ഡയാന പുരസ്കാര നിറവില്‍ മലയാളി സഹോദരങ്ങള്‍ 

May 21, 2017, 11:43 am
ഡയാന പുരസ്കാര നിറവില്‍ മലയാളി സഹോദരങ്ങള്‍ 
UAE
UAE
ഡയാന പുരസ്കാര നിറവില്‍ മലയാളി സഹോദരങ്ങള്‍ 

ഡയാന പുരസ്കാര നിറവില്‍ മലയാളി സഹോദരങ്ങള്‍ 

ദുബായ്: സമൂഹത്തില്‍ ക്രിയാത്മക മാറ്റത്തിനു ചാലകശക്തിയാകുന്ന വിദ്യാര്‍ഥികള്‍ക്കായുളള ഡയാന പുരസ്‌കാരം മലയാളി സഹോദരങ്ങള്‍ക്ക്. ഷാര്‍ജ അവര്‍ ഓണ്‍ ബോയ്‌സ് ഇംഗ്ലിഷ്‌ഹൈസ്‌കൂള്‍ വിദ്യാര്‍ഥി അമാന്‍ ഇക്ബാല്‍ ഇബ്രാഹിം (16) ഡയാന ലെഗസി പുരസ്‌കാരം നേടിയപ്പോള്‍ സഹോദരി ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ജെഹാന്‍ ഇക്ബാല്‍ ഇബ്രാഹിം (9) ഡയാന പുരസ്‌കാരവും സ്വന്തമാക്കി.

ഷാര്‍ജ ഇസ്‌ലാമിക് ബാങ്ക് വൈസ് പ്രസിഡന്റ് തലശേരി സ്വദേശി ഡോ.സംഗീത് ഇബ്രാഹിമിന്റെയും കൊച്ചി സ്വദേശി ഡോ. സുനയ്‌ന ഇക്ബാലിന്റെയും മക്കളാണ്. ഡയാന ലെഗസി പുരസ്‌കാരം ലണ്ടന്‍ സെന്റ് ജയിംസ് പാലസില്‍ ഡ്യൂക്ക് ഓഫ് കേംബ്രിജ് വില്യം രാജകുമാരനും സഹോദരന്‍ ഹാരി രാജകുമാരനും ചേര്‍ന്ന് അമാനു സമ്മാനിച്ചു. ലണ്ടന്‍ ഇന്‍സ്റ്റഗ്രാം ഓഫിസില്‍ ഡയാന അവാര്‍ഡ് കോഓര്‍ഡിനേറ്റര്‍ ഡാനിയല്‍ ഗോതാര്‍ഡ് ആണു ജെഹാനു സമ്മാനിച്ചത്.

ഡയാന രാജകുമാരിയുടെ ഇരുപതാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചു പ്രത്യേകമായി ഏര്‍പ്പെടുത്തിയതാണു ലെഗസി അവാര്‍ഡ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപതു പേരാണ് ഈ അവാര്‍ഡിന് അര്‍ഹരായത്. ഇരുന്നൂറു പേര്‍ക്ക് നല്‍കുന്ന ഡയാന അവാര്‍ഡ് ആണ് ജെഹാന്‍ നേടിയത്. ഗള്‍ഫ് മേഖലയില്‍നിന്നുള്ള ഏക ലെഗസി അവാര്‍ഡ് ജേതാവാണ് അമാന്‍. ലേബര്‍ ക്യാംപുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതാണു അമാനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. യുവാക്കളുടെ പ്രത്യേക ടീം രൂപീകരിച്ച് ലേബര്‍ ക്യാംപുകളിലെത്തി ഭക്ഷണം വിതരണം ചെയ്തിരുന്നു. ആറായിരത്തോളം തൊഴിലാളികള്‍ക്കാണു കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സഹായമെത്തിച്ചത്.

കടലാസുകൊണ്ടു മനോഹരമായ കമ്മലുകളുണ്ടാക്കി സഹപാഠികള്‍ക്കും ബന്ധുക്കള്‍ക്കു നല്‍കി ലഭിക്കുന്ന വരുമാനം ഇന്ത്യയിലെ തെരുവുകുട്ടികള്‍ക്കു പ്രയോജനപ്പെടാനായി സാമൂഹിക സംഘടനകള്‍ക്കു നല്‍കുകയാണു ജെഹാന്‍. മാതാപിതാക്കളുടെ മാതൃകയാണ് ഇരുവരുടെയും പ്രവര്‍ത്തനം. ജീവിതകാലത്ത് 10 ലക്ഷം പേര്‍ക്കു സഹായമെത്തിക്കണമെന്ന ലക്ഷ്യവുമായി ഡെസ്റ്റിനേഷന്‍ സക്‌സസ് യുഎഇ എന്ന സംഘടന അമ്മ ഡോ. സുനയ്‌നയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മികച്ച കുടുംബത്തിനുള്ള ഷെയ്ഖ് ഹംദാന്‍ ഫാമിലി പുരസ്‌കാരവും ഇവര്‍ നേടിയിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ ക്യാംപെയ്‌നുകളിലും ഇവര്‍ പങ്കെടുക്കുന്നുണ്ട്.