ഷാര്‍ജ വായനോത്സവത്തിന് സമാപനം; സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയെന്ന് സംഘാടകര്‍

April 30, 2017, 11:48 am
ഷാര്‍ജ വായനോത്സവത്തിന് സമാപനം; സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയെന്ന് സംഘാടകര്‍
UAE
UAE
ഷാര്‍ജ വായനോത്സവത്തിന് സമാപനം; സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയെന്ന് സംഘാടകര്‍

ഷാര്‍ജ വായനോത്സവത്തിന് സമാപനം; സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയെന്ന് സംഘാടകര്‍

ഷാര്‍ജ: ഒന്‍പതാമത് കുട്ടികളുടെ വായനോത്സവത്തിന് ഷാര്‍ജയില്‍ സമാപനം. ഇത്തവണ മേളയില്‍ റെക്കോര്‍ഡ് സന്ദര്‍ശകരെത്തിയതായി സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് റക്കാദ് അല്‍ അമിരി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അരലക്ഷത്തിലേറെ സന്ദര്‍ശകരില്‍ വര്‍ദ്ധനയുണ്ടായി. ഇന്ത്യന്‍ സ്‌കൂളുകളടക്കം യുഎഇയിലെ 990 വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികള്‍ വായനോത്സവത്തില്‍ പങ്കെടുത്തു.

പത്താം വാര്‍ഷികമാഘോഷിക്കുന്ന അടുത്ത വര്‍ഷം കൂടുതല്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അല്‍ അമിരി അറിയിച്ചു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഈ മാസം 19ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് വായനോത്സവം ഉദ്ഘാടനം ചെയ്തത്.

കുട്ടികളുടെ വാനയക്കും വിജ്ഞാനത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന 2304 പരിപാടികളാണ് മേളയില്‍ ഇത്തവണ അരങ്ങേറിയത്. ഇന്ത്യയുള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്ന് ആകെ 55 എഴുത്തുകാരും 23 രാജ്യങ്ങളില്‍ നിന്ന് 60 സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. പാചക വിഭാഗത്തില്‍ 83 പരിപാടികള്‍ അരങ്ങേറി. ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്ന് 14 പാചക വിദഗ്ധരെത്തിയിരുന്നു. തത്സമയ പാചകം, കുട്ടികളുടെ പാചക പ്രദര്‍ശനം എന്നിവയായിരുന്നു സന്ദര്‍ശകരെ ആകര്‍ഷിച്ച മറ്റു പ്രധാന പരിപാടികള്‍.

ചൈന, ജര്‍മനി, ജപ്പാന്‍, കുവൈത്ത്, മൊറോക്കോ എന്നീ രാജ്യങ്ങള്‍ ആദ്യമായി ഇപ്രാവശ്യം വായനോത്സവത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നടക്കം 123 അറബ്- രാജ്യാന്തര പ്രസാധകര്‍ തങ്ങളുടെ പുസ്തകങ്ങളുമായി എത്തി. മലയാളത്തില്‍ നിന്ന് ഡിസി ബുക്‌സാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. രാജ്യാന്തര പ്രശസ്തരടക്കം ആകെ 179 അതിഥികള്‍ പങ്കെടുത്തു. കുട്ടികളുടെ എഴുത്തുകാരിയായ നന്ദിനി നായര്‍, അനുഷ്‌ക രവിശങ്കര്‍, സുദക്ഷിണ ശിവകുമാര്‍, പ്രഭാഷക അഫ്ഷീന്‍ പന്‍വെല്‍ക്കര്‍, ആനിമേറ്റര്‍ സകീന അലി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിച്ചേര്‍ന്നത്.