ബിഗ് ത്രീയ്ക്കും മുറിവേറ്റിരിക്കുന്നു; ആ കത്ത് പുറത്ത്

July 14, 2017, 4:40 pm


ബിഗ് ത്രീയ്ക്കും മുറിവേറ്റിരിക്കുന്നു; ആ കത്ത് പുറത്ത്
Cricket
Cricket


ബിഗ് ത്രീയ്ക്കും മുറിവേറ്റിരിക്കുന്നു; ആ കത്ത് പുറത്ത്

ബിഗ് ത്രീയ്ക്കും മുറിവേറ്റിരിക്കുന്നു; ആ കത്ത് പുറത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷമണ്‍ എന്നിവര്‍ ചേര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷനായ വിനോദ് റായ്ക്ക് അയച്ച കത്താണ് പുറത്തായത്.

ടീമിന്റെ ബൗളിങ് പരിശീലകനായി സഹീര്‍ഖാനെയും വിദേശപര്യടനങ്ങളില്‍ ബാറ്റിങ് ഉപദേശകനായി രാഹുല്‍ ദ്രാവിഡിനെയും നിയമിച്ച ഉപദേശ സമിതിയുടെ നിലപാട് ബിസിസിഐയും പരിഗണിക്കാതിരിക്കുന്നതാണ് മൂവരെയും ദുഖിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

പരിശീലകനെ നിശ്ചയിക്കാന്‍ പരിപൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നാണ് തങ്ങള്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനമെന്നും അഭിമുഖം കഴിഞ്ഞയുടന്‍ എല്ലാ വിവരങ്ങളും ഫോണിലൂടെ അറിയിച്ചിരുന്നതാണെന്നും വിനോദ് റായ്യെ 'ബിഗ് ത്രീ' ഓര്‍മ്മിപ്പിക്കുന്നു.

അതെസമയം ഉപദേശക സമിതിയുടെ തീരുമാനത്തെ തള്ളി ബിസിസിഐ പുതിയ മാറ്റത്തിന് ഒരുങ്ങുകയാണ്. പരിശീലകനായി തെരഞ്ഞെടുത്ത ശേഷം രവി ശാസ്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും ഓരോ വിദേശ പര്യടനത്തിനുമുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫിനെ ടീമിന്റെ ആവശ്യമനുസരിച്ചാണ് തെരഞ്ഞെടുക്കയെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ഇതോടെ സപ്പോര്‍ട്ടിങ് സ്റ്റാഫിലേക്ക് രവി ശാസ്ത്രിക്ക് താത്പര്യമുള്ളവര്‍ വരുമെന്ന് ഉറപ്പായി.

ബൗളിങ് പരിശീലകനായി ഭരത് അരുണും ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാറും ഫീല്‍ഡിങ്ങ് പാഠം നല്‍കാന്‍ ആര്‍.ശ്രീധറുമാകും എത്തുക. ശാസ്ത്രി ടീം ഡയറക്ടറായിരുന്നപ്പോള്‍ ഭരത് അരുണ്‍ ബൗളിങ് കോച്ചായിരുന്നു.

'ശാസ്ത്രി ഒരൊറ്റ കാര്യം മാത്രമാണ് പറഞ്ഞത്. ഉപദേശകനായ സഹീര്‍ ഖാനെ പരിഗണിക്കാനാകില്ലെന്ന്. ആരുണിന് അവനേക്കാള്‍ കൂടുതല്‍ സാങ്കേതിക ജ്ഞാനം ഉണ്ടെന്നും അദ്ദേഹം വാദിക്കുന്നു. സഹീറിന് അനുഭവ സമ്പത്ത് ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അവന് പരിശീലകനായി പരിചയമില്ല. അനില്‍ കുംബ്ലെയുടെ കാര്യത്തില്‍ എന്താണ് ഉണ്ടായതെന്ന് എല്ലാവരും കണ്ടതാണ്. അവനെ ബൗളിംഗ് കോച്ചായി വളര്‍ത്തിയെടുക്കേണ്ടതുണ്ട്' ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിലയില്ലാതെയായി. രവി ശാസ്ത്രിയുടെ താത്പര്യത്തിനനുസരിച്ച് സപ്പോര്‍ട്ടിങ് സ്റ്റാഫിനെ നിയമിക്കാനാകില്ലെന്ന് ഏറ്റവും കൂടുതല്‍ വാദിച്ചത് ഗാംഗുലിയായിരുന്നു. ഇതിന്റെ പേരില്‍ അഭിമുഖത്തിനിടയില്‍ ഗാംഗുലിയും ശാസ്ത്രിയും തമ്മില്‍ വാക്കു തര്‍ക്കവുമുണ്ടായി. സഹീര്‍ ഖാനെ ബൗളിങ് പരിശീലകനാക്കണമെന്ന നിര്‍ദേശമാണ് ഗാംഗുലി മുന്നോട്ടുവെച്ചത്.