അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീണ്ടുപോകുന്നുവെന്ന് ഭാര്യ ഇന്ദിര രാമചന്ദ്രന്‍; ‘ജയിലിലായതോടെ ഒപ്പമുളള പലരും കളളക്കളി നടത്തി, ഇനിയും ബാങ്കുകള്‍ കനിയണം‘ 

June 19, 2017, 10:20 am
അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീണ്ടുപോകുന്നുവെന്ന്  ഭാര്യ ഇന്ദിര രാമചന്ദ്രന്‍; ‘ജയിലിലായതോടെ ഒപ്പമുളള പലരും കളളക്കളി നടത്തി, ഇനിയും ബാങ്കുകള്‍ കനിയണം‘ 
Gulf
Gulf
അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീണ്ടുപോകുന്നുവെന്ന്  ഭാര്യ ഇന്ദിര രാമചന്ദ്രന്‍; ‘ജയിലിലായതോടെ ഒപ്പമുളള പലരും കളളക്കളി നടത്തി, ഇനിയും ബാങ്കുകള്‍ കനിയണം‘ 

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീണ്ടുപോകുന്നുവെന്ന് ഭാര്യ ഇന്ദിര രാമചന്ദ്രന്‍; ‘ജയിലിലായതോടെ ഒപ്പമുളള പലരും കളളക്കളി നടത്തി, ഇനിയും ബാങ്കുകള്‍ കനിയണം‘ 

ദുബൈ: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ദുബൈ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചന ശ്രമങ്ങള്‍ വൈകുന്നുവെന്ന് ഭാര്യ ഇന്ദിര രാമചന്ദ്രന്‍. അറ്റ്ലസ് ഗ്രൂപ്പുകള്‍ക്ക് വായ്പ നല്‍കിയ 22 ബാങ്കുകളില്‍ 19 എണ്ണം, നിയമനടപടികള്‍ താത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും മറ്റ് മൂന്ന് ബാങ്കുകള്‍ ഇതിന് സന്നദ്ധമായിട്ടില്ലെന്നും ഇന്ദിര പറയുന്നു. അറ്റലസ് രാമചന്ദ്രന്‍ ജയിലിലായതോടെ ഒപ്പമുളള പലരും കളളക്കളി നടത്തിയതായും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ് എന്നും ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ ഇന്ദിര രാമചന്ദ്രന്‍ വെളിപ്പെടുത്തി. രാമചന്ദ്രന്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇന്ദിര ആദ്യമായി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖമാണിത്.

വ്യാപാരാവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ചെന്ന കേസില്‍ 2015 ഓഗസ്റ്റ് 23 നാണ് അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. 34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയിരുന്നു. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ദുബൈ കോടതി വിധിച്ചത്. അതിന് ശേഷം ദുബൈയില്‍ തന്നെ തുടര്‍ന്നാണ് ഭാര്യ ഇന്ദിര, അറ്റ്‌ലസ് രാമചന്ദ്രനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. വീട്ടമ്മയായി കഴിഞ്ഞിരുന്ന 68 കാരിയായ ഇന്ദിര രാമചന്ദ്രന്‍ ഇപ്പോള്‍ ഭര്‍ത്താവിനെ ജയില്‍ നിന്നും മോചിപ്പിക്കുന്നതിനായി ഓരോ ബാങ്കുകളെയും സമീപിക്കുകയാണ്.

