എച്ച്1 ബി വിസ അങ്ങനെ എല്ലാവര്‍ക്കും നല്‍കേണ്ട; കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി അമേരിക്ക; ഉന്നം സിലിക്കണ്‍ വാലി കമ്പനികളെ

April 4, 2017, 10:10 am

എച്ച്1 ബി വിസ അങ്ങനെ എല്ലാവര്‍ക്കും നല്‍കേണ്ട; കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി അമേരിക്ക; ഉന്നം സിലിക്കണ്‍ വാലി കമ്പനികളെ
US News

വാഷിങ്ടണ്‍: കുടിയേറ്റ പരിഷ്‌കരണങ്ങളുടെ ഭാഗമായി വിദേശ ഐടി പ്രഫഷണലുകള്‍ക്ക് എച്ച്1ബി വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി അമേരിക്ക. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാക്കുള്ള റിക്രൂട്ടിങ്‌ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി കൊണ്ട് യുഎസ് സിറ്റിസന്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസ് ഉത്തരവിറക്കി. അമേരിക്കക്കാരെ ഒഴിവാക്കി വിദേശീയര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികള്‍ക്ക് കര്‍ശന താക്കീതും നല്‍കി.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ഐടി പാടവം മാത്രം പരിഗണിച്ചു കൊണ്ട് വിദേശത്ത് നിന്നും കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരെ എച്ച്1ബി വിസയില്‍ റിക്രൂട്ട് ചെയ്യാന്‍ കഴിയില്ല. റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പോസ്റ്റില്‍ വിദേശ പ്രഫഷണലുകള്‍ അതിവിദഗ്ധരാണെന്ന് തെളിയിക്കണം.

വിദേശത്ത് നിന്നും അതിവിദഗ്ധരായ പ്രഫഷണലുകളെ മാത്രം റിക്രൂട്ട് ചെയ്യാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുകയാണ് പുതിയ മാനദണ്ഡങ്ങളിലൂടെ ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. 2018ലെ എച്ച്1ബി വിസാ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം അടുത്തിരിക്കെയാണ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.

പ്രതിവര്‍ഷം 85,000ത്തോളം എച്ച്1ബി വിസകളാണ് അമേരിക്ക നല്‍കാറുള്ളത്. ഇതില്‍ 20,000 വിസകള്‍ യുഎസ് സര്‍വകലാശാലകളില്‍ നിന്നും മാസ്റ്റേഴ്‌സ് ഡിഗ്രി നേടുന്നവര്‍ക്കായി നീക്കിവെച്ചിരിക്കുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വിദേശ പ്രഫഷണലുകളെ ധാരാളമായി റിക്രൂട്ട് ചെയ്യുന്ന മൈക്രോസോഫ്റ്റ് കോര്‍പ്, ഫെയ്‌സ്ബുക്ക് ഇങ്ക്, ആല്‍ഫബെറ്റ് ഇങ്ക്, കൊഗ്നിസന്റ്, അസെന്റര്‍ എന്നീ കമ്പനികള്‍ക്കും ഇന്ത്യന്‍ ഐടി കമ്പനികളായ ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ്, എച്ച്സിഎല്‍ എന്നീ കമ്പനികള്‍ക്കും കനത്ത തിരിച്ചടി നല്‍കുന്നതാണ് പുതിയ മാനദണ്ഡം. എച്ച്1ബി വിസ ഉപയോഗിച്ച് അമേരിക്കയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

അമേരിക്കാര്‍ക്ക് പകരം വിദേശീയരെ ജോലിക്കെടുക്കാന്‍ തൊഴിലുടമകള്‍ എച്ച്1ബി വിസ ദുരുപയോഗം ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ തൊഴിലാളികളെ തഴയുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആക്ടിങ് അസിസ്റ്റന്റ് അറ്റോണി ജനറല്‍ ടോം വീലര്‍ പറഞ്ഞു.