അബുദാബി രാജ്യാന്തര പുസ്തകമേളക്ക് തുടക്കം; അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിന്

April 27, 2017, 4:10 pm
അബുദാബി രാജ്യാന്തര പുസ്തകമേളക്ക്  തുടക്കം; അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിന്
UAE
UAE
അബുദാബി രാജ്യാന്തര പുസ്തകമേളക്ക്  തുടക്കം; അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിന്

അബുദാബി രാജ്യാന്തര പുസ്തകമേളക്ക് തുടക്കം; അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിന്

അബുദാബി: 27ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം. 'വായന ഭാവിയെ നിര്‍ണ്ണയിക്കും' എന്ന പ്രമേയത്തോടെയാണ് ഈ വര്‍ഷത്തെ പുസ്തകോത്സവം വായനക്കാരിലേക്കെത്തുന്നത്. അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ ടൂറിസം സാംസ്‌കാരിക അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേള യുഎഇ വൈസ് പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.

മുപ്പതിലധികം ഭാഷകളിലായി അഞ്ചു ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഇത്തവണ പുസ്തകമേളയിലെത്തിയിരിക്കുന്നത്. 800ലധികം ചര്‍ച്ചാവേദികള്‍, സെമിനാറുകള്‍ എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഇത്തവണത്തെ പുസ്തകമേളയില്‍ ഒരുക്കിയിട്ടുണ്ട്. നിരവധി സാംസ്‌കാരിക പരിപാടികള്‍ക്കു പുറമെ ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങള്‍, ഡിജിറ്റല്‍ ഉള്ളടക്കം, ഇലക്ട്രോണിക് ആപ്ലിക്കേഷനുകളും പ്രസിദ്ധീകരണ ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പ്രദര്‍ശന നഗരിയിലെത്തുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ചൈനയാണ് ഇത്തവണ പുസ്തക മേളയിലെ അതിഥി രാജ്യം. പുസ്തകമേളയിലെത്തുന്നവര്‍ക്ക് വായനയും എഴുത്തും സെമിനാറുകളും ആസ്വദിക്കാന്‍ പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളിലും യുവാക്കളിലും വായനാ താല്‍പര്യവും പ്രതിബദ്ധതയും വര്‍ധിപ്പിക്കാന്‍ സഹായകമാണിതെന്ന് സംഘാടകര്‍ അറിയിച്ചു.

മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖ നോവലിസ്റ്റുകള്‍, രചയിതാക്കള്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, ലേഖനം എഴുതുന്നവര്‍, സാമൂഹിക സാംസ്‌കാരിക നായകര്‍ എന്നിവര്‍ അബുദാബി അന്താരാഷ്ട്ര പുസ്തക മേളയില്‍ പങ്കെടുക്കുന്നുണ്ട്. അടുത്തമാസം രണ്ടു വരെ രാവിലെ 9 മണി മുതല്‍ രാത്രി പത്തുവരെയാണ് മേള നടക്കുക. എന്നാല്‍ വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതല്‍ രാത്രി 10 മണിവരെയായിരിക്കും മേളയിലേക്ക് പ്രവേശനം.