അറബ് രാജ്യങ്ങളുടെ ‘അന്ത്യശാസനം’, മറുപടിയുമായി ഖത്തര്‍

June 24, 2017, 5:00 pm


അറബ് രാജ്യങ്ങളുടെ ‘അന്ത്യശാസനം’, മറുപടിയുമായി ഖത്തര്‍
QATAR
QATAR


അറബ് രാജ്യങ്ങളുടെ ‘അന്ത്യശാസനം’, മറുപടിയുമായി ഖത്തര്‍

അറബ് രാജ്യങ്ങളുടെ ‘അന്ത്യശാസനം’, മറുപടിയുമായി ഖത്തര്‍

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റെ മധ്യസ്ഥതയില്‍ അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ടു വെച്ച 13 ഇന നിര്‍ദ്ദേശങ്ങളില്‍ പ്രതികരണവുമായി ഖത്തര്‍. അറബ് രാജ്യങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ തീവ്രവാദത്തെ എതിര്‍ക്കാനുള്ളതല്ലെന്നും അത് ഖത്തറിന്റെ പരമാധികാരത്തെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും ഖത്തര്‍ സര്‍ക്കാരിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഷെയ്ഖ് സെയിഫ് ബിന്‍ അഹമ്മദ് അല്‍ഥാനി പറഞ്ഞു. ഇറാനുമായുള്ള കച്ചവട ബന്ധങ്ങള്‍ അവസാനിപ്പിക്കണം, യുഎസ് നിര്‍ദ്ദേശപ്രകാരമായിരിക്കണം കച്ചവട ബന്ധങ്ങള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളിലൂടെ ഖത്തറിന്റെ വിദേശകാര്യ നയങ്ങളില്‍ ഇടപെടാനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യായീകരിക്കാന്‍ പറ്റുന്നതും നടപ്പിലാക്കാന്‍ പറ്റുന്നതുമായ നിര്‍ദ്ദേശങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടു വെയ്‌ക്കേണ്ടതെന്ന് നേരത്തെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ പറഞ്ഞതിനെ അല്‍ഥാനി എടുത്തുപറയുകയും ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിര്‍ദ്ദേശങ്ങളല്ല ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ ഖത്തറിന് മുന്നില്‍ വെച്ചിരിക്കുന്നതെന്നും തുറന്നടിച്ചു.

13 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ച ശേഷം ഇവ നടപ്പിലാക്കാന്‍ പത്തു ദിവസം സമയമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് നല്‍കിയത്. നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇന്നലെ യുഎഇ ഖത്തറിന് അന്ത്യശാസനം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ഖത്തറിന്റെ ഭാഗത്തുനിന്നും ആദ്യ പരസ്യ പ്രതികരണം ഉണ്ടായിരിക്കുന്നത്.

ഖത്തറിന്റെ മേല്‍നോട്ടത്തിലുള്ള അല്‍-ജസീറാ ചാനല്‍ അടച്ചുപൂട്ടണം, ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കണം, ഇറാനുമായുള്ള കച്ചവടങ്ങള്‍ യു.എസ്. മാനദണ്ഡങ്ങള്‍ക്ക് വിധേയാക്കണം, മുസ്ലീം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം, ജിസിസി രാജ്യങ്ങളുടെ പ്രാദേശിക കൂട്ടായ്മയുടെ രാഷ്ട്രീയവുമായി ഒത്തുപോകണം, തീവ്രവാദികള്‍ക്ക് പണം നല്‍കുന്നത് അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അറബ് രാജ്യങ്ങള്‍ ഖത്തറിന് മുന്നിലേക്ക് വെച്ചത്. അറബ് രാജ്യങ്ങള്‍ക്കും ഖത്തറിനും ഇടയില്‍ മധ്യസ്ഥനായി നില്‍ക്കുന്നത് കുവൈത്ത് എമീറാണ്. അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ട് ഏതാണ് ഒരു മാസം പിന്നിടുകയാണ്.