എന്തുകൊണ്ടാണ് സൗദി അറേബ്യയ്ക്ക് അല്‍ജസീറയോട് ഇത്ര വിദ്വേഷം?; കാരണങ്ങള്‍ ഇവയാണ്  

June 24, 2017, 1:49 pm
എന്തുകൊണ്ടാണ് സൗദി അറേബ്യയ്ക്ക് അല്‍ജസീറയോട് ഇത്ര വിദ്വേഷം?; കാരണങ്ങള്‍ ഇവയാണ്  
Gulf
Gulf
എന്തുകൊണ്ടാണ് സൗദി അറേബ്യയ്ക്ക് അല്‍ജസീറയോട് ഇത്ര വിദ്വേഷം?; കാരണങ്ങള്‍ ഇവയാണ്  

എന്തുകൊണ്ടാണ് സൗദി അറേബ്യയ്ക്ക് അല്‍ജസീറയോട് ഇത്ര വിദ്വേഷം?; കാരണങ്ങള്‍ ഇവയാണ്  

കടുത്ത നിലപാടുമായി ഖത്തറുമായുള്ള ഉപരോധം തുടരുകയാണ് അറബ് രാജ്യങ്ങള്‍. യുഎഇയും സൗദി അറേബ്യയും ബഹ്റിനും അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഏകപക്ഷീയമായ 13 ഡിമാന്‍ഡുകള്‍ ഖത്തര്‍ ഏതുവിധേനയും അംഗീകരിച്ചേ മതിയാവൂ എന്നാണ് യുഎഇ പറയുന്നത്്. അല്ലാത്ത പക്ഷം ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധവിച്ഛേദനത്തിന് തയ്യാറായിക്കൊള്ളു എന്ന ഭീഷണിയും യുഎഇ നല്‍കി.

ഐക്യരാഷ്ട്രസഭ അറബ് രാജ്യങ്ങള്‍ക്ക് ഇടയിലെ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അല്‍ജസീറ പൂട്ടണമെന്ന ആവശ്യമടക്കം 13 ഉപാധികളുമായി ഖത്തറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ശ്രമം. അല്‍ജസീറയ്ക്കെതിരെയുള്ള ഗൂഢനീക്കമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അല്‍ജസീറ ആരോപിക്കുന്നു.

ഐക്യരാഷ്ട്രസഭ അറബ് രാജ്യങ്ങള്‍ക്ക് ഇടയിലെ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അല്‍ജസീറ പൂട്ടണമെന്ന ആവശ്യമടക്കം 13 ഉപാധികളുമായി ഖത്തറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ശ്രമം. അല്‍ജസീറയ്ക്കെതിരെയുള്ള ഗൂഢനീക്കമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അല്‍ജസീറ ആരോപിക്കുന്നു.

ഖത്തറില്‍ നിന്നുള്ള മാധ്യമ ഭീമന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എന്നും അമര്‍ഷത്തിനു കാരണമായിരുന്നു. ദോഹയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായുള്ള ദീര്‍ഘകാലമായുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമായി. അറബ് രാജ്യങ്ങള്‍ക്ക് അല്‍ജസീറയോട് ഇത്ര പകയുണ്ടാകാനുള്ള കാരണങ്ങള്‍ ഇവയാണ്.

വേറിട്ട മാധ്യമപ്രവര്‍ത്തനശൈലി

അല്‍ജസീറയിലെ ഫോണ്‍ ഇന്‍ പരിപാടിയായിരുന്ന 'ശരിയയും ജീവിതവും' ഉദാഹരണമായെടുക്കാം. അല്‍ജസീറയുടെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച പരിപാടികളിലൊന്നായിരുന്നു ദശലക്ഷക്കണക്കിന് പ്രേക്ഷകരുള്ള 'ശരിയയും ജീവിതവും'. ഈജിപ്ഷ്യന്‍ മതപുരോഹിതനും മുസ്ലീം ബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവുമായ യൂസഫ് അല്‍ ഖരാദാവിയായിരുന്നു പരിപാടിയുടെ അവതാരകന്‍. വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു ഖരാദാവി മറുപടി നല്‍കിയിരുന്നത്. വിശ്വാസവുമായി ബന്ധമുള്ള ഏതു ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യവും പരിപാടിയിലുണ്ടായിരുന്നു. മാധ്യമങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമുള്ള അറബ് ലോകത്ത് ഇത്തരത്തിലൊരു ഷോ ആദ്യമായിട്ടായിരുന്നു.

