മക്കയിലും ഖത്തറികള്‍ക്ക് സൗദിയുടെ വിലക്കെന്ന് പരാതി

June 11, 2017, 12:09 pm


മക്കയിലും ഖത്തറികള്‍ക്ക് സൗദിയുടെ വിലക്കെന്ന് പരാതി
QATAR
QATAR


മക്കയിലും ഖത്തറികള്‍ക്ക് സൗദിയുടെ വിലക്കെന്ന് പരാതി

മക്കയിലും ഖത്തറികള്‍ക്ക് സൗദിയുടെ വിലക്കെന്ന് പരാതി

മുസ്ലീംങ്ങളുടെ പുണ്യഭൂമി എന്ന് അറിയപ്പെടുന്ന മക്കയില്‍നിന്നും സൗദി അറേബ്യ ഖത്തറി പൗരന്മാരെ വിലക്കുന്നതായി റിപ്പോര്‍ട്ട്. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഷരാഖ് പത്രത്തെ ഉദ്ധരിച്ച് അല്‍-ജസീറയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തറിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഖത്തറികളെ മക്കയില്‍നിന്ന് വിലക്കുന്നത് സംബന്ധിച്ച നിരവധി പരാതികള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യാവകാശ ഉച്ചകോടികള്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ക്ക് എതിരാണ് ഇത്തരം നടപടികളെന്നും മസ്ജിദുള്‍ഹറമില്‍നിന്ന് വിശ്വാസികളെ വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന്‍ നിലപാട്. സാധാരണഗതിയില്‍ മക്കയില്‍ എത്തുന്ന ആളുകളുടെ പൗരത്വം സൗദി അധികൃതര്‍ ചോദിക്കാറില്ല. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് നയതന്ത്ര വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മക്കയില്‍ ഉമ്രയ്‌ക്കെത്തുന്ന വിശ്വാസികളോട് പൗരത്വം അന്വേഷിച്ചു തുടങ്ങിയത്.

ഖത്തര്‍ വിലക്കിനെ പിന്തുണയ്ക്കുന്ന ജിസിസി രാജ്യങ്ങള്‍ ഖത്തറിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ക്ക് ജയില്‍ശിക്ഷയും ഭീമമായ തുക പിഴയായും ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ മക്കയില്‍ ഖത്തറി പൗരന്മാര്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനെതിരെ എതിര്‍ ശബ്ദങ്ങളൊന്നും ഉയര്‍ന്നു കേട്ടിട്ടില്ല.

ഖത്തര്‍ തീവ്രവാദ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും തീവ്രവാദികള്‍ക്ക് ഫണ്ട് എത്തിച്ചു നല്‍കുന്നത് ഖത്തറാണെന്നുമുള്ള ആരോപണങ്ങളാണ് ഗള്‍ഫ് അയല്‍ രാജ്യങ്ങള്‍ ഉന്നയിക്കുന്നത്. ഈ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പ്രസ്താവനയാണ് ഇന്നലെ യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപില്‍നിന്നും ഉണ്ടായത്. ഖത്തര്‍ തീവ്രവാദികള്‍ക്ക് ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കണമെന്നും വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കരുതെന്നുമായിരുന്നു ഖത്തറി എമീറിനെ ഉന്നം വെച്ച് ട്രംപ് പറഞ്ഞത്. അതേസമയം ഖത്തറിനെതിരെയുള്ള നടപടികളില്‍ അയവ് വരുത്തണമെന്നാണ് വൈറ്റ് ഹൗസ് ഉന്നത ഉദ്യോഗസ്ഥര്‍ ട്രംപിന് നല്‍കിയിരിക്കുന്ന ഉപദേശം. ഇക്കാര്യം ട്രംപ് ഗള്‍ഫ് രാജ്യങ്ങളോട് ആശയവിനിമയം നടത്തിയെങ്കിലും അനുകൂല നിലപാടുകളൊന്നും ഉണ്ടായിട്ടില്ല.