ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി; ഉപാധികള്‍ അംഗീകരിക്കാന്‍ 48 മണിക്കൂര്‍ നീട്ടിനല്‍കി സൗദി; നിലപാടിലുറച്ച് ഖത്തര്‍  

July 3, 2017, 1:45 pm
ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി; ഉപാധികള്‍ അംഗീകരിക്കാന്‍ 48 മണിക്കൂര്‍ നീട്ടിനല്‍കി സൗദി; നിലപാടിലുറച്ച് ഖത്തര്‍  
Gulf
Gulf
ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി; ഉപാധികള്‍ അംഗീകരിക്കാന്‍ 48 മണിക്കൂര്‍ നീട്ടിനല്‍കി സൗദി; നിലപാടിലുറച്ച് ഖത്തര്‍  

ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി; ഉപാധികള്‍ അംഗീകരിക്കാന്‍ 48 മണിക്കൂര്‍ നീട്ടിനല്‍കി സൗദി; നിലപാടിലുറച്ച് ഖത്തര്‍  

ദോഹ: ഉപരോധം പിന്‍വലിക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ നടപ്പാക്കുന്നതിനുളള സമയ പരിധി 48 മണിക്കൂര്‍ നീട്ടി നല്‍കി.

എന്നാല്‍ ഉപാധികള്‍ അംഗീകരിക്കില്ലെന്ന ഉറച്ച് നിലപാടിലാണ് ഖത്തര്‍. രാജ്യത്തിന്റെ പരമാധികാരത്തിനുമേലുളള കടന്നു കയറ്റമാണ് സൗദി അടക്കമുളള അറബ് രാഷ്ട്രങ്ങളുടെ നടപടിയെന്നാണ് ഖത്തര്‍ പറയുന്നത്.

ഉപരോധം നീക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച 13 ഉപാധികളും തള്ളുകയാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ക് മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി പറഞ്ഞിരുന്നു. ഖത്തറിന്റെ പരമാധികാരത്തിന് മേലുളള കടന്നുകയറ്റമാണ് ഉപാധികളെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മാസം മുമ്പാണ് സൗദിയും അനുകൂല രാജ്യങ്ങളും ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

അല്‍ ജസീറ ടെലിവിഷന്‍ അടച്ചു പൂട്ടുന്നതുള്‍പ്പടെയുളള ആവശ്യങ്ങള്‍ ഏകപക്ഷീയമായി അംഗീകരിക്കണമെന്ന നിലപാടാണ് ജിസിസി രാജ്യങ്ങള്‍ സ്വീകരിച്ചത്. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഖത്തറിന് 10 ദിവസത്തെ സമയം അനുവദിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന കുവൈത്ത് മുഖേനെയാണ് ജിസിസി രാജ്യങ്ങള്‍ ഉപാധിപട്ടിക നല്‍കിയത്.

അല്‍ ജസീറ പൂട്ടുക, ഇറാനുമായുളള ബന്ധം അവസാനിപ്പിക്കുക, തുര്‍ക്കിക്ക് സൈനിക കേന്ദ്രം ഒരുക്കാനുളള നടപടി അവസാനിപ്പിക്കുക, തീവ്രവാദ ബന്ധമുളള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന പിന്തുണ പിന്‍വലിക്കുക എന്നിവയായിരുന്നു പട്ടികയിലെ പ്രധാന ആവശ്യം. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്റൈന്‍, തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായാണ് ആവശ്യങ്ങളുന്നയിച്ചിരിക്കുന്നത്.

ഖത്തര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ഉപരോധ നടപടികള്‍ കടുപ്പിക്കാനായിരിക്കും സൗദി അടക്കമുളള രാജ്യങ്ങളുടെ തീരുമാനം. ജിസിസി കൂട്ടായ്മയില്‍ നിന്ന ഖത്തറിനെ പുറത്താക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കാനുളള സാധ്യതകളുണ്ട്. തങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന വാണിജ്യപങ്കാളികളോട് ഖത്തറുമായി അകലം പാലിക്കാന്‍ നിര്‍ദേശിക്കുമെന്ന് യുഎഇ സൂചന നല്‍കിയിരുന്നു.

അല്‍ജസീറ ഉള്‍പ്പെടെയുളള രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ചുള്ള യാതൊരു വിധ ചര്‍ച്ചക്കും തയ്യാറല്ലെന്നും, വിദേശ നയം ആര്‍ക്കുമുന്നിലും അടിയറവ് വക്കാന്‍ തയ്യാറല്ലെന്നും ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തീവ്രവാദി സംഘടനകള്‍ക്ക് സഹായം നല്‍കുന്നുവെന്നാരോപിച്ചാണ് സൗദി അടക്കമുളള അറബ് രാഷ്ട്രങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.