ദുബായ് ടോര്‍ച്ച് ടവറിലെ തീയണച്ചു; പാര്‍പ്പിട സമുച്ചയം തീപ്പന്തമാകുന്നത് രണ്ടാം തവണ 

August 4, 2017, 12:25 pm
ദുബായ് ടോര്‍ച്ച് ടവറിലെ തീയണച്ചു; പാര്‍പ്പിട സമുച്ചയം തീപ്പന്തമാകുന്നത് രണ്ടാം തവണ 
UAE
UAE
ദുബായ് ടോര്‍ച്ച് ടവറിലെ തീയണച്ചു; പാര്‍പ്പിട സമുച്ചയം തീപ്പന്തമാകുന്നത് രണ്ടാം തവണ 

ദുബായ് ടോര്‍ച്ച് ടവറിലെ തീയണച്ചു; പാര്‍പ്പിട സമുച്ചയം തീപ്പന്തമാകുന്നത് രണ്ടാം തവണ 

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയത്തിലൊന്നായ ടോര്‍ച്ച് ടവറിലെ തീയണച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. 100 കണക്കിന് ആളുകള്‍ പെട്ടെന്ന് തന്നെ കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

തീപിടുത്തത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അര്‍ധരാത്രിയാണ് തീ പടര്‍ന്ന് പിടിക്കാന്‍ ആരംഭിച്ചത്. ഒമ്പതാം നിലയില്‍ നിന്ന് തീ മുകളിലേക്കും വശങ്ങളിലേക്കും പടരുകയായിരുന്നു. ഒരു മണിയോടെ ടോര്‍ച്ച് ടവര്‍ തീപ്പന്തമായി മാറി. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം തീ ശാന്തമായി.

ഫയര്‍ അലാം കേട്ടതോടെ ഇറങ്ങി ഓടുകയായിരുന്നെന്ന് ടവറിലെ താമസക്കാരനായ ജോര്‍ജ് പറഞ്ഞു.

ആളുകളുടെ നിലവിളിയും ഫയര്‍ അലാമും കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്. 50-ാം നിലയില്‍ നിന്ന് ഞങ്ങള്‍ പടികള്‍ ഇറങ്ങി ഓടി. പത്ത് മിനിട്ടുകള്‍ക്ക് ശേഷമാണ് താഴെയെത്തിയത്. 
ജോര്‍ജ് 

79 നിലകളാണ് ടോര്‍ച്ച് ടവര്‍ എന്ന പാര്‍പ്പിട സമുച്ചയത്തിനുള്ളത്. 337 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തില്‍ 676 അപ്പാര്‍ട്‌മെന്റുകളാണുള്ളത്. ഇതേ കെട്ടിടത്തിന് 2015ലും തീപിടിച്ചിരുന്നു.

ദുബായ് ഉള്‍പെടെയുള്ള എമിറേറ്റുകളില്‍ അടുത്ത ചില വര്‍ഷങ്ങളായി പാര്‍പ്പിട-ഹോട്ടല്‍ കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടാകുന്നുണ്ട്. കെട്ടിടത്തിന് പുറമേയുള്ള ആവരണമാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

2016 ആഗസ്റ്റില്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ 28 നില കെട്ടിടത്തിന് തീപിടിച്ചിരുന്നു. അപകടത്തില്‍ 10 സുരക്ഷ ജീവനക്കാരുള്‍പെടെ 13 പേര്‍ക്ക് പരുക്കേറ്റിരുന്നു. അതേ മാസം തന്നെ ദുബായിലുള്ള ഒരു കെട്ടിടത്തിനും തീപിടിച്ചു. 2016 ജൂലൈയില്‍ ദുബായിലെ പാര്‍പ്പിട മേഖലയിലുളള സുല്‍ഫ ടവര്‍ എന്ന 75 നില കെട്ടിടത്തിലും അഗ്നിബാധയുണ്ടായി. 2015ല്‍ ന്യൂ ഇയര്‍ വൈകിട്ട് ദുബായിലുള്ള ഒരു ഹോട്ടലിനും തീ പിടിച്ചിരുന്നു.