയുള്ള രാജ്യങ്ങള്‍ കണ്ടപ്പോള്‍ ജനാധിപത്യപരമായാണ് ഖത്തര്‍ അതിനെ കണ്ടത്. 2013ല്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ മുര്‍സി ഭരണകൂടത്തെ അട്ടിമറിച്ച് അബ്ദല്‍ അല്‍ സിസി എത്തിയപ്പോള്‍ സൗദി സ്വാഗതം ചെയ്തു. എന്നാല്‍ ഖത്തറും രാജകുടുംബവും സിസി ഭരണകൂടത്തിനെതിരെ തിരിയുകയാണുണ്ടായത്. 2014ല്‍ തന്നെ ഒരു നയതന്ത്രപ്രതിസന്ധിക്ക് ഇത് വഴിവെച്ചിരുന്നു. സൗദിയും ബഹ്‌റൈനും യുഎഇയും നയതന്ത്രബന്ധങ്ങള്‍ താല്‍ക്കാലികമായി വിച്ഛേദിക്കുകയും ചെയ്തു.

ഖത്തറിന്റെ ഇറാന്‍ ബന്ധം

സൗദി പൂര്‍ണമായും എതിരായിട്ടും ഇറാനുമായുളള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കാന്‍ ഖത്തര്‍ തയ്യാറായിരുന്നില്ല. ഷെയ്ഖ് നിംറ് അല്‍ നിംറ് എന്ന ഷിയാ പുരോഹിതനെ 2016ല്‍ സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ മറ്റ് രാജ്യങ്ങളെല്ലാം ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചു. എന്നാല്‍ ഖത്തര്‍ ഇറാനിലെ തങ്ങളുടെ നയതന്ത്രപ്രതിനിധിയെ തിരിച്ചുവിളിക്കുക മാത്രമാണ് ചെയ്തത്.

ട്രംപിന്റെ സൗദി സന്ദര്‍ശനം

സൗദി ഭരണകൂടത്തിന്റെ കടുത്ത തീരുമാനത്തിന് പിന്നില്‍ അമേരിക്കന്‍ ഇടപെടലിന് നിര്‍ണായക പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. ഇറാനെതിരെയുള്ള നീക്കം കടുപ്പിക്കുക എന്നായിരുന്നു അമേരിക്കയുടെ നിര്‍ദ്ദേശം. ഇറാന്‍ വിരുദ്ധ വികാരം സൃഷ്ടിക്കുന്നതിനെതിരെയുള്ള ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം അല്‍ താനിയുടെ പ്രതികരണങ്ങള്‍ സൗദിയുടെ അപ്രീതിക്കിടയാക്കി. ഖത്തര്‍ ഭരണാധികാരി ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയതും ധിക്കാരമായി സൗദി കണക്കിലെടുത്തു.

കടുത്ത നിലപാട് സ്വീകരിക്കുന്നതിലൂടെ ഖത്തറിനെ ഒരു പാഠം പഠിപ്പിക്കാമെന്നാണ് സൗദിയുടെ പ്രതീക്ഷ. ഗള്‍ഫ് രാജ്യങ്ങളുടെ മേല്‍ ഒരിക്കല്‍ കൂടി ആധിപത്യം ഉറപ്പിക്കാനും ഇറാനെ പൊതുശത്രുവായി നിലനിര്‍ത്താനുമാണ് സൗദിയുടെ ശ്രമം. എന്നാല്‍ താരതമ്യേന ചെറിയ രാജ്യമാണെങ്കിലും സാമ്പത്തികമായി ശക്തിയാര്‍ജ്ജിച്ചവരാണ് ഖത്തര്‍. ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്ന രാജ്യവും ഖത്തറാണ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സൈനികനീക്കം നടത്തുന്ന അമേരിക്കന്‍ വ്യോമതാവളവും ഖത്തറിലാണുള്ളത്. ഇറാന്‍-സൗദി ശീതയുദ്ധത്തില്‍ സൗദിക്ക് നിര്‍ലോഭ പിന്തുണ നല്‍കിയത് ആവര്‍ത്തിക്കാന്‍ അമേരിക്കയ്ക്ക് ആവില്ല. ഈ നയതന്ത്രയുദ്ധത്തില്‍ അമേരിക്കയുടെ നിലപാട് തന്നെയാകും നിര്‍ണായകമാകുക.