റെയ്‌നയും ഗംഭീറും വേണ്ട, എന്തുകൊണ്ട് കാര്‍ത്തിക്?

May 19, 2017, 4:22 pm


റെയ്‌നയും ഗംഭീറും വേണ്ട, എന്തുകൊണ്ട് കാര്‍ത്തിക്?
Cricket
Cricket


റെയ്‌നയും ഗംഭീറും വേണ്ട, എന്തുകൊണ്ട് കാര്‍ത്തിക്?

റെയ്‌നയും ഗംഭീറും വേണ്ട, എന്തുകൊണ്ട് കാര്‍ത്തിക്?

ചാമ്പ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ മനീഷ് പാണ്ഡ്യയ്ക്ക് പകരം എന്തുകൊണ്ട് ദിനേശ് കാര്‍ത്തികിനെ തെരഞ്ഞെടുത്തു?. സുരേഷ് റെയ്‌ന, റിഷഭ് പന്ത്, ഗൗതം ഗംഭീര്‍ തുടങ്ങിയ താരങ്ങള്‍ ടീം ഇന്ത്യയിലേക്ക് അവസരം പ്രതീക്ഷിച്ചു നില്‍ക്കുമ്പോള്‍ തമിഴ്‌നാടിന്റെ ഈ മുതിര്‍ന്ന താരത്തെ സെലക്ടര്‍മാര്‍ പരിഗണിക്കാന്‍ കാരണമെന്ത്.

ഐപിഎല്‍ മാത്രം കാണുന്ന ഒരു ക്രിക്കറ്റ് പ്രേമിയെ സംബന്ധിച്ച് ഈ ചോദ്യം പ്രസക്തമാണ്. ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 36.1 ശരാശരിയില്‍ 361 റണ്‍സ് മാത്രമാണ് ഗുജറാത്ത് ലയണ്‍സ് താരമായ ദിനേശ് കാര്‍ത്തികിന് സമ്പാദിക്കാനായത്. അതെസമയം ഗൗതം ഗംഭീറും സുരേഷ് റെയ്‌നയുമെല്ലാം ഇതിനേക്കാളേറെ മികച്ച പ്രകടനം കാഴ്ച്ചവെച്ചവരാണ്.

എന്നാല്‍ അഭ്യന്തര ക്രിക്കറ്റില്‍ കാര്‍ത്തിക് കാഴ്ച്ചവെക്കുന്ന തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ സെലക്ടര്‍മാര്‍ക്ക് കാണാതിരിക്കാനാകില്ല. ഇതാണ് ദിനേഷ് കാര്‍ത്തികിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജെഴ്‌സി വീണ്ടും അണിയിപ്പിക്കുന്നത്. തമിഴ്‌നാടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ കാര്‍ത്തിക് 607 റണ്‍സാണ് വിജയ് ഹസാര ട്രോഫിയില്‍ അടിച്ചുകൂട്ടിയത്. ഇതില്‍ ഫൈനലില്‍ തമിഴ്‌നാടിനെ വിജയിപ്പിച്ച തകര്‍പ്പന്‍ സെഞ്ച്വറി കൂടി ഉള്‍പ്പെടുന്നു.

കഴിഞ്ഞ രഞ്ജി സീസണില്‍ ഈ തമിഴ്‌നാടുകാരന്‍ മികച്ച പ്രകനമാണ് കാഴ്ച്ചവെച്ചത്. 704 റണ്‍സാണ് രഞ്ജിയില്‍ കാര്‍ത്തിക് നേടിയത്. മധ്യഓവറുകളില്‍ കാടനടിയ്ക്ക് ശ്രമിക്കാതെ ഒരു പരിധി വരെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താനും പലപ്പോഴും കാര്‍ത്തികിന് കഴിയാറുണ്ട്.

മാത്രവുമല്ല, ചാമ്പ്യന്‍ ട്രോഫി പോലുളള വലിയ ടൂര്‍ണ്ണമെന്റില്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് സഹായിയായി ഒരു വിക്കറ്റ് കീപ്പര്‍ ആവശ്യമുണ്ട്. ധോണിയ്ക്ക് പരിക്ക് പറ്റുകയോ വിശ്രമം ആവശ്യമുണ്ടാകുകയോ വേണ്ടിവന്നാല്‍ കാര്‍ത്തികിന്റെ സേവനം ടീം ഇന്ത്യയ്ക്ക് ഉപയോഗപ്പെടുത്താം.

ടെസ്റ്റില്‍ 23 മത്സരവും ഏകദിനത്തില്‍ 71 മത്സരവും ടി20യില്‍ ഒന്‍പത് മത്സരവും ഇന്ത്യയ്ക്കായി കളിച്ചിട്ടുളള താരമാണ് ദിനേശ് കാര്‍ത്തിക്. ടെസ്റ്റില്‍ 100 റണ്‍സും ഏകദിനത്തില്‍ 1313 റണ്‍സും കാര്‍ത്തിക് നേടിയിട്ടുണ്ട്. 2014ലാണ് അവസാനമായി കാര്‍ത്തിക് ഇന്ത്യന്‍ ടീമിന്റെ ജെഴ്‌സി അണിഞ്ഞത്.