അന്താരാഷ്ട്ര ആയുര്‍വ്വേദ സമ്മേളനത്തിനും വേദിയായി ഷാര്‍ജ; പ്രമുഖര്‍ പങ്കെടുക്കും

May 12, 2017, 12:14 pm
 അന്താരാഷ്ട്ര ആയുര്‍വ്വേദ സമ്മേളനത്തിനും വേദിയായി ഷാര്‍ജ; പ്രമുഖര്‍ പങ്കെടുക്കും
UAE
UAE
 അന്താരാഷ്ട്ര ആയുര്‍വ്വേദ സമ്മേളനത്തിനും വേദിയായി ഷാര്‍ജ; പ്രമുഖര്‍ പങ്കെടുക്കും

അന്താരാഷ്ട്ര ആയുര്‍വ്വേദ സമ്മേളനത്തിനും വേദിയായി ഷാര്‍ജ; പ്രമുഖര്‍ പങ്കെടുക്കും

ദുബായ്: ആയുര്‍വേദത്തിന്റെ പ്രാധാന്യത്തെ മുഖ്യധാരയിലെത്തിക്കാന്‍ ലക്ഷ്യമിട്ട് യുഎഇയിലെ ആയുര്‍വേദ ഡോക്ടര്‍മാരുടെ കൂട്ടായ്മ മിഡില്‍ ഈസ്റ്റ് & നോര്‍ത്ത് ആഫ്രിക്ക അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനത്തിനും പ്രദര്‍ശനവും ഒരുക്കുന്നു. മെയ് 19,20 (വെളളി,ശനി) ദിവസങ്ങളിലായാണ് അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനവും പ്രദര്‍ശനവും ഷാര്‍ജയില്‍ സംഘടിപ്പിക്കപ്പെടുന്നത്.

യുഎഇയുടെ ചരിത്രത്തിലാദ്യമായാണ് ഒരു അന്താരാഷ്ട്ര ആയുര്‍വേദ കോണ്‍ഫറന്‍സ് ഷാര്‍ജയില്‍ നടക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരുടെ യുഎഇയിലെ പൊതുവേദിയായ എമിറേറ്റ്‌സ് ആയുര്‍വേദ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (ഈഗ-EAGA) ന്റെ നേതൃത്വത്തിലാണ് സമ്മേളനം. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതിയോടെ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തില്‍ ഗവണ്‍മെന്റ്, ഗവണ്‍മെന്റിതര സ്ഥാപനങ്ങളും സംഘടനകളും പങ്കാളികളാകും.

ഷാര്‍ജയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ പഠന സെഷനുകളും വിവിധ സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് സൂപ്രണ്ടായ ഡോക്ടര്‍ പി മാധവന്‍ കുട്ടി വാര്യര്‍, പൂനെയിലെ ഇന്റര്‍നാഷനല്‍ ആയുര്‍വേദ അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ സുഭാഷ് റാനഡെ എന്നിവരടക്കമുളള ആയുര്‍വേദരംഗത്തെ പ്രഗല്‍ഭ വ്യക്തികള്‍ സമ്മേളത്തില്‍ പങ്കെടുക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 300 ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളിലായി കേരളത്തിലെയും യുഎഇയിലെയും 15 പ്രമുഖ ആയുര്‍വേദ വിദഗ്ധരാണ് സംവദിക്കുക. പ്രവേശനം സൗജന്യമായിരിക്കും. വിട്ടുമാറാത്ത പഴകിയ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന രോഗികള്‍ക്ക് ആയുര്‍വേദത്തിന്റെ പരിഹാരം നിര്‍ദ്ദേശിക്കുന്ന 'ജീവനീയം' എന്ന സെഷന് പ്രാമുഖ്യം നല്‍കികൊണ്ടാണ് ഈ വര്‍ഷത്തെ സമ്മേളനം ഒരുക്കിയിരിക്കുന്നത്.

സമ്മേളനത്തോടൊപ്പം ആയുര്‍വേദ ആശുപത്രികള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, ആയുര്‍വേദ കോളേജുകള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ എന്നിവ അണിനിരക്കുന്ന എക്‌സ്‌പോയും രണ്ട് ദിവസങ്ങളിലും സന്ദര്‍ശകര്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. ലോകോത്തര ആയുര്‍വേദ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും വിദഗ്ധ ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റ് നേടാനും ദീര്‍ഘകാല ആയുര്‍വേദ ചികിത്സയ്ക്ക് പ്രത്യേക നിരക്കിളവോടെ ബുക്കിംങ്ങിനും മേളയിലൂടെ അവസരമൊരുങ്ങും. യുഎഇയിലെ അറുപതോളം ആയുര്‍വേദ ക്ലിനിക്കുകള്‍ സമ്മേളനത്തില്‍ പവലിയനുകളൊരുക്കി പങ്കെടുക്കും.

ആയുര്‍വേദ രംഗത്ത് കരിയര്‍ ഗൈഡന്‍സ്, നിക്ഷേപ സാധ്യതകള്‍ എന്നിവയ്ക്കും പ്രത്യേക സെഷനുകളുണ്ടാവും. വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഐബിപിസി ഷാര്‍ജാ, ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍, സയന്‍സ് ഇന്ത്യാ ഫോറം എന്നിവയുടെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന സമ്മേളനത്തിന്റെ ഇവന്റ് പാര്‍ട്ണര്‍ അലങ്കാ ഇവന്റ്‌സാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.maice.ae സന്ദര്‍ശിക്കുക.