ശ്രീശാന്തിന്റെ വഴി എളുപ്പമാകില്ല; നിരോധനം നീക്കിയതിനെതിരെ ബിസിസിഐ അപ്പീലിന്; ടിസി മാത്യുവിന്റെ പിന്തുണ മതിയാകില്ല  

August 11, 2017, 11:54 am
ശ്രീശാന്തിന്റെ വഴി എളുപ്പമാകില്ല; നിരോധനം നീക്കിയതിനെതിരെ ബിസിസിഐ അപ്പീലിന്; ടിസി മാത്യുവിന്റെ പിന്തുണ മതിയാകില്ല  
Cricket
Cricket
ശ്രീശാന്തിന്റെ വഴി എളുപ്പമാകില്ല; നിരോധനം നീക്കിയതിനെതിരെ ബിസിസിഐ അപ്പീലിന്; ടിസി മാത്യുവിന്റെ പിന്തുണ മതിയാകില്ല  

ശ്രീശാന്തിന്റെ വഴി എളുപ്പമാകില്ല; നിരോധനം നീക്കിയതിനെതിരെ ബിസിസിഐ അപ്പീലിന്; ടിസി മാത്യുവിന്റെ പിന്തുണ മതിയാകില്ല  

ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി കേരള ഹൈക്കോടതിയുടെ വിധി വന്നെങ്കിലും ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ മുന്നിലെ സാധ്യതകള്‍ എളുപ്പമല്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. 2013ല്‍ ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായപ്പോഴാണ് ശീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കി ഉത്തരവിട്ടു.

വിധി പഠിച്ച ശേഷം തുടര്‍ നടപടിയെന്നായിരുന്നു ബിസിസിഐയുടെ ആദ്യ പ്രതികരണം. ഇതില്‍നിന്ന് ഒരുപടി കൂടി കടന്ന് അപ്പീല്‍ പോകുമെന്ന് വ്യക്തമാക്കുകയാണ് ബിസിസിഐ അധികൃതര്‍. ശ്രീശാന്തിനെതിരെ ബിസിസിഐയുടെ ഭാഗത്തിനിന്ന് കൂടുതല്‍ തടസ്സങ്ങളില്ലാതെ നോക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് ടിസി മാത്യു ഉറപ്പ് നല്‍കിയിരുന്നു. ടിസി മാത്യുവിന്റെ സമ്മര്‍ദങ്ങള്‍ ഫലം ചെയ്യുന്നില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍.

സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സ്വാഭാവികമായും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് ബിസിസിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടെ വ്യക്തമാക്കി. വിധി ബിസിസിഐയുടെ നിയമവിഭാഗം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകാനുള്ള അവകാശം ബിസിസിഐക്കുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അഴിമതിക്കെതിരെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിന്റെ ഭാഗമായാണ് ശ്രീശാന്തിന്റെ കാര്യത്തില്‍ ബിസിസിയുടെ സമീപനം എന്നാണ് സൂചനകള്‍. വിലക്ക് നീക്കിയ വിധി വന്ന ശേഷം കളിക്കളത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷിയിലാണ് ശ്രീശാന്ത്. ഇതിനായി ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഗ്രൗണ്ട് പരിശീലനം ഉള്‍പ്പടെ മത്സരത്തിന് സജ്ജമാകാനുള്ള ഒരുക്കങ്ങളിലേക്കും ശ്രീശാന്ത് ഉടന്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ്. ഫോം വീണ്ടെടുത്താല്‍ കേരള ടീമില്‍ ഇടം കണ്ടെത്തുന്നതിന് തടസ്സമുണ്ടാകില്ലെന്ന സൂചനകള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളില്‍നിന്നും ഉണ്ടായിരുന്നു. ഈ നീക്കങ്ങള്‍ക്കെല്ലാം തിരിച്ചടിയാണ് അപ്പീല്‍ നല്‍കാനുള്ള ബിസിസിഐയുടെ പുതിയ ആലോചന.