വരുമോ വീണ്ടും ആ പത്താന്‍ കാലം 

April 18, 2017, 11:35 am
വരുമോ വീണ്ടും ആ പത്താന്‍ കാലം 
Cricket
Cricket
വരുമോ വീണ്ടും ആ പത്താന്‍ കാലം 

വരുമോ വീണ്ടും ആ പത്താന്‍ കാലം 

ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം യൂസഫ് പത്താന്റെ ബാറ്റിംഗ് കണ്ട ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മ്മകള്‍ കുറെ പുറകോട്ട് പോയിട്ടുണ്ടാകണം. ഒരു കാലത്ത് ഇന്ത്യയുടെ വെടിക്കെട്ട് താരമായി അറിയപ്പെട്ട യൂസഫ് പത്താന്‍ തന്റെ പഴയ ഫോമിന്റെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചതാണ് ഇതിന് കാരണം.

ടീം ഇന്ത്യയ്ക്കായി അധികകാലമൊന്നും കളിച്ചിട്ടില്ലെങ്കിലും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ യൂസഫ് പത്താന് ഒരു സ്ഥാനമുണ്ട്. അനിയന്‍ ഇര്‍ഫാന്‍ പത്താനോടുളള ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ വാല്‍സല്യത്തിന്റെ ഒരു പങ്ക് യൂസഫ് പത്താന് ലഭിച്ചു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. എന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പരമ്പരാഗത ശൈലിയില്‍ നിന്നും വ്യത്യസ്തമായി പന്തിനെ കരുത്ത് കൊണ്ട് നേരിടുന്ന യൂസഫ് ശൈലി വളരെ പെ്‌ട്ടെന്ന് തന്നെ അദ്ദേഹത്തിന് ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ സ്വന്തമായി ഒരു ഇടംനേടിക്കൊടുത്തു. കേവലം 57 ഏകദിനവും 22 ടി20യും മാത്രം ഇന്ത്യക്കായി കളിച്ച ഒരു താരത്തെ ഇത്രയധികം ആളുകള്‍ സ്‌നേഹിച്ചതിന് പിന്നിലും ഈ വെടിക്കെട്ട് ശൈലിയായിരുന്നു.

നാല് വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയര്‍ 2012ല്‍ അവസാനിച്ചതോടെ യൂസഫിന്റെ പ്രകടനം അഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മാത്രമായി ഒരുതങ്ങിയിരുന്നു. വയസ്സ് 34 ആയെങ്കിലും യൂസഫിന് ഇനിയും ടീം ഇന്ത്യയ്ക്കായി കളിക്കാന്‍ ബാല്യമുണ്ടെന്ന് തെളിക്കുന്നതായിരുന്നു ഡല്‍ഹിക്കെതിരെയുളള അദ്ദേഹത്തിന്റെ പ്രകടനം.

ഡല്‍ഹിക്കെതിരെ തകര്‍ച്ച നേരിട്ട കൊല്‍ക്കത്തയെ മനീഷ് പണ്ഡ്യയോടൊപ്പം ചേര്‍ന്ന് വിജയത്തിലെത്തിക്കാന്‍ നിര്‍ണായക പങ്കാണ് യൂസഫ് വഹിച്ചത്. 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 59 റണ്‍സാണ് യൂസഫ് നേടിയത്. മനീഷ് പാണ്ഡ്യ 69 റണ്‍സെടുത്ത് പുറത്താകാതെയും നിന്നു.