അദ്ദേഹത്തിന്റെ ആരോഗ്യനില അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. 21 മാസമായി ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച വീല്‍ ചെയറിലാണ് ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരോഗ്യപരമായി അദ്ദേഹത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ട്. എനിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. നിസ്സഹായവസ്ഥയിലാണ് ഞാന്‍. വായ്പ നല്‍കിയ 22 ബാങ്കുകളില്‍ 19 എണ്ണം നിയമനടപടികള്‍ താത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. പുതിയ തിരിച്ചടവ് കരാറിന് ഈ ബാങ്കുകള്‍ സന്നദ്ധമാണ്. പക്ഷെ ഇനിയും മൂന്ന് ബാങ്കുകള്‍ ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് തയ്യാറായിട്ടില്ല. കേസ് തത്കാലം നിര്‍ത്തിവയ്ക്കാനുള്ള കരാറില്‍ അവര്‍ കൂടി ഒപ്പുവച്ചാല്‍ മാത്രമേ രാമചന്ദ്രനെ ഉടനെ മോചിപ്പിക്കാന്‍ കഴിയകയുളളൂ. ചില ബാങ്കുകള്‍ എനിക്കെതിരെയും സിവില്‍ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ ഞാനും ജയിലിലാകുമോയെന്ന ഭയമുണ്ട്. എന്നെ അറസ്റ്റ് ചെയ്യുമെന്ന് ബാങ്കുകള്‍ ഭീഷണിപ്പെടുത്തുകയാണ്. ചില ആളുകള്‍ സഹായത്തിന് കോടികളാണ് ആവശ്യപ്പെടുന്നത്. ശാരീരികമായും മാനസികമായും തളര്‍ന്നിരിക്കുകയാണ്. യുഎഇയിലുളള എനിക്ക് വാടക കൊടുക്കാന്‍ പോലും ഇപ്പോള്‍ സ്ഥിരമായ വരുമാനമില്ല. പക്ഷേ, അദ്ദേഹത്തെ പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം തുടരും.
ഇന്ദിര രാമചന്ദ്രന്‍

1990 ലെ കുവൈത്ത് യുദ്ധകാലത്ത് പ്രതിസന്ധിക്ക് ശേഷം അറ്റ്ലസ് രാമചന്ദ്രന്‍ ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് വളര്‍ത്തുകയായിരുന്നു. വലിയ പര സഹായമില്ലാത്ത അവസ്ഥയിലാണ് താനെന്നും ഇന്ദിര വെളിപ്പെടുത്തുന്നു അഭിമുഖത്തില്‍ പറയുന്നു. രാമചന്ദ്രന്‍ ജയിലിലായതോടെ തൊഴിലാളികള്‍ കുടിശിക ശമ്പളം ആവശ്യപ്പെട്ടു.

200 ഓളം വരുന്ന ജീവനക്കാരുടെ ശമ്പളക്കുടിശികയും ഇന്‍സെന്റീവും തീര്‍ക്കാന്‍ ഷോറൂമുകളിലെ 5 മില്യണ്‍ ദിര്‍ഹം വിലവരുന്ന വജ്രങ്ങള്‍ 1.5 മില്യണ്‍ ദിര്‍ഹത്തിന് വില്‍ക്കേണ്ടി വന്നു. ഇതിനിടയില്‍ നിരവധിപേര്‍ കള്ളക്കളി നടത്തി. രാമചന്ദ്രന്‍ ജയിലില്‍ കഴിയുന്നതിനാല്‍ കടംവീട്ടുന്നതിന് സ്വത്തുക്കള്‍ വില്‍ക്കാനും കഴിയുന്നില്ല.
ഇന്ദിര രാമചന്ദ്രന്‍

3.5 ബില്യണ്‍ ദിര്‍ഹമായിരുന്നു അറ്റ്ലസ് ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ്. സാമ്പത്തിക പ്രതിസന്ധിയിലായാതോടെ യു.എ.ഇയിലെ 19 ശാഖകള്‍ക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ശാഖകളെല്ലാം അടക്കണ്ടി വന്നു. മറ്റൊരു ചെക്ക് കേസില്‍ രാമചന്ദ്രന്റെ മകളും മരുമകനും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

വൈകാതെ രാമചന്ദ്രനെ ജയില്‍ മോചിതനായി കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ദിര. മസ്‌ക്കറ്റിലെ രണ്ട് ആശുപത്രികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന 35 മില്യണ്‍ ദിര്‍ഹം ഉപയോഗിച്ച് ബാങ്കുകളുമായി താല്‍ക്കാലിക ഒത്തുത്തീര്‍പ്പുണ്ടാക്കാമെന്ന് കരുതുന്നതായും ഇവര്‍ പറയുന്നു. അറ്റ്‌ലസ് രാമചന്ദ്രന് മനുഷിക പരിഗണനയെങ്കിലും നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും ഇന്ദിരാ രാമചന്ദ്രന്‍ പറഞ്ഞു.