ഒരു രൂപ കറന്‍സിയുടെ നൂറാം വാര്‍ഷികത്തിന് ആദരം; ദുബായില്‍ നോട്ടുകളുടെ പ്രദര്‍ശനവുമായി തമിഴ്നാട്ടുകാരന്‍

May 13, 2017, 3:48 pm
ഒരു രൂപ കറന്‍സിയുടെ നൂറാം വാര്‍ഷികത്തിന് ആദരം; ദുബായില്‍ നോട്ടുകളുടെ പ്രദര്‍ശനവുമായി തമിഴ്നാട്ടുകാരന്‍
UAE
UAE
ഒരു രൂപ കറന്‍സിയുടെ നൂറാം വാര്‍ഷികത്തിന് ആദരം; ദുബായില്‍ നോട്ടുകളുടെ പ്രദര്‍ശനവുമായി തമിഴ്നാട്ടുകാരന്‍

ഒരു രൂപ കറന്‍സിയുടെ നൂറാം വാര്‍ഷികത്തിന് ആദരം; ദുബായില്‍ നോട്ടുകളുടെ പ്രദര്‍ശനവുമായി തമിഴ്നാട്ടുകാരന്‍

ദുബായ്: ഇന്ത്യയുടെ ഒരു രൂപ കറന്‍സി നൂറിന്റ നിറവിലാണ്. 1917 ലാണ് ആദ്യമായി ഒരു രൂപയുടെ കറന്‍സി പുറത്തിറങ്ങുന്നത്. നാണയം നിര്‍മ്മിക്കുന്ന ഉരുക്കിന്റെ വില വര്‍ദ്ധിച്ചതിനെതുടര്‍ന്നാണ് അന്ന് ജോര്‍ജ് അഞ്ചാമന്‍ രാജാവ് ഒരു രൂപയുടെ കറന്‍സി പുറത്തിറക്കാന്‍ ഉത്തരവിട്ടത്. കൈകൊണ്ട് നിര്‍മിച്ച വെളുത്ത പേപ്പറില്‍ ചക്രവര്‍ത്തിയുടെ മുഖം മുദ്രണം ചെയ്തുകൊണ്ടുളളതായിരുന്നു ആദ്യത്തെ ആ ഒരു രൂപ കറന്‍സി. 25 നോട്ടുകളുടെ ഒരു കെട്ട് ആയിട്ടാണ് അന്ന് ഈ നോട്ടുകള്‍ ലഭ്യമായത്. ഇങ്ങിനെ ചരിത്രത്തിന്റെ നിറങ്ങള്‍ മായാതെ നില്‍ക്കുന്ന ഒരു രൂപ കറന്‍സിക്ക് നൂറ് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അതിനാദരമര്‍പ്പിച്ച് ദുബായില്‍ ഒരു ബൃഹത്തായ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുകയാണ് ചെന്നൈ സ്വദേശിയായ രാംകുമാര്‍.

സ്വാതന്ത്ര്യത്തിനു മുന്‍പും ശേഷവുമുളള ഇന്ത്യയുടെ ചരിത്രം കൂടിയാണ് ഈ ഒരു രൂപാ കറന്‍സി പ്രദര്‍ശനത്തിലൂടെ രാംകുമാര്‍ പറയുന്നത്. സ്വാതന്ത്രത്തിനുശേഷം രണ്ട് വര്‍ഷം കൂടി ഇന്ത്യ ബ്രിട്ടീഷ് കറന്‍സികള്‍ ഉപയോഗിച്ചിരുന്നു. 1949 ലാണ് ഇന്ത്യ ആദ്യമായി ഒരു രൂപ കറന്‍സി ഇറക്കിയത്. ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ മുഖത്തിന് പകരം അശോക സ്തംഭമായിരുന്നു നോട്ടില്‍ മുദ്രണം ചെയ്തത്. പിന്നീട് ഇത് ഒരു രൂപ നാണയത്തിന്റെ ചിത്രമായി മാറി. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ജപ്പാന്‍ അടിച്ചിറക്കിയ വ്യാജ ഒരു രൂപ നോട്ടും പ്രദര്‍ശനത്തിലുണ്ട്. ലോക മഹായുദ്ധകാലത്ത് യുദ്ധത്തടവുകാര്‍ക്ക് ഉപോയോഗിക്കാന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയ നോട്ടുകളും പ്രദര്‍ശനത്തില്‍ കാണാം.

സ്വാതന്ത്യം നേടിയതിനുശേഷം പാകിസ്താനില്‍ ഉപയോഗിച്ചിരുന്ന ഒരു രൂപ കറന്‍സിയും ഈ ശേഖരത്തിലുണ്ട്. ഇന്ത്യന്‍ കറന്‍സിയുടെ പുറത്ത് പാകിസ്താനില്‍ ഉപയോഗിക്കുന്നതിനായി എന്ന് സീല്‍ ചെയ്തായിരുന്നു ഈ നോട്ടുകള്‍ പുറത്തിറക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ വിനിമയം ചെയ്യുന്നതിനായി പ്രത്യേകം ഒരു രൂപ നോട്ടുകളും ഒരു കാലഘട്ടത്തില്‍ ഇന്ത്യ പുറത്തിറക്കിയിരുന്നു. യുഎഇ ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം ഈ കറന്‍സികള്‍ വിനിമയത്തിനായി ഉപയോഗിച്ചിരുന്നു. എന്നാല് ഗള്‍ഫ് നോട്ടുകള്‍ക്ക് ഇന്ത്യയില്‍ സാധുത ഉണ്ടായിരുന്നില്ലെന്നതും കൗതുകകരമായ വസ്തുതയാണ്.

1994 ല്‍ ഒരു രൂപ കറന്‍സിയുടെ അച്ചടി നിര്‍ത്തിയിരുന്നെങ്കിലും 2015 ല്‍ വീണ്ടും പുറത്തിറക്കിയിരുന്നു. എന്നാല്‍ 2016 ല്‍ ഒരു രൂപ കറന്‍സി പിന്‍വലിക്കുകയാണുണ്ടായത്. ദുബായിലെ റിഗയിലെ നുമിസ്ബിങ്ക് എന്ന ഗ്യാലറിയുടെ സ്ഥാപകനായ രാംകുമാറിന്റെ ശേഖരത്തില്‍ ചരിത്രം ആലേഖനം ചെയ്യപ്പെട്ട നിരവധി കറന്‍സികളുടെ അത്യപൂര്‍വ്വ ശേഖരമാണുളളത്.