‘എളുപ്പത്തില്‍ പൗരന്മാരാകണ്ട’; കുടിയേറ്റ വിസ നിര്‍ത്തലാക്കിയതിന് പിന്നാലെ പൗരത്വത്തിനുള്ള മാനദണ്ഡങ്ങളും കര്‍ശനമാക്കി ഓസ്‌ട്രേലിയ 

April 20, 2017, 12:37 pm
‘എളുപ്പത്തില്‍ പൗരന്മാരാകണ്ട’; കുടിയേറ്റ വിസ നിര്‍ത്തലാക്കിയതിന് പിന്നാലെ പൗരത്വത്തിനുള്ള മാനദണ്ഡങ്ങളും കര്‍ശനമാക്കി ഓസ്‌ട്രേലിയ 
India Abroad
India Abroad
‘എളുപ്പത്തില്‍ പൗരന്മാരാകണ്ട’; കുടിയേറ്റ വിസ നിര്‍ത്തലാക്കിയതിന് പിന്നാലെ പൗരത്വത്തിനുള്ള മാനദണ്ഡങ്ങളും കര്‍ശനമാക്കി ഓസ്‌ട്രേലിയ 

‘എളുപ്പത്തില്‍ പൗരന്മാരാകണ്ട’; കുടിയേറ്റ വിസ നിര്‍ത്തലാക്കിയതിന് പിന്നാലെ പൗരത്വത്തിനുള്ള മാനദണ്ഡങ്ങളും കര്‍ശനമാക്കി ഓസ്‌ട്രേലിയ 

സിഡ്‌നി: വിദേശികള്‍ക്കുളള വിസ ചട്ടങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ പൗരത്വം ലഭിക്കുന്നതിനുള്ള ചട്ടങ്ങളും ഓസ്‌ട്രേലിയ കര്‍ശനമാക്കുന്നു. ഓസ്‌ട്രേലിയന്‍ പൗരന്മാരാകുന്നതിന് വേണ്ട കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്നും നാല് വര്‍ഷമായി ഉയര്‍ത്തി. ഐഇഎല്‍ടിഎസില്‍ കുറഞ്ഞത് ആറ് മാര്‍ക്ക് നേടിയാല്‍ മാത്രമേ ഇനി മുതല്‍ ഓസ്ട്രേലിയന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ.

നിലവില്‍ മൂന്ന് വര്‍ഷം ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നു. ഇതാണ് നാല് വര്‍ഷമായി വര്‍ധിപ്പിച്ചത്. അതുപോലെ അടിസ്ഥാന ഇംഗ്ലീഷ് മാത്രം അറിയുന്നവര്‍ക്ക് ഇനിമുതല്‍ പൗരത്വം ലഭിക്കില്ല. ഇതിനായി പുതിയ പരീക്ഷ ജയിക്കണം. ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം, ലിംഗസമത്വം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങളും പരീക്ഷക്കുണ്ടാകും. രണ്ട് പ്രാവശ്യം പരീക്ഷയില്‍ തോറ്റവര്‍ക്ക് പിന്നീട് പൗരത്വത്തിനായി അപേക്ഷിക്കന്‍ കഴിയില്ല. നിലവില്‍ എത്രതവണ വേണമെങ്കിലും അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നു.

ഓസ്‌ട്രേലിയന്‍ മൂല്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുളളവര്‍ക്ക് മാത്രമേ ഇനിമുതല്‍ വിസ നല്‍കൂയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ക്കും മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ പൗരത്വം നല്‍കൂ. രാജ്യ താല്‍പര്യം അനുസരിച്ചാണ് പൗരത്വ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഓസ്‌ട്രേലിയന്‍ സമൂഹവുമായി ഇടപെടാന്‍ ഇംഗ്ലീഷ് ഭാഷയിലുള്ള മികച്ച അറിവ് ആവശ്യമാണെന്നും ടേണ്‍ബുള്‍ പറഞ്ഞു.

കുടിയേറ്റ വിസകള്‍ നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് പൗരത്വം ലഭിക്കുന്നതിനും കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പെടുത്താന്‍ ഓസ്ട്രേലിയ തീരുമാനിച്ചിരിക്കുന്നത്.ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണ് ഓസ്ട്രലിയന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍.

താല്‍ക്കാലിക ജോലികള്‍ക്കായി വിദേശികള്‍ക്ക് അനുവദിച്ചിരുന്ന 457 വിസയാണ് നിര്‍ത്തലാക്കിയത്. ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിസ നിര്‍ത്താലാക്കല്‍ നടപടി. ഇനി മുതല്‍ ജോലികളില്‍ ആദ്യ പരിഗണന ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കായിരിക്കും. വിദഗ്ദരായ തൊഴിലാളികളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജോലി അന്വേഷിച്ച് വരുന്നവര്‍ക്ക് ഇനിമുതല്‍ 457 വിസ അന്വേഷിക്കില്ലന്നും ടേണ്‍ബുള്‍ പറഞ്ഞു. ഇന്ത്യക്കാര്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന വിസയാണ് 457.