തീവ്രവാദി കഥാപാത്രങ്ങള്‍ക്ക് തങ്ങളുടെ പാസ്പോര്‍ട്ട്: പ്രതിഷേധവുമായി ഖത്തര്‍  

June 19, 2017, 1:41 pm
തീവ്രവാദി കഥാപാത്രങ്ങള്‍ക്ക് തങ്ങളുടെ പാസ്പോര്‍ട്ട്: പ്രതിഷേധവുമായി ഖത്തര്‍   
PRAVASI
PRAVASI
തീവ്രവാദി കഥാപാത്രങ്ങള്‍ക്ക് തങ്ങളുടെ പാസ്പോര്‍ട്ട്: പ്രതിഷേധവുമായി ഖത്തര്‍   

തീവ്രവാദി കഥാപാത്രങ്ങള്‍ക്ക് തങ്ങളുടെ പാസ്പോര്‍ട്ട്: പ്രതിഷേധവുമായി ഖത്തര്‍  

അറബ് ഭാഷയിലുള്ള ടെലിവിഷന്‍ സീരിസില്‍ തങ്ങളുടെ രാജ്യത്തെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണവുമായി ഖത്തറിലെ പ്രമുഖ നിയമസ്ഥാപനമായ അല്‍സുലെയ്ത്തി നിയമനടപടികള്‍ക്കൊരുങ്ങുന്നു. എംബിസി ചാനല്‍ പ്രക്ഷേപണം ചെയ്ത ഉറാബീബ് സൂദ് (കറുത്ത കാക്കകള്‍) എന്ന ടെലിവിഷന്‍ സീരീസിനെതിരെയാണ് അല്‍ സുലെയ്ത്തിയുടെ ചെയര്‍മാന്‍ മുബാരക്ക് അല്‍ സുലെയ്ത്തിയുടെ നേതൃത്വത്തില്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്.

ഈ ടെലിവിഷന്‍ സീരിസിലെ തീവ്രവാദി കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഖത്തറിലെയും കുവൈത്തിലെയും പാസ്പോര്‍ട്ടാണെന്നും ഇത് തങ്ങളുടെ രാജ്യത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അല്‍സുലെയ്ത്തി ആരോപിക്കുന്നു. 30 എപ്പിസോഡുകള്‍ ഉണ്ടായിരുന്ന ഉറാബീബ് സൂദ് റമദാന്‍ സ്‌പെഷ്യല്‍ എന്ന പേരിലാണ് സംപ്രേഷണം ചെയ്തത്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും എങ്ങനെ സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കുന്നുവെന്നുമാണ് ഈ ടെലിവിഷന്‍ സീരിയല്‍ പറയുന്നത്. കുവൈത്ത്, ഖത്തര്‍ പാസ്‌പോര്‍ട്ടുകള്‍ തീവ്രവാദികളുടെ കൈയില്‍ കൊടുക്കുമ്പോള്‍ അത് സൂചിപ്പിക്കുന്നത് ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പരോക്ഷ സന്ദേശമാണ്. ഖത്തറിനെ ഒറ്റപ്പെടുത്തുന്നതിനും ഉപരോധം ഏര്‍പ്പെടുത്തുന്നതിനും ജിസിസി രാജ്യങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നും രാജ്യത്തിന്റെ തീവ്രവാദ ബന്ധമാണ്.

മാധ്യമങ്ങളെ ഉപയോഗിച്ച് ഖത്തറിനെതിരെ നുണ പ്രചരണം നടത്തുകയാണെന്നും ഇതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അല്‍സുലെയ്ത്തിയുടെ ചെയര്‍മാനും മുതിര്‍ന്ന അഭിഭാഷകനായ മുബാറക് അല്‍ സുലെയ്ത്തി അറബ് പത്രമായ അര്‍ റയയോട് പറഞ്ഞു. ഈ ടിവി സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത്തരം രംഗങ്ങളിലൂടെ ഖത്തറിനെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേസിനെ മുന്നോട്ടു കൊണ്ടു പോകുന്നതിനായി ഖത്തറിലെ പ്രമുഖ അഭിഭാഷകര്‍ ചേര്‍ന്ന് സമിതിയുണ്ടാക്കിയതായും ഈ സമിതി ഇപ്പോള്‍ കേസിന്റെ നാനാവശങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയുമാണെന്നാണ് സൂചന.

ഈ സീരിയലിന്റെ പ്രക്ഷേപണം തുടങ്ങിയത് മുതല്‍ അല്‍-ജസീറ ഉള്‍പ്പെടെയുള്ള ഖത്തരി മാധ്യമങ്ങള്‍ അതിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും താന്‍ സത്യം പറയുന്നതിലുള്ള അമര്‍ഷമാണിതെന്നും ഉറാബീബ് സൂദിന്റെ എഴുത്തുകാരന്‍ അബ്ദദുള്ളാ ബിന്‍ ബിജാദ് അല്‍ ഒട്ടിബി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സീരിസിലെ കേന്ദ്രകഥാപാത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കൊല്ലുമെന്ന് നേരത്തെ ഇസ്ലാമിക് സ്റ്റേറ്റും ഭീഷണി മുഴക്കിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിലെ സ്ത്രീകളുടെ ജീവിതം കാണിക്കുന്ന ടിവി സീരിസ് എന്ന നിലയ്ക്ക് ഉരബീബ് സൂദിന് ഏറെ പ്രചരണവും ലഭിച്ചിരുന്നു.