രണ്ടാം ശ്രീ, ഗെയ്ലിനെ വീഴ്ത്തി തമ്പി വരുന്നു 

April 19, 2017, 10:59 am
രണ്ടാം ശ്രീ, ഗെയ്ലിനെ വീഴ്ത്തി തമ്പി വരുന്നു 
Cricket
Cricket
രണ്ടാം ശ്രീ, ഗെയ്ലിനെ വീഴ്ത്തി തമ്പി വരുന്നു 

രണ്ടാം ശ്രീ, ഗെയ്ലിനെ വീഴ്ത്തി തമ്പി വരുന്നു 

ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ശ്രീശാന്തിന് ഇനിയൊരു അവസരമില്ലെന്ന് ഏറെ കുറെ വ്യക്തമായ ദിവസത്തില്‍ 'കാവ്യനീതി' പോലെ മറ്റൊരു മലയാളി താരം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്നു. അത് ശ്രീശാന്തിന്റെ നാട്ടുകാരനായത് തികച്ചും യാദൃഛികം. ടിട്വന്റിയിലെ വന്‍മരം ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഐപിഎല്ലിലെ ആദ്യ വിക്കറ്റ് പെരുമ്പാവൂര്‍കാരനായ ബേസില്‍ തമ്പി ആഘോഷമാക്കിയത്.

ബേസില്‍ തമ്പിയുടെ മൂന്നാം ഓവറിലെ നാലാം പന്തിലാണ് ഗെയ്ല്‍ പുറത്തായത്. എല്‍ബി വിക്കറ്റില്‍ കുടുങ്ങുകയായിരുന്നു ഗെയ്ല്‍. ഐപിഎല്ലിലെ മൂന്നാം മത്സരത്തിലാണ് ബേസില്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കുന്നത്. നേരത്തെ ഐപിഎല്‍ താരലേലത്തില്‍ 10 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായ താരത്തെ 85 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ലയണ്‍സ് ടീം സ്വന്തമാക്കിയത്. മത്സരത്തില്‍ മറ്റ് ഗുജറാത്തി ബൗളര്‍മാര്‍ വന്‍ റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയാണ് ബേസില്‍ ഗെയ്‌ലിന്റെ വിക്കറ്റ് വീഴ്ത്തിയത്.

മനോഹരമായ റണ്‍ അപ്പ്, നല്ല ബൗളിംഗ് ആക്ഷന്‍ 140 കിലോമീറ്ററിന് മുകളില്‍ പന്തെറിയാന്‍ കഴിയുന്ന വേഗത, ഒന്നാന്തരം ബൗണ്‍സറുകളും സ്ലോബോളുകളും, കൂടെ കരുതുറ്റ യോര്‍ക്കറുകളും, ഇതാണ് ബേസില്‍ തമ്പിയുടെ ബൗളിംഗ്. യോര്‍ക്കറെറിയാനുളള അസാമാന്യ പാടവം ബേസിലിനെ മറ്റ് പേസ് ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.

കുറുപ്പംപ്പടി എം ജി എം യില്‍നിന്നും ആശ്രമം സ്‌കൂലില്‍നിന്നും പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബേസില്‍ തമ്പി രഞ്ജിയില്‍ കേരള ടീമിന്റെ ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുനയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പെരുമ്പാവൂര്‍ ക്രിക്കറ്റ് ക്ലബിന് വേണ്ടിയാണ് ബേസില്‍ കളി തുടങ്ങിയത്. വേഗത്തില്‍ പന്തെറിയാന്‍ ശ്രദ്ധകാണിച്ച ബേസില്‍ ബാറ്റ്‌സ്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി. പിന്നീട് എറണാകുളം ജില്ലയുടെ അണ്ടര്‍ 19 ടീമിലേക്കും, കേരള ടീമിലേക്കും എത്തി. 2013 ല്‍ കേരള സീനിയര്‍ ടീമിനായി ബേസില്‍ അരങ്ങേറ്റം കുറിച്ചു, ആദ്യ സീസണില്‍ 23 മത്സരങ്ങള്‍ കളിച്ച ബേസില്‍ 26 വിക്കറ്റുകളാണ് ബേസില്‍ സ്വന്തമാക്കിയത്.

പേസ് ബോളര്‍മാരെ പരിശീലിപ്പിക്കുന്ന എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ എത്തിയതോടെ ബേസിലിന്റെ പന്തുകള്‍ക്ക് മൂര്‍ച്ചയേറി. ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ ശിക്ഷണത്തില്‍ ബേസില്‍ തന്റെ കരുത്ത് വര്‍ധിപ്പിച്ചു. വേഗതയാണ് ബേസിലിന്രെ കരുത്ത് എന്ന് കണ്ടെത്തിയ മഗ്രാത്ത് നിയന്ത്രണത്തോടെ പന്തെറിയാന്‍ ബേസിലിനെ പരിശീലിപ്പിച്ചു.

കഴിഞ്ഞ സയ്യീദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണ്ണമെന്റ് ബേസിലിനെ ശ്രദ്ധേയനാക്കി. യുവരാജ് സിങ്ങിനെതിരെയും ഗൗതം ഗംഭീറിനെതിരെയും ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ ബേസില്‍ കമന്ററേറ്റര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. വേഗതയും കൃത്യതയും ഒരുപോലെ പുറത്ത് എടുക്കുന്ന ബേസിലിനെ മെഗ്രാത്ത് ബ്രെറ്റ് ലീയോടാണ് ഉപമിച്ചത്.