ഗള്‍ഫ് പ്രതിസന്ധിയില്‍ അപ്രതീക്ഷിത വഴിത്തിരിവ്; ഖത്തര്‍-സൗദി ഭരണാധികാരികള്‍ തമ്മില്‍ ചര്‍ച്ച; പിന്നാലെ ഉടക്കി സൗദി  

September 9, 2017, 5:43 pm
ഗള്‍ഫ് പ്രതിസന്ധിയില്‍ അപ്രതീക്ഷിത വഴിത്തിരിവ്;  ഖത്തര്‍-സൗദി ഭരണാധികാരികള്‍ തമ്മില്‍ ചര്‍ച്ച; പിന്നാലെ ഉടക്കി സൗദി  
Gulf
Gulf
ഗള്‍ഫ് പ്രതിസന്ധിയില്‍ അപ്രതീക്ഷിത വഴിത്തിരിവ്;  ഖത്തര്‍-സൗദി ഭരണാധികാരികള്‍ തമ്മില്‍ ചര്‍ച്ച; പിന്നാലെ ഉടക്കി സൗദി  

ഗള്‍ഫ് പ്രതിസന്ധിയില്‍ അപ്രതീക്ഷിത വഴിത്തിരിവ്; ഖത്തര്‍-സൗദി ഭരണാധികാരികള്‍ തമ്മില്‍ ചര്‍ച്ച; പിന്നാലെ ഉടക്കി സൗദി  

ദോഹ: ഗള്‍ഫ് നയതന്ത്രപ്രതിസന്ധി തുടരുന്നതിനിടെ അപ്രതീക്ഷിത വഴിത്തിരിവുകള്‍. ഖത്തര്‍-സൗദി ഭരണാധികാരികള്‍ പ്രശ്‌ന പരിഹാരത്തിനായി ഫോണിലൂടെ ശ്രമിച്ചെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ഖത്തറിനെതിരെ ആഞ്ഞടിച്ച് സൗദി രംഗത്തെത്തി.

വെള്ളിയാഴ്ച്ചയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനും ചര്‍ച്ച നടത്തിയത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഖത്തര്‍ ഉപരോധത്തിന് ശേഷം ആദ്യമായാണ് ഇരുവരും ആശയവിനിമയം നടത്തുന്നത്. നയതന്ത്രപ്രശ്‌നത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനും ഇരുഭരണാധികാരികളും താല്‍പര്യം പ്രകടിപ്പിച്ചെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി (ക്യുഎന്‍എ) റിപ്പോര്‍ട്ട് ചെയ്യുന്നു.

ചര്‍ച്ച നടന്നുവെന്ന വാര്‍ത്ത ഇരു രാജ്യങ്ങളുടെയും മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ഖത്തറിനെതിരെ കടുത്ത പ്രതികരണവുമായി സൗദി അറേബ്യന്‍ ഭരണകൂടം രംഗത്തെത്തി. സംഭാഷണത്തെക്കുറിച്ചുള്ള വസ്തുതകള്‍ ഖത്തര്‍ വളച്ചൊടിച്ചെന്നാണ് സൗദിയുടെ ആരോപണം.

ഖത്തര്‍ അമീര്‍ ചര്‍ച്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിക്കുകയും നാല് രാജ്യങ്ങളുടെയും ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാമെന്ന് വ്യക്തമാക്കുകയും ചെയ്തു. ബഹ്‌റൈന്‍, യുഎഇ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളുമായി സൗദി ചര്‍ച്ചനടത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.  
സൗദി പ്രസ് ഏജന്‍സി  
സൗദി കീരിടാവകാശിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇരു സ്ഥാനപതികളും ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെ ബാധിക്കാത്തതരത്തില്‍ തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു.  
ഖത്തര്‍ ന്യൂസ് ഏജന്‍സി  

ഖത്തര്‍ പരിഹാരചര്‍ച്ച ഗൗരവമായി എടുത്തില്ലെന്ന് ആരോപിച്ച് ഇനി ചര്‍ച്ചയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ് സൗദി അറേബ്യന്‍ ഭരണകൂടം. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് സൗദി മുന്‍കൈ എടുത്തു എന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ ഖത്തര്‍ വാര്‍ത്താ കുറിപ്പ് ഇറക്കിയതാണ് സൗദിയെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഇത് പെരുമാറ്റച്ചട്ടലംഘനമായാണ് സൗദി കണക്കാക്കുന്നത്.

നേതാക്കള്‍ തമ്മിലുള്ള സംഭാഷണത്തിന് വഴിയൊരുക്കിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്നാണ് ക്യുഎന്‍എ റിപ്പോര്‍ട്ടിലുള്ളത്. ട്രംപ് ഇരുനേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഫോണ്‍ സംഭാഷണത്തിന് വഴിയൊരുങ്ങിയതെന്ന് ബിബിസിയും റിപ്പോര്‍ട്ട് ചെയ്യുന്നു.