അംലയുടെ പ്രതികാരം; ഐപിഎല്ലിനോടും ഇന്ത്യന്‍ ക്രിക്കറ്റിനോടും 

April 21, 2017, 12:35 pm
അംലയുടെ പ്രതികാരം; ഐപിഎല്ലിനോടും ഇന്ത്യന്‍ ക്രിക്കറ്റിനോടും 
Cricket
Cricket
അംലയുടെ പ്രതികാരം; ഐപിഎല്ലിനോടും ഇന്ത്യന്‍ ക്രിക്കറ്റിനോടും 

അംലയുടെ പ്രതികാരം; ഐപിഎല്ലിനോടും ഇന്ത്യന്‍ ക്രിക്കറ്റിനോടും 

ഐപിഎല്ലില്‍ ഹാഷിം അംല മുംബൈയ്‌ക്കെതിരെ നേടിയ ആ സെഞ്ച്വറിയ്ക്ക് ഒരു പ്രതികാരത്തിന്റെ കൂടി മണമുണ്ടായിരുന്നു. ഐപിഎല്ലില്‍ ഒരിക്കല്‍ പോലും മുന്‍ വാതിലിലൂടെ തന്നെ വരാന്‍ അനുവദിക്കാത്ത ഇന്ത്യന്‍ ക്രിക്കറ്റ് അധികാരികളോടുളള പ്രതികാരം. ലോകക്രിക്കറ്റിലും ഐസിസി റാങ്കിംഗിലും ഒന്നാം സ്ഥാനത്ത് നിന്നപ്പോള്‍ പോലും ഐപിഎള്‍ താരലേലത്തില്‍ നിരന്തരം അപമാനിക്കപ്പെട്ടതിനുളള പ്രതികാരം.

അംലയുടെ ബാറ്റിംഗ് കണ്ടാല്‍ അറിയാം അദ്ദേഹം എത്രത്തോളം കംപ്ലീറ്റ് ക്രിക്കറ്ററാണെന്ന്. മുംബൈയ്‌ക്കെതിരെ മലിംഗയുടെയും മെക്ലൂഹന്റേയും എല്ലാം പന്തുകള്‍ അസാമാന്യ ആങ്കിളുകളില്‍ നിന്ന് ബൗണ്ടറി ലൈനിന് മുകളിലൂടെ പകര്‍ത്തിയ ദക്ഷിണാഫ്രിക്കന്‍ താരത്തെ ഇന്നലെ പലതവണ ക്രിക്കറ്റ് ലോകം കണ്ടു. കാടന്‍ വെടിക്കെട്ടെന്ന് ആര്‍ക്കും ഇതിനെ ഒരിക്കലും വിളിക്കാനാകില്ല. സാങ്കേതിക തികവു നിറഞ്ഞ മനോഹരമായ ഇന്നിംഗ്‌സായിരുന്നു അത്.

60 പന്തുകളും ആത്മവിശ്വാസത്തോടെ നേരിട്ട അംല ആറു സിക്‌സും എട്ട് ഫോറും പായിപ്പിച്ച് ആ സെഞ്ച്വറിയ്ക്ക്് മാറ്റ് കൂട്ടി. വേഗതയില്ലെന്ന് പലപ്പോഴും പരിഹസിച്ചരെയെല്ലാം അമ്പരപ്പിക്കും വിധത്തില്‍ 173.33 സ്‌ട്രൈക്ക്് റൈറ്റിലായിരുന്നു ആഫ്രിക്കന്‍ താരത്തിന്റെ ബാറ്റിംഗ്. സ്‌ക്രാറ്റുകളില്ലാത്ത ടി20യില്‍ കാഴ്ച്ചവെക്കാനാകുന്ന പൂര്‍ണ ഇന്നിംഗ്‌സായി ക്രിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഇന്നിംഗ്‌സിനെ ഇനി പഠിക്കാം.

സെഞ്ച്വറി നേടിയപ്പോഴും എല്ലാ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെയും പോലെ നിര്‍ഭാഗ്യത്തിന്റെ കരിനിഴല്‍കൂടി അംലയ്ക്ക് മേല്‍ വീണതും കാണാതിരിക്കാനാകില്ല. അത് ടീം തോറ്റെന്നതാണത്. അത്രത്തോളം അപ്രസക്തമായ വിധത്തില്‍ 27 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് പഞ്ചാബിന്റെ ദയനീയ തോല്‍വി.