വിമര്‍ശനാത്മക സമീപനം

ചില നിയന്ത്രണങ്ങളുണ്ടെങ്കിലും മറ്റ് അറബ് മാധ്യമങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തന കാഴ്ച്ചപ്പാട് വളരെയേറെ വലുതാണ്. ഈ വിശാല കാഴ്ച്ചപ്പാടാണ് പശ്ചിമേഷ്യയില്‍ അല്‍ജസീറയെ ജനകീയമാക്കിയതും അറബ് രാജ്യങ്ങളുടെ ശത്രുതയ്ക്ക് ഇടയാക്കിയതും. അല്‍ജസീറ ഒരേ സമയം പിന്തുടരുന്ന ഇസ്ലാമികചായ്‌വും ഖത്തറൊഴികെയുള്ള ഭരണകൂടങ്ങളോടും ഭരണാധികാരികളോടുമുള്ള വിമര്‍ശനാത്മക സമീപനവും സൗദിയെയും മറ്റ് രാജ്യങ്ങളെയും ചൊടിപ്പിച്ചിരുന്നു. സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അല്‍ജസീറ ബ്യൂറോകളെത്തന്നെ പുറത്താക്കുകയും ചെയ്തു. ചാനലിന് സൗകര്യം ഏര്‍പെടുത്തുന്നതില്‍ ഹോട്ടലുകള്‍ക്ക് വരെ സൗദി വിലക്ക് ഏര്‍പെടുത്തിയിരുന്നു.

ജനപ്രീതിയും സ്വീകാര്യതയും

അറബ് ഭാഷ സംസാരിക്കുന്ന 350 ദശലക്ഷം ആളുകളാണ് പശ്ചിമേഷ്യയിലുള്ളത്. ഇത്രയും വലിയ പ്രേക്ഷകലോകത്ത് ആധിപത്യം ഉറപ്പിക്കാന്‍ 90കളില്‍ തന്നെ സൗദി രാജകുടുംബം ശ്രമം ആരംഭിച്ചിരുന്നു. എംബിസി എന്ന പേരില്‍ ഒരു ഉപഗ്രഹകേന്ദ്രവും സൗദി ഭരണകൂടം ആരംഭിച്ചു. എന്നാല്‍ പ്രതീക്ഷിച്ചത്ര സ്വീകാര്യത നേടിയെടുക്കാനായില്ല. ജനങ്ങളിലേക്ക് ഏതൊക്കെ തരത്തിലുള്ള വിവരങ്ങളാണ് ഏത്തേണ്ടതെന്ന് നിര്‍ണയിക്കണമെന്ന് സൗദി മുന്‍പേ തീരുമാനിച്ചിരുന്നു. ഈയിടത്തേക്കാണ് 1996ല്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി ആരംഭിച്ച അല്‍ജസീറ കയറിവന്നത്.

പ്രേക്ഷകരെ സൃഷ്ടിക്കാന്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളത് നല്‍കുന്നതിലാണ് അല്‍ജസീറ ശ്രദ്ധ കേന്ദ്രീകരിച്ചത്. അറബ് ലോകം ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച വിവരങ്ങളും പരിപാടികളും അല്‍ജസീറയില്‍ നിന്ന് വന്നുകൊണ്ടിരുന്നു. അറബ് വംശജരുടെയും മുസ്ലീമുകളുടെയും പ്രശ്‌നങ്ങളില്‍ ചാനല്‍ ആഴത്തില്‍ ഇടപെട്ടു. 2001ഓടെ തന്നെ അറബ് ലോകം വാര്‍ത്തയ്ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ചാനല്‍ അല്‍ജസീറയായി. 2006ല്‍ അറബ് ലോകത്തെ 75 ശതമാനത്തിലധികം ആളുകളും തങ്ങളുടെ പ്രിയപ്പെട്ട വാര്‍ത്താ മാധ്യമമായി തെരഞ്ഞെടുത്തു. 2008ല്‍ ഗാസയുദ്ധകാലത്ത് മറ്റാരേക്കാളും റിപ്പോര്‍ട്ടര്‍മാരുണ്ടായിരുന്നത് അല്‍ജസീറയ്ക്കാണ്. തത്സമയ പ്രക്ഷേപണം നടത്തിയ ഏക സ്റ്റേഷനും അല്‍ജസീറയുടേതായിരുന്നു. സെപ്തംബര്‍ 11 ആക്രമണത്തിന് ശേഷം തങ്ങളുടെ വിദേശകാര്യനയത്തെക്കുറിച്ച് ഭീതി പരത്തുകയാണെന്ന് ആരോപിച്ച് അമേരിക്ക അല്‍ജസീറയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അല്‍ജസീറ അറബിക് മുസ്ലീം ബ്രദര്‍ഹുഡിനെയും ഇസ്ലാമിസ്റ്റുകളയും പിന്തുണയ്ക്കുന്നു, ഖത്തറിന്റെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നു തുടങ്ങിവയാണ് എതിരാളികളുടെ ആരോപണങ്ങള്‍.